ദർസ് 43 : നന്മകളുടെയെല്ലാം മാതാവ് സൽസ്വഭാവം

ഒരു നന്മയിൽനിന്നും മറ്റനേകം നന്മകൾ പിറവിയെടുക്കുന്നു. അപ്രകാരം തന്നെ ഒരു തിന്മ ഇതര തിന്മകൾക്ക് നിദാനമായിത്തീരുന്നു. ഏതെങ്കിലും വസ്തു മറ്റൊരു വസ്തുവിനെ ആകർഷിക്കുന്നതുപോലെ, അല്ലാഹു എല്ലാ കർമങ്ങളിലും ആകർഷണീയത വെച്ചിട്ടുണ്ട്. ഒരു ഭിക്ഷക്കാരനോട് സൗമ്യമായി പെരുമാറുകയും ധാർമികബോധത്തോടെ അവന് വല്ല ധർമവും നൽകുകയും ചെയ്യുമ്പോൾ ഹൃദയത്തിലെ ആലസ്യം അകന്നുപോയി മറ്റുനന്മകളും ചെയ്യാൻ സാധിക്കുമാറാകുന്നു..

സൽസ്വഭാവം സൽക്കർമ്മങ്ങൾക്കുള്ള താക്കോലാകുന്നു. സ്വഭവഗുണത്തിൽ സംസ്കരണം വരുത്താത്തവനാരോ അവൻ പതിയെ പതിയെ ഒരുഗുണത്തിനും എത്താത്തവനായിത്തീരുന്നു. ലോകത്തുള്ള സർവ്വവിധ വസ്തുക്കളെ കൊണ്ടും പ്രയോജനമുണ്ടെന്നാണ് എന്റെ വിശ്വാസം. വിഷവും വിസർജ്ജ്യവസ്തുക്കളും പ്രയോജനത്തിനെത്തുന്നു… എന്നാൽ മനുഷ്യൻ ഉൽകൃഷ്ട ധാർമ്മിക സ്വഭാവഗുണങ്ങൾ കരസ്ഥമാക്കി തന്നെയൊരു ഫലദായക അസ്തിത്വമാക്കുന്നില്ലെങ്കിൽ അവൻ ഒന്നിനും കൊള്ളാത്തവനാകുന്നു. അവൻ ചത്തുപോയ മൃഗങ്ങളെക്കാളും തരംതാണവനായിരിക്കും. കാരണം അവറ്റകളുടേതാണെങ്കിൽ തൊലിയും എല്ലുകളും ഉപകാരപ്പെടുന്നവയാണ്. മനുഷ്യന്റെ തൊലിപോലും ഗുണത്തിനെത്തുന്നില്ല. ഈ ഒരു സ്ഥാനത്താണ് മനുഷ്യനിൽ “ബൽ ഹും അദല്ല്” [അല്ല, അവറ്റയേക്കാൾ (മൃഗങ്ങളേക്കാൾ) അധഃപതിച്ചവൻ] എന്നത് അന്വർത്ഥമാകുന്നത്. അതുകൊണ്ട് ഓർമ്മിക്കുക! സ്വഭാവസംസ്കരണം അനുപേക്ഷണീയമായ കാര്യമാകുന്നു. കാരണം നന്മകളുടെയെല്ലാം മാതാവ് സൽസ്വഭാവം തന്നെയാണ്.

മനുഷ്യൻ കരുത്താർജ്ജിക്കുന്ന നന്മയുടെ പ്രഥമഘട്ടം ‘അഖ്ലാഖ്’ അഥവാ സൽസ്വഭാവമാകുന്നു. രണ്ടുവാക്കുകളുണ്ട്, ഒന്ന് ‘ഖുൽഖ്’ രണ്ട് ‘ഖൽഖ്.’ ഖൽഖ് പ്രത്യക്ഷ പിറവിയെയും ഖുൽഖ് പരോക്ഷ പിറവിയെയും കുറിക്കുന്നു. ബാഹ്യരൂപത്തിലുള്ള പിറവിയിൽ ചിലർ നയനസുഭഗമായ സൗന്ദര്യമുള്ളവരാണെങ്കിലും ആന്തരികമായി പാണ്ഡും കുഷ്ഠരോഗവുമുള്ളവരെ പോലെ വൈകൃതമായിരിക്കും. എന്നാൽ ബാഹ്യരൂപം ദൃഷ്ടിഗോചരമായതിനാൽ ഏവരും കാണുന്നമാത്രയിൽ തിരിച്ചറിയുകയും സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും അഭംഗിയെയും അരോചകത്വത്തെയും വെറുക്കുകയും ചെയ്യുന്നു. എന്നാൽ ‘ഖുൽഖ്’ പ്രത്യക്ഷദൃഷ്ടിയിൽ വരാത്ത ഒന്നായതിനാൽ അതിന്റെ മഹത്വത്തെ മനുഷ്യൻ തിരിച്ചറിയാതെ അതിനെ അവഗണിച്ചുകളയുന്നു. ഒരു അന്ധനെ സംബന്ധിച്ചിടത്തോളം ഭംഗിയും അഭംഗിയും സമമാണല്ലോ. അപ്രകരം ആന്തരിക ദൃഷ്ടി കൈവരിച്ചിട്ടില്ലാത്ത മനുഷ്യനും ആ അന്ധനെപ്പോലെത്തന്നെയാണ്. ഖൽഖ് ഒരു പ്രത്യക്ഷ വസ്തുതയാണെങ്കിൽ ഖുൽഖ് ഒരു പരോക്ഷവീക്ഷണ വിഷയമാണ്. ഒരുവൻ സ്വഭാവസംബന്ധമായ തിന്മകളെയും അതിന്റെ ശാപങ്ങളെയും തിരിച്ചറിഞ്ഞെങ്കിൽ അവനിൽ പരമാർത്ഥത തുറക്കപ്പെട്ടുവെന്ന് പറയാം. ചുരുക്കത്തിൽ, യഥാർത്ഥ സൗന്ദര്യം അഖ്ലാഖീ സൗന്ദര്യമാകുന്നു. എന്നാൽ അതിനെ തിരിച്ചറിയുന്നവർ തുച്ഛമാണ്.

(മൽഫൂദാത്ത് വാ.1, പേ. 352-354)