ദർസ് 102 : ഇഹലോകം സത്യവിശ്വാസിയുടെ തടവറ

‘വലിമൻ ഖാഫ മഖാമ റബ്ബിഹീ ജന്നതാൻ’ (തങ്ങളുടെ റബ്ബിന്‍റെ മഖാമിനെ ഭയപ്പെടുന്നവർക്ക് രണ്ട് സ്വർഗ്ഗങ്ങളുണ്ട് – അറഹ്‌മാന്‍ 47) എന്ന സൂക്തത്തിന് വൈരുദ്ധ്യമാണെന്ന് പറഞ്ഞുകൊണ്ട് ചിലർ ‘അദ്ദുന്യാ സിജ്നുല്ലിൽ മു‌അ്‌മിനീന്‍’ (ഇഹലോകം സത്യവിശ്വാസികൾക്ക് തടവറയാകുന്നു) എന്ന ഹദീസ് അവതരിപ്പിക്കാറുണ്ട്. അതിന്‍റെ യഥാർത്ഥ വിവക്ഷ ഇപ്രകാരമാണ്:

സത്യവിശ്വാസികളിൽ പല വിധക്കാരുണ്ട്; വിശുദ്ധ ഖുർആൻ തദടിസ്ഥാനത്തിൽ അരുൾ ചെയ്യുന്നു:

فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ
(ഫാതിർ 33)

ഈ സൂക്തത്തിൽ പ്രസ്താവിക്കപ്പെട്ട ‘മുഖ്തസിദ്’ എന്ന വിഭാഗം ‘നഫ്സുല്ലവ്വാമ’ ക്കാരാകുന്നു. ഇഹലോകത്തിലെ തിക്താനുഭവങ്ങൾ ‘നഫ്സുല്ലവ്വാമ’ വരെ മാത്രമുള്ളതാണ്. അതായത് പ്രസ്തുത ഘട്ടത്തിൽ ‘നഫ്സുൽ അമ്മാറ’ യുമായി മനുഷ്യന്‍റെ പോരാട്ടം നടക്കുന്നു. ശാന്തിയും സമാധാനവും ലഭിക്കാനുള്ള മാർഗ്ഗം ഇന്നതാണെന്ന് ‘അമ്മാറ’ പറയും. എന്നാൽ ‘ലവ്വാമ’ അത് സ്വീകരിക്കില്ല. തദവസരത്തിൽ മനുഷ്യൻ നഫ്സുൽ അമ്മാറയുമായി ആത്മസമരത്തിലേർപ്പെടുന്നു. ‘അമ്മാറ’ പൂർണ്ണമായും കീഴടങ്ങുന്നതുവരെ ആ പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കും. അനന്തരം ‘മുത്‌മഇന്ന’ മത്രമായിരിക്കും അവശേഷിക്കുന്നത്.

يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ  ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً

(അൽഫജർ 28, 29)

അതായത്, ‘എന്‍റെ സ്വർഗത്തിൽ നീ ഇപ്പോൾ തന്നെ പ്രവേശിച്ചുകൊള്ളുക.’ സത്യവിശ്വാസിയുടെ സ്വർഗ്ഗം അല്ലാഹു സ്വയം തന്നെയാകുന്നു. അതായത് അല്ലാഹുവിന്റെ ദാസത്വത്തിൽ പ്രവേശിക്കുന്നതോടുകൂടി അല്ലാഹു അവരിൽ തന്നെ സന്നിവേശിക്കുകയും അവർ അവന്‍റെ ദാസരായിത്തീരുകയും ചെയ്യുന്നു. അപ്പോൾ പിന്നെ എവിടെയാണ് തടവറയുള്ളത്. ആ ഘട്ടമെത്തുന്നതുവരെ അവർ ബുദ്ധിമുട്ടുകളിലായിരിക്കും. ഏതുപോലെയെന്നാൽ, ഒരു കിണർ കുഴിക്കുമ്പോൾ വെള്ളം ലഭിക്കണമെന്നതാണ് ലക്ഷ്യം. യഥാർഥത്തിൽ മുത്‌മഇന്ന ആയിത്തീരുക എന്നത് ആ നീരുറവ കണ്ടെത്തലാകുന്നു. അതിനുശേഷം കുഴിക്കേണ്ട ആവശ്യം വരുന്നില്ല. ഉപര്യുക്ത സൂക്തത്തിൽ ‘ദ്വാലിം’ കൊണ്ട് നഫ്സുൽ അമ്മാറ ക്കാരും ‘മുഖ്തസിദ്’ കൊണ്ട് നഫ്സുല്ലവ്വാമ ക്കാരും ‘സാബികും ബിൽ ഖൈറാത്’ കൊണ്ട് നഫ്സുൽ മുത്‌മഇന്ന ക്കാരും വിവക്ഷിക്കപ്പെട്ടിരിക്കുന്നു‌

ജീവിതത്തിലൊരു പൂർണ്ണ പരിവർത്തനമുണ്ടാകും വരെ മേൽപ്പറഞ്ഞ യുദ്ധം തുടർന്നുകൊണ്ടിരിക്കും. അത് നഫ്സുല്ലവ്വാമയുടെ അവസ്ഥ വരെയാണുള്ളത്. അതവസാനിച്ചാൽ ‘ദാറുന്നയീമിൽ’ എത്തിച്ചേരുന്നു. അപ്പോൾ അവന്‍റെ തീരുമാനം അല്ലാഹുവിന്‍റെ തീരുമാനവും അവന്‍റെ ഇംഗിതം അല്ലാഹുവിന്‍റെ ഇംഗിതവുമായിത്തീരുന്നു. അല്ലാഹുവിന്റെ പ്രീതി ഏതൊന്നിലാണോ അതിലവൻ ആനന്ദം കൊള്ളുന്നു. അല്ലാഹുവുമായി വൈയക്തികമായ സുദൃഢ സ്നേഹബന്ധം സ്ഥാപിച്ചുകഴിഞ്ഞ ഒരു ദൈവജ്ഞാനിയോട്  നീ ഇബാദത്ത് ചെയ്താലും ഇല്ലെങ്കിലും നരകസ്ഥനായിരിക്കുമെന്ന് ദൈവം അരുളിയാൽ പോലും ഇബാദത്ത് ചെയ്യാതിരിക്കാൻ അവനൊരിക്കലും സാധിക്കില്ല; നരകമാണെങ്കിലും ശരി അവന്‍റെ സന്തോഷം അതിലായിരിക്കും. ഏതുപോലെ, അഫീയൂന് (ലഹരിപദാർത്ഥമായ കറുപ്പിനു) അടിമപ്പെട്ട ഒരുത്തൻ അവനെന്തു നരകം സഹിക്കേണ്ടിവന്നാലും എത്രതന്നെ പരവശനായാലും അഫിയൂന്‍ ഒഴിവാക്കുകയില്ല. ലോകത്ത് യുവാക്കളെ നാം കാണുന്നു, അവർക്ക് ഏതെങ്കിലും കാര്യത്തിൽ ഒരു ഭ്രമം പിടിപെട്ടുകഴിഞ്ഞാൽ അത് തടയാൻ വേണ്ടി സ്വന്തം മാതാപിതാക്കൾ തന്നെയാകട്ടെ, ആര് ശ്രമിച്ചാലും ഫലമുണ്ടാകുന്നില്ല. ആ ഭ്രമത്തിന്‍റെ ഉന്മത്തതയിൽ അവർക്ക് പ്രയാസങ്ങളെ കുറിച്ചുപോലും ചിന്തയുണ്ടാകുന്നില്ല. പൂർണ്ണ ദൈവജ്ഞാനിയായ സത്യവിശ്വാസിയുടെ അവസ്ഥയും അപ്രകാരം തന്നെയാകുന്നു. അവർക്ക് പ്രതിഫലം ലഭിക്കുമോ ഇല്ലേ എന്ന ചിന്തയൊന്നും ഉണ്ടാകാറില്ല. ഈ സ്ഥാനം ഏറ്റവും ഒടുവിലത്തെ സ്ഥാനമാകുന്നു. ഇവിടെ കഠിനയത്നങ്ങളുടെ പരമ്പര അവസാനിക്കുന്നു.. ഈ അവസ്ഥയിലുള്ള അവന്‍റെ ഉത്സാഹം ഏതെങ്കിലും തുണയാലുള്ളതായിരിക്കില്ല. കാരണം മനുഷ്യൻ ഏതെങ്കിലും തുണയാൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം ശൈത്താൻ ഏതെങ്കിലും സമയത്ത് അവനിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ ഇവിടെ വൈയക്തികമായ സ്നേഹബന്ധത്തിന്‍റെ സ്ഥാനത്ത് ബാഹ്യ തുണയുണ്ടാകുന്നില്ല. അത് ശിശുവും മാതാവും തമ്മിലുള്ള വ്യക്തിപരമായ സ്നേഹബന്ധം പോലെയാണ്. അതിൽ മനുഷ്യനു ഭിന്നിപ്പിടാൻ സാധ്യമല്ല. ശിശുവിനൊട് മാതാവിന്‍റെ പ്രകൃത്യായുള്ള സ്നേഹം അവരെ പരസ്പരം ഒത്തുചേർക്കുന്നു. ഒരു ഉപമ പ്രസിദ്ധമാണ്. (‘മാ മാറെ ബച്ചാ മാ മാ പുകാരെ’) ‘ഉമ്മ കുട്ടിയെ അടിക്കുന്നു, കുട്ടി അതേ ഉമ്മയെ ഉമ്മാ ഉമ്മാ എന്ന് വിളിച്ചു കരയുന്നു’ അപ്രകാരം അല്ലാഹുവിന്‍റെ കൂട്ടർക്ക് അവന്റെ അടി കിട്ടുമ്പോൾ അവർ എങ്ങോട്ട് ഓടിപ്പോകും? അടികൊണ്ടാൽ അവർ ഒരടി കൂടുതൽ മുന്നോട്ട് വെക്കുന്നു. അല്ലാഹുവിന്‍റെ സുശക്തമായ സ്നേഹത്തിന്‍റെ പ്രഭാവം ഇതര ബന്ധങ്ങളിൽ ഇറങ്ങുന്നില്ല. ഉദാഹരണത്തിന്, മനുഷ്യൻ ആരെയെങ്കിലും തന്‍റെ ജോലിക്കാരനാണെന്ന നിലയിൽ വീക്ഷിക്കുമ്പോൾ ഇവൻ തന്‍റെ പ്രതിഫലം പറ്റാനാണ് സേവനം ചെയ്യുന്നതെന്നായിരിക്കും അവന് തോന്നുക. അപ്പോൾ അവനിലേക്ക് പൂർണ്ണസ്നേഹത്തോടെ തിരിയാനുള്ള മനസ്സുണ്ടാകുന്നില്ല.‌ അവനെ ഒരു വേലക്കാരനായി മാത്രം ഗണിക്കുന്നു. എന്നാൽ, ഒരുവൻ ആർക്കെങ്കിലും വേണ്ടി സേവനമനുഷ്ഠിക്കുകയും ഒരു (പ്രതിഫലം പറ്റുന്ന) വേലക്കാരനെന്ന നിലയിലല്ല അവന്റെ സേവനമെന്ന് ആ യജമാനൻ തിരിച്ചറിയുകയും ചെയ്താൽ സ്വന്തം സന്താനങ്ങളുടെ കൂട്ടത്തിലായിരിക്കും അവൻ എണ്ണപ്പെടുക.
‘അല്ലാഹുവാണ് ഏറ്റവും വലിയ ഖജനാവ്!’
‘അല്ലാഹുവാണ് ഏറ്റവും വലിയ സമ്പാദ്യം.’

മൽഫൂദാത്
(01/12/1902)