ദർസ് 78 : അക്ഷമ അരുത്

ഹദ്റത്ത് മൗലവി അബ്ദുല്‍ കരീം സാഹിബ് (റ) ഒരാളെ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ സന്നിധിയില്‍ ഹാജരാക്കി. അയാള്‍ നിരവധി പീര്‍മാരെയും ഷേഖ്മാരെയുമൊക്കെ സന്ദര്‍ശിച്ച ശേഷം വന്നയാളായിരുന്നു. ഹുസൂര്‍ (അ) അയാളോട് ചോദിച്ചു, ‘എന്താണ് പറയാനുള്ളത്?’ അയാള്‍പറഞ്ഞു: ‘ഹുസൂര്‍, ഞാന്‍ അനേകം പീര്‍മാരുടെ അടുത്തൊക്കെ പോയിരുന്നു. എന്നില്‍ ചില ന്യൂനതകളുണ്ട്. ഒന്നാമത്തേത്, ഞാന്‍ ഏതൊരു മഹാന്റെ അടുക്കല്‍ പോയാലും, അല്പദിവസം കൊണ്ടുതന്നെ വിശ്വാസഭംഗം സംഭവിച്ചുകൊണ്ട് അദ്ദേഹത്തെ ഉപേക്ഷിച്ച് ഓടിക്കളയുന്നു. രണ്ടാമത്തേത്, എന്നില്‍ പരദൂഷണം പറയുന്ന സ്വഭാവമുണ്ട്. മൂന്നാമത്തേത് എനിക്ക് ഇബാദത്തില്‍ താല്പര്യം ലഭിക്കുന്നില്ല. പിന്നെയും നിരവധി ദൂഷ്യങ്ങളുണ്ട്.’ ഹദ്റത്ത് അഖ്ദസ്(അ) അരുൾ ചെയ്തു:
 
താങ്കളുടെ യഥാര്‍ഥ രോഗം അക്ഷമയാണെന്ന് എനിക്ക് മനസ്സിലായി. ബാക്കിയെല്ലാം അതിനനുബന്ധമായിട്ടുള്ള ബാധകളാണ്. നോക്കുക, മനുഷ്യന്‍ ലൗകിക കാര്യങ്ങളിലാണെങ്കില്‍ അക്ഷമ കാണിക്കുന്നില്ല. സഹനത്തോടും സ്ഥിരചിത്തതയോടും പര്യവസാനത്തിനായി കാത്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ക്ഷമകേട് കാണിക്കുന്നത്. ഒരു കര്‍ഷകന്‍ വിത്ത് വിതച്ച അതേ ദിവസം വിളവെടുക്കാന്‍ തുനിയുമോ? ഒരു ആൺകുട്ടി പിറന്നുവീണ ഉടനെത്തന്നെ യുവത്വം പ്രാപിച്ച് ജോലികളില്‍ തന്റെ സഹായിയാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കാറുണ്ടോ? അല്ലാഹുവിന്‍റെ പ്രകൃതിനിയമത്തില്‍ ഇത്തരത്തിലുള്ള ധൃതിയുടേയും തിടുക്കത്തിന്‍റേയും ഉദാഹരണങ്ങളില്ല. ഇപ്രകാരം ധൃതിപിടിച്ച് കാര്യങ്ങള്‍ സാധിക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍ തികഞ്ഞ ബുദ്ധിശൂന്യരത്രെ. തന്‍റെ ന്യൂനതകള്‍ ന്യൂനതകളുടെ രൂപത്തില്‍ കാണാന്‍ സാധിക്കുന്നവന്‍ സ്വയം ഭാഗ്യവാനായി കരുതേണ്ടതാണ്. കാരണം പിശാച് ഹീനകൃത്യങ്ങളെയും ദുഷ്കര്‍മങ്ങളെയും അലംകൃതവും ആശാവഹവുമായി കാണിച്ചുകൊടുക്കാറുണ്ട്. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ക്ഷമയില്ലായ്മ ഉപേക്ഷിച്ച് സഹനത്തോടും സ്ഥൈര്യത്തോടും അല്ലാഹുവിനോട് സൗഭാഗ്യം തേടുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുകയും ചെയ്തുകൊള്‍വിന്‍. അതല്ലാതെ മറ്റൊരു പോംവഴിയുമില്ല. ദൈവീകരുടെ അടുക്കല്‍ വന്ന് ഒരറ്റ ഊത്തുകൊണ്ട് സംസ്കരണം വരുത്തിക്കളയാമെന്ന് കരുതുന്നവന്‍ മൂഢനാണ്. അവന്‍ അല്ലാഹുവിനുമേല്‍ തന്‍റെ ആധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. ഇവിടെ അധീശത്വം അംഗീകരിച്ചുകൊണ്ടാണ് ആഗതനാവേണ്ടത്. എല്ലാ അധികാരമനോഭാവങ്ങളെയും പരിത്യജിക്കുന്നതുവരെ ഒന്നും സംഭവിക്കുന്നില്ല. ഒരു രോഗി വൈദ്യന്‍റെ അടുക്കല്‍ എത്തുമ്പോള്‍ അവന്‍റെ നാനാവിധങ്ങളായ പരാതികള്‍ ബോധിപ്പിക്കുന്നു. പക്ഷേ വൈദ്യന്‍ പരിശോധനയും രോഗനിര്‍ണ്ണയവും ചെയ്ത ശേഷം യഥാര്‍ഥത്തില്‍ ഇന്നതാണ് രോഗമെന്ന് കണ്ടെത്തുകയും അതിന്‍റെ ചികിത്സ ആരംഭിക്കുകയും ചെയ്യുന്നു. അപ്രകാരം താങ്കളുടെ രോഗം ക്ഷമയില്ലായ്മയാണ്. നിങ്ങള്‍ അതിനുവേണ്ട ചികിത്സ നടത്തുകയാണെങ്കില്‍ മറ്റുള്ള രോഗങ്ങളും ദൈവമിച്ഛിച്ചാല്‍ താനേ വിട്ടൊഴിയുന്നതാണ്. മനുഷ്യന്‍ തന്‍റെ അല്ലാഹുവിങ്കൽ ഒരിക്കലും ഹതാശനാകരുത് എന്നതാണ് നമ്മുടെ സിദ്ധാന്തം. അവസാനശ്വാസം വരെയും തേട്ടം തുടര്‍ന്നുകൊള്ളണം. തന്‍റെ അന്വേഷണവും ക്ഷമയും അതിന്‍റെ മൂർദ്ധന്യാവസ്ഥയിൽ എത്താതെ മനുഷ്യന്‍ അവന്‍റെ ഉദ്ദിഷ്ടലക്ഷ്യം പ്രാപിക്കാന്‍ പര്യാപ്തനാകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ ഒരടിക്ക് ഉദ്ദേശ്യസാഫല്യമുണ്ടാക്കാന്‍ അവനു കഴിവുണ്ട്. എന്നാല്‍ യഥാര്‍ഥ അനുരക്തന്‍ തന്‍റെ അന്വേഷണവഴിയില്‍ തുടരുകയെന്നത് തന്റെ അനുരക്തതയുടെ അനിവാര്യതയാകുന്നു….

രോഗങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന് മുസ്തവി മറ്റൊന്ന് മുഖ്തലിഫ്. മുസ്തവി രോഗത്തില്‍ വേദനപോലുള്ളവ അനുഭവപ്പെടുന്നു. ഇതിനെ ചികിത്സക്കുന്നതിനെ സംബന്ധിച്ച് മനുഷ്യന്‍ ചിന്തിക്കുന്നു. മുഖ്തലിഫ് രോഗങ്ങളെ മനുഷ്യന്‍ വലിയ കാര്യമാക്കുന്നില്ല. ഇതേപ്രകാരം ചില പാപങ്ങള്‍ അനുഭവവേദ്യമാണ്. മറ്റുചില പാപങ്ങള്‍ മനുഷ്യന്‍ തിരിച്ചറിയുന്നുപോലുമില്ല. അതിനാല്‍ മനുഷ്യന്‍ സദാസമയവും അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍  ചെയ്തുകൊണ്ടിരിക്കേണ്ടതാണ്. മഖ്ബറകളില്‍ പോയിട്ടെന്ത് പ്രയോജനം? ദൈവം സംസ്കരണത്തിനായി വിശുദ്ധഖുര്‍ആനാണ് ഇറക്കിയിട്ടുള്ളത്. മന്ത്രിച്ചൂതല്‍ മുഖേനയുള്ള സംസ്കരണം ദൈവീക നിയമത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അല്ലാഹുവിന്‍റെ തിരുദൂതര്‍ (സ) പതിമൂന്ന് വര്‍ഷം മക്കയില്‍ യാതനകള്‍ സഹിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ല. അബൂജഹല്‍ പോലുള്ളവരെ (അവ പ്രയോഗിച്ച്) എന്തുകൊണ്ട് പ്രഭാവിതരാക്കിയില്ല? അബൂജഹല്‍ നില്‍ക്കട്ടെ, അബൂതാലിബിനായിരുന്നെങ്കില്‍ അങ്ങയോട് സ്നേഹവുമുണ്ടായിരുന്നു.
ചുരുക്കത്തില്‍ അക്ഷമ നല്ലതല്ല. അതിന്‍റെ പരിണിതഫലം നാശമത്രെ.

(മല്‍ഫൂദാത്ത് 01/08/1901)