ദർസ് 7: “രാശിനോക്കലിൻ്റെ സ്ഥാനത്ത് ഇസ്‌ലാമിലുള്ളത് ‘ഇസ്തിഖാറ’ യാകുന്നു“

  • ഏവർക്കും ഒരഭിലാഷം ഉണ്ടാകും. എന്നാൽ തന്റെ എല്ലാ അഭിലാഷങ്ങൾക്കും മീതെ അല്ലാഹുവിന്റെ മഹത്വത്തിനു സ്ഥാനം നൽകുന്നില്ലെങ്കിൽ ഒരാൾക്കും മൂഅ്മിൻ ആയിത്തീരാൻ സാദ്ധ്യമല്ല.
  • മീർ നാസിർ നവാബ് സാഹിബ് (റ) ഒരിക്കൽ മസീഹ് മൗഊദ് (അ) ന്റെ ‘ഇസ്മെ അഅ്ള്വം’ (الاسم الأعظم) “റബ്ബി കുല്ലി ശൈഇൻ ഖാദിമുക റബ്ബി ഫഹ്ഫദ്നീ വൻസുർനീ വർഹമ്നീ” എന്ന ഇൽഹാമീ പ്രാർത്ഥനയെ സംബന്ധിച്ച് ചോദിച്ചു, ‘ഞങ്ങൾക്ക് ഏകവചനത്തിന് പകരം ബഹുവചനമാക്കി (ഫഹ്ഫദ്നാ വൻസുർനാ വർഹമ്നാ എന്നാക്കിക്കൊണ്ട്) മറ്റുള്ളവരെയും ഈ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പറ്റുമോ? അപ്പോൾ, ഹ‌ദ്റത്ത് മസീഹ് മഊദ്(അ) ഒരു പ്രശ്നവുമില്ലെന്ന് മറുപടി നൽകി.
  • ഹദ്റത്ത് മസീഹ് മൗഊദ് (അ) അരുളിയിട്ടുണ്ട്, ‘എന്റെ ഹൃദയത്തിൽ ഇത് ‘ഇസ്മെ അഅ്ള്വം’ ആണെന്നും ഇത് ചൊല്ലുന്നവൻ എല്ലാ ആപത്തുകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നതാണെന്നും ഇടപ്പെട്ടിരിക്കുന്നു.’
  • ഹദ്റത്ത് മസീഹ് മൗഊദ്(അ) പല എഴുത്തുകളിലും കോപികൾ പരിശോധിക്കുന്നതിലും വ്യാപൃതനായി ശാരീരിക യാതനകൾ അനുഭവിക്കുന്നതിൽ ഒരു സേവകൻ അങ്ങയോട് സഹതാപം പ്രകടിപ്പിച്ചപ്പോൾ അവിടുന്ന് അരുൾ ചെയ്തു: ‘ശരീരം ബുദ്ധിമുട്ടാനുള്ളതല്ലെങ്കിൽ പിന്നെ മറ്റെന്തിനുള്ളതാണ്?’
  • അറബി സുഹൃത്ത് അബൂ സഈദ് സാഹിബ് ഒരിക്കൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) നോട് ചോദിച്ചു ‘റബ്ബനാ ആത്തിനാ ഫിദ്ദുന്ന്യാ…’ എന്ന ദുആയുടെ അർത്ഥമെന്താണ്?

    അവിടുന്ന് പ്രതിവചിച്ചു:

    ‘മനുഷ്യൻ ആത്മാവിന്റെ സന്തോഷത്തിന് രണ്ട് കാര്യങ്ങളെ ആശ്രയിക്കുന്നു. ഒന്ന് ദുനിയാവിലെ ഹൃസ്വമായ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതിൽ വന്നുഭവിക്കുന്ന ആപത്തുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സമാധാനം ലഭിക്കാൻ വേണ്ടിയുള്ള പ്രാർത്ഥന. രണ്ടാമത്തേത് അവനെ അല്ലാഹുവിൽ നിന്ന് അകറ്റിക്കളയുന്ന കാപട്യങ്ങൾ, മറ്റ് ആത്മീയ രോഗങ്ങൾ തുടങ്ങിയവയിൽനിന്ന് അവനു മോക്ഷം ലഭിക്കാനുള്ള പ്രാർത്ഥന.
  • രാശിനോക്കൽ (പോലുള്ള ആചാരത്തിന്റെ) സ്ഥാനത്ത് ഇസ്‌ലാമിലുള്ളത് ‘ഇസ്തിഖാറ’ യാകുന്നു. ഹിന്ദുക്കൾ ശിർക്കുകളിൽ വ്യാപൃതരായി ശകുനവും മറ്റും നോക്കുന്നു. അതുകൊണ്ട് ഇസ്‌ലാം അവയെ നിഷിദ്ധമാക്കിക്കൊണ്ട് ഇസ്തിഖാറ നിർദ്ദേശിച്ചു. ഇതിന്റെ രീതിയെന്തെന്നാൽ, മനുഷ്യൻ രണ്ട് റക്കഅത്ത് നഫൽ നമസ്കരിക്കുക. ഒന്നാമത്തെ റക്കഅത്തിൽ സൂറഃ ‘ഖുൽ യാ അയ്യുഹൽ കാഫിറൂൻ’ ചൊല്ലുക. രണ്ടാമത്തേതിൽ ‘ഖുൽ ഹുവല്ലാഹു അഹദും’. അത്തഹിയാത്തുവിൽ ഇസ്തിഖാറ ദുആയും. (ഹുസൂർ (അ) ഇസ്തിഖാറ ദുആയുടെ നീണ്ട ഉർദു തർജ്ജുമക്ക് ശേഷം അരുൾ ചെയ്തു)

    അവനുവേണ്ടി ആ പ്രവൃത്തി ഗുണകരമാണെങ്കിൽ അല്ലാഹു അവന്റെ ഹൃദയത്തെ അതിനായി തുറക്കും. മറിച്ചാണെങ്കിൽ അവന്റെ പ്രകൃതത്തിൽ ഒരു ആലസ്യം ഉണ്ടാക്കും.

    (ഹദ്റത്ത് ഗുലാം റസൂൽ രാജികി സാഹിബ് റിവായത് ചെയ്യുന്നു, ഒരു വ്യക്തി ഒരിക്കൽ മസീഹ് മൗഊദ്(അ) നോട് ഇസ്തിഖാറയെ സംബന്ധിച്ച് അന്വേഷിച്ചപ്പോൾ അവിടുന്ന് അരുൾ ചെയ്തു, ‘ഇസ്തിഖാറയുടെ നിർണ്ണിത പ്രാർത്ഥന ഓർമ്മയില്ലെങ്കിൽ ഈ വാക്കുകളിൽ ഇസ്തിഖാറ ചെയ്തുകൊള്ളുവിൻ,

    “یا خبیر اخبرنی یابصیر ابصرنی یا علیم علمنی”

    ‘യാ ഖബീർ അഖ്ബർനീ യാ ബസീർ അബ്സർനീ യാ അലീം അല്ലമ്നീ’ (ഓ എല്ലാത്തിനെയും സംബന്ധിച്ച് വിവരമുള്ളവനേ! എനിക്ക് വിവരം തന്നാലും, ഓ എല്ലാം കാണുന്നവനേ! എനിക്ക് കാണിച്ചു തന്നാലും!  ഓ എല്ലാത്തിന്റെയും ജ്ഞാനമുള്ളവനേ! എനിക്ക് ജ്ഞാനം പകർന്ന് തന്നാലും!) v.3,p.81″)
  • നമസ്കാരം എന്താണ്? നമസ്കാരം യഥാർത്ഥത്തിൽ റബ്ബുൽ ഇസ്സത്തിനോടുള്ള പ്രാർത്ഥനയാണ്. അതുകൂടാതെ മനുഷ്യനു ജീവിതത്തിനും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ഏർപ്പാടുകൾ കരസ്ഥമാക്കാൻ സാധ്യമല്ല. അല്ലാഹുവിന്റെ അനുഗ്രഹം കൂടാതെ യഥാർത്ഥ സംതൃപ്തിയും സമാധാനവും കരഗതമാകുന്നില്ല.
  • ഒരാൾ മസീഹ് മൗഊദ്(അ) നോട് പറഞ്ഞു, എന്റെ ഒരു മേലുദ്യോഗസ്ഥൻ കഠിന പ്രകൃതക്കാരനാണ്. നമസ്കരിക്കാൻ പോകുന്ന നേരത്ത് കുപിതനാകുന്നു. അപ്പോൾ ഹുസൂർ(അ) അരുൾ ചെയ്തു, ‘അല്ലാഹു ഉപദ്രവങ്ങൾ ഉണ്ടാകുന്ന സമയത്താണ് നമസ്കരങ്ങളുടെ ‘ജംആ’ വെച്ചിട്ടുള്ളത്. അത്തരം സന്ദർഭത്തിൽ ളുഹറും അസറും ജംആ ആക്കിക്കൊള്ളുക.
  • ഒരു സ്ഥലത്ത് അഹ്‌മദിയായി താൻ ഒരുവൻ മാത്രം ഉണ്ടായിരുന്ന ഒരാളുടെ സംശയത്തിനു മറുപടിയായി ഹുസൂർ(അ) അരുൾ ചെയ്തു, ‘ജുമുആ നമസ്കരിക്കാൻ ജമാഅത്ത് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. രണ്ട് മുഖ്തദിയും ഒരു ഇമാമും ഉണ്ടെങ്കിൽ ജുമുആ നമസ്കരിക്കുക.

 

(മൽഫൂദാത്ത് വാ.1)

ത്വാലിബെ ദുആ: അബു-അയ്മൻ