ദർസ് 10 : “പരദൂഷണത്തിൽനിന്ന് രക്ഷപ്പെടുക“

  • ഏതുവരെ മനുഷ്യൻ  പൂർണ്ണമായും അല്ലാഹുവിന്റേതായി മാറുന്നില്ലയോ അതുവരെ അവൻ ഏതെങ്കിലും തരം ശിക്ഷയുടെ ഒരു സ്പർശം ഇഹലോകത്തിൽ പ്രാപിക്കുന്നു. നമ്മുടെ ജമാഅത്തിലെ ചിലർ ലൗകിക അലങ്കാരങ്ങൾക്കും സുഖങ്ങൾക്കും നേരെ കുനിയുകയും അതിൽ മുഴുകുകയും ചെയ്തുപോയിരിക്കുന്നതായി ഞാൻ കാണുന്നു. അവർ തങ്ങളുടെ കർമ്മങ്ങളുടെ അവസ്ഥ സംസ്കരിക്കുകയും അല്ലാഹുവിലേക്ക് പൂർണ്ണ ഉത്സാഹത്തോടും ശക്തിയോടും കൂടി ചായുകയും ചെയ്യേണ്ടതാണ്.

    പരദൂഷണത്തിൽനിന്ന് രക്ഷപ്പെടുക!
  • ഹദ്റത്ത് അഖ്ദസ് (അ) പരദൂഷണത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് ഉപദേശിക്കുന്നു;

    ഹൃദയം അല്ലാഹുവിന്റെ ഒരു കൊച്ചുപെട്ടിയാണ്. അതിന്റെ താക്കോൽ അവന്റെ കയ്യിൽ തന്നെയാണുള്ളത്. അതിനകത്ത് എന്താണുള്ളതെന്ന് ആർക്കറിയാം? അതുകൊണ്ട് അനാവശ്യമായി സ്വയം പാപത്തിലേക്ക് തങ്ങളെ വലിച്ചിടുന്നതിൽ എന്താണ് പ്രയോജനം? ഹദീസ് ശരീഫിൽ വന്നിട്ടുണ്ട് ഒരു വ്യക്തി വലിയ പാപിയായിരുന്നു. അല്ലാഹു അവനോട് പറയും, എന്റെ സമീപത്തേക്ക് വന്നുകൊള്ളുക! ഏതു വരെയെന്നാൽ മറ്റുള്ളവരുടെ ഇടയിൽ തന്റെ കൈ കൊണ്ട് അവന്റെ മറയുണ്ടാക്കും. അവനോട് ചോദിക്കും. നീ ഇന്നയിന്ന പാപങ്ങൾ ചെയ്തിരുന്നു. പക്ഷേ, ചെറിയ ചെറിയ പാപങ്ങളായിരിക്കും കണക്കിലെടുക്കുക. അപ്പോൾ അവൻ പറയും അതെ, ഈ പാപങ്ങളൊക്കെ എന്നിൽ നിന്ന് സംഭവിച്ചിട്ടുണ്ട്. അപ്പോൾ അല്ലാഹു പറയും, ‘ശരി ഇന്നത്തെ ദിവസം ഞാൻ നിന്റെ മുഴുവൻ പാപങ്ങളും പൊറുത്തുതന്നിരിക്കുന്നു; ഞാൻ നിന്റെ ഒരോ പാപത്തിനും പകരമായി പത്തുവീതം നന്മക്കുള്ള പ്രതിഫലം തരികയും ചെയ്യുന്നു’ ആ ദാസൻ ആലോചിക്കും ഈ കൊച്ചുകൊച്ചു പാപങ്ങൾക്കു പകരം പത്തുവീതം പ്രതിഫലം ലഭിച്ചെങ്കിൽ കൂറ്റൻ പാപങ്ങൾക്ക് വളരെയധികം പ്രതിഫലങ്ങൾ ലഭിക്കുമല്ലോ. താൻ ഇന്ന പാപങ്ങളും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു അവൻ സ്വയം തന്റെ വലിയ വലിയ പാപങ്ങളുടെ കണക്കെടുപ്പിക്കാൻ തുടങ്ങി. അപ്പോൾ അല്ലാഹുതആല അവന്റെ വാക്കുകൾ കേട്ട് പുഞ്ചിരിച്ചുകൊണ്ടു പറയും, ‘നോക്കൂ എന്റെ ഔദാര്യം നിമിത്തം ഈ അടിമ സ്വയംതന്നെ തന്റെ കുറ്റങ്ങൾ ഏറ്റുപറയുവോളം ധൈര്യവാനായിരിക്കുന്നു’ അനന്തരം അവനോട് കല്പിക്കും, ‘പോവുക!, നിന്റെ പ്രകൃതം ഇച്ഛിക്കുന്നവിധം സ്വർഗ്ഗത്തിന്റെ എട്ടാം കവാടത്തിലൂടെ പ്രവേശിച്ചുകൊൾക!’

    (അവന്റെ മുഴുവൻ പാപങ്ങളെയും അവഗണിക്കത്തക്കവണ്ണം അല്ലാഹുവിനിഷ്ടപ്പെട്ടതും അന്യരറിയാത്തതുമായ നന്മകൾ അവന്റെയുള്ളിൽ ഉണ്ടായിരുന്നിരിക്കാം)

    അപ്പോൾ, ഒരുവനോടുള്ള അല്ലാഹുവിന്റെ സമീപനം എന്തായിരിക്കുമെന്നും അവന്റെ ഹൃദയത്തിലുള്ളത് എന്താണെന്നും അറിവുള്ളവനാരുണ്ട്? അതുകൊണ്ട് പരദൂഷണം പറയുന്നതിൽ നിന്നും പരിപൂർണ്ണമായും വിട്ട്നിൽക്കേണ്ടതാണ്.

(മൽഫൂദാത്ത് വാ. 8, പേ. 416)

ത്വാലിബെ ദുആ: അബു-അയ്മൻ