ദർസ് 24 : “നമസ്കാരവും ദൈവസ്മരണയും”

ഒരാള്‍ ചോദിച്ചു ഹുസൂര്‍ നമസ്കാരത്തെ സംബന്ധിച്ച്  ഞങ്ങള്‍ക്കുവേണ്ടിയുള്ള കല്പനയെന്താണ്?  അപ്പോൾ അരുൾ ചെയ്തു:

നമസ്കാരം ഒരു മുസൽമാന്റെ നിര്‍ബന്ധ കർത്തവ്യമാകുന്നു. ഹദീസ് ശരീഫില്‍ വന്നിട്ടുണ്ട്, നബി(സ) തിരുമേനിയുടെ സന്നിധിയിൽ ഒരു സംഘം ഇസ്‌ലാം സ്വീകരിച്ച ശേഷം ചോദിച്ചു, ‘യാ റസൂലുല്ലാഹ്, ഞങ്ങൾക്ക് നമസ്കാരം മാപ്പാക്കിത്തരണം. കാരണം ഞങ്ങൾ കച്ചവടക്കാരാണ് കന്നുകാലികളൊക്കെ ഉള്ളത് കാരണം വസ്ത്രശുദ്ധി ഉറപ്പാക്കാൻ സാധിക്കുന്നില്ല. മാത്രമല്ല നമുക്ക് സൗകര്യവും ലഭിക്കുന്നില്ല.’ അതിനു മറുപടിയായി അവിടുന്ന് അരുൾ ചെയ്തു, ‘നോക്കുക, നമസ്കാരമില്ലെങ്കില്‍ പിന്നെന്താണുള്ളത് നമസ്കാരം ഇല്ലാത്ത ദീന്‍ ദീനല്ല.’

നമസ്കാരം എന്നാൽ എന്താണ്? വിനയത്തോടും വണക്കത്തോടും തങ്ങളുടെ ബലഹീനതകള്‍ അല്ലാഹുവിന്‍റെ സന്നിധിയില്‍ അവതരിപ്പിക്കല്‍; അവനോട് തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തരാൻ അഭ്യര്‍ത്ഥിക്കൽ; ഇടയ്ക്ക് അവന്‍റെ ഔന്നത്യത്തിനും അവന്‍റെ കല്പനകളുടെ പൂര്‍ത്തീകരണത്തിനും വേണ്ടി പൂര്‍ണ്ണ കീഴ്‌വണക്കത്തോടെ എഴുന്നേറ്റുനില്‍ക്കല്‍; ഇടയ്ക്ക് പരിപൂര്‍ണ്ണ വിനയത്തോടും താഴ്മയോടും കൂടി അവന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് വീഴല്‍; അവനോട് തങ്ങള്‍ക്ക് വേണ്ടതൊക്കെ ഇരന്നുകൊണ്ടിരിക്കൽ. ഇവയൊക്കെത്തന്നെയാണ് നമസ്കാരം. തനിക്ക് ഭിക്ഷ നല്‍കുന്നവനെ നീ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് പുകഴ്ത്തുന്ന യാചകനെ പോലെ അവന്‍റെ മാഹാത്മ്യവും അവന്‍റെ ശക്തിസൗന്ദര്യവും പ്രകീര്‍ത്തിച്ച് അവന്‍റെ കാരുണ്യത്തിനു ഇളക്കമുണ്ടാക്കിയ ശേഷം അവനോട് ആവശ്യമുന്നയിക്കുക. അപ്പോൾ, ഇപ്പറഞ്ഞതൊക്കെ കാണപ്പെടാത്ത മതം എന്ത് മതമാണ്? മനുഷ്യന്‍ സർവ്വദാ പരാശ്രയനാണ്. ദൈവത്തോട് അവന്‍റെ പ്രീതിക്കുള്ള മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയും അവന്‍റെ അനുഗ്രഹങ്ങള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്; എന്തെന്നാൽ അവന്‍ സ്വയം കടാക്ഷിച്ചരുളുന്ന സൗഭാഗ്യത്തിലൂടെ മാത്രമേ എന്തെങ്കിലും പ്രവർത്തിക്കാൻ നാം പ്രാപ്തരാവുകയുള്ളൂ. ‘അല്ലയോ അല്ലാഹുവേ!ഞങ്ങള്‍ നിന്‍റേതായിത്തീരാന്‍ ഞങ്ങള്‍ക്ക് നീ സൗഭാഗ്യമരുളിയാലും. നീ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ വ്യാപൃതരായിക്കൊണ്ട് ഞങ്ങള്‍ നിന്നെ പ്രീതിപ്പെടുത്തുമാറാകട്ടെ!’ അല്ലാഹുവിന്‍റെ സ്നേഹം, അവനോടുള്ള ഭയം, അവന്‍റെ സ്മരണയില്‍ ഹൃദയത്തെ തളച്ചിടല്‍ ഇതിന്‍റെയൊക്കെ നാമമാണ് നമസ്കാരം. ഇതുതന്നെയാണ് മതം. അപ്പോള്‍ നമസ്കാരത്തില്‍ നിന്ന് വിടുതല്‍ കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ മൃഗങ്ങൾക്ക് ഉപരിയായി എന്തുചെയ്തു? അവറ്റകളെ കണക്കെ തിന്നും കുടിച്ചും ഉറങ്ങിയും കഴിച്ചുകൂട്ടുന്നു. ഇത് ഒരിക്കലും മതമല്ല. മറിച്ച് മതനിഷേധികളുടെ സ്വഭാവമത്രെ..

ദൈവസ്മരണയിൽ  അവജ്ഞ കുഫ്റാകുന്നു.

വിശുദ്ധ ഖുര്‍ആനില്‍,

فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ

(2:153) എന്ന് വന്നിരിക്കുന്നു. അതായത് അല്ലാഹു പറയുന്നു, ‘ഓ എന്‍റെ അടിമകളേ നിങ്ങള്‍ എന്നെ ഓര്‍മ്മിക്കുക. എന്‍റെ സ്മരണയിൽ നിരതരാവുക; ഞാനും നിങ്ങളെ വിസ്മരിക്കുകയില്ല; നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധ നൽകുന്നതാണ്; അനന്തരം എന്നോട് നന്ദികാണിക്കുകയും എന്‍റെ അനുഗ്രഹങ്ങളെ വിലവെക്കുകയും ചെയ്യുക. അവിശ്വാസം കാണിക്കരുത്’  ഈ ആയത്തില്‍ നിന്നും സ്പഷ്ടമായും മനസ്സിലാകുന്നത് ദിക്ക്റെ ഇലാഹി (ദൈവ സ്മരണ) ചെയ്യാതിരിക്കുന്നതിന്റെയും അതിനോട് കാണിക്കുന്ന അവജ്ഞയുടെയും നാമം ‘കുഫ്റ്’ (അവിശ്വാസം) എന്നാണ്. ഈ അഞ്ചുനേരമെന്നുള്ളത് അല്ലാഹു ഒരു സാമ്പിള്‍ എന്നോണം നിശ്ചയിച്ചതാണ്. മറിച്ച് അവന്റെ സ്മരണയിലാണെങ്കില്‍ സദാസമയവും ഹൃദയത്തെ ലയിപ്പിക്കേണ്ടതാണ്. ക്ഷണനേരത്തേക്ക് പോലും അശ്രദ്ധ പാടില്ല. എഴുന്നേല്‍ക്കുമ്പോഴും ഇരിക്കുമ്പോഴും നടന്നുകൊണ്ടിരിക്കുമ്പോഴും നിത്യമായി അവന്‍റെ സ്മരണയുടെ ആഴക്കടലിൽ  മുങ്ങിയിരിക്കുക എന്നത് മനുഷ്യനെ മനുഷ്യനെന്ന വിശേഷണത്തിന് അര്‍ഹനാക്കുന്ന ഒരു ഗുണമാകുന്നു. അല്ലാഹുവില്‍ എല്ലാതരത്തിലുള്ള പ്രതീക്ഷയും പ്രത്യാശയും വെക്കാനുള്ള അവകാശവും അതിലൂടെ അവന് സാദ്ധ്യമാകുന്നു…

വേദനിക്കുന്ന ഹൃദയത്തോടെ അനുഷ്ഠിക്കുന്ന നമസ്കാരം തന്നെയാണ് മനുഷ്യനെ സകലവിധ പ്രയാസങ്ങളില്‍നിന്നും പുറത്ത് കൊണ്ടുവരുന്നത്. നമുക്ക് നിരവധി തവണ ഉണ്ടായിട്ടുള്ള അനുഭവമിതുതന്നെയാകുന്നു, മിക്കപ്പോഴും ഏതെങ്കിലും വിഷമഘട്ടത്തില്‍ നാം ദുആ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നമസ്കാരത്തില്‍ ആയിരിക്കെ തന്നെ അല്ലാഹു ആ പ്രയാസത്തിന് പരിഹാരമുണ്ടാക്കുകയും അത് സരളമാക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ടാകും.

(മല്‍ഫൂദാത് വാ. 5, പേ. 253 & 254)

ത്വാലിബെ ദുആ: അബൂ അയ്മൻ