ജമാഅത്ത് അംഗങ്ങളുടെ പരസ്പര സഹവർത്തിത്വത്തിന്റെയും സ്നേഹത്തിന്റെയും വിഷയം ഞാൻ മുമ്പും പലതവണ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതായത്, നിങ്ങൾ അന്യോന്യം ഒത്തൊരുമയോടെ വർത്തിക്കുകയും കൂടിച്ചേരുകയും ചെയ്യേണ്ടതാണ്. അല്ലാഹു മുസ്‌ലിംകൾക്ക് ഒറ്റക്കെട്ടായി നിൽക്കാനുള്ള പാഠമാണ് നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ശക്തി ചോർന്നുപോകുന്നതാണ്. നമസ്കാരത്തിൽ ഒരാൾ മറ്റൊരാളുമായി ചേർന്നുനിൽക്കാൻ കല്പിച്ചിരിക്കുന്നത് അന്യോന്യമുള്ള ഏകതയെ മുന്നിർത്തിയാകുന്നു. വിദ്യുച്ഛക്തിയെ പോലെ ഒരാളുടെ നന്മ മറ്റൊരാളിലേക്ക് പ്രസരിക്കുമാറാകും. ഭിന്നതയും ഒരുമയില്ലായ്മയുമാണ് സ്ഥിതിയെങ്കിൽ നിർഭാഗ്യമായിരിക്കും ഫലം.
നബി (സ) തിരുമേനി അരുളിയിരിക്കുന്നത്, പരസ്പരം സ്നേഹിക്കാനും ഒരാൾ മറ്റൊരാൾക്കുവേണ്ടി ആരുമറിയാതെ ദുആചെയ്യാനുമാണ്. അരെങ്കിലും അപ്രകാരം മറഞ്ഞിരുന്ന് മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ദുആകൾ ചെയ്യുമ്പോൾ മലക്കുകൾ അയാൾക്കുവേണ്ടി ‘നിനക്കും അങ്ങനെത്തന്നെ സംഭവിക്കട്ടെ’ എന്നു ദുആ ചെയ്യുന്നു. എത്ര ഉദാത്തവും ഉൽകൃഷ്ടവുമായ സംഗതിയാണിത്! മനുഷ്യന്റെ ദുആ സ്വീകരിക്കപ്പെടാതിരുന്നാലും മലക്കുകളുടെ ദുആ സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. പരസ്പരം ഭിന്നിക്കരുതെന്ന് ഞാൻ വീണ്ടും ഉപദേശിച്ചുകൊണ്ട് ഉണർത്താൻ ആഗ്രഹിക്കുന്നു.
ഞാൻ രണ്ടേരണ്ട് സംഗതികളുമായിട്ടാണ് വന്നിരിക്കുന്നത്. ഒന്നാമത്തേത് അല്ലാഹുവിന്റെ തൗഹീദ് പ്രാവർത്തികമാക്കുക എന്നതും രണ്ടാമത്തേത് പരസ്പര സ്നേഹവും സഹാനുഭൂതിയും കാണിക്കുക എന്നതുമാകുന്നു. മറ്റുള്ളവർക്ക് ദൃഷ്ടാന്തമായിത്തീരുന്ന രീതിയിൽ മാതൃക കാണിക്കുവിൻ. സഹാബാക്കളിലൂടെ സാക്ഷാത്കരിക്കപ്പെട്ട സത്യസാക്ഷ്യവും ഇതുതന്നെയായിരുന്നു.
كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُم
(പരസ്പരം വൈരികളായിരുന്ന നിങ്ങളുടെ ഹൃദയങ്ങളെ അവൻ കൂട്ടിയിണക്കി. – (ആലു ഇമ്രാൻ104)
ഓർക്കുക; പരസ്പര സ്നേഹം ഒരു ദിവ്യദൃഷ്ടാന്തമാകുന്നു.
ഓർക്കുക; നിങ്ങളിൽ ഒരോരാളും താൻ ഇഷ്ടപ്പെടുന്നതുതന്നെ തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നവനായിത്തീരുന്നതുവരെ എന്റെ ജമാഅത്തിൽ പെട്ടവനാകുന്നില്ല. അവൻ വിപത്തിലും ദുരിതത്തിലും അകപ്പെട്ടവനാകുന്നു. അവന്റെ പര്യവസാനം ശുഭമായിരിക്കില്ല. ഞാൻ ഒരു ഗ്രന്ഥം രചിക്കാൻ പോവുകയാണ്. അതിൽ അത്തരത്തിലുള്ള – തങ്ങളുടെ വൈകാരിക ചേഷ്ടകളെ തന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരാൻ സാധിക്കാത്ത – എല്ലാവരേയും വേർതിരിക്കുന്നതാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ കലഹിക്കുന്നു. ഉദാഹരണത്തിന്, ഒരാൾ എതോ അഭ്യാസി പത്തുമുഴം എടുത്തു ചാടിയിരിക്കുന്നു എന്ന് പറയുമ്പോൾ മറ്റെയാൾ അതിനുമേൽ വഴക്കിടാൻ തുനിയുന്നു. ഇത്തരത്തിൽ വിദ്വേഷത്തിന്റെ അസ്തിത്വം സൃഷ്ടിക്കപ്പെടുന്നു.
ഓർമ്മിച്ചുകൊള്ളുക; പരസ്പരവൈര്യം അകലേണ്ടതും മഹ്ദിയുടെ അടയാളങ്ങളിൽപ്പെട്ടതാണ്. അതും പുലരേണ്ടതല്ലേ? തീർച്ചയായും പുലരും. നിങ്ങൾ ക്ഷമ കൈകൊള്ളാത്തതെന്തേ.? വൈദ്യശാസ്ത്രത്തിലെ കാര്യം പോലെ പൂർണ്ണമായും മുറിച്ചുമാറ്റിക്കളയുന്നത് വരെ ചില രോഗങ്ങൾ വിട്ടുമാറുകയില്ല. എന്റെ അസ്തിത്വത്തിലൂടെ ഇൻ ശാ അല്ലാഹ് ഒരു സച്ചരിതരുടെ ജമാഅത്ത് ഉണ്ടായിത്തീരുന്നതാണ്. പരസ്പര വിദ്വേഷത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? പിശുക്ക്, അഹംഭാവം, ആത്മപ്രശംസ, വൈകാരിക ചേഷ്ടകൾ എന്നിവയൊക്കെയാകുന്നു.
ഞാൻ അടുത്തുതന്നെ ഒരു ഗ്രന്ഥം രചിക്കുന്നതാണെന്ന് പറഞ്ഞുകഴിഞ്ഞല്ലോ. അത്തരത്തിൽ തങ്ങളുടെ വികാരങ്ങൾ അടക്കിപ്പിടിക്കാൻ കഴിയാത്തവരും സ്നേഹത്തിലും സൗഹാർദത്തിലും വർത്തിക്കാൻ സാധിക്കാത്തവരുമായ എല്ലാവരേയും വേർതിരിക്കുന്നതാണ്. അത്തരത്തിലുള്ളവരാരോ അവർ കുറച്ചു ദിവസത്തേക്കുള്ള അതിഥികൾ മാത്രമാകുന്നു. ഉൽകൃഷ്ട മാതൃക കാണിക്കാൻ സാധിക്കാത്തിടത്തോളം ആരെങ്കിലും മുഖേന എന്റെ മേലുണ്ടാകുന്ന ആക്ഷേപങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ജമാഅത്തിൽ ഉൾപ്പെട്ടുകൊണ്ട് എന്റെ ഇംഗിതത്തിന് എതിരാകുന്നവൻ ഉണങ്ങിയ ചില്ലയാകുന്നു. തോട്ടക്കാരൻ അതിനെ വെട്ടിമാറ്റിക്കളയുകയല്ലാതെ എന്തുചെയ്യാൻ? ഉണങ്ങിയ ചില്ല മറ്റു ഹരിതശാഖകൾക്കൊപ്പം ചേർന്ന് വെള്ളം വലിച്ചുകുടിക്കുന്നു. പക്ഷേ, അതുമുഖേന തളിരണിയുവാൻ അതിന് സാധ്യമല്ല. പ്രത്യുത (പതിയെ) മറ്റുചില്ലകളേയും അതെടുത്തുകളയുന്നു. അതുകൊണ്ട് ഭയപ്പെട്ടുകൊള്ളുക! സ്വയം ചികിത്സ നടത്താത്തവൻ എന്നോടൊപ്പം ഉണ്ടായിരിക്കില്ല!
(മൽഫൂദാത്. v.1, p.336)