ദർസ് 105 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 2)

..അനന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുക. അതോടൊപ്പം തന്നെ നിങ്ങളുടെ ഹൃദയത്തിലെ പരിശുദ്ധമായ ഉദ്ദേശ്യങ്ങളും പവിത്ര വിചാരങ്ങളും പാവന വികാരങ്ങളും സംശുദ്ധമായ അഭിലാഷങ്ങളും നിങ്ങളുടെ മുഴുവൻ ഇന്ദ്രിയങ്ങളിലൂടെയും അവയവങ്ങളിലൂടെയും പ്രത്യക്ഷീഭവിക്കുകയും പരിപൂർത്തിയിലെത്തുകയും ചെയ്യുമാറാകുന്നതിനായി അല്ലാഹുവിനോട് സർവ്വദാ ശക്തിയും സ്ഥൈര്യവും കേണപേക്ഷിച്ചുകൊണ്ടിരിക്കുവിൻ. തന്മൂലം നിങ്ങളുടെ സുകൃതങ്ങൾ അതിന്റെ ഏറ്റവും ഔന്നത്യഘട്ടം പ്രാപിക്കുമാറാകട്ടെ. എന്തെന്നാൽ ഹൃദയത്തിൽനിന്നുത്ഭവിക്കുന്ന കാര്യങ്ങൾ ഹൃദയാന്തരംഗത്തുതന്നെ ഒതുങ്ങിപ്പോയെങ്കിൽ അത് നിങ്ങളെ ഒരു സ്ഥാനത്തേക്കും എത്തിക്കുകയില്ല. അല്ലാഹുവിന്‍റെ മഹത്വം തങ്ങളുടെ ഹൃദയങ്ങളിൽ കുടിയിരുത്തുവിൻ. അവന്‍റെ ശക്തിപ്രഭാവത്തെ തങ്ങളുടെ കണ്മുന്നിൽ സൂക്ഷിക്കുവിൻ.

ഓർമിച്ചുകൊൾക! വിശുദ്ധ ഖുർആനിൽ അഞ്ഞൂറോളം കൽപനകളുണ്ട്. അവൻ നിങ്ങളുടെ എല്ലാ ഓരോ ശക്തിയും അവയവവും അവസ്ഥയും പ്രായവും ഗ്രാഹ്യശക്തിയും പ്രകൃതവും കാർമ്മികനിലയും പരിഗണിച്ചുകൊണ്ട് അവയോരോന്നിന്റെയും സ്ഥാനത്തിനും വ്യക്തിപരവും സമൂഹപരവുമായ നിലവാരത്തിനും അനുസരിച്ച് ഒരു തേജസ്സാർന്ന വിരുന്നാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ ആ വിരുന്ന് ശ്രമത്തോടുകൂടി സ്വീകരിച്ചുകൊൾവിൻ. എത്രത്തോളം വിഭവങ്ങൾ നിങ്ങൾക്കായി ഉണ്ടാക്കിയിട്ടുണ്ടോ അവ പൂർണ്ണമായും ഭക്ഷിക്കുകയും അവയെല്ലാത്തിന്‍റേയും പ്രയോജനം കരസ്ഥമാക്കുകയും ചെയ്യുവിൻ. ഏതൊരുവനാണോ ഈ സമസ്ത കല്പനകളിൽ നിന്ന് ഒന്നുപോലും തള്ളിക്കളയുന്നത്, ഞാൻ സത്യം സത്യമായും പറയുന്നു, അവൻ കണക്കെടുപ്പ് നാളിൽ വിചാരണക്ക് വിധേയനാകുന്നതാണ്.

നീ മോക്ഷം ആഗ്രഹിക്കുന്നുവെങ്കിൽ ‘ദീനുൽ അജായിസ്’  (അഥവാ കണ്ണുകളടച്ചുകൊണ്ട് നിഷ്കപടതയോടെ എല്ലാം അനുസരിക്കുന്ന വൃദ്ധകളുടെ മതം) സ്വീകരിക്കുകയും ഒരു ദരിദ്രനെ പോലെ വിശുദ്ധ ഖുർആന്‍റെ നുകം കഴുത്തിൻ മേൽ വെക്കുകയും ചെയ്യുക. (അതായത് പൂർണ്ണമായും ഖുർആന്‍റെ കല്പനകൾക്ക് മുന്നിൽ നമ്രശിരസ്കനായിത്തീരുക) എന്തെന്നാൽ ആജ്ഞാലംഘകൻ നാശമടയുകയും ദുരഹങ്കാരി നരകത്തിൽ പതിക്കുകയും ചെയ്യുന്നതാണ്. ദരിദ്രഭാവത്തോടെ തന്‍റെ ശിരസ്സ് കുനിക്കുന്നവനാരോ അവൻ മരണത്തിൽനിന്ന് രക്ഷപ്പെടും! ഐഹിക ക്ഷേമത്തെ മുൻനിർത്തി അല്ലാഹുവിനെ ആരാധിക്കാതിരിക്കുക. എന്തെന്നാൽ അത്തരം ചിന്താഗതിക്കാർക്ക് മുന്നിൽ പടുകുഴി കാത്തിരിപ്പുണ്ട്. പ്രത്യുത, അവന്‍റെ ആരാധന സ്രഷ്ടാവിനോടുള്ള തങ്ങളുടെ ഒരു കടമയെന്നോണം നിങ്ങൾ നിർവ്വഹിക്കുക. നിങ്ങളുടെ ജീവിതം തന്നെ ഒരു ആരാധനയായിത്തീരണം. നിങ്ങളുടെ സുകൃതങ്ങൾ യഥാർത്ഥ പ്രേമഭാജനവും ഔദാര്യമുടയവനുമായ അല്ലാഹു സംപ്രീതനാകണമെന്ന ഉദ്ദേശ്യത്തോടെ മാത്രം ആയിരിക്കണം. കാരണം ഇതിൽകുറഞ്ഞുള്ള ഏതു ചിന്താഗതിയും അബദ്ധം പിണയാനുള്ള സ്ഥാനമാകുന്നു. ദൈവസായൂജ്യമാണ് ഏറ്റവും മഹത്തായ സമ്പാദ്യം; അത് കരസ്ഥമാക്കാൻ മുസീബത്തുകൾക്കു വേണ്ടി ഒരുങ്ങീടുവിൻ! ദൈവോപലബ്ധിയാകുന്നു ഏറ്റവും മഹത്തായ അഭിലാഷം. അതു പൂവണിയുവാൻ പ്രാണൻ പരിത്യജിക്കുവിൻ!

പ്രിയപ്പെട്ടവരേ, അല്ലാഹുവിന്റെ കല്പനകളെ യാതൊരു വിലയുമില്ലാത്ത രീതിയിൽ നോക്കാതിരിക്കുക. ഇക്കാലത്തെ തത്ത്വചിന്തകളുടെ വിഷം നിങ്ങളിൽ സ്വാധീനം ചെലുത്താതിരിക്കട്ടെ! ഒരു കൊച്ചുകുട്ടിയെ പോലെ ആയിത്തീർന്നുകൊണ്ട് അവന്‍റെ കല്പനകൾക്കു കീഴിൽ നടന്നുകൊൾവിൻ! നമസ്കരിക്കുവിൻ! നമസ്കരിക്കുവിൻ! എന്തെന്നാൽ നമസ്ക്കാരം സർവ്വവിധ സൗഭാഗ്യങ്ങളുടേയും താക്കോലാകുന്നു. നീ നമസ്ക്കാരത്തിനായി നിൽക്കുമ്പോൾ ഒരു ഉപചാരം പോലെ നിൽക്കാതിരിക്കുക. പ്രത്യുത നമസ്ക്കാരത്തിനു മുമ്പ് ഏതുവിധം ബാഹ്യ അംഗവിശുദ്ധി (വുദു) വരുത്തുന്നുവോ അതേവിധം ഒരു ആന്തരിക അംഗവിശുദ്ധിയും വരുത്തിക്കൊണ്ട് തങ്ങളുടെ ഇന്ദ്രിയങ്ങളെ ദൈവേതര ചിന്തകളിൽനിന്ന് കഴുകി വൃത്തിയാക്കുക! അനന്തരം ആ രണ്ട് അംഗവിശുദ്ധികളോടും കൂടി നമസ്ക്കാരത്തിൽ നിൽക്കുമ്പോൾ ധാരാളമായി ദുആ ചെയ്യുന്നതും തേങ്ങിത്തേങ്ങിക്കരയുന്നതും ഒരു നിത്യശീലമാക്കുവിൻ! തന്മൂലം നിങ്ങളിൽ കരുണ ചൊരിയപ്പെടുമാറാകട്ടെ.

(ഇസാലെ ഔഹാം)