ദർസ് 40 : ‘പ്രാർത്ഥന’ ഏറ്റവും അനായാസത്തോടെ സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള മാർഗ്ഗം

ഓർമ്മിച്ചുകൊൾവിൻ! സഹാനുഭൂതി മൂന്നുവിധത്തിലാകുന്നു. ഒന്ന് ശാരീരികം, രണ്ട് സാമ്പത്തികം, മൂന്നാമത്തെ സഹാനുഭൂതി ദുആയുടേതാകുന്നു. അതിൽ ആയാസമില്ലെന്നുമാത്രമല്ല ഒരു ഭൗതികശക്തിയും ഉപയോഗിക്കേണ്ടിവരുന്നില്ല. അതിന്റെ അനുഗ്രഹ ഫലങ്ങളാണെങ്കിൽ വളരെ വിശാലമായതുമാകുന്നു. കാരണം ശാരീരിക ശക്തികൂടി ഉണ്ടാകുമ്പോൾ മാത്രമാണ് മനുഷ്യന് ശാരീരികമായ സഹാനുഭൂതി പ്രകടിപ്പിക്കാൻ സാധിക്കുന്നത്. ഉദാഹരണത്തിനു ദുർബലനും പരിക്കേറ്റവനുമായ ഒരു അഗതി എവിടെയെങ്കിലും വീണുകിടക്കുന്നത് കണ്ടാൽ കഴിവും കയ്യൂക്കുമില്ലാത്ത ഒരു വ്യക്തിക്ക് അവനെ ഉയർത്തിക്കൊണ്ടുപോയി സഹായിക്കാൻ എങ്ങനെ സാധിക്കും?  അതുപോലെ, നിസ്സഹായകനും വകയില്ലാത്തവനുമായ ഒരു മനുഷ്യൻ വിശന്നു വലയുന്നതു കണ്ടാൽ കയ്യിൽ കാശില്ലാത്തവന് അവനോട് (സാമ്പത്തികമായ) സഹാനുഭൂതി കാണിക്കാൻ എങ്ങനെ കഴിയും? എന്നാൽ ദുആ മുഖേനയുള്ള സഹാനുഭൂതിക്കാണെങ്കിൽ ഒരു പണത്തിന്റെയോ കയ്യൂക്കിന്റെയോ ആവശ്യമില്ല. പ്രത്യുത മനുഷ്യൻ മനുഷ്യനായിരിക്കുന്നിടത്തോളം അവന് മറ്റുള്ളവർക്കുവേണ്ടി ദുആ ചെയ്യാനും അവർക്ക് ഗുണമെത്തിക്കാനും സാധിക്കും. ഈ സഹാനുഭൂതിയുടെ അനുഗൃഹവലയമാണ് എറ്റവും വിശാലമായിട്ടുള്ളത്. മനസ്സിലാക്കുക! ഇത് ഉപയോഗപ്പെടുത്താത്തവൻ അങ്ങേയറ്റം നിർഭാഗ്യവാനാകുന്നു.

ഞാൻ പറഞ്ഞുകഴിഞ്ഞു, ധനപരമായും ശാരീരികപരമായും സഹാനുഭൂതി പ്രകടിപ്പിക്കാൻ മനുഷ്യനു ഉപാധികൾക്ക് വിധേയനാകേണ്ടിവരുന്നു. എന്നാൽ ദുആ മുഖേനയുള്ള സഹാനുഭൂതിക്ക് മനുഷ്യന് ഒന്നിനെയും ആശ്രയിക്കേണ്ടിവരുന്നില്ല. ശത്രുക്കളെയും ദുആകളിൽ നിന്ന് പുറത്തു നിർത്തരുതെന്നതാണ് എന്റെ സിദ്ധാന്തം. ദുആകൾ എത്ര വിശാലമാകുന്നുവോ അത്രയും ദുആ ചെയ്യുന്നവന് പ്രയോജനം സിദ്ധിക്കും. ദുആയിൽ എത്ര ലുബ്ധ് കാണിക്കുന്നുവോ അത്രയും അല്ലാഹുവിന്റെ സാമീപ്യത്തിൽനിന്ന് അകന്നകന്നുപോകും. അല്ലാഹുവിന്റെ ഏറ്റവും വിശാലമായ ഈ വരദാനത്തെ പരിമിതപ്പെടുത്തുന്നവന്റെ വിശ്വാസവും ദുർബ്ബലമായതാകുന്നു.

മറ്റുള്ളവർക്കു വേണ്ടി ദുആ ചെയ്യുമ്പോൾ ലഭിക്കുന്ന അതിമഹത്തായ മറ്റൊരു ഗുണം ദുആ ചെയ്യുന്നവന്റെ ആയുസ്സ് വർദ്ധിക്കുന്നു എന്നതാണ്. മറ്റുള്ളവർക്ക് ഗുണങ്ങൾ ചെയ്യുന്ന അത്യുപകാരിയായ വ്യക്തിയുടെ ആയുസ്സ് നീട്ടിക്കൊടുക്കുന്നതാണെന്ന് വിശുദ്ധഖുർആനിൽ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്നു;

وَأَمَّا مَا يَنفَعُ النَّاسَ فَيَمْكُثُ فِي الْأَرْضِ ۚ  (സൂറഃ റഅദ് 18)

(മാനവതക്കു ഫലദായകമായത് ഭൂമിയില്‍ അവശേഷിക്കുന്നു.)

മറ്റു തരത്തിലുള്ള സഹാനുഭൂതികൾക്ക് (അഥവാ ഗുണങ്ങൾ എത്തിക്കാനുള്ള മാർഗ്ഗങ്ങൾക്ക്) പരിമിതികളുള്ളതിനാൽ സവിശേഷമായ രീതിയിൽ നിലനിൽക്കുന്നതായി ഗണിക്കാൻ സാധിക്കുന്ന പരോപകാര നന്മ ഈ ദുആ മുഖേനയുള്ള നന്മയാകുന്നു. ഉപര്യുക്ത ഖുർആൻ സൂക്തത്തിൽ വിവക്ഷിതമായിട്ടുള്ള നന്മയുടെ പ്രയോജനം ഏറ്റവും അധികം ദുആ ചെയ്യന്നതിലൂടെയാണ് നമുക്ക് കരസ്ഥമാക്കാൻ സാധിക്കുക. ലോകത്ത് (ഫലദായകമായ) നന്മക്കു കാരണമായിത്തീരുന്ന ആളുടെ ആയുസ്സ് വർദ്ധിക്കുന്നുവെന്നതും ദോഷത്തിനു കാരണമാകുന്നവൻ പെട്ടന്ന് (ലോകത്തുനിന്ന്) ഉയർത്തപ്പെടുന്നുവെന്നതും പരമാർഥമായ സംഗതികളാണ്. ശേർസിങ്ങ് കുരുവികളെ പിടിച്ച് ജീവിനോടെ തീയ്യിൽ വെക്കാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. അയാൾ രണ്ടുവർഷത്തിനുള്ളിൽ കൊല്ലപ്പെട്ടു. അതുകൊണ്ട് നിശ്ചയമായും മനുഷ്യൻ ‘ഖൈറുന്നാസി മൻ യൻഫഉന്നാസ്സ്’ (മനുഷ്യരിൽ ഏറ്റവും ഉത്തമൻ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്നവനാകുന്നു) എന്ന വചനം തന്നിൽ അന്വർത്ഥമായിത്തീരാൻ പര്യാലോചിക്കുകയും (അതിനായി) പഠനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യേണ്ടതാണ്. വൈദ്യ ചികിത്സയിൽ വൈദഗ്ദ്യം (വൈദ്യ ശാസ്ത്ര സൂത്രങ്ങൾ) ഉപകാരപ്പെടുന്നതുപോലെത്തന്നെ ഫലദായകത്വത്തിലും പരോപകാര നന്മകളിലും വൈദഗ്ദ്യം തന്നെയാണ് പ്രയോജനപ്പെടുന്നത്. അതുകൊണ്ട് മനുഷ്യൻ ഏതുവഴിയിലൂടെയാണ് മറ്റുള്ളവർക്ക് ഉപകാരമെത്തിക്കാൻ സാധിക്കുക എന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ആ ചിന്തയിൽ  സദാ മുഴുകിയിരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാകുന്നു.

(മൽഫൂദാത്ത്., v.1, p.352, 353)

ത്വാലിബെ ദുആ : അബു അയ്മൻ