ദർസ് 42 : ഇസ്തിഗ്ഫാർ

وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى

(“നിങ്ങളുടെ നാഥനോട് പാപമോചനത്തിനായി അർത്ഥിക്കുകയും അവങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.  (എങ്കില്‍) ഐഹിക സുഖങ്ങളിൽനിന്ന് നല്ല വിഭവങ്ങൾ നിർണ്ണിത കാലം വരെ അവൻ നിങ്ങൾക്ക് പ്രദാനം ചെയ്യുന്നതാണ്” ഹൂദ്-4)

രണ്ട് കാര്യങ്ങളാണ് ഈ ഉമ്മത്തിനു നൽകപ്പെട്ടിരിക്കുന്നത്. ഒന്നാമത്തേത് ശക്തി കരസ്ഥമാക്കുന്നതിനുവേണ്ടിയും രണ്ടാമത്തേത് കരസ്ഥമാക്കിയ ശക്തി പ്രയോഗിച്ച് കാണിക്കുന്നതിനുവേണ്ടിയും. ശക്തി കരസ്ഥമാക്കാൻവേണ്ടിയുള്ളതാണ് ഇസ്തിഗ്ഫാർ എന്ന രക്ഷാർത്ഥന. അതിനെ ഇതരനാമങ്ങളിൽ ‘ഇസ്തിംദാദ്’ (സഹായമർത്ഥിക്കൽ) എന്നും ‘ഇസ്തിആനത്’ (തുണ തേടൽ) എന്നും വിളിക്കുന്നു. സൂഫിവര്യർ എഴുതിയിട്ടുണ്ട്, ഏതുപോലെ ശാരീരിക വ്യായാമത്തിൽ വ്യായാമോപകരണങ്ങൾ ഉയർത്തുകയും ചുഴറ്റുകയും ചെയ്യുന്നതുവഴി ശരീരത്തിനു ശക്തിയും കരുത്തും വർദ്ധിക്കുന്നുവോ അതുപോലുള്ള ആത്മീയ വ്യായാമോപകരണം ഇസ്തിഗ്ഫാറാകുന്നു.

അതിനോടൊപ്പം ആത്മാവിനൊരു ഊർജ്ജം കരഗതമാവുകയും ഹൃദയത്തിൽ സുസ്ഥിരത ഉണ്ടാവുകയും ചെയ്യുന്നു. ആയതിനാൽ, ശക്തിയാർജ്ജിക്കാൻ ആഗ്രഹിക്കുന്നവരാരോ അവർ ഇസ്തിഗ്ഫാർ ചെയ്തുകൊള്ളട്ടെ. മൂടിവെക്കുകയും അമർത്തുകയും ചെയ്യുന്നതിനു ‘ഗഫർ’ എന്ന് പറയുന്നു. ഇസ്തിഗ്ഫാർ മുഖേന മനുഷ്യൻ അല്ലാഹുവിന്റെ (മാർഗ്ഗത്തിൽ) തടസ്സമാകുന്ന വികാരങ്ങളേയും ചിന്തകളേയും മൂടിവെക്കാനും അമർത്താനും ശ്രമിക്കുന്നു. ഇസ്തിഗ്ഫാറിന്റെ അർത്ഥം ഇതുതന്നെയാണ്. അതായത്, മനുഷ്യരുടെ മേൽ ആക്രമണം നടത്തി അവരുടെ നാശം കൊതിക്കുന്ന വിഷഹേതുക്കൾക്കുമീതെ വിജയം വരിക്കലും, അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കുന്നതിന് വിഘ്നമാകുന്ന കാര്യങ്ങളിൽനിന്ന് രക്ഷപ്പെട്ട് അവയെ അനുവർത്തിച്ച് കാണിക്കലുമാകുന്നു.

ഇക്കാര്യം കൂടി ഓർക്കേണ്ടതാണ്, അല്ലാഹു തആല മനുഷ്യന്റെ അന്തരംഗത്ത് രണ്ട്‌വിധത്തിലുള്ള സത്തകൾ വെച്ചിട്ടുണ്ട്. ഒന്ന് ‘സുമ്മി’ അഥവാ വിഷലിപ്ത സത്തയാകുന്നു. അതിന്റെ മൂലശക്തി സാത്താനാണ്. മറ്റൊന്ന് ‘തർയാക്കി’ അഥവാ വിഷസംഹാര സത്തയാകുന്നു. മനുഷ്യൻ അഹങ്കാരം കാണിക്കുകയും താനൊരു വലിയവനാണെന്ന് സ്വയം ധരിക്കുകയും ചെയ്യുമ്പോൾ വിഷസംഹാര സ്രോതസ്സിൽനിന്ന് അവന് സഹായം സംസിദ്ധമാകുന്നില്ല. അപ്പോൾ വിഷലിപ്ത ശക്തിയായിരിക്കും അവനിൽ വിജയിച്ചുനിൽക്കുക. എന്നാൽ മനുഷ്യൻ സ്വയം താനൊരു നിന്ദിതനും നന്നേ നിസ്സാരനുമാണെന്ന് ധരിക്കുമ്പോൾ അവൻ അല്ലാഹുവിന്റെ തുണയുടെ അനിവാര്യത അനുഭവിച്ചറിയുന്നു. ആ സന്ദർഭത്തിൽ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഒരു ഉറവ പുറപ്പെടുകയും അതുമുഖേന അവന്റെ ആത്മാവ് അലിഞ്ഞൊഴുകാൻ തുടങ്ങുകയും ചെയ്യുന്നു. ഇതുതന്നെയാണ് ഇസ്തിഗ്‌ഫാറിന്റെ പൊരുൾ. അതായത് ആ ശക്തിയാർജ്ജിച്ച ശേഷം എല്ലാ അധമത്വങ്ങൾക്കും മീതെ വിജയം വരിക്കുന്നു. ഇതിന്റെ വിവക്ഷ ചുരുക്കിപ്പറഞ്ഞാൽ, ആരാധനയിൽ ഇപ്രകാരം നിലകൊള്ളുക! അതായത് ഒന്നാമതായി റസൂലിന്റെ (ഉത്തമമാതൃക) അപ്പടി പിൻപറ്റുക! രണ്ടാമത് ഏത് അവസരങ്ങളിലും അല്ലാഹുവിന്റെ സഹായമന്വേഷിച്ചുകൊണ്ടിരിക്കുക! അതെ, ആദ്യം തന്റെ നാഥനോട് സഹായമഭ്യർത്ഥിക്കുവിൻ, അനന്തരം ശക്തി ലഭിച്ചുകഴിഞ്ഞാൽ ‘തൂബൂ ഇലൈഹി’ അഥവാ അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യുക.

തൗബയും ഇസ്തിഗ്ഫാറും തമ്മിലുള്ള വ്യത്യാസം:

ഇസ്തിഗ്ഫാറും തൗബയും  രണ്ട് കാര്യങ്ങളാകുന്നു. ഒരു കാരണത്താൽ ഇസ്തിഗ്ഫാറിനു തൗബയേക്കാൾ ശ്രേഷ്ഠതയുണ്ട്. അതെന്തെന്നാൽ, ഇസ്തിഗ്ഫാർ ദൈവത്തിൽ നിന്ന് സംസിദ്ധമായ സഹായവും ശക്തിയുമാകുന്നു. തൗബ തങ്ങളുടെ പാദങ്ങളിൽ എഴുന്നേറ്റുനിൽക്കലാകുന്നു. അല്ലാഹുവിനോട് സഹായമർത്ഥിക്കുമ്പോൾ അവൻ ഒരു ശക്തി പകർന്നുനൽകുന്നു എന്നത് അവന്റെ ചര്യതന്നെയാണ്. ആ ശക്തിയാർജ്ജിച്ച ശേഷം മനുഷ്യൻ തന്റെ പാദങ്ങളിൽ എഴുന്നേറ്റുനിൽക്കുന്നു. നന്മകൾ ചെയ്യാനുള്ള ഒരു ഊർജ്ജം അവനിൽ ഉണ്ടായിത്തീരുന്നു. അതിന്റെ പേരാണ് ‘തൂബൂ ഇലയ്ഹി’ അതുകൊണ്ടാണ് സ്വാഭാവികമായി (അവയെ) ആ ക്രമത്തിൽ വെക്കപ്പെട്ടിരിക്കുന്നത്. ഇതിൽ പ്രയത്നിക്കുന്ന ആരാധകർക്ക്  വെച്ചിട്ടുള്ള ഒരു മാർഗ്ഗം അവർ എല്ലാ അവസ്ഥകളിലും അല്ലാഹുവിന്റെ സഹായാഭ്യർത്ഥന നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ്. അവർക്ക് ദൈവത്തിൽ നിന്ന് ശക്തി കരഗതമാകാത്തിടത്തോളം എന്താണ് ചെയ്യാൻ സാധിക്കുക? തൗബക്കുള്ള സൗഭാഗ്യം ഇസ്തിഗ്ഫാറിനു ശേഷമാണ് ലഭിക്കുന്നത്. ഇസ്തിഗ്ഫാർ ഇല്ലെങ്കിൽ തൗബയുടെ ശക്തി ക്ഷയിച്ചുപോകുന്നതാണെന്ന് നിശ്ചയമായും ഓർക്കുക! എന്നാൽ ഇപ്രകാരം ഇസ്തിഗ്ഫാർ ചെയ്യുകയും അതിനുശേഷം തൗബ ചെയ്യുകയും ചെയ്യുമ്പോൾ അതിന്റെ അനന്തരഫലം يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى  എന്നതാകുന്നു.

(അതായത്; “ഐഹിക സുഖങ്ങളിൽ നിന്ന് നല്ല വിഭവങ്ങൾ നിർണ്ണിത കാലം വരെ നിങ്ങൾക്ക് പ്രദാനം ചെയ്യപ്പെടുന്നതാണ്.” ഹൂദ് 4)

(മൽഫൂദാത്ത് v.1, p. 348,349)