ദർസ് 53 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (1)

സഹോദരങ്ങളേ, ഭക്തിപൂർവകമായ സൽകർമത്തിലൂടെയല്ലാതെ ഈമാൻ സ്ഥായിയായി വളരുകയില്ല. അറിഞ്ഞുകൊണ്ട് അതുപേക്ഷിക്കുന്നവൻ ‘ഹള്റത്തുൽ കിബ്‌രിയാഅ്’ ന്‍റെയടുക്കൽ ഒരു ഈമാനുമില്ലാത്തവനാണ്. സഹോദരങ്ങളേ, നിങ്ങൾ ഭയഭക്തിയോടുകൂടി സൽകർമങ്ങളിൽ മുന്നോട്ട് കുതിക്കുവിൻ. മരണം ആസന്നമാകുന്നതിനു മുമ്പേ ദുഷ്കർമങ്ങളുപേക്ഷിച്ചുകൊള്ളുക. ദുനിയാവിന്‍റെ പച്ചനിറവും അലങ്കാരവും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഈ കൊച്ചുവീടിന്‍റെ മിന്നിത്തിളക്കവും അതിന്‍റെ സൗന്ദര്യവും മൃഗതൃഷ്ണയാണ്. അതിന്‍റെയവസാനം നാശം!
അതിന്‍റെ മധുരം കൈപ്പ്! അതിന്‍റെ ലാഭം നഷ്ടം! ഭൗതികനിലകളിൽ കയറിക്കയറിപ്പോകുന്നവൻ അമ്പുകളുടെ ഉന്നത്തിലേക്കുയരുന്നു. അതിന്‍റെ ഐശ്വര്യം കൊതിക്കുന്നവൻ മുള്ളുകൊണ്ട് മുറിവേറ്റവനു തുല്യമാണ്.

ദുനിയാവിലെ നന്മകണ്ട് അതിനൊരാൾ മുൻഗണന നൽകിയാൽ യഥാർഥ നന്മയുടെ ഉറവിടത്തിൽനിന്ന് അയാൾ അകന്നുകഴിഞ്ഞു. നേതാക്കന്മാർ ആരെങ്കിലും അതിൽ കടന്നാൽ ഉത്തമമാർഗത്തിൽനിന്നും അയാൾ പുറത്തുപോയി. അതിന്‍റെ ജ്യോതിസ്സ് തമസ്സാണ്. അതിന്‍റെ പുരോഗതി അധോഗതിയാണ്. നിങ്ങളൊരിക്കലും അതിലേക്ക് ചായരുത്. നീന്തുന്നവനെ അത് മുക്കിക്കൊല്ലും. എന്നാൽ പ്രളയം പോലെയല്ല.

ദീനിൽ നിന്ന് രാജിവെച്ചു വിലസുന്നവനെപ്പോലെ നിങ്ങൾ ദുനിയാവിനെ തേടിപ്പിടിക്കരുത്. മതത്തിന്‍റെ വഴിയിൽ ഒരു ഭൃത്യനെപ്പോലെ മാത്രം നിങ്ങളതിനെ കരുതുക. ആത്മമിത്രമായിട്ടല്ല. സമ്പന്നരെ കണ്ടിട്ട്, അതുപോലുള്ള ചുറ്റുപാടുണ്ടായി ആരേയും ആശ്രയിക്കാത്ത അവസ്ഥയിലെത്തണമെന്നുള്ള ആഗ്രഹം നിങ്ങൾക്കുണ്ടാകരുത്. ദീനിനോടുള്ള കടപ്പാട് നിങ്ങളൊരിക്കലും മറക്കരുത്. അങ്ങനെയായാൽ അതിന്‍റെ പ്രകാശത്തിൽനിന്നൊരു കണികപോലും നിങ്ങൾക്ക് നൽകപ്പെടുകയില്ല. ഈ ദുനിയാവ് നിങ്ങളുടെ പിതാവിനേയും പിതാമഹനേയും പ്രപിതാവിനേയും തിന്നുകഴിഞ്ഞിരിക്കുന്നു. അപ്പോൾ നിങ്ങളേയും നിങ്ങളുടെ ഭാര്യാമക്കളേയും അതെങ്ങനെ ഒഴിവാക്കും.

ഒരാളേയും ഒരിക്കലും ശത്രുവായി മുദ്രകുത്തരുത്. അതു വിഡ്ഢിത്തമാണ്. നമ്മുടെ അന്തരംഗം കുശുമ്പും കുന്നായ്മയുമില്ലാത്ത നിലയിൽ പരിശുദ്ധമായിരിക്കണം. ഒരുകാര്യം തറപ്പിച്ചുപറഞ്ഞാൽ അതു ദുർബലപ്പെടുത്തരുത്. നിങ്ങൾ നിങ്ങളുടെ ശരീരേച്ഛയുടെ അടിമകളാകാതെ അല്ലാഹുവിന്‍റെ അടിമകളായിരിക്കുക. അക്കൂട്ടർ സത്യമായൊരു കാര്യം പറഞ്ഞാൽ എതിരു പ്രവർത്തിക്കുകയില്ല. ഒരുമിച്ചുകൂടിയാൽ കാപട്യം കാണിക്കുകയില്ല. സ്നേഹിച്ചാൽ അധിക്ഷേപിക്കുകയില്ല. ശപിക്കപ്പെട്ട പിശാചിന്‍റെ പിന്നാലെ നിങ്ങൾ പോകരുത്. വേദനാജനകമായ ശിക്ഷകൊണ്ട് ഇഞ്ചിഞ്ചായി മരിക്കേണ്ടിവന്നാലും ഔദാര്യമുടയവനായ അല്ലാഹുവിനെതിരിൽ നീങ്ങരുത്. അല്ലാഹുവിനോട് നിഴലിനേക്കാൾ കൂടുതൽ അനുസരണയുള്ളവരായിരിക്കുക. പറയുന്നതിനേക്കാൾ കർമം കൊണ്ടുപദേശിക്കുക. നാവിനെ സൂക്ഷിക്കുക. ഹൃദയത്തെ ശുദ്ധമാക്കുക. നിങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അത് ഇമാമിലേക്ക് മടക്കുക. മത്സരത്തിനു പോകാതെ നിങ്ങളുടെ പ്രശ്നത്തെകുറിച്ച് അദ്ദേഹം പറയുന്നതിൽ സംതൃപ്തരാകുക. അങ്ങനെ നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ ഹൃദയം കൊണ്ടല്ല നാവുകൊണ്ടുമാത്രം വിശ്വസിച്ചവരാണ്. മത്സരബുദ്ധികൊണ്ട് നിങ്ങളുടെ കർമങ്ങൾ നിഷ്ഫലമാകാതിരിക്കാൻ സൂക്ഷിക്കുക. നേർവഴി പ്രാപിച്ചതിനുശേഷം വഴികേടിലാകാതിരിക്കാൻ ജാഗ്രത പാലിക്കുക. നിങ്ങൾ നിങ്ങളുടെ നാഥന്‍റെ ആളുകളായിത്തീരണം.
ദുനിയാവിനേക്കാൾ ദീനിനെ മുന്തിക്കണം. അല്ലാഹുവിനെ ഭയപ്പെടുക. അവന്‍റെ അടിമകളെ ഭയക്കരുത്. അത്തരക്കാർ തന്നിഷ്ടക്കാരും സൃഷ്ടാവിന്‍റെ ഉദ്ദേശ്യം മറക്കുന്നവരുമാണ്. ദുനിയാവിന്‍റെ വളർത്തു പുത്രന്മാരുടെയടുക്കൽ അവർ മാന്യത ആഗ്രഹിക്കുന്നു. എന്നാൽ, അതു നിന്ദ്യതയാണ്. നിങ്ങൾ അല്ലാഹുവിനുവേണ്ടി സാക്ഷിപറയേണ്ടവരാകുന്നു. അതുനിങ്ങൾ മറച്ചുവെക്കരുത്.

(മവാഹിബുർറഹ്‌മാൻ)