ദർസ് 90 : മാതാവിന്‍റെ മഹത്വം

മനുഷ്യന്‍റെ ധാർമ്മികഗുണശ്രേണിയിലെ ഏറ്റവുമാദ്യത്തെ അവസ്ഥ മാതാവിനെ ആദരിക്കലാകുന്നു. ഉവൈസുൽ ഖർനിയെ (സ്മരിച്ചുകൊണ്ട്) പലപ്പോഴും നബികരീം(സ) തിരുമേനി യമനിനുനേരെ തിരിഞ്ഞുനിന്ന്, ‘യമനിൽ നിന്ന് എനിക്ക് അല്ലാഹുവിന്റെ സൗരഭ്യം കരഗതമാകുന്നു’വെന്ന് പറയാറുണ്ടായിരുന്നു. തന്‍റെ മാതാവിന്റെ ശുശ്രൂഷയിൽ വ്യാപൃതനായ കാരണത്താൽ അദ്ദേഹത്തിന് എന്നെ സന്ദർശിക്കാൻ സാധിക്കുന്നില്ലെന്ന് അവിടുന്ന് അരുൾ ചെയ്തു. പ്രത്യക്ഷത്തിൽ അല്ലാഹുവിന്‍റെ പ്രവാചകൻ ജീവിച്ചിരിപ്പുണ്ടായിട്ടും തന്‍റെ മാതാവിന് ഖിദ്മത്ത് ചെയ്യുകയും അവരെ അനുസരിക്കുകയും ചെയ്യുന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തിന് നബിയെ സിയാറത്ത് ചെയ്യാൻ സാധിക്കാതെ വരികയാണ്! എന്നാൽ, ഞാൻ വീക്ഷിക്കുകയാണ്, റസൂൽതിരുമേനി(സ) രണ്ടേ രണ്ട് വ്യക്തികൾക്ക് മാത്രമാണ് തന്റെ ‘അസ്സലാമു അലൈക്കും’ എത്തിക്കാൻ പ്രത്യേകമായി വസിയ്യത്ത് ചെയ്തത്. ഒന്ന് ഉവൈസിനും മറ്റൊന്ന് മസീഹിനും. മറ്റാരും സിദ്ധിച്ചിട്ടില്ലാത്ത ഒരു വിസ്മയകരമായ സവിശേഷതയാണിത്. ഹദ്‌റത്ത് ഉമർ(റ) അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഉവൈസ് പറഞ്ഞു, ഞാൻ മാതാവിന്‍റെ സേവനത്തിൽ മുഴുകിയിരിക്കുന്നു; എന്‍റെ ഒട്ടകത്തെ മാലാഖമാരാണ് മേയ്ക്കുന്നത്…. നമ്മുടെ അദ്ധ്യാപനമെന്താണ്? കേവലം അല്ലാഹുവിന്‍റേയും റസൂൽ(സ) തിരുമേനിയുടേയും പാവന പാഠങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരൽതന്നെ. അവയനുസരിക്കാൻ ആഗ്രഹമില്ലാത്തവരാരോ അവർ നമ്മുടെ ജമാഅത്തിൽ ചേരുന്നതെന്തിന്? അത്തരം ആളുകളുടെ മാതൃകയാൽ അന്യർ വഞ്ചിതരായിത്തീരുന്നു. മാതാപിതാക്കളെ പോലും ബഹുമാനിക്കാത്തവരാണെന്ന് അവർ ആക്ഷേപിക്കുന്നു.
(മൽഫൂദാത്, വാ.1)

മാതാവിനെ അനുസരിക്കൽ

ഒരിക്കൽ ഒരാൾ കത്തുമുഖേന ഹുസൂർ(അ) നോട് ചോദിച്ചു, എന്‍റെ മാതാവിന് എന്‍റെ ഭാര്യയോട് ദേഷ്യമാണ്. എന്നോട് ത്വലാക്ക് ചെയ്യാൻ മാതാവ് കല്പിക്കുന്നു. പക്ഷേ എനിക്ക് ഭാര്യയോട് ഒരു ദേഷ്യവുമില്ല. എനിക്കുവേണ്ടി എന്താണ് കല്പന?

ഹുസൂർ(അ) മറുപടി നൽകി,

മാതാവിനുള്ള അവകാശം ഭാരിച്ചതും അവരെ അനുസരിക്കൽ നിർബന്ധവുമാണ്. എന്നാൽ, മാതാവിന്‍റെ ദേഷ്യത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് തിരയണം. അല്ലാഹുവിന്‍റെ കല്പനകൾ അനുവർത്തിക്കുന്നത് കാരണാമാണോ മാതാവിനോടുള്ള അനുസരണം ഉപേക്ഷിക്കേണ്ടിവരുന്നതെന്ന് നോക്കുക. ഉദാഹരണത്തിനു മാതാവിന്‍റെ ദേഷ്യം ഏതെങ്കിലും ദീനീ വിഷയത്തിൽ – കൃത്യസമയത്ത് നമസ്കരിക്കുന്ന കാരണം കൊണ്ടോ മറ്റോ ആണെങ്കിൽ – കല്പന അനുസരിക്കേണ്ട ആവശ്യമില്ല. എന്നാൽ അതുപോലുള്ള ശരീഅത്ത് കാര്യങ്ങൾ വിലങ്ങായി ഇല്ലെങ്കിൽ പിന്നെ അവന് സ്വയം ത്വലാക്ക് നിർബന്ധിതമാകുന്നു.

യഥാർഥത്തിൽ ചില സ്ത്രീകൾ കേവലം ദുഷ്ടത നിമിത്തം ഭർതൃമാതാവിനെ വിഷമിപ്പിക്കുന്നു. ചീത്തപറയുകയും ശല്യം ചെയ്യുകയും ഓരോരോ കാര്യത്തിനും പ്രയാസമേല്പിക്കുകയും ചെയ്യുന്നു. മാതാവിനൊരിക്കലും മകന്‍റെ ഭാര്യയോട് അകാരണമായി ദേഷ്യമുണ്ടാകാറില്ല. മകന്‍റെ വീട്ടിലെ ഐശ്വര്യം (സന്താനങ്ങൾ നിറഞ്ഞുകാണാൻ) ഏറ്റവുമധികം ആഗ്രഹമുള്ളവൾ മാതാവാണ്. ഇക്കാര്യത്തിൽ മാതാവിനൊരു പ്ര്യത്യേക ഉത്സാഹം തന്നെയാണ്. വളരെ താല്പര്യത്തോടെ ആയിരക്കണക്കിനു രൂപ ചെലവഴിച്ച് മകനെ വിവാഹം കഴിപ്പിക്കുന്നു. അപ്പോൾ ഒരുകാരണവും കൂടാതെ തന്റെ മകന്‍റെ ഭാര്യയോട് വഴക്കും വക്കാണവുമുണ്ടാക്കി വീടിന്‍റെ വിനാശം കൊതിക്കുമെന്ന് മാതാവിന്‍റെ കാര്യത്തിൽ ഊഹിക്കാൻ പോലും സാധ്യമല്ല. സാധാരണഗതിയിൽ അത്തരത്തിലുള്ള കലഹങ്ങളിൽ മാതാവിന്‍റെ ഭാഗത്ത് ശരിയുള്ളതായിട്ടാണ് കാണപ്പെടാറ്. മാതാവിനാണ് ദേഷ്യം എനിക്ക് ഭാര്യയോട് ദേഷ്യമൊന്നുമില്ലെന്ന് മകൻ പറയുമ്പോൾ അതവന്‍റെ അങ്ങേയറ്റത്തെ ബുദ്ധിയില്ലായ്മയും മഠയത്തരവുമാണ്. അവന്‍റെ മാതാവ് ദേഷ്യവതിയാണെങ്കിൽ അവനെന്തിന് എനിക്ക് ദേഷ്യമൊന്നുമില്ലെന്ന അനാദരവിന്റെ വാക്കുകളുച്ചരിക്കണം? ഇത് ഏതെങ്കിലും സപത്നിമാർ തമ്മിലുള്ള പ്രശ്നമല്ല. മാതാവിന്‍റേയും ഭാര്യയുടേയുമിടയിൽ ദീനീ സംബന്ധമായ ഒരു പ്രശ്നവുമില്ലെങ്കിൽ അവനെന്തിനാണ് അനാദരവ് കാണിക്കുന്നത്. മറ്റെന്തെങ്കിലും കാരണങ്ങളാണുള്ളതെങ്കിൽ ഉടനെത്തന്നെ അവ ദൂരീകരിക്കേണ്ടതാണ്. ചെലവുകൾ സംബന്ധമായ കാര്യങ്ങളിൽ മാതാവ് അനിഷ്ടം പ്രകടിപ്പിക്കുന്നുവെങ്കിൽ – അതായത്, അവൻ ഭാര്യ മുഖാന്തരമാണ് ചെലവുകൾ നടത്തുന്നതെങ്കിൽ – അനിവാര്യമായും മാതാവ് മുഖേന ചെലവുകൾ നടത്തിക്കൊള്ളട്ടെ. എല്ലാ പദ്ധതികളും മാതാവിന്‍റെ കരങ്ങളിലേല്പിക്കുക. മാതാവിനെ ഭാര്യയെ ആശ്രയിക്കുന്നവളും അവൾക്ക് കീഴ്പ്പെടേണ്ടിവരുന്നവളും ആക്കാതിരിക്കുക.

ചില സ്ത്രീകളെ പുറമേ നല്ല അലിവുള്ളവരായി കാണാമെങ്കിലും അന്തരംഗത്ത് വിഷം ചീറ്റുന്നവരാണ്. പ്രശ്നകാരണങ്ങൾ കണ്ടെത്തി അവ അകറ്റേണ്ടതാണ്. ദേഷ്യത്തിനു കാരണമാകുന്ന സംഗതികളെല്ലാം ദൂരീകരിക്കുകയും മാതാവിനെ സന്തോഷിപ്പിക്കുകയും ചെയ്യുക. ഇണക്കുമ്പോൾ സിംഹങ്ങളും ചെന്നായ്ക്കളുമെല്ലാം ഇണങ്ങുന്നു. ഹിംസ്രജന്തുക്കൾ മെരുകുകയും നിരുപദ്രവകാരികളാവുകയും ചെയ്യുന്നു. കൊടും വൈരികൾ പോലും പരസ്പരം സന്ധിയിലൂടെ സ്നേഹിതരായിത്തീരുന്നു. എങ്കിൽ സ്വന്തം മാതാവിനെ ദേഷ്യവതിയായി വെച്ചിരിക്കേണ്ട കാരണമെന്താണ്?’

(മൽഫൂദാത്ത് വാ.10, പേ.192, 193)