ദർസ് 48 : ദുആ സ്വീകാര്യതയ്ക്കുള്ള നാല് നിബന്ധനകൾ

ദുആ സ്വീകാര്യതയ്ക്ക് നാലു നിബന്ധനകൾ അനിവാര്യമാകുന്നു. അപ്പോഴാണ് ആർക്കെങ്കിലും വേണ്ടിയുള്ള പ്രാർത്ഥന സ്വീകരിക്കപ്പെടുന്നത്.

1)  ഒന്നാമത്തെ നിബന്ധന തഖ്‌വ ഉണ്ടായിരിക്കണം എന്നതാണ്. അതായത് ദുആ ചെയ്യാൻ അഭ്യർത്ഥിക്കപ്പെടുന്ന വ്യക്തി അഥവാ പ്രാർത്ഥിക്കുന്നയാൾ മുത്തഖി ആയിരിക്കണം. തഖ്‌വ അതിന്റെ ഏറ്റവും ശ്രേഷ്ഠമായതും ഒന്നും വിട്ടുകളയാത്തതുമായ നിലയിൽ കാണപ്പെട്ടിരുന്നത് ഹദ്റത്ത് റസൂൽ കരീം (സ) തിരുമേനിയിലായിരുന്നു. അതായിരുന്നു സമ്പൂർണ്ണമായ തഖ്‌വ. ചുമരിൽ പിടിപ്പിക്കപെട്ട മരക്കഷണം മരത്തിന്റെ ഭാഗമായി അതിനോടൊട്ടി നിൽക്കുന്നപോലെ മനുഷ്യൻ ദാസത്വനിലയെ ത്യജിച്ചുകൊണ്ട് ആരാധ്യന്റെ സത്തയിലേക്ക് – അവന്റേയും ദൈവത്തിന്റെയും ഇടയിൽ ഒരു വസ്തുവും തടസ്സമായി ഉണ്ടാകാത്തവിധം – വിലയം ചെയ്യുന്ന പ്രക്രിയയാകുന്നു തഖ്‌വ.

കാര്യങ്ങൾ മൂന്ന് വിധത്തിലാണുള്ളത്. ഒന്നാമത്തേത് സുനിശ്ചിതവും ദൃഢവുമായ ജ്ഞാനമുള്ള കാര്യങ്ങളാണ്. ബാഹ്യമായി നോക്കുമ്പോൾ തന്നെ നല്ലതാണോ ചീത്തയാണോ എന്ന് (വ്യക്തമായി) അറിയാവുന്നത്. രണ്ടാമത്തേത് വീക്ഷണപരമായി ജ്ഞാനമുള്ള കാര്യമാണ്. അത്ര ഉറപ്പില്ലാത്തതും എന്നാലും വീക്ഷണത്തിൽ തെറ്റാണോ ശരിയാണോ എന്ന് അറിയാവുന്നതും. മൂന്നാമത്തേത് സംശയാസ്പദമായ കാര്യങ്ങളാണ്. ഇന്ന കാര്യം ഒരുപക്ഷേ തെറ്റായിരിക്കാമെന്ന ശങ്ക ഉണ്ടാകുന്നു. മുത്തഖി ഈ സന്ദേഹവും സംശയവുമുള്ള കാര്യങ്ങളിൽ നിന്നുപോലും വിട്ടുനിൽക്കുകയും ഈ മൂന്ന് ഘട്ടങ്ങളും പൂർത്തിയാക്കുന്നയാളുമായിരിക്കും. ഹദ്റത്ത് ഉമർ (റ) ന്റെ ഖൗലുണ്ട്, ഊഹത്തിൽനിന്നും സംശയത്തിൽനിന്നും വിട്ട് നിൽക്കാൻ നാം പത്ത് കാര്യങ്ങളിൽനിന്ന് ഒമ്പത് കാര്യങ്ങളും ഉപേക്ഷിക്കുന്നതാണ്. ശങ്കയുടെ സകല വാതിലുകളും കൊട്ടിയടക്കേണ്ടതുണ്ട്.

നോക്കുക, നമ്മുടെ ശത്രുക്കൾ എത്രമാത്രം ദൈവസഹായങ്ങളും ദൃഷ്ടാന്തങ്ങളും നേരിൽ ദർശിച്ചിരിക്കുന്നു. അവരിൽ തഖ്‌വയുണ്ടായിരുന്നെങ്കിൽ ഒരിക്കലും സത്യനിരാസം പ്രകടിപ്പിക്കില്ലായിരുന്നു. ഒരു കരീം ബക്ഷ് എന്നയാളുടെ സാക്ഷ്യം തന്നെ നോക്കുക, അയാൾ വാർദ്ധക്യത്തിൽ മരണശയ്യയിലായിരുന്നപ്പോൾ കരഞ്ഞുകൊണ്ട് സാക്ഷ്യം വഹിച്ചു, ‘ദൈവപ്രേഷിതനായ ഒരു ഗുലാബ്ഷാ എന്ന വ്യക്തി കാലേകൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, ‘ഈസാനബി ഖാദിയാനിൽ ജനിക്കും; അദ്ദേഹം ലുധിയാനയിൽ വരും; മൗലവിമാർ അദ്ദേഹത്തെ എതിർക്കുന്നത് നീ കാണും; അദ്ദേഹത്തിന്റെ പേര് ഗുലാം അഹ്മദ് എന്നായിരിക്കും;’ എന്നൊക്കെ.’ നോക്കുക എത്ര വ്യക്തമായിട്ടുള്ള പ്രവചനമാണ് ആ ദൈവപ്രേഷിതൻ ചെയ്തത്. അത് സാക്ഷ്യം വഹിച്ച കരീം ബക്ഷിന്റെ നമസ്കാരത്തിലും നോമ്പിലുമുള്ള നിഷ്ഠയും സത്യസന്ധതയും – ഇസാലെ ഔഹാമിൽ വിശദീകരിച്ച് നൽകിയപ്രകാരം – നൂറുകണക്കിനു ആൾക്കാർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ ഈ സാക്ഷ്യങ്ങളെ വ്യാജപ്പെടുത്തുക എന്നത് തഖ്‌വക്ക് നിരക്കുന്ന പ്രവൃത്തിയാണോ?

തഖ്‌വയുടെ വിഷയത്തിൽ ഞാൻ അല്പം കവിതാശകലം എഴുതുകയായിരുന്നപ്പോൾ അതിൽ (ഒരു വരി എഴുതി അടുത്ത)വരി വെളിപാടിലൂടെ എഴുതപ്പെട്ടു. ആ കവിതാശകലം ഇപ്രകാരമാണ്;

“ഹറേക് നേകീ കി ജഡ് യെ ഇത്തിഖാ ഹെ
അഗർ യെ ജഡ് രഹീ സബ്കുച് റഹാഹേ”

(‘വേരാണ് സകല സൽക്കർമ്മങ്ങൾക്കും തഖ്‌വ!
വേരിതൊന്നുണ്ടെങ്കിൽ സർവ്വമായി’)

ഇതിൽ രണ്ടാമത്തെ വരി ഇൽഹാമാകുന്നു. എവിടെ തഖ്‌വയില്ലയോ അവിടെ നന്മ നന്മയല്ല; ഒരു സുകൃതവും സുകൃതമാകുന്നില്ല. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നത് ‘ഹുദല്ലിൽ മുത്തഖീൻ’ എന്നാണ്. തഖ്‌വ സ്വായത്തമാക്കുന്നവരാരോ അവർക്കാണ് ഖുർആൻ മാർഗ്ഗദർശനമാകുന്നത്. പ്രാരംഭത്തിൽ വിശുദ്ധ ഖുർആനിലേക്ക് നോക്കുന്നവരുടെ തഖ്‌വ എന്തായിരിക്കണമെന്നാൽ, അജ്ഞതയും അസൂയയും ലുബ്ധും കൊണ്ട് വിശുദ്ധ ഖുർആനെ വീക്ഷിക്കാതിരിക്കുക, പ്രത്യുത ഹൃത്തടത്തിലെ പ്രകാശത്തിന്റെ തഖ്‌വയോടും സത്യസന്ധമായ ഉദ്ദേശ്യത്തോടും കൂടി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക എന്നതാണ്.

2) രണ്ടാമത്തെ ദുആ സ്വീകാര്യതയ്ക്കുള്ള നിബന്ധന ആർക്കുവേണ്ടിയാണോ ദുആ ചെയ്യുന്നത് അയാൾക്കുവേണ്ടി ഹൃദയത്തിൽ ഒരു വേദനയുണ്ടായിരിക്കണം എന്നതാണ്.
أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ
(വീർപ്പുമുട്ടി പ്രാർഥിക്കുമ്പോൾ ഉത്തരം നൽകുന്നവൻ… അന്നംല് 63)

3) മൂന്നാമത്തെ നിബന്ധന പരമ പരിശുദ്ധമായ സന്ദർഭം കൈവരലാണ്. ഇത് ദാസന്റെയും നാഥന്റെയും ഇടയിൽ യാതൊന്നും തടസ്സമായി വരാത്ത സമയമത്രെ. വിശുദ്ധ ഖുർആനിൽ ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമാണെന്ന് വിശേഷിപ്പിച്ച ‘ലൈലത്തുൽ ഖദറിനെ’ കുറിച്ച് വിവരിച്ചിട്ടുണ്ട്. ഇവിടെ ‘ലൈലത്തുൽ ഖദറിനു’ മൂന്ന് അർത്ഥങ്ങളുണ്ട്. ഒന്ന് റമദാനിലെ ‘ലൈലത്തുൽ ഖദർ’ ഉണ്ടാകുന്ന രാത്രി. രണ്ട് റസൂലുല്ലാഹ് (സ) തിരുമേനിയുടെ കാലഘട്ടവും ഒരു ‘ലൈലത്തുൽ ഖദർ’ ആയിരുന്നു. അതായത് കൊടിയ അജ്ഞതയും അവിശ്വാസത്തിന്റെ അന്ധതയും നിറഞ്ഞ ആ കാലഘട്ടത്തിൽ (അവിടുന്ന്) ആഗതനായി. ആ സമയത്ത് മലക്കുകളുടെ ഇറക്കമുണ്ടായി. എന്തെന്നാൽ നബിമാർ ലോകത്ത് തനിച്ചല്ല ആഗതരാകുന്നത്. മറിച്ച് നബി ചക്രവർത്തിയാകുന്നു. അദ്ദേഹത്തോടൊപ്പം കോടിക്കണക്കിനു മലക്കുകളുടെ സൈന്യവുമുണ്ടായിരിക്കുന്നതാണ്. മലക്കുകൾ അവരവരുടെ ദൗത്യങ്ങളിൽ വ്യാപൃതരാകുന്നു. അനന്തരം ജനങ്ങളുടെ ഹൃദയങ്ങളെ നന്മകളിലേക്ക് വശീകരിപ്പിക്കുന്നു. മൂന്നാമത്തെ അർത്ഥം ലൈലത്തുൽ ഖദർ മനുഷ്യനുള്ള അവന്റെ സുവ്യക്തവും പരിശുദ്ധവുമായ മുഹൂർത്തമാകുന്നു. പിന്നിടുന്ന സമയങ്ങളെല്ലാം ഒരേപോലെ ആയിരിക്കില്ല. ചില സന്ദർഭങ്ങളിൽ നബികരീം(സ) തിരുമേനി ആയിശ (റ) യോട് പറയുമായിരുന്നു, അല്ലയോ ആയിശാ, എനിക്ക് സമാധാനവും സന്തോഷവും എത്തിച്ചുതന്നാലും! ചില സന്ദർഭങ്ങളിൽ അവിടുന്ന് പൂർണ്ണമായും ദുആകളിൽ മുഴുകുമായിരുന്നു.
എത്രത്തോളം മനുഷ്യൻ ദൈവത്തിന് സമീപസ്ഥനാകുന്നുവോ അത്രത്തോളം ഈ മുഹൂർത്തങ്ങൾ ധാരാളം കരഗതമായിക്കൊണ്ടിരിക്കുന്നു.

4) നാലാമത്തെ നിബന്ധന പ്രാർത്ഥനയുടെ പൂർണ്ണ കാലാവധി – സ്വപ്നമോ വഹിയോ മുഖേന അല്ലാഹു വിവരം തരുവോളം – എത്തണമെന്നതാണ്. അനുരാഗവും ആത്മാർത്ഥതയുമുള്ളവർക്ക് തിടുക്കവും ധൃതിയും പാടുള്ളതല്ല. മറിച്ച് ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്.

(അൽഹഖം  31 ആഗസ്ത് 1901)