ദർസ് 45 : ‘ഇഅ്ജാസുൽ മസീഹ്’

മഹത്തായ അറബി തഫ്സീർ ഗ്രന്ഥം ഇഅ്ജാസുൽ മസീഹിന്റെ രചനയുമായി ബന്ധപ്പെട്ട് ഹദ്റത്ത് മസീഹ് മൗഊദ്(അ) അരുൾ ചെയ്യുന്നു:

“ദിനങ്ങൾ അല്പം മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴാണെങ്കിൽ നാം ഉറുദു എഴുതുന്ന വിധത്തിൽതന്നെ വേഗത്തിൽ എഴുതിപ്പോവുകയാണ്. തന്നെയുമല്ല മിക്കസമയങ്ങളിലും പേന കൃത്യമായി ചലിച്ചുകൊണ്ടിരിക്കുന്നു. എന്താണ് എഴുതിക്കൊണ്ടിരിക്കുന്നതെന്ന് നാം അറിയുന്നില്ല”

(മൽഫൂദാത് 20/02/1901)

ഹദ്റത്ത് മസീഹ് മൗഊദ്(അ) ന്റെ സത്യസാക്ഷ്യത്തിനുള്ള നിരവധി ദിവ്യദൃഷ്ടാന്തങ്ങളിൽ മഹത്തായ സ്ഥാനമലങ്കരിക്കുന്ന ഒരു മുഅ്ജിസത്ത് ആയിരുന്നു, അവിടുന്ന് എതിരാളികളെ വെല്ലുവിളിച്ചുകൊണ്ട് അറബി ഭാഷയിൽ എഴുപത് ദിവസങ്ങൾക്കുള്ളിൽ എഴുതിപ്പൂർത്തിയാക്കിയ സൂറഃ ഫാതിഹയുടെ തഫ്സീർ. പ്രസ്തുത ആഹ്വാനമടങ്ങിയ വിജ്ഞാപനത്തിന്റെ ഒടുക്കത്തിൽ അവിടുന്ന് ഇപ്രകാരം അരുളുന്നു;

“….നിശ്ചയിച്ച കാലയളവിനുള്ളിൽ അതായത് 1900 ഡിസംബർ 15 മുതൽ 1901 ഫിബ്രവരി 25 വരെയുള്ള എഴുപത് ദിവസങ്ങൾക്കുള്ളിൽ ഇരുകക്ഷികളിൽപ്പെട്ട ഏതെങ്കിലുമൊരാൾ ഫാതിഹ തഫ്സീർ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ അയാൾ കള്ളവാദിയായി കണക്കാക്കപ്പെടുന്നതാണ്. അയാളുടെ കള്ളത്തരത്തിനു മറ്റൊരു തെളിവിന്റേയും ആവശ്യം വരികയില്ല.”

(വിജ്ഞാപനം 15/12/1900)

“ഇഅ്ജാസുൽ മസീഹ് എന്ന് നാമകരണം ചെയ്യപ്പെട്ട ആ അത്ഭുത അറബി ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) അരുൾ ചെയ്യുന്നു;

“പൊതു അറിയിപ്പിനായി ഉറുദുവിൽ എഴുതുകയാണിത്. അല്ലാഹു എഴുപത് ദിവസങ്ങൾക്കുള്ളിൽ 1901 ഫിബ്രവരി 20 നു ഈ ഉപന്യാസം തന്റെ അനുഗ്രവും കാരുണ്യവും കൊണ്ട് പൂർത്തിയാക്കിത്തന്നിരിക്കുന്നു. ഇതൊക്കെയും അവന്റെ അനുഗ്രഹമൊന്നുകൊണ്ട് മാത്രമാകുന്നു എന്നതാണ് വാസ്ഥവം. ഈ കാലയളവിൽ വിനീതൻ പലതരത്തിലുള്ള രോഗങ്ങളിലും തടസ്സങ്ങളിലും അകപ്പെടുകയുണ്ടായി. അതുമൂലം ഈ സംരംഭം പൂർത്തിയാവുകയില്ലെന്ന ആശങ്ക ഉണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ ഓരോദിവസവും അനുഭവിച്ചുകൊണ്ടിരുന്ന രോഗതീഷ്ണതയും ദൗർബല്യവും കാരണത്താൽ തൂലിക എടുക്കാൻപോലും ആരോഗ്യം അനുവദിച്ചിരുന്നില്ല. ഇനി ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ പോലും എന്നിൽ എന്തു ശക്തിയാണ് ഉണ്ടായിരുന്നത്!…….

എന്നാൽ ഇതെല്ലാം എന്റെ ബുദ്ധിപരമായ ശക്തികളുടെ പരിണിതിയാണെന്ന് ഇവിടെ സന്നിഹിതരായ എന്റെ ജമാഅത്തിലെ സുഹൃത്തുക്കൾ ധരിക്കാൻ ഇടവരരുത്. ഇതായിരുന്നു എന്റെ ശാരീരികരോഗങ്ങളുടെ രഹസ്യം എന്നെനിക്ക് മനസ്സിലായി. ചുരുക്കത്തിൽ അവൻ രോഗങ്ങളും തടസ്സങ്ങളും സൃഷ്ടിച്ചുകൊണ്ട് ഈ സംരംഭങ്ങളൊന്നും എന്റെ ബുദ്ധിപരവും മാനസീകവുമായ കഴിവുകൾക്കൊണ്ടല്ലന്ന് സ്ഥാപിക്കുകയുണ്ടായി. ‘ഇത് ഈ വ്യക്തിയുടെ സ്വന്തം കരവിരുതുകളല്ല മറ്റേതോ ഗുപ്തമായ കരങ്ങൾ ഇതിനുപിന്നിൽ പ്രവൃത്തിക്കുന്നുണ്ട്’ എന്ന എന്റെ എതിരാളികളുടെ പ്രസ്താവം എത്രയും വാസ്ഥവം തന്നെ. അതെ എനിക്ക് പിന്നിൽ മറ്റൊരു ശക്തിയാണ് എന്നെ തുണക്കുന്നതെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പക്ഷെ അത് മനുഷ്യനല്ല മറിച്ച് ഏതൊരുവന്റെ തിരുസന്നിധിയിൽ നമ്മുടെ ശിരസ്സിരിക്കുന്നുവോ അതേ പ്രതാപശാലിയാണവൻ! ഇത്തരം പ്രവൃത്തികളിൽ അഭൗമിക ശക്തികളാൽ തുണക്കുവാൻ സാധിക്കുന്ന വേറെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഈ ഗ്രന്ഥത്തിന്റെ കൂടെ ഞാൻ നിശ്ചയിച്ച നിബന്ധനകൾക്കനുസൃതമായി എഴുപത് നാളുകൾക്കകം  സൂറാ ഫാതിഹയുടെ നൂറുക്കണക്കിനു വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കണം. അല്ലങ്കിൽ പ്രസിദ്ധീകരിക്കാനിരിക്കുന്നു. കാരണം തീരുമാനത്തിനുള്ള മാനദണ്ഡം അതിലധിഷ്ടിതമായിരുന്നു…..

ചുരുക്കിപ്പറഞ്ഞാൽ ഗ്രന്ഥകാരന്മാർക്ക് ദൈവീക ദൃഷ്ടാന്തം ദർശിക്കുന്നതിനു ഇത് ഒരു മഹത്തായ ദൃഷ്ടാന്തമാകുന്നു. കാരണം എഴുപത് ദിന കാലയളവ് ക്ലിപ്തപ്പെടുത്തിക്കൊണ്ട് നൂറുകണക്കിനു മൗലവി സുഹൃത്തുക്കൾ മത്സരിക്കാനായി ക്ഷണിക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു വ്യാഖ്യാനം പ്രസിദ്ധീകരിക്കാൻ സാധിക്കാതിരുന്നതിനു അവർക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്, ഇതാകുന്നു മുഅ്ജിസത്ത്. മുഅ‌്ജിസത്തെന്നാൽ വേറെ എന്താണർത്ഥമാക്കുന്നത്?”

(ഇഅ്ജാസുൽ മസീഹ്. പേജ് 2)