ദർസ് 99 : സുകൃതങ്ങൾ പ്രതിഫലകാംക്ഷയോടെയാകരുത്.

ഓർമ്മിച്ചുകൊൾവിൻ! പ്രതിഫലവും വേതനവും പ്രതീക്ഷിച്ചുകൊണ്ട് ഒരു സുകൃതവും ചെയ്യരുത്. കാരണം, അതാണുദ്ദേശ്യമെങ്കിൽ ‘ابْتِغَاءَ مَرْضَاتِ اللَّـه‘ (അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിക്കൽ) എന്നത് സംഭവ്യമാകുന്നില്ല. പ്രത്യുത ആ പ്രതിഫലത്തിനു വേണ്ടി മാത്രമുള്ളതായിരിക്കും അത്. അങ്ങനെവരുമ്പോൾ മനുഷ്യൻ പ്രതിഫലം കിട്ടാത്ത ഏതെങ്കിലും ഘട്ടത്തിൽ അല്ലാഹുവിനെ ഉപേക്ഷിച്ചേക്കാം. ഉദാഹരണത്തിനു, ഒരു വ്യക്തി പതിവായി നമ്മെ സന്ദർശിക്കുകയും ഒരു രൂപ മുടങ്ങാതെ നാമവന്ന് നൽകിക്കൊണ്ടിരിക്കുകയുമാണെങ്കിൽ അവൻ തന്‍റെ ആ സന്ദർശനം പണം നേടാനാണെന്ന് സ്വയം കരുതാൻ തുടങ്ങും. എന്ന് പണം ലഭിക്കുന്നത് മുടങ്ങുന്നുവോ അന്നുമുതൽ അവന്റെ വരവും നിൽക്കും. ചുരുക്കത്തിൽ, ഇതുപോലുള്ള (പ്രതിഫലകാംക്ഷ) ഒരു സൂക്ഷമമായ ശിർക്കാകുന്നു. ഇതിൽ നിന്നു രക്ഷപ്പെടേണ്ടതാണ്. സൽക്കർമ്മങ്ങൾ കേവലം അല്ലാഹുവിനെഅവന്‍റെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രം ചെയ്യുക. അതിനു പാരിതോഷികമോ പ്രതിഫലമോ ഉണ്ടെന്ന് നോക്കാതെ അവന്‍റെ തൃപ്തിയാർജിക്കലും ആജ്ഞാനുവർത്തിത്വവും മാത്രം ലക്ഷ്യം വെക്കുക.

(എഡിറ്റർ അടിയിൽ ഒരു നോട്ട് നൽകിക്കൊണ്ട് എഴുതുന്നു:)

ഹദ്‌റത്ത് മസീഹ് മൌഊദ്(അ) ഒരിക്കൽ ഇപ്രകാരം അരുൾ ചെയ്തിട്ടുണ്ട്,
“നിറവേറ്റാൻ അല്ലാഹു എനിക്ക് നൽകിയിട്ടുള്ള ദൗത്യങ്ങളുടെ കൽപ്പനകൾക്കൊപ്പം തന്നെ, നീ ഇക്കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ നിനക്ക് കടുത്ത ശിക്ഷകൂടി ഞാൻ നൽകുന്നതാണെന്ന് എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് വന്നാൽ പോലും അവന്‍റെ ദൗത്യങ്ങൾ നിറവേറ്റുന്നത് ഉപേക്ഷിച്ചുകളയാനുള്ള പതർച്ച എന്‍റെ അത്മാവിനുണ്ടായിരിക്കുമെന്ന് ഞാൻ കാണുന്നില്ല. എന്തുകൊണ്ടെന്നാൽ കേവലം ശിക്ഷയോ പ്രതിഫലമോ എന്‍റെ പ്രവൃത്തികളെ ബാധിക്കുകയേ ഇല്ല. എനിക്ക് അല്ലാഹു പ്രകൃത്യാ ഒരു ആവേശം തന്നരുളിയിരിക്കുന്നു. അത് അവന്‍റെ ദൗത്യങ്ങളുടെ പൂർത്തീകരികരണത്തിനായി എന്നെ ഔൽസുക്യത്തോടെ മുന്നോട്ട് നയിക്കുന്നു.”
(എഡിറ്റർ നോട്ട് തീർന്നു)

ഈ ദുർബോധനവും ദുർഭാവനയും ഇടയിൽ നിന്ന് ഉയർത്തപ്പെടാത്തിടത്തോളം വിശ്വാസം പൂർണ്ണമാകുന്നില്ല. അല്ലാഹു ആരുടേയും സൽക്കർമ്മം പാഴാക്കിക്കളയില്ലെന്നത് പരമാർത്ഥം തന്നെയാണ്.
ٌ ۚ إِنَّ اللَّـهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ
(നിശ്ചയമായും അല്ലാഹു സുകൃതവാന്മാരുടെ പ്രതിഫലം പാഴാക്കുന്നില്ല തൗബ 120)
എന്നാൽ സൽക്കർമ്മം അനുഷ്ഠിക്കുന്നവൻ അത് ചെയ്യുന്നത്  പ്രതിഫലത്തെ മുൻനിർത്തിയായിരിക്കരുത്. നോക്കുക, ഇവിടെ വരുന്ന ഓരോ അതിഥിയും ഇവിടെ നല്ല വിശ്രമവും തണുത്ത ശർബത്തും വിഭവസമൃദ്ധമായ ഭക്ഷണവും ലഭിക്കും എന്നൊക്കെയുള്ള ഉദ്ദേശ്യത്തോടെയാണ് വരുന്നതെങ്കിൽ അത് അക്കാര്യങ്ങൾക്ക് മാത്രമായുള്ള വരവുപോലെയാണ്. അതേസമയം, ഒരു കുറവും വരുത്താതെ പരമാവധി അവനുവേണ്ടി ആതിഥ്യമര്യാദ കാണിക്കുകയും അവനു വിശ്രമം നൽകുകയും ചെയ്യുകയെന്നത് ആതിഥേയന്‍റെ കടമയാണ്. അതവൻ ഉത്തമമായി നിർവ്വഹിക്കുകയും ചെയ്യുന്നു. എന്നാൽ അതിഥിതന്നെ ഇക്കാര്യങ്ങളെയൊക്കെ കുറിച്ച് സ്വയം ചിന്തിക്കുകയാണെങ്കിൽ അതവന് നഷ്ടമാണ് വരുത്തുക.

ചുരുക്കത്തിൽ, സന്താനലബ്ധിക്കുള്ള അഭിലാഷം കേവലം സുകൃതത്തിന്റെ തത്വത്തിലധിഷ്ഠിതമായിരിക്കണം. തന്‍റെ അപരാധങ്ങളുടെ പിന്തുടർച്ചക്കാരനായി ഒരു ഖലീഫ ശേഷിക്കണമെന്ന പരിഗണയിലോ ധാരണയിലോ ആകരുത്. എനിക്കൊരിക്കലും സന്താനങ്ങൾക്കുള്ള ആഗ്രഹമുണ്ടായിട്ടില്ലെന്ന് അല്ലാഹുവിനു നല്ലവണ്ണമറിയാം. എന്നിരിന്നിട്ടും അല്ലാഹു തആല എനിക്ക് പതിനഞ്ചോ പതിനാറോ വയസ്സിനിടയിൽതന്നെ സന്താനങ്ങൾ തന്നരുളിയിരുന്നു. ഈ സുൽത്താനഹ്‌മദ് ഫസിൽ അഹ്‌മദ് എന്നിവർ ഏകദേശം ആ പ്രായത്തിൽ ജനിച്ചവരാണ്. അവർ വലിയ വലിയ ഭൗതികനേട്ടം വരിച്ചവരാകണമെന്നും അതിന്‍റെ ഉന്നത സ്ഥാനങ്ങളിൽ ചെന്ന് നിയമിതരാകണമെന്നും എനിക്കൊരിക്കലും ആഗ്രഹമുണ്ടായിരുന്നില്ല.

(മൽഫൂദാത്ത് വാ.2, പേ.371 & 372)