‘ബിസ്മില്ലാഹിർറഹ്‌മാനിർറഹീം’ എന്ന ആയത്തിന്റെ വ്യാഖ്യാനം

വാഗ്ദത്ത മഹ്ദി മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ)

വിവർത്തനം: അബൂ അയ്മൻ

‘ബിസ്മില്ലാഹിർറഹ്‌മാനിർറഹീം’ എന്നത് അനുഗ്രഹീത സൂറാ ഫാത്തിഹയിലെ എറ്റവും ആദ്യത്തെ വചനമാകുന്നു. വിശുദ്ധ ഖുർആനിലെ ഇതര സൂറത്തുകളുടെ ആരംഭത്തിലും ഇത് എഴുതപ്പെട്ടിട്ടുണ്ട്. കൂടാതെ ഖുർആനിലെ മറ്റൊരു സ്ഥലത്തും ഇത് വന്നിരിക്കുന്നു. വിശുദ്ധ ഖുർആനിൽ ഈ വാക്യം ആവർത്തിക്കുന്നത് പോലെ മറ്റേതൊരു വാക്യത്തിന്റെയും ആവർത്തനം കാണാനാകില്ല. ഏതൊരു പ്രവർത്തിയുടെയും തുടക്കത്തിൽ ക്ഷേമവും ശുഭപര്യവസാനവും ആഗ്രഹിച്ചുകൊണ്ട് ദൈവാനുഗ്രഹവും ദിവ്യസഹായവും തേടിയുള്ള ഈ വാക്യം പാരായണം ചെയ്യുന്നത് ഇസ്‌ലാമിൽ വിഖ്യാതമായ ഒരു സമ്പ്രദായമായി മാറിയതിനാൽ, ഈ വാക്യം സുഹൃത്തുക്കൾക്കും ശത്രുക്കൾക്കും ഉയർന്നവർക്കും താഴ്ന്നവർക്കുമെല്ലാമിടയിൽ വ്യാപകമായി അറിയപ്പെടുന്ന ഒന്നാകുന്നു. ആരെങ്കിലും വിശുദ്ധ ഖുർആന്റെ മറ്റെല്ലാ വാക്യങ്ങളെക്കുറിച്ചും പൂർണ്ണമായും അജ്ഞനാണെങ്കിൽ പോലും ഈ വാക്യത്തെ കുറിച്ച് അയാൾ നിശ്ചയമായും അറിഞ്ഞിരിക്കാനുള്ള സാധ്യത ശക്തമാണ്.

ഇപ്പോൾ, ഈ തിരുവാക്യത്തിൽ ഉള്ളടങ്ങിയിട്ടുള്ള ഉൽകൃഷ്ട സത്യവസ്തുതകളും ശ്രവിക്കേണ്ടത് അനിവാര്യമാണ്, അവയിലൊന്ന്, ഈ തിരുവചനം ഇറങ്ങുമാറായതിന്റെ യഥാർഥ ഉദ്ദേശ്യം എളിയവരും അജ്ഞരുമായ ദാസന്മാരെ ദിവ്യജ്ഞാനത്തിന്റെ സാരാംശങ്ങളാൽ ധന്യരാക്കുക എന്നതാകുന്നു. അതായത്, ‘അല്ലാഹു’ എന്നത് അനശ്വരനായ ഒരു അസ്തിത്വത്തിന്റെ അതിശ്രേഷ്ഠമായ അഭിധാനമാകുന്നു. വിശുദ്ധ ഖുർആനിലെ ദിവ്യസാങ്കേതിക പദാവലിയനുസരിച്ച്, സമസ്ത സദ്ഗുണങ്ങളുമുൾക്കൊള്ളുന്നവനും എല്ലാ വൈകല്യങ്ങളിൽനിന്നും മുക്തനും യഥാർഥ ആരാധനക്കർഹനും, പങ്കുകാരനില്ലാത്തവനും അനുഗ്രഹങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രവുമായ ദൈവത്തിന്റെ വിശേഷണം കൂടിയാകുന്നു അത്. ആ അതിശ്രേഷ്ഠ അഭിധാനത്തിൽ അടങ്ങിയിട്ടുള്ള അനവധിയായ ഗുണവിശേഷങ്ങളിൽ ‘ബിസ്മില്ലാഹ്’ എന്നതിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന രണ്ട് ഗുണവിശേഷങ്ങൾ ‘റഹ്‌മാനിയത്ത്’ (ഉദാരത) ‘റഹീമിയത്ത്’ (കരുണ) എന്നിവയാകുന്നു.

ഇതേ രണ്ട് ഗുണവിശേഷങ്ങളുടെ ദിവ്യചോദനത്താലത്രെ ദൈവവചനങ്ങളുടെ ഇറക്കവും അവയുടെ തേജസ്സുകളുടെയും അനുഗ്രഹങ്ങളുടെയുമെല്ലാം സാക്ഷാൽക്കാരവും സംഭവിക്കുമാറായത്. അതിന്റെ വിശദീകരണമിപ്രകാരമാണ്, ദൈവത്തിന്റെ വിശുദ്ധ വചനങ്ങൾ ലോകത്തിലേക്ക് ഇറങ്ങുകയും അവയാൽ മനുഷ്യരാശി ഉദ്ബോധരാക്കപ്പെടുകയും ചെയ്യുന്നു എന്നത് ദൈവത്തിന്റെ ‘റഹ്‌മാനിയത്ത്’ എന്ന ഗുണവിശേഷത്തിന്റെ അനന്തരഫലമാകുന്നു. കാരണം, റഹ്‌മാനിയത്തിന്റെ സ്വഭാവവിശേഷം എങ്ങനെയാണെന്നാൽ, (വിശദമായി പിന്നീടും വിവരിക്കുന്നതായിരിക്കും) ഒരാളുടെയും കർമ്മഫലമായിട്ടല്ലാതെ കേവലം ദൈവത്തിന്റെ ഉദാരതയുടെയും കനിവിന്റെയും പ്രചോദനത്താൽ മാത്രം പ്രത്യക്ഷമാകുന്ന ഒന്നാകുന്നു ഈ ദൈവീകഗുണവിശേഷം. ദൈവം സൂര്യനെയും ചന്ദ്രനെയും ജലത്തെയും വായുവിനെയുമൊക്കെ തന്റെ സൃഷ്ടികളുടെ ക്ഷേമത്തിനായി സൃഷ്ടിച്ചിരിക്കുന്നുവെന്നത് അതിനുദാഹരണമാണ്. തന്റെ ഏതെങ്കിലും പ്രവൃത്തിക്കുള്ള പ്രതിഫലമായിട്ടാണ് ഇക്കാര്യങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്ന് ഒരാൾക്കും അവകാശപ്പെടാനാകില്ല. അപ്രകാരം തന്നെ, മാനവരാശിയുടെ സമുദ്ധാരണത്തിനും സന്മാർഗ്ഗദർശനത്തിനും വേണ്ടി ഇറങ്ങിയ ദൈവവചനങ്ങളും ഇതേ ഗുണവേശഷത്തിന്റെ അടിസ്ഥാനത്തിലുള്ളതാകുന്നു. ശരീഅത്ത് അന്തർവഹിക്കുന്ന ദൈവത്തിന്റെ വിശുദ്ധ വചനങ്ങളും തന്റെ ഏതെങ്കിലും പ്രവർത്തനത്തിന്റെയോ പരിശ്രമത്തിന്റെയോ പ്രതിഫലമായോ, അല്ലെങ്കിൽ, തന്റെ ആന്തരിക ഭക്തിയുടെ അനന്തരഫലമായോ വെളിപ്പെട്ടതാണെന്ന് അവകാശപ്പെടാൻ സാധിക്കുന്ന ഒരുജീവിയും ഭൂമുഖത്തില്ല. അക്കാരണത്താൽ തന്നെ, ഭക്തരും സദ്‌വൃത്തരുമാണെന്ന് അവകാശപ്പെടുന്നവരും ദൈവഭക്തിയിലും ദൈവാരാധനയിലും ജീവിതം സമർപ്പിച്ചവരുമായ ആയിരക്കണക്കിനു ആളുകൾ ഇന്നോളം കടന്നുപോയിട്ടുണ്ടെങ്കിൽ തന്നെയും, ദൈവമുദ്ദേശിച്ച കടമകളും കല്പനകളും ലോകത്തേക്ക് കൊണ്ടുവന്നതും അവന്റെ ഇംഗിതങ്ങളെ സൃഷ്ടികളിൽ ഉദ്ബോധിപ്പിച്ചതുമായ പരിശുദ്ധവും പരിപൂർണ്ണവുമായ ദൈവവചനങ്ങൾ ഇറങ്ങുമാറായത് അതിന്റെ വെളിപ്പെടൽ അനിവാര്യമായിട്ടുള്ള സവിശേഷ സമയങ്ങളിൽ മാത്രമായിരുന്നു.

അതെ, തീർച്ചയായും വിശുദ്ധിയുടെയും ആന്തരിക ഭക്തിയുടെയും ഉന്നതപദവി അർഹിക്കുന്നവരിലേക്ക് മാത്രമേ ദൈവത്തിന്റെ പരിശുദ്ധവചനം ഇറങ്ങേണ്ടതുള്ളൂ എന്നത് വാസ്തവം തന്നെ. കാരണം, അവിശുദ്ധിക്ക് വിശുദ്ധിയുമായ യാതൊരു സംബന്ധവുമില്ല. എന്നാൽ, എല്ലാ സാഹചര്യങ്ങളിലും വിശുദ്ധിയുടെയും ആന്തരിക ഭക്തിയുടെയും അസ്തിത്വം അല്ലാഹുവിന്റെ വചനങ്ങളുടെ ഇറക്കത്തിനു നിദാനമായിക്കൊള്ളണമെന്ന് നിർബന്ധമില്ല. പ്രത്യുത, അല്ലാഹുവിന്റെ സംശുദ്ധമായ ശരീഅത്തിന്റെയും ശാസനകളുടെയും ഇറക്കം പരമാർത്ഥത്തിലുള്ള അനിവാര്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതിനാൽ, ആ പരമാർത്ഥമായ അനിവാര്യത ഉയർന്നുവരികയും യുഗനവീകരണത്തിന് ദൈവിക വചനങ്ങളുടെ ഇറക്കം അത്യന്താപേക്ഷിതമായി ഗണിക്കപ്പെടുകയും ചെയ്തപ്പോഴെല്ലാം സർവ്വശക്തനായ അല്ലാഹു അതേ യുഗത്തിൽ തന്നെ തന്റെ വചനം അവതരിപ്പിക്കുകയുണ്ടായി. മറ്റുകാലഘട്ടങ്ങളിൽ ദൈവഭക്തരും സാത്വികരുമായ ആയിരക്കണക്കിനു ആളുകൾ ഉണ്ടാകുന്നുവെങ്കിലും അവർ സംശുദ്ധിയിലും സദ്ഗുണങ്ങളിലും എത്രതന്നെ ഉന്നത നിലവാരം പുലർത്തുന്നവരാണെങ്കിലും യഥാർഥ ശരീഅത്ത് ഉൾക്കൊള്ളുന്ന ദൈവത്തിന്റെ തികവാർന്ന വചനം (കാമിൽ കലാം) ഒരിക്കലും അവരിലേക്ക് ഇറങ്ങുന്നില്ല. അതെ, സത്യസന്ധരായ ചിലയാളുകൾ ദൈവവുമായുള്ള അഭിമുഖ സംഭാഷണത്താലും സംബോധനയാലും ആദരിക്കപ്പെടുന്നു എന്നത് വാസ്തവം തന്നെയാണ്; എന്നിരുന്നാലും, അത്തരം സംഭാഷണ സംബോധനകൾക്ക് ഒരു യഥാർഥ അനിവാര്യത ഉയർന്നിരിക്കുന്നുവെന്ന് അല്ലാഹുവിന്റെ യുക്തി നിർണ്ണയിക്കുന്ന നേരത്ത് മാത്രമായിരിക്കും അത് സംഭവ്യമാകുന്നത്.

ഈ രണ്ട്തരം അനിവാര്യതകൾ തമ്മിലുള്ള അന്തരമെന്തെന്നാൽ, ലോകജനത വഴികേടും തെറ്റുകളും നിമിത്തം സല്പന്ഥാവിൽനിന്ന് പിന്തിരിയുകയും അവരെ സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ ഒരു പുതിയ ശരീഅത്ത് ആവശ്യമായി വരികയും ചെയ്യുമ്പോഴാണ് ദൈവത്തിന്റെ ശരീഅത്ത് വെളിപ്പെടാനുള്ള സവിശേഷ സമയം സമാഗതമാകുന്നത്. തദ്വാര അവർ അകപ്പെട്ട ആ വിപത്തുകളെ ഫലപ്രദമായി നീക്കം ചെയ്യാനും; ആ വചനങ്ങളുടെ പൂർണ്ണവും നിർണ്ണായകവുമായ ആവിഷ്കാരത്തിലൂടെ അന്ധകാരവും അവ്യക്തതയും ഉന്മൂലനം ചെയ്യാനും, അതിന്റെ ശക്തമായ സന്ദേശത്തിലൂടെ ദുർയുഗത്തിന്റെ ദുരവസ്ഥയെ സംസ്കരിക്കാൻ ആവശ്യമായ പരിഹാരങ്ങൾ പ്രദാനം ചെയ്യാനും സാധിക്കുമാറാകുന്നു.

എന്നാൽ, അല്ലാഹുവിന്റെ ഔലിയാക്കൾക്ക് കരഗതമാകുന്ന ദിവ്യസംഭാഷണ ലബ്ധിയിൽ മേല്പറഞ്ഞ വിശ്രുതമായ അനിവാര്യതയുണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. മറിച്ച്, ഏതളവോളമാണെന്നാൽ, ചില സന്ദർഭങ്ങളിൽ വലിയുല്ലായുടെ ആത്മാവിന് ഏതെങ്കിലും പ്രയാസത്തിന്റെയും പരിത്യാഗത്തിന്റെയും സാഹചര്യമുണ്ടാകുമ്പോൾ അവനെ സഹനത്തിന്റെയും സ്ഥൈര്യത്തിന്റെയും വസ്ത്രമണിയിക്കുക എന്നതോ അവൻ വ്യസനത്തിന്റെയും വ്യാകുലതയുടെയും വേളയിലുടെ കടന്നുപോകുമ്പോൾ എന്തെങ്കിലും സുവാർത്ത അറിയിക്കുക എന്നതോ മാത്രമായിരിക്കും ആ ഭാഷണങ്ങളാൽ ഉദ്ദേശിക്കപ്പെടുന്നത്. എന്നാൽ, ഞാൻ വിശദീകരിച്ചു കഴിഞ്ഞതുപോലെ, ദൈവദൂതന്മാരിലും പ്രവാചകന്മാരിലും ഇറങ്ങുന്ന സർവ്വശക്തനായ ദൈവത്തിന്റെ തികവാർന്നതും പരിശുദ്ധവുമായ തിരുവചനം, ദൈവസൃഷ്ടികൾ അടിയന്തിരമായി നേരിടുന്ന പരമാർത്ഥത്തിലുള്ള അനിവാര്യതയുടെ നേരത്ത് മാത്രമായിരിക്കും ഇറങ്ങുമാറാകുന്നത്.

ചുരുക്കത്തിൽ, അല്ലാഹുവിന്റെ വചനം ഇറങ്ങാനുള്ള യഥാർഥ കാരണം പരമാർഥമായ അനിവാര്യതയാണ്. ഏതുപോലെയെന്നാൽ, രാത്രിയെ പൂർണ്ണമായും ഇരുൾ മൂടുകയും വെളിച്ചത്തിന്റെ നേരിയ രശ്മിപോലും ദൃശ്യമാകാതിരിക്കുകയും ചെയ്താൽ പുതിയ മാസാരംഭം അടുത്തിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. അപ്രകാരം മാർഗ്ഗഭ്രംശത്തിന്റെ പൂർണ്ണാന്ധകാരം ഭൂലോമാകെ ആവരണം ചെയ്യുമ്പോൾ ആത്മീയ ചന്ദ്രോദയം തൊട്ടരികിലാണെന്ന് യുക്തിബോധത്തിലൂടെ മനുഷ്യൻ മനസ്സിലാക്കുന്നു. അതുപോലെ, വരൾച്ചയാൽ വലയം ചെയ്യപ്പെട്ട് ജനജീവിതം വിനാശവക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ കാരുണ്യത്തിന്റെ വർഷപാതം വളരെയടുത്താണെന്ന് വിവേകശാലികൾക്ക് തോന്നിത്തുടങ്ങുന്നു.

തന്റെ ഭൗതിക നിയമത്തിലും ദൈവം ചില സീസണുകൾ മഴയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സൃഷ്ടികൾക്ക് വാസ്തവത്തിൽതന്നെ വൃഷ്ടി ആവശ്യമുള്ള മാസങ്ങളാണവ. ആ കാലങ്ങളിൽ പെയ്യുന്ന മഴയിൽ നിന്ന്, പ്രസ്തുത മാസങ്ങളിൽ ജനങ്ങൾ പ്രത്യേകിച്ച് സൽപ്രവൃത്തികൾ ചെയ്യുന്നതിലും മറ്റ് മാസങ്ങളിൽ ദുഷ്പ്രവൃത്തിയിലും അധാർമികതയിലും മുഴുകിയിട്ടുണ്ടെന്നും നിഗമനം ചെയ്യാൻ കഴിയില്ല. പകരം, കൃഷിക്കാർക്കവ മഴ അനിവാര്യമുള്ള മാസങ്ങളാണെന്നും അവയിൽ സുലഭമായി പെയ്യുന്ന വർഷപാതം വർഷം നീളെയുള്ള സസ്യങ്ങളുടെ വളർച്ചയെ സഹായിക്കുമെന്നും വേണം മനസ്സിലാക്കാൻ. അതുപോലെ, അല്ലാഹുവിന്റെ വചനത്തിന്റെ ഇറക്കം ആരുടെയും വിശുദ്ധിയും ഭക്തിയും കൊണ്ടല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആ വചനങ്ങൾ ഇറങ്ങുന്നതിന്റെ പരമമായ കാരണം ആരുടെയെങ്കിലും തീവ്രമായ ഭക്തിയോ ആത്മീയ വിശുദ്ധിയോ, അല്ലെങ്കിൽ നീതിക്കുവേണ്ടിയുള്ള ദാഹമോ വിശപ്പോ ഒന്നും ആകരുത്. പ്രത്യുത ഞാൻ ആവർത്തിച്ച് പ്രസ്താവിച്ചതുപോലെ, സ്വർഗ്ഗീയ വേദഗ്രന്ഥങ്ങളുടെ ഉത്ഭവത്തിന്റെ ഉത്തമവും സത്യവുമായ നിദാനം അതിന്റെ അസ്സലായ ആവശ്യകതയാണ്; അതായത്, ലോകത്തെ വലയം ചെയ്തിട്ടുള്ള അന്ധകാരവും അജ്ഞതയും ഒരു സ്വർഗ്ഗീയ വെളിച്ചത്തെ വിളിച്ചുകൊണ്ടിരിക്കുന്നു, അങ്ങനെ, ആ ദിവ്യപ്രകാശത്തിന്റെ ഇറക്കം കൂരിരുട്ടിനെ ഇല്ലായ്മ ചെയ്യുന്നു. സർവ്വശക്തനായ അല്ലാഹു തന്റെ വിശുദ്ധ വചനത്തിൽ അതിനെ സംബന്ധിച്ച് മനോഹരമായി പരാമർശിക്കുന്നത് ഇപ്രകാരമാണ്:
ഇന്നാ അൻസൽനാഹു ഫീ ലൈലത്തിൽ ഖദ്ർ
(97:2)

ഈ ലൈലത്തുൽ ഖദർ (നിർണ്ണയരാവ്) അതിന്റെ വിഖ്യാതമായ വ്യഖാനപ്രകാരം ഒരു അനുഗൃഹീത ശ്രേഷ്ഠരാവ് തന്നെയാണെങ്കിലും, ഖുർആനിക സൂചനകളുടെ അടിസ്ഥാനത്തിൽ ലോകത്തിന്റെ അത്മീയാന്ധകാരം നിറഞ്ഞ അവസ്ഥയും അതിന്റെ ഗുപ്തമായ വിശേഷണത്തിൽ ഒരു ലൈലത്തുൽ ഖദർ പോലെത്തന്നെയണെന്ന് മനസ്സിലാക്കാൻ സാധിക്കും. ആ അന്ധകാരം നിറഞ്ഞ കാലഘട്ടത്തിലെ സത്യസന്ധത, ദൃഢചിത്തത, ആത്മാർപ്പണം, ആരാധന എന്നിവയെല്ലാം ദൈവത്തിന്റെ അടുക്കൽ അങ്ങേയറ്റം വിലമതിക്കപ്പെടുന്നവയത്രെ. ഇരുൾ അതിന്റെ ഏറ്റവും ആത്യന്തിക ഘട്ടത്തിൽ എത്തിച്ചേർന്ന അവസ്ഥയിലായിരുന്നു നബിതിരുമേനി(സ) യുടെ ആഗമനം. അത് ഏറ്റവും ഉൽകൃഷ്ടവും ഉജ്വലവുമായ ഒരു പ്രകാശത്തെ മാടിവിളിക്കുന്നുണ്ടായിരുന്നു. ആ അന്ധാകാരത്തിലമർന്നുപോയ അവസ്ഥയെ കണക്കിലെടുത്തും കൊടുംതമസ്സിൽ തപ്പിത്തടഞ്ഞ തന്റെ ദാസന്മാർക്കുനേരെ കാരുണ്യത്തോടെ തിരിഞ്ഞുകൊണ്ടും റഹ്‌മാനിയ്യത്ത് എന്ന ദൈവികഗുണത്തിന്റെ അലകൾ ആഞ്ഞടിക്കുകയും സ്വർഗ്ഗീയ അനുഗ്രഹങ്ങളാൽ ദൈവം ഭൂമിക്ക് നേരെ തിരിയുകയും ചെയ്തു.

അങ്ങനെ, ആ കൂരിരുൾമുറ്റിയ അവസ്ഥ ലോകത്തിനൊരു അനുഗ്രഹമായി ഭവിച്ചു. തന്മൂലം ലോകത്തിനു ലഭിക്കുമാറായത് അതിഗംഭീരമായൊരു കാരുണ്യത്തിന്റെ ഓഹരിയായിരുന്നു. അതായത്, മനുഷ്യരിൽ സമ്പൂർണ്ണനും പ്രവാചകന്മാരുടെ നേതാവും – അതുപോലൊരാൾ ഇതുവരെ ജനിച്ചിട്ടില്ല ഇനി ജനിക്കുകയുമില്ല – ലോകത്തിന്റെ മാർഗ്ഗദർശകനായി അവതരിക്കുകയും ഇന്നേവരെ ഒരു നേത്രവും കണ്ടിട്ടില്ലാത്ത ഭാസുരതേജസ്വിയായ ഒരു ഗ്രന്ഥം കൊണ്ടുവരികയും ചെയ്തു.
അപ്രകാരം, ഇരുണ്ടതും അന്ധകാരനിബിഡവുമായ ആ നേരത്ത് ഒരു പ്രൗഢഗംഭീരമായ പ്രകാശം ഇറക്കിയെന്നത് അല്ലാഹുവിന്റെ തികഞ്ഞ റഹ്‌മാനിയത്തിന്റെ ബഹിർപ്രകടനമായിരുന്നു. സത്യാസത്യവിവേചനം എന്ന് വിവക്ഷയുള്ള ഫുർഖാൻ എന്നായിരുന്നു ആ നയനസുഭഗമായ ദിവ്യപ്രകാശത്തിന്റെ മറ്റൊരു നാമധേയം. അത് സത്യത്തെ ആഴത്തിൽ സ്ഥിരപ്പെടുത്തുകയും അസത്യത്തെ വേരോടെ പിഴുതെറിയുകയും ചെയ്തു. ഭൂമി ആത്മീയമായി മൃത്യു വരിച്ചിരിക്കുകയും കടലിലും കരയിലും ഒരുപോലെ അധർമ്മങ്ങൾ വ്യാപിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിലായിരുന്നു അതിന്റെ ഭൂമിയിലേക്കുള്ള ഇറക്കമുണ്ടായത്. അതിനെ സംബന്ധിച്ച് സർവ്വശക്തനായ അല്ലാഹുതന്നെ ഇപ്രാകരമാണ് പ്രസ്താവിച്ചിരിക്കുന്നത്,
‘ഇഅ്‌ലമൂ അന്നല്ലാഹ യുഹിയിൽ അർദ്വ ബഅദ മൗതിഹാ’ (57:18)
അതായത്, ‘ഭൂമി നിർജീവമായിട്ടുണ്ടായിരുന്നു; അനന്തരം അല്ലാഹു അതിനെ പുനരുജ്ജീവിപ്പിക്കുന്നു’

ലോകത്ത് ആത്മീയ നവോത്ഥാനത്തിനായി വിശുദ്ധ ഖുർആൻ അവതരിച്ചുവെന്നത് അല്ലാഹുവിന്റെ റഹ്‌മാനിയ്യത്ത് എന്ന സിഫത്തിലൂടെ ഉയർന്ന കാരുണ്യതരംഗത്തിന്റെ പ്രതിഫലനമായിരുന്നുവെന്ന കാര്യം പൂർണ്ണമായും ഓർമ്മിക്കേണ്ടതാണ്! അതേ സിഫത്താണ് ഭൗതികമായ നിലയിലും ക്ഷാമവും വരൾച്ചയും നേരിടുന്നവർക്കുള്ള രക്ഷയെന്നോണം വരണ്ടഭൂമിയിലേക്ക് കാരുണ്യത്തിന്റെ വൃഷ്ടിയെ വർഷിപ്പിക്കുന്നത്. അതേ സിഫത്ത് തന്നെയത്രെ ആത്മീയമായി അലയടിച്ചുകൊണ്ട് തെറ്റിന്റെയും വഴികേടിന്റെയും മരണവക്കിലെത്തുകയും ആത്മീയ പോഷണക്കുറവിനാൽ ദാഹപരവശരാവുകയും ചെയ്ത ജനതയ്ക്കുമേൽ, അവരെ സ്വർഗ്ഗീയമായി ഉജ്ജീവിപ്പിക്കുന്ന, സത്യത്തിന്റെയും സൽദൃഷ്ടാന്തങ്ങളുടെയും രൂപത്തിലുള്ള ആത്മീയാഹാരത്തെ അയക്കുന്നത്. പരമകാരുണികനായ അല്ലാഹു ശരീരത്തിനു ആവശ്യമുള്ള സമയത്ത് ആഹാരം നൽകുന്നതുപോലെത്തന്നെ, അവൻ തന്റെ തികഞ്ഞ കാരുണ്യത്താൽ യഥാർഥ അനിവാര്യതയുടെ നേരത്ത് ആത്മീയ പോഷണവും നൽകുന്നു.

എന്നിരുന്നാലും, ദൈവം പ്രസാദിക്കുന്ന വരിഷ്ഠ വ്യക്തിത്വങ്ങളിലേക്ക് മാത്രമേ ദൈവവചനം ഇറങ്ങാറുള്ളൂ എന്നത് ശരിയാണ്. അവന്റെ പ്രീതി കരസ്ഥമാക്കിയ അത്തരം ആളുകളെ മാത്രമേ അവൻ തന്റെ സംഭാഷണത്താലും സംബോധനയാലും കടാക്ഷിക്കാറുള്ളൂ. എന്നാൽ അവന്റെ പ്രേമപാത്രവും വരിഷ്ടനുമാകുന്ന ഏതൊരാളിലും സ്വർഗ്ഗീയ ഗ്രന്ഥം പരമാർഥമായ അനിവാര്യത കൂടാതെ വൃഥാവിൽ ഇറങ്ങുമെന്നോ അല്ലെങ്കിൽ, സർവ്വശക്തനായ ദൈവം, യഥാർഥ ആവശ്യമില്ലാതെ ആരുടെയെങ്കിലും ആന്തരിക പരിശുദ്ധി നിമിത്തം നിശ്ചയമായും നിരന്തരമായും അവനോട് സംസാരിച്ചുകൊണ്ടിരിക്കുമെന്നോ ഉള്ള പ്രസ്താവനകൾ ഒരിക്കലും ശരിയാകുന്നില്ല. പ്രത്യുത ദൈവത്തിന്റെ ഗ്രന്ഥം ഇറങ്ങുമാറാകുന്നത് അതിന്റെ അവതരണത്തിന്റെ അനിവാര്യത പരമാർത്ഥത്തിൽ തന്നെ ഉയർന്നുവരുമ്പോൾ മാത്രമാണ്. ചുരുക്കത്തിൽ, ദിവ്യവെളിപാടിന്റെ അടിസ്ഥാന കാരണം സർവ്വശക്തനായ ദൈവത്തിന്റെ റഹ്‌മാനിയ്യത്താകുന്നു. മറിച്ച്, ഏതെങ്കിലും കർമനിരതന്റെ കർമ്മങ്ങൾ കൊണ്ടല്ല അത് സംഭവിക്കുന്നത്. ഇത് നമ്മുടെ എതിരാളികളായ ബ്രഹ്മസമാജക്കാർ പോലുള്ളവർക്ക് അറിയാത്തൊരു ശ്രേഷ്ഠ സത്യമാകുന്നു.

അനന്തരം അറിഞ്ഞിരിക്കേണ്ടതാണ്, ഒരുവ്യക്തിക്ക് ദൈവ വചനത്തിന്റെ അനുഗ്രഹങ്ങളിൽനിന്ന് അക്ഷരാർഥത്തിൽ പ്രയോജനമാർജിക്കാനും അതിന്റെ വരപ്രസാദങ്ങളാലും ദിവ്യപ്രകാശങ്ങളാലും തന്റെ ലക്ഷ്യത്തിലെത്തിച്ചേരാനും തന്റെ പരിശ്രമത്തിന്റെയും പ്രയത്നങ്ങളുടെയുമെല്ലാം ഫലം കൊയ്യാനും അവനെ തുണക്കുകയും സഹായിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ‘റഹീമിയ്യത്ത്’ എന്ന സിഫത്ത് പ്രവർത്തിക്കുന്നതിന്റെ ഫലമായിട്ടാകുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് സർവ്വശക്തനായ അല്ലാഹു റഹ്‌മാനിയ്യത്ത് എന്ന സിഫത്തിനുശേഷം റഹീമിയ്യത്ത് എന്ന സിഫത്തിനെ സംബന്ധിച്ച് പരാമർശിച്ചത്. തദ്വാര, ദൈവവചനങ്ങളുടെ മനുഷ്യാത്മാക്കളിലുള്ള ഫലസാഫല്യം റഹീമിയ്യത്ത് എന്ന ഗുണത്തിന്റെ പ്രഭാവത്താലത്രെ സംസിദ്ധമാകുന്നതെന്ന് ഗ്രഹിക്കാം. ഒരു വ്യക്തി എത്രത്തോളം ആന്തരികവും ബാഹ്യവുമായ തടസ്സങ്ങളിൽനിന്ന് സ്വയം ശുദ്ധീകരിക്കുകയും എത്രത്തോളം ഹൃദയത്തിൽ വിധേയത്വവും വിശ്വസ്തതയും നിറക്കുകയും എത്രത്തോളം ഔത്സുക്യത്തോടെ അനുസരണയിൽ മുന്നേറുകയും ചെയ്യുന്നുവോ അത്രത്തോളം തന്നെ ദൈവവചനങ്ങളുടെ സുശക്തഫലം അവന്റെ ഹൃദയത്തിലുടലെടുക്കുകയും അതേ അനുപാതത്തിൽ ദിവ്യപ്രകാശത്തിന്റെ പ്രയോജനം അവന് സംസിദ്ധമാവുകയും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭക്തദാസരുടെ സഹജസ്വഭാവങ്ങൾ അവനിൽ സംജാതമാവുകയും ചെയ്യുമാറാകും.

ബിസ്മില്ലാഹിർറഹ്മാനിർറഹീമിൽ അടങ്ങിയിട്ടുള്ള മറ്റൊരു പ്രാമാണികസത്യം, ഇത് വിശുദ്ധ ഖുർആൻ ആരംഭിക്കുന്നതിനായി അവതരിക്കപ്പെട്ട ഒരു വചനമാകുന്നു എന്നതാണ്. സമസ്ത സദ്ഗുണങ്ങളുടെയും സമുച്ചയവും സമ്പൂർണ്ണ സ്രോതസ്സുമായ ആ അസ്തിത്വത്തോടു തന്നെ സഹായമഭ്യർത്ഥിക്കുക എന്നതാകുന്നു ഈ വചന പരായണത്തിന്റെ ലക്ഷ്യം. ആ ഗുണങ്ങളിലൊന്ന് അവൻ റഹ്‌മാൻ ആകുന്നുവെന്നതാണ്. സത്യാന്വേഷിക്കുവേണ്ടിയുള്ള എല്ലാ ഐശ്വര്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഉദാരതകളുടെയും ഏർപ്പാടുകൾ കേവലം തന്റെ കാരുണ്യകടാക്ഷത്താലും ഔദാര്യത്താലും അവൻ സൃഷ്ടിച്ചിരിക്കുന്നു. രണ്ടാമതായി, റഹീം എന്ന സിഫത്താണ്. അതായത്, പ്രയത്നിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രവർത്തനഫലം അവൻ പാഴാക്കിക്കളയുന്നില്ല. പ്രത്യുത, അവരുടെ ഉദ്യമങ്ങൾക്ക് ഉദാത്ത ഫലങ്ങൽ സമ്മാനിക്കുകയും അധ്വാനത്തിന്റെ ഉദ്ദിഷ്ടഫലങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ രണ്ട് സിഫത്തുകൾ, അതായത്, റഹ്‌മാനിയത്തും റഹീമിയത്തും, കൂടാതെ ഭൗതികമോ ആത്മീയമോ ആയ യാതൊരു ജോലിയും അതിന്റെ പൂർണ്ണതയിലെത്തിക്കാൻ മനുഷ്യന് സാദ്ധ്യമല്ല. ഗഹനമായി ചിന്തിച്ചാൽ, ലോകത്തിലെ സകല സംരംഭങ്ങളുടെയും പൂർത്തീകരണത്തിനായി ഈ രണ്ടു സിഫത്തുകളും ഏതു നിമിഷവും നിരന്തരവും പ്രവർത്തനനിരതമത്രെ എന്ന് മനസ്സിലാക്കാൻ സാധിക്കും.

മനുഷ്യൻ ഭൂമിയിലേക്ക് ജനിച്ചുവീഴുന്നതിനു മുമ്പേതന്നെ ദൈവത്തിന്റെ റഹ്‌മാനിയ്യത്ത് പ്രകടമായിക്കൊണ്ടിരിക്കുന്നു. മനുഷ്യ ശക്തികൾക്കതീതമായതും ഏതെങ്കിലും രൂപകല്പനയിലൂടെയോ പദ്ധതികളിലൂടെയോ നേടാനാകാത്തതുമായ വിഭവങ്ങളും ഏർപ്പാടുകളും പ്രദാനം ചെയ്യുന്നത് ഈ റഹ്‌മാനിയ്യത്താകുന്നു. ഈ മാർഗ്ഗങ്ങൾ മനുഷ്യന്റെ ഏതെങ്കിലും കർമ്മഫലം കൊണ്ടല്ല; മറിച്ച്, ദൈവത്തിന്റെ കാരുണ്യകടാക്ഷവും ഔദാര്യവും മൂലമാണ് നൽകപ്പെടുന്നത്. ഉദാഹരണത്തിന്, പ്രവാചകന്മാരുടെ ആഗമനം, ദൈവികഗ്രന്ഥത്തിന്റെ ഇറക്കം, മഴ, സൂര്യൻ, ചന്ദ്രൻ, വായു, മേഘങ്ങൾ തുടങ്ങിയവയാൽ നിയുക്തമായ പ്രവർത്തനങ്ങൾ, വ്യത്യസ്ഥ കഴിവുകളാലും ശക്തികളാലും സമ്മാനിതനായിക്കൊണ്ട് മനുഷ്യന്റെതന്നെ ഈ ധരണിയിലേക്കുള്ള വരവ്, അവന്റെ ആയുരാരോഗ്യം, സുരക്ഷിതത്വം, സൗകര്യങ്ങൾ, ദീർഘായുസ്സ് തുടങ്ങിയ സർവത്ര കാര്യങ്ങളും ദൈവത്തിന്റെ റഹ്‌മാനിയത്ത് അലതല്ലുന്നതിന്റെ അനന്തരഫലങ്ങളാകുന്നു.

വിശുദ്ധ ഖുർആന്റെ പാരായണാരംഭത്തിൽ, ആ സർവ്വശക്തനും സമസ്ത സദ്ഗുണ സ്രോതസ്സുമായ അല്ലാഹുവിന്റെ അസ്തിത്വത്തിലെ റഹ്‌മാനിയത്ത്, റഹീമിയത്ത് എന്നീ രണ്ട് സിഫത്തുകളെ മുൻനിർത്തി സഹായാനുഗ്രഹങ്ങൾ ആരായുക എന്നതാകുന്നു പ്രസ്തുത തിരുവചനത്തിന്റെ അദ്ധ്യാപനം കൊണ്ടുള്ള ഉദ്ദേശ്യമെന്ന് മനസ്സിലാക്കുക. റഹ്‌മാനിയ്യത്ത് എന്ന സിഫത്തിനെ മു‌ൻനിത്തി അനുഗ്രഹം തേടുക എന്നതുകൊണ്ടുള്ള ഉദ്ദേശ്യം, ദൈവിക വചനങ്ങളോട് പരിപൂർണ്ണമായ വിധേയത്വത്തിനും അനുധാവനത്തിനും പ്രയത്നിക്കുന്നതിന് മുന്നോടിയെന്നോണം ആവശ്യമായുള്ള എല്ലാ ഏർപ്പാടുകളും കേവലം തന്റെ കാരുണ്യകടാക്ഷത്താൽ ആ മഹാശക്തനായ അസ്തിത്വം തനിക്കുവേണ്ടി സരളമാക്കിത്തരട്ടെ എന്നതാകുന്നു. ഉദാഹരണത്തിന്, ആയുസ്സ്, സൗകര്യവും സന്ദർഭവും കൈവരിക്കൽ, പൂർണ്ണശ്രദ്ധയ്ക്കുള്ള പവിത്ര മുഹൂർത്തങ്ങൾ, കഴിവുകളിലും പ്രാപ്തികളിലുമുള്ള സ്ഥിരത, സൗകര്യത്തെയും സമാധാനത്തെയും തടസ്സപ്പെടുത്തുന്ന ഒന്നും വരാതിരിക്കൽ, ഏകാഗ്രതക്ക് വിഘ്നം നിൽക്കുന്ന ഏതൊരു കാര്യത്തിൽനിന്നുമുള്ള സംരക്ഷണം, ചുരുക്കിപ്പറഞ്ഞാൽ ഈവിധം സർവ്വ സൗഭാഗ്യങ്ങളും സമ്മാനിക്കുന്നതുൾപ്പെടെ സമസ്ത സംഗതികളും റഹ്‌മാനിയ്യത്ത് എന്ന സിഫത്തിലൂടെ കരഗതമാവുന്നവയത്രെ.

റഹീമിയത്ത് എന്ന സിഫത്ത് മുഖാന്തരം അനുഗ്രഹം തേടുന്നതിന്റെ ഉദ്ദേശ്യം, ആ സമ്പൂർണ്ണനായ അസ്തിത്വം തന്റെ റഹീമിയത്ത് എന്ന ഗുണത്തിലൂടെ മനുഷ്യന്റെ പരിശ്രമങ്ങൾക്ക് സൽഫലങ്ങൾ സമ്മാനിക്കുകയും അവന്റെ അദ്ധ്വാനങ്ങളെ പാഴാകാതെ സംരക്ഷിക്കുകയും അവന്റെ പ്രയത്നങ്ങളിലും പ്രവർത്തികളിലും സർവ്വമംഗളങ്ങളും നേരുകയും ചെയ്യുമാറാകട്ടെ എന്നതാകുന്നു.

അങ്ങനെ, സർവ്വശക്തനായ അല്ലാഹുവിന്റെ റഹ്‌മാനിയ്യത്ത് റഹീമിയത്ത് എന്നീ രണ്ട് സിഫത്തുകളെ മുൻനിർത്തിക്കൊണ്ട് ദൈവവചനങ്ങളുടെ പാരായണത്തിന്റെ ആരംഭത്തിലോ, എന്നല്ല, ഏതൊരു ശുഭകർമ്മത്തിന്റെയും തുടക്കത്തിലോ ബർക്കത്തും തുണയും അന്വേഷിക്കുക എന്നത് മനുഷ്യന് തൗഹീദിന്റെ യാഥാർഥ്യം കരഗതമാക്കുന്ന അത്യന്തം ഉദാത്തമായൊരു പ്രാമാണികസത്യമാകുന്നു. കൂടാതെ, ഈ പ്രാർഥനയിലൂടെ മനുഷ്യൻ തന്റെ അവിവേകവും അജ്ഞതയും അറിവില്ലായ്മയും വഴികേടും നിസ്സഹായതയും നിന്ദ്യതയും നിർവിശങ്കം തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തുകൊണ്ട് ആ സർവ്വാനുഗ്രഹദാതാവും കാരുണ്യസാഗരവുമായവന്റെ പ്രൗഢിയിലേക്കും പ്രതാപവിലാസത്തിലേക്കും തന്റെ ദൃഷ്ടി പതിപ്പിക്കുന്നു; അങ്ങനെ സ്വയം ദരിദ്രനും നിസ്സഹായനും നിസ്സാരനും അയോഗ്യനുമായി മനസ്സിലാക്കി സർവ്വശക്തനായ ദൈവത്തിൽനിന്ന് റഹ്‌മാനിയ്യത്തിന്റെയും റഹീമിയത്തിന്റെയും അനുഗ്രഹങ്ങൾ അന്വേഷിക്കുന്നു. അല്ലാഹുവിന്റെ ഈ രണ്ട് സിഫത്തുകൾ സ്വയമേവ അതതിന്റെ സ്ഥാനങ്ങളിൽ പ്രവർത്തനനിരതമാണെങ്കിലും, മനുഷ്യന്റെ പ്രാർത്ഥനയും സഹായാഭ്യർത്ഥനയും വിജയത്തിനുവേണ്ടി കനപ്പെട്ട പങ്കുവഹിക്കുന്നുവെന്നത് സർവ്വജ്ഞനായ ദൈവം ആദികാലം തൊട്ടേ തന്റെ പ്രകൃതിനിയമത്തിൽ നിശ്ചയിച്ചിരിക്കുന്ന സംഗതിയാകുന്നു. ഏതൊരുവർ തങ്ങളുടെ സംരഭങ്ങളിൽ സൽഹൃദയത്തോടെ പ്രാർത്ഥിക്കുകയും ആ പ്രാർത്ഥന സമ്പൂർണ്ണ സത്യസന്ധതയിൽ എത്തിച്ചേരുകയും ചെയ്യുമ്പോൾ നിശ്ചയമായും ദൈവിക കടാക്ഷം അവരുടെ പ്രയാസങ്ങളെ പരിഹരിക്കുന്ന ഭാഗത്തേക്ക് ശ്രദ്ധപതിപ്പിക്കുന്നതാണ്.

സ്വന്തം ദൗർബല്യങ്ങൾ ദർശിക്കുകയും; സ്വന്തം ന്യൂനതകൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഏതൊരു മനുഷ്യനും താനേത് പ്രവൃത്തിയിലേർപ്പെടുമ്പോഴും സ്വാതന്ത്ര്യത്തോടും സ്വാർത്ഥ വീക്ഷണത്തോടും കൂടി അതിലേക്ക് പ്രവേശിക്കില്ല. പ്രത്യുത, അവന്റെയുള്ളിലെ സത്യസന്ധമായ ദൈവദാസത്വം സർവ്വലോകനിയന്താവും സർവ്വശക്തനുമായ അല്ലാഹുവിന്റെ സഹായം തേടേണ്ടതാണെന്ന കാര്യം അവനെ ബോധ്യപ്പെടുത്തുന്നതാണ്. തന്റെ പ്രകൃതിദത്തമായ ലാളിത്യത്തിൽ നിലകൊള്ളുന്നവനും സ്വന്തം ബലഹീനതയിൽ ബോധവാനുമായ ഏതൊരുത്തന്റെ ഹൃദയത്തിലും ഈ സത്യസന്ധമായ ദൈവദാസത്വത്തിന്റെ അഭിനിവേശം കാണപ്പെടുന്നതാണ്. ആത്മാവിൽ അഹങ്കാരത്തിന്റെയും അഹന്തയുടെയും ലാഞ്ചനയേൽക്കാത്തവനും തന്റെ ബലഹീനവും വിലയില്ലാത്തതും നിസ്സാരവുമായ അസ്തിത്വത്തെ കുറിച്ച് പൂർണ്ണബോധമുള്ളവനുമായ ഒരു സത്യസന്ധൻ ഏതെങ്കിലും പ്രവർത്തിയെ ശുഭപര്യാവസാനത്തിലെത്തിക്കാൻ താൻ സ്വയം പ്രാപ്തനാണെന്ന് ഒരിക്കലും വിചാരിക്കുന്നില്ല. തന്റെയുള്ളിൽ അതിനുള്ള എന്തെങ്കിലും ശക്തിയും കഴിവുമുണ്ടെന്ന് അവൻ സ്വയം കാണുന്നുമില്ല. അങ്ങനെയുള്ളവൻ ഏതെങ്കിലും ജോലിയാരംഭിക്കുമ്പോൾ, ആ ദുർബലമായ അവന്റെ ആത്മാവ് യാതൊരു കാപട്യവുമന്യേ ആകാശശക്തിയുടെ അന്വേഷകനായിത്തീരുന്നു. സർവശക്തനായ ദൈവത്തിന്റെ അസ്തിത്വം അവന്റെ മുന്നിൽ സർവദാ സമ്പൂർണ്ണ പ്രതാപത്തോടുകൂടി പ്രത്യക്ഷമാകുന്നു. അല്ലാഹുവിന്റെ റഹ്‌മാനിയത്തും റഹീമിയത്തുമാണെന്ന് ഏതൊരു പ്രവൃത്തിയുടെയും ശുഭപരിപൂർത്തിക്കുള്ള ക്രാന്തിവൃത്തമെന്ന് അവനിൽ തെളിയുമാറാകുന്നു. അപ്പോൾ അവൻ സ്വയമേവ തന്റെ ന്യൂനവും നിഷ്ഫലവുമായ ശൗര്യം പ്രകടിപ്പിക്കുന്നതിനു മുമ്പായി “ബിസ്മില്ലാഹിർറഹ്‌മാനിർറഹീം’ എന്ന പ്രാർഥന മുഖാന്തരം ദൈവസഹായം അഭ്യർത്ഥിക്കുന്നു. അങ്ങനെ, ആ വിനയഭാവവും ശാലീനതയും നിമിത്തം അവൻ ദൈവികശക്തിയിൽനിന്ന് ശക്തിയും ദൈവികശൗര്യത്തിൽനിന്ന് ശൗര്യവും ദൈവജ്ഞാനത്തിൽനിന്ന് ജ്ഞാനവും കരസ്ഥമാക്കാൻ യോഗ്യനായിത്തീരുകയും തന്റെ ഉദ്ദിഷ്ട കാര്യത്തിൽ സഫലത കൈവരിക്കുകയും ചെയ്യുന്നു.

ഈ വിഷയത്തിനുള്ള തെളിവിനായി യുക്തിയുടെയും തത്വചിന്തകളുടെയും സങ്കീർണ്ണമായ വാദങ്ങൾ ആവശ്യമില്ല. പ്രത്യുത, ഓരോ മനുഷ്യന്റെയും ആത്മാവിനുള്ളിൽ അത് മനസ്സിലാക്കാനുള്ള ശേഷിയുണ്ട്. കൂടാതെ സത്യസന്ധരായ ദൈവജ്ഞാനികളുടെ വ്യക്തിപരമായ അനുഭവകഥകൾ ഇതിന്റെ സാധുതയെ പിന്തുണക്കുന്ന ആവർത്തിച്ചുള്ള സാക്ഷ്യവും നൽകുന്നു. ദാസന്റെ ദൈവത്തിൽനിന്ന് സഹായം തേടൽ നിഷ്ഫലമോ നിഗമനപരമോ ആയ ഒരു കാര്യമല്ല. യുക്താനുസൃതം പരിണിതഫലങ്ങളൊന്നുമില്ലാത്ത അടിസ്ഥാനരഹിതമായ അനുമാനവുമല്ല. മറിച്ച്, ഏതൊരു സർവ്വശക്തന്റെ നിയന്ത്രണത്തിലും സഹായത്തിലുമാണോ ഈ പ്രപഞ്ച പേടകം ചലിച്ചുകൊണ്ടിരിക്കുന്നത് ആ ദൈവത്തിന്റെ അനാദികാലം തൊട്ടേയുള്ള നടപടിക്രമത്തിൽ ഈ പരമസത്യം പുലർന്നുകൊണ്ടേയിരിക്കുന്നു; അതായത്, സ്വയം അയോഗ്യരും അശരണരുമായി കണക്കാക്കി തങ്ങളുടെ ഉദ്യമങ്ങളിൽ അവന്റെ സഹായാഭ്യർത്ഥന നടത്തുകയും അവന്റെ നാമത്തിൽ അദ്ധ്വാനമാരംഭിക്കുകയും ചെയ്യുന്നവരാരോ അവർക്കവൻ സഹായവും തുണയും നൽകുന്നതാണ്; ശുദ്ധ വിനയവും വിധേയത്വവും പ്രകടിപ്പിച്ചുകൊണ്ട് അവനിലേക്ക് അവർ തിരിയുമ്പോൾ നിശ്ചയമായും അവന്റെ പിന്തുണ അവരോടൊപ്പം വന്നുചേരുന്നതാണ്.

ചുരുക്കത്തിൽ, റഹ്‌മാനും റഹീമുമായ ആ അനുഗ്രഹദാതാവിൽനിന്ന് ഓരോ ശ്രേഷ്ഠകർമത്തിന്റെയും ആരംഭത്തിൽ സഹായമഭ്യർത്ഥിക്കുക എന്നത് അങ്ങേയറ്റത്തെ ആദരവിന്റെയും തികഞ്ഞ ദാസത്വത്തിന്റെയും സമ്പൂർണ്ണ വിലയത്തിന്റെയും നിറഞ്ഞ നിസ്സഹായതയുടെയും മാർഗ്ഗമാകുന്നു. അത് തൗഹീദിലേക്കുള്ള യാത്രയിലെ ആദ്യത്തേതും അനിവാര്യവുമായ ചുവടുവെപ്പാകുന്നു. അതിനെ കണിശമായി പാലിക്കുന്ന വ്യക്തി ശിശുക്കളെപ്പോലെ ശാലീനനായിക്കൊണ്ട്, ലോകത്തിലെ ഗർവ്വിത പണ്ഡിതസമൂഹത്തിന്റെ ഹൃദയങ്ങളിൽ നിറഞ്ഞിരിക്കുന്നതുപോലുള്ള ദുരഹങ്കാരങ്ങളിൽനിന്ന് തീർത്തും പരിശുദ്ധനായിത്തീരുന്നു. അനന്തരം, തന്റെ ബലഹീനതയിലും ദൈവസഹായത്തിലുമുള്ള ദൃഢവിശ്വസത്തോടെ, പ്രത്യേക ദിവ്യപുരുഷന്മാർക്ക് നൽകപ്പെടുന്ന ദിവ്യജ്ഞാനങ്ങളിൽനിന്ന് അവനും പങ്കുലഭിക്കുമാറാകുന്നു. നിശ്ചയമായും, ഏതൊരാൾ എത്രത്തോളം ഈ രീതി അവലംബിക്കുകയും; അത് തന്റെ കർത്തവ്യമാണെന്ന് വിശ്വസിക്കുകയും; അതിൽനിന്നുള്ള അകൽച്ചയിൽ തന്റെ നാശം കാണുകയും ചെയ്യുന്നുവോ; അത്രത്തോളം അവന്റെ തൗഹീദ് ശുദ്ധവും ശുഭ്രവുമായിത്തീരുകയും; അഹന്തയുടെയും അഹങ്കാരത്തിന്റെയും അഴുക്കിൽനിന്ന് പരിശുദ്ധിയാർജ്ജിക്കുകയും ചെയ്യുന്നു. അതേ അനുപാതത്തിൽ, കൃത്രിമത്വത്തിന്റെ കരി അവന്റെ മുഖത്തുനിന്ന് മഞ്ഞുപോവുകയും നിഷ്കളങ്കതയുടെയും നിർവ്യാജതയുടെയും പ്രകശത്താൽ പ്രസരിക്കുമാറാവുകയും ചെയ്യുന്നതാണ്. ക്രമേണ മനുഷ്യനെ ‘ഫനാ ഫില്ലാഹ്’ (അല്ലാഹുവിന്നായി സ്വയം ഇല്ലായ്മ) ചെയ്യുന്ന സ്ഥാനംവരെ എത്തിക്കുന്ന സത്യസാക്ഷ്യമാകുന്നു ഇത്. ഏതുവരെയെന്നാൽ, അവൻ സ്വന്തമായി തനിക്ക് ഒരു വസ്തുവും തന്നെയില്ലെന്നും മറിച്ച് സർവസ്വവും താൻ സ്വീകരിക്കുന്നത് ദൈവത്തിൽനിന്നാണെന്നും മനസ്സിലാക്കുന്നു.

എപ്പോഴെങ്കിലും ഒരാൾ ഈ മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ അവനെ സംബന്ധിച്ചിടത്തോളം പ്രഥമഘട്ടത്തിൽ തന്നെ തൗഹീദിന്റെ സൗരഭ്യം അവനിലേക്കെത്തിച്ചേരുകയും അവന്റെ മസ്തിഷ്കവും മനസ്സും അതിന്റെ പ്രഭാവത്താൽ സുരഭിലമാകാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ അവന്റെ ഘ്രാണേന്ദ്രിയത്തിന് (ആത്മീയ വാസനയ്ക്ക്) കേടുപാടുണ്ടാകരുതെന്ന നിബന്ധനയിൽ. ചുരുക്കത്തിൽ, ഈ സത്യസാക്ഷ്യത്തിന്റെ കണിശമായ നിഷ്ഠയിൽ സത്യസന്ധനായ അന്വേഷകന് തന്റെ നിസ്സാരതയും നിസ്സഹായതയും ഏറ്റുപറയുകയും മഹത്വവാനായ അല്ലാഹുവാണ് സർവ്വലോക നിയന്താവും എല്ലാ ഐശ്വര്യങ്ങളുടെയും ഉത്ഭവകേന്ദ്രവുമെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടിവരുന്നതാണ്. സത്യാന്വേഷകന്റെ ലക്ഷ്യമായ ഈ രണ്ട് കാര്യങ്ങൾ ‘ഫനാ’യുടെ പദവിയാർജ്ജിക്കാൻ നിർബന്ധമായും വേണ്ട നിബന്ധനയത്രെ. ഈ നിർബന്ധ നിബന്ധന മനസ്സിലാക്കാൻ ഒരു ലളിതമായ ഉദാഹരണം മതിയാകും, സർവ്വയിടങ്ങളിലും വ്യാപകമായി മഴപെയ്യുമ്പോഴും, അത് ലഭിക്കുന്നിടത്ത് വന്ന് നിൽക്കുന്നവന്റെ ദേഹത്ത് മാത്രമായിരിക്കും അത് വീഴുന്നത്. അപ്രകാരം, ചോദിക്കുന്നവന് ലഭിക്കുന്നതാണ്; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നതാണ്. സർവ്വശക്തനായ ദൈവത്തെ ആശ്രയിക്കുന്നതിനു പകരം സ്വന്തം കൂർമ്മബുദ്ധിയിലും കർമ്മകുശലതയിലും കയ്യൂക്കിലും വിശ്വാസമർപ്പിച്ച് എന്തെങ്കിലും സംരംഭത്തിലേർപ്പെടുന്നവർ, മഹാശക്തവാനും പ്രപഞ്ചത്തെയാകെ നിലനിർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനുമായ ആ ദൈവത്തിന് യാതൊരു മഹത്വവും മതിപ്പും കല്പിക്കാത്തവരാകുന്നു. അത്തരക്കാർ വൃക്ഷത്തിന്റെ വരണ്ടുണങ്ങിപ്പോയ ശാഖപോലെയാണ്. അതിന് പച്ചപ്പുള്ളതും പൂക്കുന്നതുമായ ചില്ലകളുമായി ബന്ധമില്ല. ബാഹ്യമായൊരു‌ ജഡികബന്ധമല്ലാതെ അതിന് വൃക്ഷത്തിന്റെ പുഷ്പങ്ങളിൽനിന്നോ പഴങ്ങളിൽനിന്നോ യാതൊരു പങ്കുമില്ല. കാറ്റിന്റെ ചെറുചലനമോ ആരുടെയെങ്കിലും കൈ സ്പന്ദനമോ മതി; അത് തകർന്നുവീഴുന്നതാണ്.

അങ്ങനെയുള്ളവരുടെ സാദൃശ്യം, പ്രപഞ്ച പരിപാലകന്റെ പിന്തുണയിലേക്ക് ദൃഷ്ടിയില്ലാത്തവരും; സമസ്ത സാഹചര്യങ്ങളിലും ‘അല്ലാഹു’ എന്ന തിരുനാമധേയത്തിൽ അറിയപ്പെടുന്ന സർവ്വേശ്വരനായ ദൈവത്തെ ആശ്രയിക്കുന്നത് അംഗീകരിക്കാത്തവരുമായ ഹേത്വാഭാസവാദികളോടാകുന്നു. അക്കാരണത്താൽ, അത്തരമാളുകൾ, തേജസ്സിൽനിന്നും അകന്നുനിൽക്കുന്ന തമസ്സിനെ പോലെ, തൗഹീദിൽനിന്നും എത്രയോ വിദൂരത്താകുന്നു. അവർക്ക് അതിനെ കുറിച്ചുള്ള ബോധം തന്നെയില്ല, അതായത്, സ്വന്തം അശരണതയും അയോഗ്യതയും അംഗീകരിച്ച് ആ സർവേശ്വരന്റെ അധികാരശക്തിക്കു കീഴിൽ നമ്രശിരസ്കനായി വന്നുനിൽക്കലാണ് ദാസത്വത്തിന്റെ പദവികളുടെ പരമകോടിയും തൗഹീദിന്റെ (ഏകദൈവ വിശ്വാസത്തിന്റെ) ഏറ്റവും ഒടുവിലത്തെ സ്ഥാനവും. അവിടെ നിന്നാണ് ‘ഫനാ’ (വിലയത്തിന്റെ) ഉറവയുടെ ഊറ്റമായ പ്രവാഹം ഉദ്ഭവിക്കുന്നത്. അങ്ങനെ മനുഷ്യൻ സ്വന്തം ശരീരേച്ഛകളേയും അതിന്റെ ഉദ്ദേശ്യങ്ങളേയും പാടെ വിസ്മരിച്ചുകൊണ്ട് ശുദ്ധഹൃദയത്തോടെ അല്ലാഹുവിന്റെ അധീശത്വങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നു.

ഹേത്വാഭാസവാദികൾ ചോദിക്കുന്നു; എന്തെങ്കിലും പ്രവർത്തി തുടങ്ങുന്നതിനുമുമ്പ് ദൈവത്തിന്റെ സഹായം അന്വേഷിക്കേണ്ട ആവശ്യമെന്ത്; ദൈവം നമ്മുടെ പ്രകൃതിയിൽ തന്നെ ആദ്യമേ ശക്തികൾ വെച്ചിരിക്കുന്നുവല്ലോ; അവയുണ്ടായിരിക്കേ വീണ്ടും ശക്തി ചോദിക്കേണ്ട കാര്യമെന്ത്? അവരുടെ ഈ ചോദ്യങ്ങൾക്ക് ഇപ്പോൾ യാതൊരു പ്രസ്ക്തിയും കല്പിക്കേണ്ടതില്ല. എന്തെന്നാൽ, നാം പറയുന്നു, സർവ്വശക്തനായ അല്ലാഹു പല ജോലികളും നിർവ്വഹിക്കുന്നതിന് ചില പരിമിതമായ ശക്തികളും നമുക്ക് തന്നിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നിരുന്നാലും, ആ പ്രപഞ്ചപരിപാലകന്റെ അധീശത്വത്തിൽനിന്നും അധികാരത്തിൽനിന്നും നമ്മെ അവൻ സ്വതന്ത്രനാക്കിയിട്ടില്ല. അവൻ നമ്മിൽനിന്ന് മാറിനിൽക്കുകയോ അവന്റെ സഹായങ്ങളിൽനിന്ന് നമ്മെ വേർപെടുത്തുകയോ ചെയ്തിട്ടില്ല. മാത്രമല്ല അവന്റെ അതിരില്ലാത്ത അനുഗ്രഹകടാക്ഷങ്ങളിൽനിന്ന് നമ്മെ ഒഴിവാക്കാൻ അവനുദ്ദേശിച്ചിട്ടുമില്ല. അവൻ നമുക്ക് തന്നിരിക്കുന്നതെന്തും പരിമിതമായ കാര്യങ്ങളാകുന്നു. അവനോട് യാചിക്കപ്പെടുന്നതെന്തോ അവ പരിമിതികളില്ലാത്തതാണ്. തന്നെയുമല്ല, നമ്മുടെ കഴിവിനപ്പുറമുള്ളത് ആർജ്ജിക്കാനുള്ള ശക്തി നമുക്കവൻ നൽകിയിട്ടുമില്ല.

ഇനി ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും യുക്തിയോടെ വിശകലനം ചെയ്യുകയും ചെയ്താൽ, നമുക്ക് ഒരു കഴിവും അതിന്റെ പരിപൂർണ്ണതയിൽ നൽകപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെടുന്നതാണ്. ഉദാഹരണത്തിന്, നമ്മുടെ ശാരീരികശേഷികൾ നമ്മുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ആരോഗ്യമാണെങ്കിൽ മറ്റുപല ഘടകങ്ങളെയും ആശ്രയിക്കു‌ന്നു. അവയിൽ ചിലത് സ്വർഗ്ഗീയവും ചിലത് ഭൗമികവുമാണ്. എന്നിട്ടും അവയെല്ലാം തന്നെ നമ്മുടെ കഴിവിനതീതവുമാണ്.

ഒരു സാധാരണ വ്യക്തിയുടെ ഗ്രാഹ്യത്തിനനുസരിച്ചാണ് ഈ ലളിതമായ നീരിക്ഷണം ഞാൻ നടത്തിയത്. എന്നിരുന്നാലും, വാസ്തവത്തിൽ, ആ പ്രപഞ്ചപരിപാലകൻ കാര്യകാരണങ്ങളുടെയെല്ലാം കാരണക്കാരനായ അസ്തിത്വമായതിനാൽ, അവൻ നമ്മുടെ ബാഹ്യവും ആന്തരികവും,നമ്മുടെ ആരംഭത്തിലും അവസാനത്തിലും, നമ്മുടെ മുകളിലും താഴെയും നമ്മുടെ വലത്തും ഇടത്തും, നമ്മുടെ ഹൃത്തടത്തിലും മനോരഥത്തിലും നമ്മുടെ ആത്മാവിന്റെ അന്തരാളങ്ങളിലും ഉള്ളതായ സർവത്ര ശക്തികളുടെയും മേലെ അധീശത്വമുള്ളവനാകുന്നു. മനുഷ്യ ധിഷണാവിലാസത്തിന് ഈ വിഷയത്തിന്റെ നിഗൂഡ സാരാംശതലങ്ങളിലേക്ക് എത്തിപ്പെടാനാകില്ല. ഇവിടെയിപ്പോൾ അത് വിശദീകരിക്കേണ്ട ആവശ്യമില്ല. മേൽപ്രസ്താവിച്ചുകഴിഞ്ഞ കാര്യങ്ങൾ തന്നെ നമ്മുടെ എതിരാളികളുടെ ആക്ഷേപങ്ങൾ നിരാകരിക്കാനും അവർക്ക് മനസ്സിലാക്കാനും വേണ്ടുവോളം പര്യാപ്തമാണ്.

ചുരുക്കത്തിൽ, സർവ്വലോക പരിപാലകന്റെ അനുഗ്രഹകടാക്ഷങ്ങൾ ആർജിക്കാനുള്ള ഒരേയൊരു മാർഗ്ഗം, സകല ശക്തികളും കഴിവുകളും ഉപയോഗിച്ച് അവന്റെ സംരക്ഷണം അഭ്യർത്ഥിക്കുക എന്നതാകുന്നു. ഇതൊരു പുത്തൻ മാർഗ്ഗമല്ല; പ്രത്യുത, ആദികാലം തൊട്ടേ ആദംസന്തതികളുടെ പ്രകൃതത്തിൽ അന്തർലീനമായി നിലനിന്നുവന്ന രീതിയാകുന്നു ഇത്. ദൈവദാസത്വത്തിന്റെ മാർഗ്ഗത്തിൽ ചലിക്കാനാഗ്രഹിക്കുന്നവർ ഈ രീതിതന്നെയാണ് സ്വീകരിക്കുന്നത്. ദൈവാനുഗ്രഹങ്ങൾ അന്വേഷിക്കുന്നവർ ഇതേ പാതയിലാണ് സഞ്ചരിക്കുന്നത്. ദൈവകാരുണ്യത്തിനു പാത്രീഭൂതരാകാൻ അഭിലഷിക്കുന്നവർ ഇതേ ശാശ്വത നിയമത്തെയാണ് അനുവർത്തിക്കുന്നത്. ഈ നിയമങ്ങൾ നൂതനമല്ല. ക്രിസ്ത്യാനികളുടെ ദൈവസങ്കല്പം പോലെ കെട്ടിച്ചമയ്ക്കപ്പെട്ടതുമല്ല. മറിച്ച്, ഇത് പണ്ടുമുതൽക്കേ പ്രവർത്തിച്ചുവരുന്ന ദൈവത്തിന്റെ സുസ്ഥാപിത നിയമവും എന്നന്നേക്കും നിലനിൽക്കുന്ന അല്ലാഹുവിന്റെ സുന്നത്തുമാകുന്നു. ഇതിന്റെ സത്യസാക്ഷ്യം അളവറ്റ അനുഭവകഥകളിലൂടെ ഓരോ സത്യാന്വേഷകന്റെ മുന്നിൽ സ്പഷ്ടമാണ്. എങ്ങനെ സ്പഷ്ടമാകാതിരിക്കും? ഓരോ ബുദ്ധിശാലിക്കും എളുപ്പം ഗ്രഹിക്കാം, നാം എന്തൊരു ബലഹീനതയും നിസ്സഹായതയും നിറഞ്ഞ അവസ്ഥയിലാണ് നിലകൊള്ളുന്നത്; ദൈവസഹായമില്ലെങ്കിൽ നമ്മുടെ അസ്തിത്വം എന്തിനുകൊള്ളും? എത്ര നിഷ്പ്രയോജനവും നിഷ്ഫലവുമാകുന്നു അത്! സമ്പൂർണ്ണ അധീശത്വമുള്ള ഒരു മഹാശക്തി ഓരോ നിമിഷവും നമ്മെ പരിപാലിക്കുന്നില്ലെങ്കിൽ, അവന്റെ റ‌ഹ്‌മാനിയ്യത്തും റഹീമിയത്തും നമ്മെ സദാ നിലനിർത്തുകയും ചെയ്യുന്നില്ലെങ്കിൽ നമ്മുടെ എല്ലാ ശ്രമങ്ങളും തകർന്നുപോകുന്നതാണ്. നാം സ്വയവും നശിച്ചുപോകുന്നതായിരിക്കും. അതിനാൽ, ഏതൊരു സംരംഭം ആരംഭിക്കുമ്പോഴും, പ്രത്യേകിച്ച് മംഗളകർമ്മങ്ങളിലെല്ലാം വെച്ച് സർവ്വശ്രേഷ്ഠമായ സ്വർഗ്ഗീയ ഗ്രന്ഥപാരായണം റഹ്‌മാനും റഹീമുമായ സർവ്വശക്തന്റെ നാമത്തിൽ – അവന്റെ ബർക്കത്തും സഹായവും ഉദ്ദേശിച്ചുകൊണ്ട് – ആരംഭിക്കുക എന്നത് സ്വയം സ്പഷ്ടവും സ്വയമേവ നാം ആകർഷിക്കപ്പെട്ടുപോകുന്നതുമായ സത്യപ്രമാണമാകുന്നു.

എന്തെന്നാൽ, വാസ്തവത്തിൽ, കാര്യകാരണങ്ങളുടെയെല്ലാം കാരണക്കാരനും ഉദാരതകളുടെയെല്ലാം ഉൽപ്പത്തിയും ഖു‌ർആനിക പ്രയോഗത്തിൽ ‘അല്ലാഹ്’ എന്ന് പേരുള്ളവനുമായ ആ സർവശക്തന്റെ അസ്തിത്വത്തിലൂടെയാണ് സർവ്വ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഇറങ്ങിവരുമാറാകുന്നത്. അവൻ സ്വന്തം ഇഷ്ടത്താൽ മനുഷ്യ പ്രയത്നങ്ങൾക്ക് മുമ്പ് ആവിശ്യമായുള്ളതെല്ലാം, കേവലം തന്റെ കടാക്ഷവും കാരുണ്യവുമെന്നോണം, ഒരു കർമ്മത്തിന്റെയും ഫലമായിട്ടല്ലാതെതന്നെ, തന്റെ റഹ്‌മാനിയ്യത്ത് എന്ന സിഫത്ത് ആദ്യം വെളിപ്പെടുത്തുന്നു. തുടർന്ന് അവൻ ആ റഹ്‌മാനിയ്യത്ത് എന്ന ഗുണത്തിൻ കീഴിലുള്ള എല്ലാ ഏർപ്പാടുകളും ചെയ്തുകഴിയു‌മ്പോൾ മനുഷ്യൻ അവന്റെ തൗഫീഖോടെ തന്നിൽ നിക്ഷിപ്തമായ സകല കഴിവുകളുമുപയോഗിച്ച് തന്റെ അദ്ധ്വാനത്തിന്റെ കടമ നിർവ്വഹിക്കണം. അനന്തരം, അല്ലാഹുവിന്റെ പ്രവൃത്തി, തന്റെ റഹീമിയ്യത്ത് എന്ന ഗുണം പ്രകടിപ്പിക്കലാകുന്നു. ദാസൻ നിർവഹിച്ചിട്ടുള്ള പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും മേൽ ശുഭകരമായ ഫലങ്ങൾ നൽകുക എന്നതാകുന്നു അത്. അവന്റെ അദ്ധ്വാനങ്ങളെ വ്യർഥമാകാതെ സംരക്ഷിച്ച് അവന് ഉദ്ദിഷ്ടകാര്യങ്ങളിൽ സഫലത സമ്മാനിക്കുന്നു. ഇതേ രണ്ടാമത്തെ സിഫത്തിന്റെ അടിസ്ഥാനത്തിലാണ്, അന്വേഷിക്കുന്നവൻ കണ്ടെത്തും, ചോദിക്കുന്നവന് ലഭിക്കും, മുട്ടുന്നവനുവേണ്ടി തുറക്കപ്പെടും എന്നൊക്കെ പറയപ്പെട്ടിട്ടുള്ളത്. മറുവാക്കിൽ പറഞ്ഞാൽ, സർവ്വശക്തനായ ദൈവം തന്റെ റഹീമിയത്തിലൂടെ ഒരു അദ്ധ്വാനവും ഉദ്യമവും പാഴാകാൻ അനുവദിക്കുന്നില്ല. ഒടുക്കം ‘ജോബിന്ദാ യാബിന്ദാ’ (‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചൊല്ല്) അന്വർത്ഥമാകുന്നു.

ചുരുക്കത്തിൽ, ഈ പ്രാമാണിക യാഥാർഥ്യങ്ങൾ ഏതൊരാൾക്കും സ്വയം പരീക്ഷിച്ചുകൊണ്ട് സത്യത്തെ തിരിച്ചറിയാൻ സാധിക്കും വിധം പ്രസ്പഷ്ടവും പ്രത്യക്ഷവുമാകുന്നു. അല്പമെങ്കിലും ബുദ്ധിയുള്ള ഒരാൾക്കും മുന്നിൽ മറഞ്ഞിരിക്കുന്ന യാഥാർഥ്യമല്ലിത്. അലിവില്ലായ്മയും അജ്ഞതയും നിമിത്തം കേവലം ഭൗതികോപാധികളിൽ മാത്രം കാഴ്ച കുടുങ്ങിപ്പോയ പൊതുജനങ്ങൾക്ക് മുമ്പിൽ ഈ സത്യം തുറക്കപ്പെടുന്നില്ല. അവർക്ക് ഭൗതികോപാധികളുടെയെല്ലാം ഭരണാധികാരിയായവന്റെ നിഗൂഡ നിയന്ത്രണങ്ങളെ കുറിച്ചറിവില്ല. അവരുടെ വിവേകത്തിനു ഇങ്ങനെ ചിന്തിക്കാംവണ്ണം വ്യാപ്തിയുമില്ല; അതായത്, മനുഷ്യന്റെ ഓരോ ശരീരാവയവത്തിന്റെയും ശരിയായ പ്രവർത്തനത്തിന് അനിവാര്യമായ സ്വർഗ്ഗീയവും ഭൗമികവുമായ സഹസ്രങ്ങളായ ഘടകങ്ങൾ നേടിയെടുക്കുക എന്നത് മനുഷ്യന്റെ നിയന്ത്രണത്തിലും ശക്തിയിലും പെട്ടതല്ല. പ്രത്യുത, ആകാശത്തിന്റെ അനന്തത മുതൽ ഭൂമിയുടെ അടിത്തട്ടുവരെയുള്ള എല്ലാ ഭൗതികോപാധികളും സൃഷ്ടിക്കുന്നവനും അവയുടെമേൽ പൂർണ്ണാധികാരവും അധീശത്വവുമുള്ളവനും സർവ്വശക്തിസമുച്ചയവുമായി ആ ഒരേയൊരു അസ്തിത്വം മാത്രമേയുള്ളൂ. ഇക്കാര്യം ബുദ്ധിശാലികൾ സന്ദേഹമന്യേ സ്പഷ്ടമായി മനസ്സിലാക്കുന്നു. അതിലും മികച്ചവരായ അനുഭവജ്ഞാനികൾ ഈ വിഷയത്തിൽ ഹഖുൽ യഖീൻ വരെയെത്തിയവരായിരിക്കും.

എന്നാൽ, ഈ സഹായാഭ്യർത്ഥനകൾ എന്തുകൊണ്ടാണ് ചിലപ്പോൾ ഫലം ചെയ്യാതിരിക്കുകയും പ്രയോജനരഹിതമായി ഭവിക്കുകയും ചെയ്യുന്നത്? സഹായം തേടുന്ന എല്ലാ അവസരങ്ങളിലും ദൈവത്തിന്റെ റഹ്‌മാനിയ്യത്തും റഹീമിയത്തും എന്തുകൊണ്ടാണ് അതിന്റെ തിളക്കമാർന്ന തേജസ്സും പ്രഭാവവും പ്രദർശിപ്പിക്കാത്തത്? എന്നിങ്ങനെയുള്ള സംശയങ്ങൾ ഉടലെടുക്കുന്നത് കേവലം ഒരു യാഥാർഥ്യം തെറ്റിദ്ധരിക്കപ്പെട്ടതിന്റെ ഫലമത്രെ. എന്താണെന്നാൽ, സൽഹൃദയത്തോടെ സമർപ്പിക്കുന്ന അർത്ഥനകൾ സർവ്വശക്തൻ തീർച്ചയായും കേൾക്കുകയും ആരായുന്നവന്റെ ആവശ്യം നോക്കി ഔചിത്യമായ രീതിയിൽ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ചിലപ്പോൾ മനുഷ്യന്റെ പ്രാർത്ഥന ഹൃദയപരിശുദ്ധിയോടെ ഉയരുന്നുണ്ടാകില്ല; അവന്റെ രക്ഷാർത്ഥന ഒരുപക്ഷേ ദൈവസന്നിധിയിൽ ഹൃദയവണക്കത്തോടെ സംഭവിക്കുന്നുണ്ടാകില്ല; അല്ലെങ്കിൽ, അവൻ ആത്മീയമായി ഉത്തമ നിലവാരം പുലർത്തുന്നുണ്ടാകില്ല. മറിച്ച്, പ്രാർത്ഥനകൾ കേവലം അധരവ്യായാമങ്ങളിലൊതുങ്ങുകയും ഹൃദയത്തിൽ ഒന്നുകിൽ അശ്രദ്ധയോ അല്ലെങ്കിൽ പ്രദർശനപരതയോ നിറഞ്ഞിരിക്കുകയും ചെയ്യുന്നുണ്ടാകാം. ചിലപ്പോൾ, അങ്ങനെയൊന്നുമല്ലെങ്കിൽ, അവന്റെ പ്രാർത്ഥന ദൈവം കേൾക്കുകയും തന്റെ തികഞ്ഞ യുക്തിവൈഭവത്തിന്റെ വെളിച്ചത്തിൽ, അവനുവേണ്ടി ഏറ്റവും യുക്തവും ഉചിതവുമായതെന്തോ അത് നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ വിഡ്ഡിയായ മനുഷ്യൻ അല്ലാഹുവിന്റെ ആ മറഞ്ഞിരിക്കുന്ന ഔദാര്യങ്ങളെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. അവന്റെ അജ്ഞതയും അവിവേകവും നിമിത്തം ആവലാതിപ്പെടാനും പരാതിപ്പെടാനും ഒരുമ്പെടുന്നു. അവനെ സംബന്ധിച്ചിടത്തോളം ഈ ദിവ്യസൂക്തത്തിന്റെ സാരം ഗ്രഹിക്കാൻ അവന് സാധിച്ചില്ല:

‘അസാ അൻ തക്റഹൂ ശൈഅൻ വ്വഹുവ ഖൈറുല്ലകും വ അസാ അൻ തുഹിബ്ബൂ ശൈഅൻ വ്വഹുവ ശർറുല്ലകും വല്ലാഹു യഅ്ലമു വഅൻതും ലാ യഅ്‌ലമൂൻ’ (2:217)

അതായത്, ഒരു കാര്യം നിങ്ങൾ അനിഷ്ടപ്പെടുന്നുവെങ്കിലും ഒരുപക്ഷേ, യഥാർഥത്തിലത് നിങ്ങൾക്ക് ഗുണകരമായിരിക്കാം; കൂടാതെ, ഏതെങ്കിലും വസ്തു നിങ്ങൾക്ക് പ്രിയങ്കരമാണെങ്കിലും ഒരുപക്ഷേ, യഥാർത്ഥത്തിലത് നിങ്ങൾക്ക് ദോഷകരമായിരിക്കാം. വസ്തുക്കളെ സംബന്ധിച്ച വസ്തുനിഷ്ഠമായ ജ്ഞാനം അല്ലാഹുവിനാണുള്ളത്; നിങ്ങള്‍ അറിയുന്നില്ല’ ഇപ്പോൾ നമ്മുടെ ഈ മുഴുവൻ പ്രസംഗത്തിൽനിന്നും “ബിസ്മില്ലാഹിർറഹ്‌മാനിർറഹീം” എന്നത് എത്ര ഉന്നതമായ പ്രാമാണിക സത്യസാക്ഷ്യമാണെന്നും അതിൽ യഥാർത്ഥ തൗഹീദിലും ദാസത്വത്തിലും നിസ്വാർത്ഥതയിലും പുരോഗമിക്കുന്നതിനുള്ള ഉൽകൃഷ്ടമായ ഉപാധികൾ ഉള്ളടങ്ങിയിരിക്കുന്നുവെന്നും സ്പഷ്ടമായിരിക്കുന്നു. അതിനു സമാനമായത് മറ്റൊരു വേദഗ്രന്ഥത്തിലും കാണാനാകില്ല.

ബറാഹീനെ അഹ്‌മദിയ്യാ വാ.4