ദർസ് 52 : ഈദുകളേക്കാൾ മികച്ച സുദിനം

എല്ലാ സുഹൃത്തുക്കളും ഓർത്തുകൊള്ളുവിൻ, അല്ലാഹു ഇസ്‌ലാമിൽ വളരെ ആഹ്ലാദകരമായ സുദിനങ്ങളായി ഗണിക്കപ്പെടുന്ന ദിവസങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്. അവയിൽ അല്ലാഹു അത്ഭുതകരമായ ബർക്കത്തുകളും വെച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒന്ന് ‘ജുമുഅഃ’ ദിവസമാകുന്നു. ഈ ദിവസവും അത്യധികം അനുഗ്രഹീതമാണ്. ആദമിനെ ദൈവം സൃഷ്ടിച്ചത് ഈ ദിനത്തിലാണെന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇതേ സുദിനത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ ‘തൗബ’ സ്വീകരിക്കപ്പെട്ടതും. വേറെയും അനേകം അനുഗ്രഹങ്ങളും സദ്ഗുണങ്ങളും ഈ ദിവസത്തിന്റെ പ്രതിഫലങ്ങളിലുൾപ്പെടുന്നു. അവ്വിധത്തിൽ തന്നെയാണ് ഇസ്ലാമിലെ (മറ്റു) രണ്ട് ഈദുകളുള്ളത്. ഈ രണ്ട് ദിവസങ്ങളേയും വലിയ സന്തോഷത്തിന്റെ ദിനങ്ങളായി വിശ്വസിക്കുന്നു. ഇവയിലും ഏറെ വിസ്മയജനകമായ അനുഗ്രഹങ്ങൾ വെക്കപ്പെട്ടുണ്ട്.

എന്നാൽ ഓർത്തുകൊൾവിൻ! ഈ ദിനങ്ങൾ അതതിന്റെ സ്ഥാനത്ത് അനുഗ്രഹീതവും ശോഭനവും തന്നെ. പക്ഷെ, ഒരു ദിനം ഈ മുഴുവൻ ദിനങ്ങളേക്കാളും ഉൽകൃഷ്ടമായ അനുഗ്രഹത്തിന്റേതും ആഹ്ലാദത്തിന്റേതുമാകുന്നു. അഹൊ കഷ്ടം! ജനങ്ങൾ ആ ദിനത്തെ കാത്തിരിക്കുകയോ അതിനെ അന്വേഷിക്കുകയോ ചെയ്യുന്നില്ല എന്നതാണ് കണ്ടുവരുന്നത്. പ്രത്യുത തദ്ദിനത്തിന്റെ അനുഗ്രഹങ്ങളേയും വൈശിഷ്ഠ്യങ്ങളേയും കുറിച്ചുള്ള അവബോധം അവർക്കുണ്ടായിരുന്നെങ്കിൽ – അവരതിനെ സംബന്ധിച്ച് ബദ്ധശ്രദ്ധരും ആയിരുന്നെങ്കിൽ – ആ ദിനം അവർക്ക് അനുഗ്രഹദായകവും സൗഭാഗ്യസുരഭിലവുമായി പരിണമിക്കുമായിരുന്നു. അവരതിനെ വന്നുകിട്ടിയ വിലപ്പെട്ട വരമായി ഗണിക്കുമായിരുന്നു.

ജുമുഅ യേക്കാളും ഈദുകളേക്കാളും ഉൽകൃഷ്ടമായ ആ അനുഗ്രഹീത സുദിനം ഏതാണെന്ന് നിങ്ങൾക്കറിയുമോ? ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം;

ഈദുകളേക്കാൾ ഉൽകൃഷ്ടവും അവയെക്കാളൊക്കെ ഉന്നതവുമായ ദിനം മനുഷ്യന്റെ പശ്ചാത്താപത്തിന്റെ ദിനമാകുന്നു.’ എന്തുകൊണ്ട്? മനുഷ്യനെ നരകത്തിന്റെ വക്കിലേക്ക് നയിച്ചുകൊണ്ടിരുന്ന കർമ്മപരിണിതികളിൽനിന്ന് ശുദ്ധീകരിക്കപ്പെടുകയും പാപപൊറുതി ലഭിക്കുകയും ചെയ്യുന്ന സുദിനമാണത്. പ്രസ്തുത കർമ്മപരിണിതികൾ ഉള്ളിന്റെയുള്ളിൽ അവനെ ദൈവകോപത്തിലേക്ക് തള്ളിവിടുകയായിരുന്നു. യഥാർത്ഥത്തിൽ, മർത്യനെ സംബന്ധിച്ച് ഇതിനേക്കാൾ സന്തോഷപ്രദവും പെരുന്നാൾ സമാനവുമായ മറ്റേത് സുദിനമാണുള്ളത്.

(മൽഫൂദാത്ത് വാള്യം 4)