ദർസ് 104 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 1)

ഓ എന്‍റെ ജമാഅത്തിൽ ബയ്അത്ത് ചെയ്ത് പ്രവേശിച്ചിരിക്കുന്ന എന്‍റെ മിത്രങ്ങളേ, അല്ലാഹു എനിക്കും നിങ്ങൾക്കും അവൻ സന്തോഷിക്കുന്ന സൽക്കർമങ്ങൾ ചെയ്യാൻ സൗഭാഗ്യമരുളുമാറാകട്ടെ. ഇന്ന് നിങ്ങളുടെ ആൾബലം തുച്ഛമാണ്. നിങ്ങൾ പുച്ഛത്തോടെ വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് പണ്ടുകാലം തൊട്ടേ നടന്നുവരുന്ന അല്ലാഹുവിന്‍റെ അതേ നടപടിക്രമമനുസരിച്ചുള്ള ഒരു പരീക്ഷണഘട്ടമാകുന്നു. നിങ്ങളെ ചതിക്കുഴിയിൽ വീഴ്ത്താൻ നാനാഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകുന്നതാണ്. എല്ലാവിധത്തിലും നിങ്ങൾ ദ്രോഹിക്കപ്പെടും. പലതരത്തിലുള്ള (ഉപദ്രവ)വാക്കുകളും നിങ്ങൾക്ക് കേൾക്കേണ്ടി വരും. താൻ ഇസ്‌ലാമിനുവേണ്ടി മഹത്തായ സേവനമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് നാവുകൊണ്ടും കൈകൾകൊണ്ടും ദുഃഖമേൽപിക്കുന്ന ഓരോരുത്തനും ധരിക്കും. നിങ്ങൾ സർവ്വവിധേനയും പരീക്ഷിക്കപ്പെടുന്നതിനു വേണ്ടി, ആകാശത്തുനിന്നുള്ള ചില ക്ഷമപരിശോധനകളും നിങ്ങൾക്ക് നേരിടേണ്ടിവരും. അതുകൊണ്ട് ഇപ്പോൾ നിങ്ങൾ (എന്‍റെ ഈ വാക്കുകൾ) സശ്രദ്ധം കേൾക്കുക! അതായത്, നിങ്ങളുടെ നേട്ടത്തിന്‍റേയും വിജയത്തിന്‍റേയും മാർഗ്ഗം ഒരിക്കലും നിങ്ങളുടെ ശുഷ്ക്കിച്ച തർക്കശാസ്ത്രമോ പരിഹാസത്തിനു പകരമുള്ള പരിഹാസമോ അസഭ്യങ്ങൾക്ക് അസഭ്യങ്ങളാലുള്ള മറുപടിയോ അല്ല. കാരണം നിങ്ങളും അതേനിലപാട് സ്വീകരിക്കുമ്പോൾ നിങ്ങളുടെ ഹൃദയം കടുത്തുപോകുന്നതാണ്. നിങ്ങളിൽ വാക്കുകൾ മാത്രം അവശേഷിക്കും. അല്ലാഹു അതിനെ വെറുക്കുകയും അറുപ്പോടെ വീക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ രണ്ട്തരം ശാപങ്ങൾ ഒരുമിച്ചുകൂട്ടുന്ന രീതി അവലംബിക്കാതിരിക്കുവിൻ! ഒന്ന് അല്ലാഹുവിന്റെയും രണ്ട് അവന്റെ സൃഷ്ടികളുടെയും.

തീർച്ചയായും ഓർമ്മിച്ചുകൊൾവിൻ! ജനങ്ങളുടെ ശാപവാക്കുകൾക്കൊപ്പം അല്ലാഹുവിന്‍റെ ശാപമില്ലെങ്കിൽ അത് നിങ്ങൾക്ക് ഒരു ദോഷവും വരുത്തില്ല. അല്ലാഹു നമ്മെ നശിപ്പിച്ചുകളയാൻ ഇച്ഛിക്കാത്തിടത്തോളം ഒരാൾക്കുംതന്നെ നമ്മെ ഇല്ലായ്മ ചെയ്യാൻ സാധ്യമല്ല. എന്നാൽ, അവൻ തന്നെ നമ്മുടെ ശത്രുവായിത്തീർന്നാൽ പിന്നെ നമുക്ക് അഭയം തരാൻ മറ്റാർക്കും കഴിയില്ല. നാമെങ്ങനെ അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കും? അവൻ നമ്മുടെയൊപ്പംതന്നെ എന്നെന്നുമുണ്ടാകാൻ എന്താണ് വഴി? ഇതിന് അടിക്കടി അവനെനിക്ക് തന്നിട്ടുള്ള മറുപടി, ‘തഖ്‌വ മുഖേനയായിരിക്കും അത് സംഭവ്യമാവുക’ എന്നാകുന്നു. അതുകൊണ്ട് എന്‍റെ പ്രിയപ്പെട്ട സഹോദരന്മാരേ, ‘മുത്തഖി’ ആയിത്തീരാൻ പ്രയത്നിച്ചുകൊൾവിൻ! കർമ്മങ്ങൾ കൂടാതെയുള്ള എല്ലാ വാക്കുകളും ഫലശൂന്യമായവയത്രെ. ആത്മാർത്ഥത തീണ്ടാത്ത ഒരു കർമ്മവും സ്വീകരിക്കപ്പെടുകയുമില്ല. അതിനാൽ ഈ എല്ലാ നഷ്ടങ്ങളിൽനിന്നും രക്ഷപ്പെട്ട് അല്ലാഹുവിന്‍റെ വഴിയിൽ കാലെടുത്തുവെക്കുകയും സംയമനത്തിന്റെ സൂക്ഷമായ മാർഗ്ഗം അവലംബിക്കുകയും ചെയ്യുക. ഇതു തന്നെയെത്രെ തഖ്‌വ.

ഏറ്റവുമാദ്യം തങ്ങളുടെ ഹൃദയത്തിൽ വിനയവും പരിശുദ്ധിയും സത്യസന്ധതയും ഉണ്ടാക്കുക. ഹൃദയംകൊണ്ട് പൂർണ്ണമായും ദയാലുവും ദോഷരഹിതനും ദരിദ്രനും ആയിത്തീരുക. കാരണം എല്ലാ നന്മതിന്മകളുടേയും ബീജം ഹൃദയത്തിലാണ് ആദ്യം ഉടലെടുക്കുന്നത്. നിന്‍റെ ഹൃദയം ദൂഷ്യവിമുക്തമാണെങ്കിൽ നിന്‍റെ നാവും ദൂഷ്യവിമുക്തമായിരിക്കും. നിന്‍റെ കണ്ണും മറ്റെല്ലാ അവയവങ്ങളും അതുപോലെത്തന്നെ. പ്രകാശമായാലും അന്ധകാരമായാലും എല്ലാം ആദ്യമുത്ഭവിക്കുന്നത് ഹൃദയത്തിൽ നിന്നാണ്. പിന്നീട് പതിയെ പതിയെ ശരീരമാസകലം വ്യാപിക്കുമാറാകുന്നു. അതുകൊണ്ട് ഒരു വെറ്റില ഉപയോഗിക്കുന്നവൻ തന്‍റെ വെറ്റില കൈകൊണ്ട് തിരഞ്ഞ് കേടുവന്നഭാഗം മുറിച്ചു പുറത്തെറിയുന്നത് പോലെ നിങ്ങളും നിങ്ങളുടെ ഹൃദയം സദാസമയവും പരതിനോക്കിക്കൊണ്ടിരിക്കുക. ഹൃദയത്തിൽ ഒളിഞ്ഞിരിപ്പുള്ള വിചാരങ്ങളും മറഞ്ഞിരിക്കുന്ന ശീലങ്ങളും ഗുപ്തവികാരങ്ങളും നിഗൂഢഗുണങ്ങളും നിത്യമായി തങ്ങളുടെ കണ്മുന്നിൽ തിരഞ്ഞ് നോക്കിക്കൊണ്ടിരിക്കുവിൻ. കേടുസംഭവിച്ചതായി കാണുന്ന ചിന്തകളും ശീലങ്ങളും ഗുണങ്ങളുമെല്ലാം അരിഞ്ഞ് പുറത്തെറിഞ്ഞുകളയേണ്ടതാണ്. നിങ്ങളുടെ ഹൃദയത്തെ അവ മൊത്തമായി അശുദ്ധമാക്കുകയും ഒടുക്കം നിങ്ങൾതന്നെ അരിയപ്പെടുകയും ചെയ്യുന്ന അവസ്ഥ വന്നുഭവിക്കാതിരിക്കട്ടെ!

(ഇസാലെ ഔഹാം പേജ്‌.546-548)