ദർസ് 44 : വിഷയങ്ങൾ – ഇബാദത്തിന്റെ വ്യാഖ്യാനം & തെറ്റിദ്ധാരണ അരുത്.

ഇബാദത്തിന്റെ വ്യാഖ്യാനം

കർഷകൻ ഭൂമിയെ വൃത്തിയാക്കുന്നത് പോലെ മനുഷ്യൻ എല്ലാ കാഠിന്യങ്ങളും വക്രതകളും ദൂരീകരിച്ചുകൊണ്ട് തന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിനേയാണ് വാസ്തവത്തിൽ ഇബാദത്ത് എന്ന് പറയുന്നത്. അറബികൾ മൗറുൻ മുഅബ്ബദ് എന്ന് പറയാറുണ്ട് (നടക്കുന്നവരുടെ ആധിക്യംകൊണ്ട് സമതലമാകുന്ന ഭൂമി) – സുറുമ നേർത്തതാക്കി കണ്ണിൽ ഇടുവാൻ പാകമാക്കുന്നതു പോലെ – ഇപ്രകാരം ഹൃദയമാകുന്ന ഭൂമിയെ കല്ലുകൾ ചില്ലുകൾ സമതലമല്ലാത്ത നിലങ്ങൾ തുടങ്ങിയവയിൽനിന്ന് മുക്തമാക്കിക്കൊണ്ട് സംശുദ്ധമായ ആത്മാവ് മാത്രം അവശേഷിക്കുന്ന വിധം അതിനെ ശുദ്ധീകരിക്കുക. ഇതിനേയാണ് ഇബാദത്ത് എന്ന് നാമകരണം ചെയ്യുന്നത്. കണ്ണാടിയാണ് ഇവ്വിധത്തിൽ വൃത്തിയാക്കുകയും മിനുക്കുകയും ചെയ്യുന്നതെങ്കിൽ അതിൽ രൂപങ്ങൾ കാണാൻ തുടങ്ങുന്നു. അഥവാ ഭൂമിയാണെങ്കിൽ, അതിൽ തരം തരങ്ങളായ ഫലങ്ങൾ ഉണ്ടായിത്തുടങ്ങും. ചുരുക്കത്തിൽ ഇബാദത്തിന്നായി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ യാതൊരു വക്രതയും അസംന്തുലിതയും കല്ലുകളും ചില്ലുകളും ഒന്നുമില്ലാത്ത വിധം തന്റെ ഹൃദയത്തെ ശുദ്ധീകരിക്കുകയാണെങ്കിൽ അതിൽ ദൈവം ദർശിക്കുമാറാകും.

(മൽഫൂദാത്ത് വാ.1, പേ.347)

ആരെയും തെറ്റിദ്ധരിക്കാൻ പാടില്ല

മറ്റുള്ളവരെ കുറിച്ചൊരു നിലപാട് സ്വീകരിക്കുന്നതിൽ ധൃതികാണിക്കരുത്. അപരന്റെ ഹൃദയത്തിന്റെ നിജസ്ഥിതി മനുഷ്യനു അറിയാൻ സാധ്യമല്ല. അവന്റെ ഹൃദയത്തിലെ ഗുപ്തമായ കോണുകളിലേക്ക് ദൃഷ്ടി ചെന്നെത്തുകയുമില്ല. അതിനാൽ മറ്റൊരാളെ കുറിച്ച് പെട്ടന്നൊരു അഭിപ്രായം പ്രകടിപ്പിക്കരുത്. മറിച്ച് സഹനതയോടെ കാത്തിരിക്കുക. ഒരാളെ കുറിച്ച് വന്ന വൃത്താന്തം ഇപ്രകാരമാണ്. അയാൾ അല്ലാഹുവിനോട് വാഗ്ദാനം ചെയ്തു, ‘ഞാൻ എന്നെ കുറിച്ച് മറ്റൊരാളേക്കാളും ഉത്തമനാണെന്ന് ധരിക്കുകയില്ല മറിച്ച് എല്ലാവരേക്കാളും അധമനാണ് ഞാനെന്ന് കരുതുന്നതാണ്’ – തന്റെ പ്രീതനെ തൃപ്തിപ്പെടുത്തുന്നതിന്ന് മനുഷ്യൻ ഇത്തരത്തിലുള്ള സൂത്രങ്ങൾ ആലോചിക്കാറുണ്ട്. അങ്ങനെയിരിക്കെ ധാരാളം ആളുകൾ കടന്നുപോകുന്ന ഒരു പാലത്തിന്റെ ഓരത്ത് നദിക്കരയിൽ ഒരാളെ കണ്ടു. അയാളെ ചാരി ഒരു സ്ത്രീയും ഇരിപ്പുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും കുടിക്കുകയും ചാരിയിരുന്ന സ്ത്രീക്ക് കുടിക്കാൻ നൽകുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതുകണ്ടപ്പോൾ അയാളുടെ അകതാരിൽ ദുർധാരണ ഉദിച്ചു, ലജ്ജാഹീനനായ ഈ വ്യക്തിയേക്കാൾ ഞാൻ എത്രയോ ഉത്തമനാണ്. ഇത്രയുമായപ്പോഴേക്കും ഒരു നൗക അതുവഴി വരികയും അതിലുണ്ടായിരുന്ന ആളുകൾ മുഴുവൻ മുങ്ങുകയും ചെയ്തു. സ്ത്രീയോട് ചാരിയിരുന്ന വ്യക്തി വെള്ളത്തിലേക്ക് എടുത്തുചാടി ഒരാളൊഴികെ ബാക്കി സകലരേയും രക്ഷിച്ചു. അനന്തരം ദുർദ്ധാരണ വെച്ചുപുലർത്തിയ വ്യക്തിയോട് പറഞ്ഞു നീ എന്നെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലർത്തിയിരുന്നു. എല്ലാവരേയും ഞാൻ രക്ഷിച്ചിരിക്കുന്നു. ഒരാളെ നീ രക്ഷിച്ചാലും. അല്ലാഹു എന്നെ നിന്നെ പരീക്ഷിക്കാൻ വേണ്ടി അയച്ചതാണ്. നിന്റെ ഹൃദയത്തിലുള്ള ഉദ്ദേശ്യത്തെ സംബന്ധിച്ച് അവൻ എന്നെ അറിയിച്ചു. ഈ സ്ത്രീ എന്റെ മാതാവാണ്. ഈ കുപ്പിയിൽ മദ്യമല്ല മറിച്ച് നദിയിലെ വെള്ളമാണ്. ചുരിക്കിപ്പറഞ്ഞാൽ മനുഷ്യൻ മറ്റൊരാളെ കുറിച്ച് പെട്ടെന്നൊരു ധാരണയിൽ എത്താൻ പാടുള്ളതല്ല.

(മൽഫൂദാത്ത് വാ..1, പേ.473)