ദർസ് 79 : പരീക്ഷണങ്ങൾ അനിവാര്യം

അല്ലാഹു തന്‍റെ വിധിനിര്‍ണ്ണയങ്ങളുടെ രഹസ്യങ്ങള്‍ ഗോപ്യമാക്കിവെച്ചിരിക്കുന്നു. അതില്‍ സഹസ്രങ്ങളായ സന്ദര്‍ഭൗചിത്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കൈവരുന്ന ദൈവസാമീപ്യം സാമാന്യ യത്നങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും മനുഷ്യന് കരഗതമാകുന്നില്ല എന്നതാണ് എന്‍റെ അനുഭവം. കഠിനമായ ചാട്ടവാറുകൊണ്ട് തന്നത്താന്‍ ആര്‍ക്കാണ് പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുക? അല്ലാഹു കരുണാവാരിധിയും പരമദയാലുവുമാകുന്നു. നിസ്സാരമായ ദുഃഖങ്ങള്‍ നല്‍കിക്കൊണ്ട് വലിയ വലിയ ഔദാര്യങ്ങളും അനുഗ്രഹങ്ങളും  നല്‍കുന്നവനാണ് അവനെന്ന് നാം പരീക്ഷിച്ചറിഞ്ഞ ഒരു പരമാർഥമാകുന്നു. പരലോകം അനശ്വരമാണ്. നമ്മെ വിട്ടുപിരിഞ്ഞവര്‍ ഒരിക്കലും തിരിച്ചുവരാന്‍ സാധിക്കുന്നവരല്ല. അതെ, നാം അവരിലേക്ക് എത്രയും വേഗം ചെന്നെത്തുന്നവരാണ്. ഈ ലോകത്തിന്‍റെ മതില്‍ക്കെട്ടുകള്‍ ബലമില്ലാത്തതും വീണുകൊണ്ടിരിക്കുന്നതുമാകുന്നു. മനുഷ്യന് ഇവിടെനിന്നും എന്താണ് കൊണ്ടുപോകാനുള്ളതെന്നാണ് ചിന്തനീയ്യമായ വിഷയം. എപ്പോഴാണ് പോകേണ്ടതെന്ന് അവര്‍ അറിയുന്നുമില്ല എന്നത് മറ്റൊരു വസ്തുത. പോകുന്നതോ അസമയത്തും വെറുംകൈയ്യോടെയും. എന്നാല്‍ സുകൃതങ്ങൾ സ്വരുക്കൂട്ടിയവർ അത് കൂടെക്കൊണ്ടുപോകുന്നതായിരിക്കും. എന്‍റെ വസ്തുവകകളൊക്കെ എവിടെയെന്ന് കാണിച്ചുതരുവിന്‍ എന്ന് ചിലയാളുകള്‍ മരണത്തോടടുക്കുമ്പോള്‍ പറയാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സമ്പത്തിനെയും സമ്പാദ്യങ്ങളെയും കുറിച്ചുള്ള ചിന്ത അവരെ അലട്ടുന്നതാണ്. ആവിധമാളുകള്‍ ഇപ്പോഴും നമ്മുടെ ജമാഅത്തില്‍ നിരവധിയുണ്ട്. അവര്‍ ചെയ്യുന്ന ദൈവാരാധനകള്‍ നിബന്ധനാധിഷ്ടിതമാണ്. ചിലര്‍ തങ്ങളുടെ കത്തുകളില്‍ ഇക്കാര്യം വ്യക്തമാക്കാറുമുണ്ട്; ഞങ്ങള്‍ക്ക് ഇത്ര രൂപ ലഭിക്കുകയും ഞങ്ങളുടെ ഇന്ന കാര്യങ്ങള്‍ സാധിക്കുകയുമാണെങ്കില്‍ ഞങ്ങള്‍ ബൈയ്അത്ത് ചെയ്യുന്നതാണ്. ഇത്തരം ബൈഅത്ത് കൊണ്ട് അല്ലാഹുവിന് എന്തത്യാവശ്യമാണുള്ളതെന്ന് പോലും ഈ ഭോഷന്മാര്‍ അറിയുന്നില്ല.

തങ്ങളുടെ ശിരസ്സുകള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഛേദിച്ചുകളഞ്ഞ സഹാബാക്കളുടെ ഈമാനാണ് നമ്മുടെ ജമാഅത്തിനാവശ്യം. ഇന്ന് നമ്മുടെ ജമാഅത്തിനോട് യൂറോപ്പിലും അമേരിക്കയിലും ഇസ്‌ലാമിന്‍റെ പ്രചരണത്തിനായി പോകാന്‍ പറഞ്ഞാല്‍ പലരും പറഞ്ഞേക്കും, ‘നമ്മുടെ മക്കളും ഭാര്യമാരും വിഷമത്തിലകപ്പെടും; നമ്മുടെ വീടിന്‍റെ സ്ഥിതി ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ. ‘ഇന്ന ബുയൂത്തനാ ഔറഃ’ (അതായത് നമ്മുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലാണ്. – അല്‍ അഹ്സാബ് 14) നാം നിങ്ങളോട് പോയി ശിരസ്സുകള്‍ മുറിക്കാനൊന്നും പറയുന്നില്ലല്ലോ. മറിച്ച് ദീനിന്‍റെ കാര്യത്തിനുവേണ്ടി അല്പം യാത്രാക്ലേശമെങ്കിലും സഹിച്ചുകൊള്ളാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഉഷ്ണം കൂടുതലാണ് കഠിനമായ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ട് എന്നൊക്കെ പറഞ്ഞുകളയും. എന്നാല്‍ അല്ലാഹു തആല അരുളുന്നു, നരകത്തിന്‍റെ ഉഷ്ണം അതിനേക്കാള്‍ കഠിനതരമത്രെ. ‘നാറു ജഹന്നമ അശദ്ദു ഹര്‍റന്‍’ (നരകാഗ്നി (അതിനേക്കാള്‍) കഠിനമാണ്. (തൗബ 81)) ഒരു മുസല്‍മാനായിത്തീരാന്‍ ഏറ്റവും തികവുറ്റ മാതൃക സഹാബാക്കളുടേതാകുന്നു. ഇപ്പോള്‍ എനിക്ക് ജമാഅത്തിന് ജമാഅത്ത് എന്ന നാമകരണം ചെയ്യാന്‍ മാത്രം തൃപ്തി ലഭിച്ചിട്ടില്ല. അത് ഇപ്പോഴും ഒരു ജനാവലിയാണ്. കേവലം ആഹ്ലാദത്തില്‍ അല്ലാഹുവിനെ വിളിക്കുന്ന മനുഷ്യരാണെങ്കില്‍ നമുക്കവരെ ആവശ്യമില്ല. അത്തരക്കാര്‍ക്ക് അല്പം അല്ലാഹുവിന്‍റെ പരീക്ഷണം നേരിടുമ്പോള്‍ അവർ വിവിധതരത്തിലുള്ള നൈരാശ്യവും ആശാഭംഗവും പ്രകടിപ്പിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ അല്ലാഹു തആല പറയുന്നത് ‘അഹസിബന്നാസ അയ്യുത്റക്കൂ അയ്യഖൂലൂ ആമന്നാ വഹും ലാ യഫ്തനൂൻ’ എന്നാണ്. (അല്‍ അങ്കബൂത് 3) ‘ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം ആളുകളെ പരീക്ഷണത്തിനു വിധേയരാക്കാതെ വിട്ടുകളയുമെന്ന് അവര്‍ ധരിക്കുന്നുണ്ടോ’ പരീക്ഷണങ്ങളുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അത് എത്രയും മഹത്തരമായ ഒന്നാകുന്നു. പ്രവാചകന്മാര്‍ സര്‍വ്വരും പരീക്ഷണങ്ങളിലൂടെ തന്നെയാണ് സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കിയത്.