ദർസ് 81 : സൂറഃ ഫാത്തിഹയിൽ അടങ്ങിയിട്ടുള്ള മൂന്ന് പ്രാർത്ഥനകൾ

ഹദ്റത്ത് നബികരിം (സ) തിരുമേനിയെ കുറിച്ച് പ്രതിപാദ്യമുള്ള ഒരു ആയത്തിൽ മസീഹ് മൗഊദിനു വേണ്ടിയുള്ള തെളിവും സാക്ഷ്യവും കൂടി ഉൾകൊണ്ടിരിക്കുന്ന രീതിയിലാണ് തിരുവചനങ്ങളായ വിശുദ്ധ ഖുർആനിലെ വാക്യ ശൈലീവിശേഷണങ്ങൾ വന്നിട്ടുള്ളത്. ‘ഹുവല്ലദീ അർസല റസൂലഹൂ ബിൽഹുദാ’ എന്ന ആയത്തിൽനിന്നും (സ്പഷ്ടമാകുന്ന വ്യാഖ്യാനം) അതിനുദാഹരണമാണ്. ഇവിടെ ‘റസൂൽ’ എന്ന പ്രയോഗത്തിൽ ഹദ്റത്ത് നബികരിം (സ) തിരുമേനിയും മസീഹും ഉദ്ദിഷ്ടമാക്കപ്പെട്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, വിശുദ്ധ ഖുർആനിൽ അവസാനത്തിലുള്ള “തബ്ബത്ത് യദാ അബീലഹബിൻ ആയത്ത് ഖുർആന്റെ ആരംഭത്തിലുള്ള ‘മഗ്ദൂബി അലൈഹിം’ എന്നതിന്റെ വ്യാഖ്യാനമാകുന്നു. തുടർന്ന് സൂറഃ ഫാതിഹയിലെ ‘വലദ്ദ്വാല്ലീൻ’ ന്റെ വ്യാഖ്യാനമെന്നോണമുള്ളത് തബ്ബത്തിനു ശേഷമുള്ള സൂറ: ‘ഇഖ്‌ലാസ്’ ആകുന്നു. ഞാൻ പ്രസാതാവിച്ചുകഴിഞ്ഞിട്ടുണ്ട്, സൂറഃ ഫാത്തിഹയിൽ മൂന്ന് പ്രാർത്ഥനകൾ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.

ഒന്ന്) ഒന്നാമത്തെ പ്രാർത്ഥനയിതാണ്: ‘അല്ലാഹുവേ തിരുസ്വഹാബത്തിന്‍റെ ജമാഅത്തേതോ അതിൽ (ഞങ്ങളെ) നീ ഉൾപ്പെടുത്തേണമേ! അനന്തരം, വിശുദ്ധ ഖുർആനിൽ  ‘ആഖരീന മിൻഹും ലമ്മാ യൽഹഖൂ ബിഹിം’ എന്ന് പ്രസ്താവിക്കപ്പെട്ട മസീഹ് മൗഊദിന്‍റെ ജമാഅത്തിൽ ഉൾപ്പെടുത്താനുള്ള പ്രാർത്ഥനയാണ്. ചുരുക്കത്തിൽ, ഇസ്‌ലാമിൽ ‘മുൻഇം അലൈഹി’ ജമാഅത്തുകൾ (അനുഗ്രഹത്തിനു പാത്രീഭൂതരായ വിഭാഗങ്ങൾ) ഈ രണ്ടു ജമാഅത്തുകൾ മാത്രമാകുന്നു. ‘സിറാത്തല്ലദീന അൻഅംത്ത അലൈഹിം’ എന്ന ആയത്തിലും അതിലേക്ക് തന്നെയാണ് വെളിച്ചം വീശിയിരിക്കുന്നത്. എന്തെന്നാൽ വിശുദ്ധ ഖുർആൻ മുഴുവനായും പാരായണം ചെയ്തുനോക്കുക! (അനുഗ്രത്തിന് പാത്രീഭൂതരായ) രണ്ടേരണ്ട് ജമാഅത്തുകളാണുള്ളത്. ഒന്നാമത്തേത് സ്വഹാബാക്കൾ (റിദ്..) അടങ്ങിയ ജമാഅത്തും രണ്ടാമത്തേത് സ്വഹാബാക്കളുടെ തന്നെ വർണ്ണത്താൽ വിഭൂഷിതരായ ‘വ ആഖരീന മിൻഹും’ എന്ന മസീഹ് മൗഊദിന്‍റെ ജമാഅത്തും ആകുന്നു.

ആയതിനാൽ നിങ്ങൾ നമസ്കാരത്തിലോ അല്ലാതെയോ ‘ഇഹ്ദിനസ്സിറാത്തൽ മുസ്ത്ഖീം സിറാത്തല്ലസീന അൻഅംത അലൈഹിം’ എന്ന പ്രാർത്ഥനാവചനം ഉരുവിടുമ്പോൾ
ഞങ്ങൾ അന്വേഷിക്കുന്നത് സഹാബാക്കളുടെയും മസീഹ് മൗഊദിന്‍റെ ജമാഅത്തിന്റെയും മാർഗ്ഗമാണെന്ന ഉത്തമബോധ്യം ഹൃദയത്തിൽ ഉണ്ടായിരിക്കണം. ഇതാകുന്നു സൂറഃ ഫാത്തിഹയിലെ ആദ്യത്തെ പ്രാർത്ഥന.

രണ്ട്) രണ്ടാമത്തെ പ്രാർത്ഥന ‘ഗൈരില്‍ മഗ്ദൂബി അലൈഹിം’ ആകുന്നു. ഇവിടെ മസീഹ് മൗഊദിനെ ദ്രോഹിക്കുന്ന കൂട്ടരാണ് വിവക്ഷ. ഈ പ്രാർത്ഥനക്കുള്ള (ഉത്തരമെന്നോണം) മറുവശം വിശുദ്ധ ഖുർആന്‍റെ അവസാനത്തിൽ സൂറഃ ‘തബ്ബത് യദാ അബീലഹബ്’ ആണുള്ളത്.

മൂന്ന്) മൂന്നാമത്തെ ദുആ ‘വലദ്ദ്വാല്ലീൻ’ ആകുന്നു. ഇതിനു മറുവശമെന്നോണം വിശുദ്ധ ഖുർആനിലെ അവസാനത്തിലുള്ളത് സൂറഃ ‘ഇഖ്‌ലാസ് ‘ അഥവാ ‘ഖുൽ ഹുവല്ലാഹു അഹദ് അല്ലാഹുസ്സമദ് ലം യലിദ് വലം യൂലദ് വലം യകുല്ലഹൂ കുഫുവൻ അഹദ്’ ആകുന്നു.

അതിനെ തുടർന്നുള്ള രണ്ട് സൂറത്തുകൾ അതായത്, സൂറഃ ‘അൽഫലഖ്’, സൂറഃ ‘അന്നാസ്’ എന്നിവ സൂറഃ തബത്തിനും സൂറഃ ഇഖ്‌ലാസിനും വ്യാഖ്യാനമായിട്ടുള്ളതാകുന്നു. പ്രസ്തുത രണ്ട് സൂറത്തുകളും ആ ഇരുളടഞ്ഞ കാലഘട്ടത്തിൽ നിന്ന് അല്ലാഹുവിൽ അഭയം തേടിക്കൊണ്ടുള്ളതാണ്. അതായത്, ജനങ്ങൾ അല്ലാഹുവിന്റെ മസീഹിനു ദ്രോഹമേല്പിക്കുകയും അതുപോലെ ക്രിസ്തുമതത്തിന്‍റെ വഴികേട് ലോകത്ത് വ്യാപിക്കുകയും ചെയ്യുന്ന കാലഘട്ടമായിരിക്കും അത്. സൂറഃ ഫാത്തിഹയിൽ വന്നിരിക്കുന്ന ആ മൂന്ന് പ്രാർത്ഥനകൾക്കുള്ള അദ്ധ്യാപനം ഒരു ഉത്തമ ഉപക്രമമെന്ന നിലയിലുള്ളതാകുന്നു. അതായത്, വിശുദ്ധ ഖുർആനിലുടനീളം വിശദീകരിച്ച് പ്രതിപാദിക്കപ്പെട്ട സുപ്രധാന ലക്ഷ്യങ്ങൾ ഒരു രത്നച്ചുരുക്കമെന്നോണം സൂറഃ ഫാത്തിഹയിൽ ആരംഭമിട്ടു. അനന്തരം ഖുർആൻ ഓതി അവസാനിപ്പിക്കുമ്പോൾ സൂറഃ തബ്ബത്, സൂറഃ ഇഖ്‌ലാസ്, സൂറഃ ഫലഖ്, സൂറഃ അന്നാസ് എന്നിവയിൽ അതേ രണ്ട് വിപത്തുകളിൽ നിന്നും അല്ലാഹുവിലേക്ക് അഭയം തേടപ്പെട്ടിരിക്കുന്നു. അതായത് അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ ആരംഭവും സമാപ്തിയും അതേ രണ്ട് ദുആകളാലത്രെ കുറിക്കപ്പെട്ടിരിക്കുന്നത്.

(തുഹ്ഫയെ ഗോൾഡവിയ പേ. 218)