ദർസ് 25 : ‘ബുലാനെ വാലാ സബ്‌സെ പ്യാരാ’ (വിളിക്കുന്നവനാകുന്നു എല്ലാവരേക്കാളും പ്രിയപ്പെട്ടവൻ)

ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്‍റെ അങ്ങേയറ്റം വാത്സല്യഭാജനമായിരുന്ന പുത്രന്‍ മീര്‍സാ മുബാറക് അഹ്‌മദ് വഫാത്തായ സന്ദർഭം. ഇരുവർക്കും പരസ്പരം അഗാതമായ സ്നേഹബന്ധമായിരുന്നു ഉണ്ടായിരുന്നത്. ആ അരുമസന്തതിയുടെ വേര്‍പാടില്‍ അവിടുന്ന് ഉല്ലേഖനം ചെയ്ത ഒരു കവിതാ ശകലത്തിന്റെ ഏതാണ്ട് ആശയാനുവാദം ഇപ്രകാരമാണ്:

രൂപലാവണ്യം കൊണ്ടും സ്വഭാവസൗന്ദര്യം കൊണ്ടും ഏറെ നിര്‍മ്മലനായിരുന്ന എന്‍റെ കരളിന്‍റെ കഷണം മുബാറക് അഹ്‌മദ് ഇന്ന് നമ്മെയെല്ലാം ദുഃഖത്തിലാഴ്ത്തിക്കൊണ്ട് വിടപറഞ്ഞിരിക്കുന്നു.

എനിക്ക് മയക്കം വരുന്നുവെന്നായിരുന്നു അവസാനമായി അവന്‍ ഉരുവിട്ടത്; എന്നാല്‍ നാം ആവുന്നത്ര അവനെ ഉണര്‍ത്താ ശ്രമിച്ചുവെങ്കിലും അവന്‍ ഇനിയൊരിക്കലും ഉണരാത്തവിധം നിദ്രയിലാണ്ടുകഴിഞ്ഞിരുന്നു.

അല്ലാഹു അവനെ തന്നിലേക്ക് വിളിക്കുമ്പോള്‍ എട്ട് വയസ്സും ഏതാനും മാസങ്ങളുമായിരുന്നു അവന്റെ പ്രായം. ആ വിളിക്കുന്നവനാകുന്നു എല്ലാവരേക്കാളും നമുക്ക് പ്രിയപ്പെട്ടവന്‍! ഓ എന്റെ ഹൃദയമേ, നീ അവനിലേക്ക് ജീവാര്‍പ്പണം നടത്തിക്കൊള്‍വിന്‍!”

ഹദ്റത്ത് മസീഹ് മൗഊദ്(അ) അരുൾ ചെയ്യുന്നു:

ഏറെ നാളുകളായി പല പരീക്ഷണങ്ങളും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഏകദേശം ഇരുപത്തിയഞ്ച് ദിവസങ്ങളോളമായി അഹോരാത്രം ഞാന്‍ ഉറങ്ങിയതേയില്ല. ഇന്ന് അല്പമൊന്ന് ഞാന്‍ മയങ്ങിയപ്പോള്‍ അല്ലാഹുവിൽനിന്ന് ഈ വചസ്സുകളാൽ വെളിപാടുണ്ടായി:

ഖുദാ ഖുശ് ഹോഗയാ‘ (ദൈവം പ്രീതനായിരിക്കുന്നു)

ഇതില്‍ നിന്ന് മനസ്സിലാകുന്നത് പരീക്ഷണങ്ങളെ പൂര്‍ണ്ണമായും അതിജയിച്ച കാരണത്താല്‍ അല്ലാഹു തആല നമ്മിൽ സംതൃപ്തനായിരിക്കുന്നു എന്നാണ്. അതായത്, ‘നീ ഈ പരീക്ഷണത്തില്‍ വിജയിച്ചിരിക്കുന്നു’ എന്നു തന്നെയാണ് ഈ ഇല്‍ഹാമിന്‍റെ സാരം.

▪നമ്മുടെ നബി കരീം (സ) തിരുമേനിയുടെ കാലത്ത് ഒരു ആണ്‍കുട്ടിയുടെ പിതാവ് യുദ്ധത്തില്‍ ശഹീദായി. യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ആ ബാലൻ നബി(സ) തിരുമേനിയോട് ആരാഞ്ഞു, ‘എന്‍റെ പിതാവെവിടെയാണ്?’ അപ്പോള്‍ നബി(സ) തിരുമേനി ആ ബാലനെ വാരിപ്പുണർന്ന് തന്‍റെ മടിയിലിരുത്തിക്കൊണ്ട് പറഞ്ഞു; ‘ഞാനാണ് നിന്‍റെ പിതാവ്.’

▪ഒരു സത്രീയുടെ വൃത്താന്തമിപ്രകാരമാണ്: തന്റെ ഭര്‍ത്താവും, പുത്രനും, സഹോദരനും യുദ്ധത്തില്‍ രക്തസാക്ഷികളായി. യുദ്ധം കഴിഞ്ഞ് ജനങ്ങള്‍ മടങ്ങുകയായിരുന്നപ്പോള്‍ അവര്‍ ആ സ്ത്രീയോട് പറഞ്ഞു; ‘നിങ്ങളുടെ ഭര്‍ത്താവും മകനും സഹോദരനും മരണപ്പെട്ടിരിക്കുന്നു.’ അപ്പോള്‍ ആ സ്ത്രീ പറയുകയുണ്ടായി; ‘എന്നോട് ഈ ഒറ്റ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞുകൊള്ളുക! അല്ലാഹുവിന്‍റെ നബിതങ്ങള്‍ ജീവനോടെയും സൗഖ്യത്തോടെയും തിരിച്ചുവന്നിട്ടുണ്ടോ?’ അക്കാലത്തെ സത്യവിശ്വാസികൾക്കിടയിൽ സ്ത്രീകളുടെ ഈമാന്‍ പോലും എത്രമാത്രം ഉൽകൃഷ്ട നിലവാരം പുലർത്തിയിരുന്നു എന്നതില്‍ ആശ്ചര്യം തോന്നുന്നു.

▪ഇന്നലത്തെ (ഖുദാ ഖുശ് ഹോഗയാ) ‘അല്ലാഹു പ്രീതനായിരിക്കുന്നു’ എന്ന വെളിപാട് ഞാനെന്റെ സഹധര്‍മ്മിണിയെ കേള്‍പ്പിച്ചപ്പോള്‍ അത് ശ്രവിച്ചുകൊണ്ട് അവൾ പറഞ്ഞു; ‘ഞാന്‍ ഈ വെളിപാടിൽ എത്രമാത്രം ആഹ്ളാദവതി ആയിരിക്കുന്നുവെന്നാല്‍, ഒന്നല്ല എന്റെ രണ്ടായിരം മുബാറക്ക് അഹ്‌മദുമാര്‍ തന്നെ മൃതിയടഞ്ഞാലും ഞാന്‍ അതിനെ തെല്ലും  കാര്യമാക്കുകയില്ല.’

ഹാം:

‘മേനെ ഖുദാകീ മര്‍സീ കേലിയെ അപ്നീ മര്‍സീ ചോഡ്ദീ’ (ഞാന്‍ അല്ലാഹുവിന്റെ ഇഷ്ടത്തിനായി സ്വേച്ഛയെ വിട്ടുകളഞ്ഞിരിക്കുന്നു) മുബാറക്ക് അഹ്‌മദിന്‍റെ വഫാത്തില്‍ എന്‍റെ പത്നി ഇങ്ങനെയും പറഞ്ഞിരുന്നു; ‘അല്ലാഹുവിന്‍റെ ഇംഗിതത്തെ ഞാന്‍ സ്വന്തം താല്പര്യങ്ങൾക്കെല്ലാം ഉപരിയായി സ്വീകരിച്ചിരിക്കുന്നു.’ ഇത് ‘ഞാന്‍ ദൈവത്തിന്‍റെ ഇഷ്ടത്തിനായി സ്വേച്ഛയെ വിട്ടുകളഞ്ഞിരിക്കുന്നു’ എന്ന മേൽ പ്രസ്താവിത ദിവ്യവെളിപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. വിവാഹാനന്തരം ഞങ്ങൾ പിന്നിട്ട ഈ ഇരുപത് വർഷ കാലയളവില്‍ എന്റെ പത്നി ഇപ്പോള്‍ നേരിട്ടത് പോലുള്ള സംഭവം മുമ്പ് അഭിമുഖീകരിച്ചിട്ടില്ല. അവര്‍ പറഞ്ഞു; ‘നമുക്ക് വിശ്രമത്തിനുമേൽ വിശ്രമങ്ങൾ പ്രദാനം ചെയ്തുകൊണ്ടിരുന്ന ആ ഔദാര്യമുടയവനും നമ്മുടെ യജമാനനുമായ അല്ലാഹു അവന്‍റെയൊരു ഇംഗിതം നടപ്പിലാക്കിയെങ്കില്‍ അതു ഏറെ പ്രിയപ്പെട്ട കാര്യമാണ്.

നാമാണെങ്കില്‍ നമ്മുടെ സന്താനങ്ങള്‍ പോലുള്ളവരുടെ കാര്യത്തില്‍ ആദ്യമേ തീരുമാനം എടുത്തുകഴിഞ്ഞിട്ടുണ്ട്. അതായത്, അവരെല്ലാം അല്ലാഹുവിന്‍റെ മുതലുകളാകുന്നു. നമുക്കവരുമായി യാതൊരു ബന്ധവുമില്ല. നാം സ്വയവും അല്ലാഹുവിന്‍റെ തന്നെ മുതലാണ്. ആരംഭം തൊട്ടേ ഈ തീരുമാനമെടുത്തിട്ടുള്ളവരാരോ അവര്‍ക്ക് വ്യസനിക്കേണ്ടിവരുന്നില്ല.

▪നബി(സ) തിരുമേനി ഒരിക്കല്‍ സ്വന്തം വീട്ടില്‍ വന്ന് ചോദിച്ചു; ‘നമ്മുടെ വീട്ടില്‍ എന്താണുള്ളത്?’ ആയിശ(റ) രണ്ട് സ്വർണ്ണനാണയങ്ങൾ എടുത്തുനൽകിക്കൊണ്ട് പറഞ്ഞു, ‘ആകെയുള്ളത് ഇതുമാത്രമാണ്’. നബി(സ) അത് സ്വന്തം കൈപത്തിയില്‍ വെച്ചുകൊണ്ട് അരുൾ ചെയ്തു; ‘രണ്ട് സ്വർണ്ണനാണയങ്ങള്‍ തന്‍റെ പിന്നില്‍ ബാക്കിവെച്ചുകൊണ്ട് കടന്നുപോയ ആ നബിയുടെ അവസ്ഥയെന്തായിരിക്കും!’  അനന്തരം ഉടൻ തന്നെ അവ വിതരണം ചെയ്യുകയുണ്ടായി. അല്ലാഹു നല്ലപോലെ അറിയുന്നു, നമ്മുടെ കയ്യില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അടുത്ത ദിവസം തന്നെ എല്ലാം ചെലവ് ചെയ്യപ്പെടുന്നു. വല്ലതും ശേഷിക്കുന്നുണ്ടെങ്കില്‍ അത് ജമാഅത്തിന്‍റേതാണ്. അവയും ലങ്കര്‍ഖാനയില്‍  ചെലവാക്കപ്പെടുന്നു. ചിലസന്ദർഭങ്ങളിൽ ഒന്നുമില്ലാതെ വരികയും നാം പരിഭ്രമിക്കുകയും ചെയ്യുമ്പോൾ അല്ലാഹു തആല നാമറിയാത്ത ഭാഗത്തുനിന്നും വിഭവങ്ങൾ അയക്കുന്നു. ഭൂരിഭാഗം ജനങ്ങളും അല്ലാഹുവിന് പരിപൂര്‍ണ്ണ വിലനല്‍കുന്നതിനെ സംബന്ധിച്ച് അജ്ഞരാണ്. ‘വമാ ഖദറൂല്ലാഹ ഹഖ ഖദറിഹീ’ അല്ലാഹു അരുൾ ചെയ്യുന്നു, ‘വഫിസ്സമായി റിസ്കുകും വമാ തൂഅദൂന്‍’ (നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് ആകാശത്തുനിന്നും നല്‍കപ്പെടുന്നു. – അദ്ദാരിയാത്.23) അല്ലാഹുവില്‍ പരിപൂര്‍ണ്ണ ഈമാന്‍ ഇല്ലാതിരിക്കുന്നതുകൊണ്ട് അവന്‍റെ മാര്‍ഗ്ഗത്തില്‍ ധനം ചെലവു ചെയ്യുന്നതിലും ജനങ്ങൾ വഞ്ചനകാണിക്കുന്നു. എന്നാൽ എന്‍റെ വീക്ഷണത്തില്‍, ഒടുക്കം ധനവും എത്ര നിസ്സാര വസ്തുവാണ്! അവന്‍റെ മാര്‍ഗ്ഗത്തിലാണെങ്കില്‍ വിലപ്പെട്ട ജീവൻ തന്നെയാണ് പരിത്യജിക്കേണ്ടത്.

(മൽഫൂദാത്ത് .9, പേ. 398 – 410)

ത്വാലിബെ ദുആ: അബൂ അയ്മ

This Post Has One Comment

  1. Mansur Ahmed Ajman

    Masha Allah.
    Great effort.
    May Allah bless u with more abilities to strive for spreading the voice of Masih (a)

Comments are closed.