ദർസ് 3: “സൽക്കർമ്മങ്ങൾ ഇസ്ലാമിലേക്കും അല്ലാഹുവിലേക്കുമുള്ള ഗോവണിയാകുന്നു“

  • സൽക്കർമ്മങ്ങൾ ഇസ്ലാമിലേക്കും അല്ലാഹുവിലേക്കുമുള്ള ഗോവണിയാകുന്നു. പക്ഷേ, എന്താണ് സൽക്കർമ്മമെന്ന് ഓർക്കണം. സൽപന്ഥാവിൽ സഞ്ചരിക്കുന്നതിൽ നിന്നും ശൈയ്ത്താൻ ജനങ്ങളെ തെറ്റിക്കുന്നു. ഉദാഹരണത്തിനു, രാത്രിയുണ്ടാക്കിയ ആഹാരം മിച്ചം വന്നു. രാവിലെ അവയിൽ രുചിവ്യതിയാനം വന്ന അപ്പങ്ങൾമാത്രം ബാക്കിയായി. കാലത്ത് മുന്നിൽ നല്ല നല്ല ഭക്ഷണം വിളമ്പി തിന്നാനിരിക്കുന്ന സമയത്തുതന്നെ ഒരു ഫക്കീർ വാതിൽക്കൽ വന്ന് ഭക്ഷണത്തിനായി ഇരന്നു. അപ്പോൾ പറഞ്ഞു, ആ രുചിമാറിയ അപ്പങ്ങൾ അയാൾക്കു കൊടുക്കുക. ഇതൊരു സൽക്കർമ്മം ആകുമോ? കേടായിത്തുടങ്ങിയ ആഹാരം അവിടെ ആരും കഴിക്കാതെ കിടക്കാനുള്ളതായിരുന്നു. നല്ല ഭക്ഷണപ്രിയരിൽ ആരാണത് കഴിക്കുക?
    അല്ലാഹു പറഞ്ഞിരിക്കുന്നത് “
    وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا
    അഗതിക്കും അനാഥർക്കും തടവുകാരനും ആഹാരം തങ്ങള്‍ക്കതില്‍ പ്രതിപത്തിയുളളതോടൊപ്പം തന്നെ നല്‍കുകയും ചെയ്യുന്നവരായിരുന്നു അവര്‍. (അദ്ദഹർ 9)
    “ത്വആം” എന്ന വിശേഷണം തന്നെ ഇഷ്ടപ്പെട്ട ഭക്ഷണത്തിനാണെന്നും മനസ്സിലാക്കിക്കൊള്ളുക. രുചിവ്യതിയാനം വന്നതും പുളിച്ചതുമായ ഭക്ഷണത്തിനല്ല. തന്റെ മുന്നിൽ വിളമ്പിയിട്ടുള്ള പരിമളമൂറുന്നതും സ്വാദിഷ്ഠവുമായ പുത്തൻ ഭക്ഷണം തിന്നു തുടങ്ങുന്നതിനു മുമ്പ് ഫക്കീറിന്റെ യാചനയിൽ അതിൽ നിന്നുമെടുത്ത് കൊടുത്തെങ്കിൽ അതാകുന്നു സൽക്കർമ്മം.
  • ഉപയോഗശൂന്യമായ വസ്തുക്കൾ ചെലവ് ചെയ്യുന്നതുവഴി സൽക്കർമ്മങ്ങളുടെ ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിക്കാൻ സാധ്യമല്ല.
  • താൽക്കാലികമായ വിഷമങ്ങൾ സഹിച്ച് കൊണ്ടല്ലാതെ യഥാർത്ഥ ആനന്ദം പ്രദാനം ചെയ്യുന്ന അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാൻ കഴിയുകയില്ല. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാൻ വേണ്ടി താൽക്കാലിക വിഷമങ്ങളെ ഗൗനിക്കാത്തവരാകുന്നു അനുഗ്രഹീതർ. കാരണം നിലനിൽക്കുന്ന സന്തോഷവും സ്ഥായിയായ സമാധാനത്തിനുള്ള പ്രകാശവും മുഅ്മിനീങ്ങൾക്ക് താൽക്കാലിക വിഷമഘട്ടത്തിനു ശേഷമാണ് ലഭിക്കുന്നത്.
  • ഖുർആൻ മജീദിൽ അല്ലാഹു അരുളുന്നു,
    قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَفُرُوجَهُمْفُرُوجَهُمْ
    തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സത്യവിശ്വാസികളോട് അനുശാസിക്കുക. (അന്നൂർ 31) അതായത്, മനുഷ്യൻ അന്യസ്ത്രീകളെ നോക്കി ഫിത്നയിൽ പെടാതിരിക്കാൻ തന്റെ കണ്ണുകൾ മയക്കത്തിലെന്ന പോലെ (കീഴ്പോട്ട്) ആക്കേണ്ടത് അനിവാര്യമാണ്. മാദക കഥകൾ കേട്ട് ഫിത്നയിൽ പെടാൻ സാധ്യതയുള്ള ചെവിയും ഫുറൂജിൽ പെട്ടതാണ്.
  • നമ്മുടെ ജമാഅത്തിന് ആവശ്യം കയ്യൂക്കുള്ളവരേയും ബലവാന്മാരെയുമല്ല. മറിച്ച് തങ്ങളുടെ സ്വഭാവം മാറ്റിയെടുക്കാൻ പ്രയത്നിക്കുന്ന ശക്തരെയാണ് ആവിശ്യം. മലയെ അതിന്റെ സ്ഥാനത്തുനിന്ന് മാറ്റാൻ കഴിവുള്ളവനല്ല ബലവാൻ! ഒരിക്കലുമല്ല. തന്റെ സ്വഭാവത്തിൽ പരിവർത്തനം വരുത്താൻ ശക്തിയാർജ്ജിക്കുന്നവനാണു യഥാർഥ ബലവാനും മഹാശക്തനും. അത്കൊണ്ട് ഓർമ്മിക്കുക! മുഴുവൻ ശക്തിയും ധൈര്യവും തങ്ങളുടെ സ്വഭാവം മാറ്റിയെടുക്കാൻ വിനിയോഗിക്കുവിൻ! കാരണം അതാണ് ശരിയായ ശക്തിയും ധൈര്യവും.

(മൽഫൂദാത്ത് വാ.1)

ത്വാലിബെ ദുആ: അബു-അയ്മൻ

This Post Has 2 Comments

  1. S. V SHABEEL AHMED SHAHID

    അൽഹംദുലില്ലാഹ്, മാശാഅല്ലാഹ്‌ വളരെയധികം ഉപകാരപ്രദമായ ഒരു സൈറ്റ് ആണിത്. ഇനിയുമിനിയും നൂതനമായ എല്ലാ മാധ്യമങ്ങൾ വഴിയും അല്ലാഹുവിനാൽ നിയോഗിതനായ മഹ്ദി മസീഹിന്റെ സന്ദേശം കൈരളിക്ക് സമർപ്പിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എന്റെ എല്ലാ ആത്മമിത്രങ്ങൾക്കും സാധിക്കട്ടെ എന്ന് ദുആചെയ്യുകയും ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നു.പ്രേത്യേകിച്ചു ഹദ്റത്ത് അഹ്മദ് (അ)ന്റെ അദ്ധ്യാപനങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് നമ്മളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന അബു അയ്മൻ എന്ന എന്റെ പ്രിയ സഹോദരൻ C. H. ZAHEED AHMED SB പഴയങ്ങാടിക്കും അല്ലാഹു തക്കതായ നന്മകൾ വരുത്തട്ടെ…സർവശക്തൻ എല്ലാ നിലയിലും ഈ സംരംഭത്തെ അനുഗ്രഹീതമാക്കട്ടെ എന്ന് ദുആചെയ്യുകയും ചെയ്യുന്നു.

  2. Thalha

    Jazak Allah

Comments are closed.