ദർസ് 54 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (2)

വെളുവെളാ വെളുത്ത വെള്ളിപോലെ നിങ്ങൾ നിങ്ങളുടെ ആത്മാവിനെ ശുദ്ധമാക്കുക. അഴുക്കും പോറലുമേൽക്കാതെ അതു പരിശുദ്ധമായിത്തീരട്ടെ. അതിനെ ശുദ്ധീകരിച്ചവൻ വിജയിച്ചു. അത് അശുദ്ധമാക്കിയവൻ പരാജയമടഞ്ഞു. ശുദ്ധീകരണം നടത്താതെ കേവലം ബയ്അത്തിന്‍റെ മേൽ ചാരിയിരിക്കേണ്ട. പ്രകൃതിയുടെ ഉത്തമസഹായമില്ലാതെ ചൊട്ടയിലേ പഴുക്കുന്നവരല്ല നിങ്ങൾ. ശരിയായ ഉൾക്കാഴ്ച നൽകപ്പെട്ടിട്ടില്ലാത്ത ആളിൽനിന്ന് മഅ്‌രിഫത്ത് തേടരുത്. നിങ്ങൾ പുഷ്പം പഴമായിത്തീരാൻ അത് ബന്ധപ്പെടുന്നതുപോലെ നിങ്ങൾ ഞാനുമായി ബന്ധപ്പെടുക.

വിവേകശാലികളേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങളുടെ വാഹനം ദേഹേച്ഛകളിലേക്ക് തിരിക്കരുത്. തിരിച്ചലും മറിച്ചലും കാണുന്ന റബ്ബിന്‍റെ മാഹാത്മ്യത്തെ നിങ്ങൾ മറക്കരുത്. അല്ലാഹു പവിത്രമായ ഹൃദയവും പരിശുദ്ധമായ നഫ്സും മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ. ഈ മാർഗ്ഗം ഉപേക്ഷിച്ചാൽ അല്ലാഹുവിന്‍റെ ദൃഷ്ടിയിൽ ചപ്പുചവറിനു തുല്യമായിത്തീരുന്നതു നിങ്ങളുടെ കണ്ണുകൊണ്ടു കാണും.

സൂക്ഷ്മത കൈകൊള്ളുക. ആലസ്യം അശ്രദ്ധരുടെ ജീവിതമാണ്. നിന്നുകൊണ്ടും സാഷ്ടാംഗം പ്രണമിച്ചുകൊണ്ടും നിങ്ങൾ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക. സുഖലോലുപന്മാരാകാതെ അവന്‍റെ അതിർവരമ്പുകളെ സൂക്ഷിച്ചുകഴിയുന്ന സാത്ത്വികരായ ദാസന്മാരിൽ ഉൾപ്പെട്ടുകൊള്ളുക. ഔദാര്യമുടയവനായ അല്ലാഹുവിനെ ഓർത്ത് നിങ്ങൾ പരിഭ്രാന്തരാകേണ്ട. നിങ്ങളുടെ കൺപോളകളിൽ തൂക്കമെങ്ങനെ സഞ്ചരിക്കാനാണ്! നിങ്ങൾക്കു ഭയമുണ്ടാകുമ്പോൾ അല്ലാഹുവിൽ സർവ്വതും സമർപ്പിക്കാതെ നിങ്ങൾക്കെങ്ങനെ ഉറക്കം വരും! പ്രകാശത്തെ പിൻപറ്റുക; ഇരുട്ടിനെയല്ല. അല്ലാഹുവിനെ നോക്കുക; മനുഷ്യരെയല്ല. ദുനിയാവിലെ ഭരണാധികാരികളോടു നന്ദിയുള്ളവരായിരിക്കുക. പക്ഷേ, ആകാശത്തിലെ വിധികർത്താവിനെ വിസ്മരിക്കരുത്.

തന്ത്രശാലികളേ, നിങ്ങളുടെ റബ്ബിൽനിന്ന് അകലാതിരിക്കുക. അവന്‍റെ കല്പനകൂടാതെ ഒന്നും നിങ്ങൾക്കു ഗുണം ചെയ്യുകയില്ല. ദോഷം വരുത്തുകയുമില്ല. മനുഷ്യ സൃഷ്ടികളുടെമേൽ ഖഡ്ഗമുപയോഗിക്കുന്നതെങ്ങനെയെന്ന് നിങ്ങൾ കാണുന്നു. വധം തുടരുകയാണ്. വിധിയുടെ ചാടിപ്പിടിത്തം!  അനേകർ നാശത്തിനു പാത്രമായി. അപ്പോൾ നിങ്ങൾ ഏറ്റവും ഉറപ്പുള്ള ഒന്നിൽ അഭയം പ്രാപിക്കുക. അല്ലാഹുവാകുന്നു മഹാശക്തൻ; ഉന്നതസിംഹാസനത്തിന്‍റെ ഉടമ! നിങ്ങൾ അവനുവേണ്ടിയായിത്തീരുകയും സമാധനത്തിൽ പ്രവേശിക്കുകയും ചെയ്യുക.

യുവാക്കളേ, ഇന്ന് അല്ലാഹു അല്ലാതെ അഭയമില്ല. ഭൗമീകമായ കുതന്ത്രംകൊണ്ട് നിങ്ങൾ സ്വയം വഞ്ചിതരാകരുത്. മറ്റുള്ളവരെ വഞ്ചിക്കയുമരുത്. വിവേകശാലികളേ, എല്ലാം നിലകൊള്ളുന്നത് അല്ലാഹുവിന്‍റെ കൈയ്യിലാണ്. ആ സന്നിധാനത്തിന്റേയും നിങ്ങളുടേയുമിടയിൽ നിങ്ങൾ വിടവുണ്ടാക്കരുത്. അങ്ങനെയായാൽ നിങ്ങൾക്ക് അപജയവും നാശവുമായിരിക്കും ഫലം. റഹ്‌മാന്‍ അല്ലാത്തവനോടുള്ള ആഗ്രഹം അറുത്തുമുറിക്കുക. അപ്പോൾ അവൻ നിങ്ങളെ അനുഗ്രഹിക്കുകയും അഗ്നിയിൽനിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒന്നിനെ സൃഷ്ടിക്കുകയും ചെയ്യും.

ആകാശത്തിൽ കോപം തിളച്ചുമറിയുന്നത് ഞാൻ കാണുന്നു. അല്ലാഹുവിന്‍റെ ദാസന്മാരേ, റബ്ബിന്‍റെ കോപത്തെ സൂക്ഷിക്കുക. അത്യുന്നതനായ അവന്‍റെ അനുഗ്രഹം തേടുക. ഉടുമ്പിനെപ്പോലെ ഭൂമിയിൽ അള്ളിപ്പിടിക്കാതിരിക്കുക. അധികമധികം അവനോട് പ്രാർഥിക്കുക. വിപത്തിൽനിന്ന് രക്ഷപ്പെടാൻ അവനോടടുക്കുക. അതിനായി പ്ര്യത്യാശ പ്രകടിപ്പിക്കുക.

(മവാഹിബുർറഹ്‌മാൻ)