[ആര്യസമാജക്കാരുടെ ഇസ്‌ലാമിനെതിരിലുള്ള അധമമായ നിരവധി ആക്ഷേപങ്ങള്‍ക്ക് മറുപടിയെന്നോണം രചിക്കപ്പെട്ട ബൃഹത് ഗ്രന്ഥമായ ‘ചശ്മയെ മഅ്‌രിഫ’യില്‍ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ആക്ഷേപത്തിനു വാഗ്ദത്ത മസീഹ്(അ) നല്‍കിയ മറുപടിയില്‍ നിന്ന്:]
അധമനായവന്‍റെ അകത്തളങ്ങളില്‍ അവിശുദ്ധി നിലകൊള്ളുന്നതിനാല്‍ അവരുടെ ആക്ഷേപങ്ങളും അധമചേഷ്ടകളില്‍ അധിഷ്ഠിതമായതായിരിക്കും. ഒരു വ്യക്തി എന്തെല്ലാം അവസ്ഥകൾ പിന്നിട്ടും ഏതെല്ലാം ബന്ധങ്ങൾ നിലനിർത്തിയുമാണ് ദൈവത്തിന്‍റെ വരിഷ്ഠരായിത്തീരുന്നതെന്ന് അവരറിയുന്നേയില്ല. അധമ പ്രകൃതനായ മനുഷ്യന്‍റെ കരങ്ങളില്‍ കേവല ദുശ്ശങ്കയെന്നോണമുള്ള ഏതാനും ആക്ഷേപങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഉദാഹരണത്തിനു, (ചോദിക്കുന്നു) ഒന്നിലധികം ഭാര്യമാരുള്ള ഇന്ന വ്യക്തി എങ്ങനെ ദൈവദൂതനായിത്തീരും? എന്നാല്‍ അതില്‍ അക്ഷന്തവ്യമായി യാതൊന്നുമില്ലെന്ന് മൂഢന്മാര്‍ അറിയുന്നില്ല. പ്രത്യുത ബഹുഭാര്യത്വം സന്താനാധിക്യത്തിന് നിദാനവും ഒരു അനുഗ്രഹ കാരണവുമാകുന്നു. ഒരു സ്ത്രീക്ക് നൂറ് ഭര്‍ത്താക്കന്മാര്‍ ഉണ്ടെങ്കില്‍ നൂറു കുട്ടികള്‍ ജനിക്കാനിടയില്ല. പക്ഷേ, നൂറു സ്ത്രീക്ക് ഒരു ഭര്‍ത്താവാണുള്ളതെങ്കില്‍ നൂറുകുട്ടികള്‍ ജനിക്കുന്നത് വിദൂരമല്ല. മനുഷ്യപരമ്പര വ്യാപിക്കുകയും ദൈവദാസന്മാർ പെരുകുകയും ചെയ്യുന്ന ഒരു മാര്‍ഗ്ഗത്തെ എങ്ങനെ നാം പഴിക്കും.
ഇത് സന്തുലിതാവസ്ഥക്ക് വിരുദ്ധമാണെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അതൊരു വ്യര്‍ഥ ധാരണയാകുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവം ഒരുത്തനെ പുരുഷനായി സൃഷ്ടിക്കുകയും അവനില്‍ കൂടുതല്‍ സന്താനങ്ങള്‍ ഉല്പാദിപ്പിക്കാനുള്ള ശേഷി പ്രദാനം ചെയ്യുകയും സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ശക്തി നല്‍കുകയും ചെയ്ത സ്ഥിതിക്ക് അല്ലാഹുതന്നെ തന്‍റെ കരങ്ങള്‍ക്കൊണ്ട് സന്തുലിതാവസ്ഥ ഭഞ്ജിച്ചിട്ടുണ്ട്. ദൈവം തന്നെ സമാനരാക്കാത്തവര്‍ എങ്ങനെ സമാനരായിത്തീരും? അവരെ സമാനരാണെന്ന് കരുതല്‍ ശുദ്ധ അസംബന്ധമായിരിക്കും.
മുമ്പും ഞാന്‍ പലതവണ എഴുതിയിട്ടുണ്ട്, ബഹുഭാര്യത്വം ഒരു സ്ത്രീയുടെ മേലുള്ള അതിക്രമമല്ല. ഉദാഹരണത്തിന്, മുന്‍ഭാര്യയുള്ള ഒരാളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീ അയാള്‍ക്ക് ഒരു ഭാര്യയുണ്ടെന്നറിഞ്ഞിട്ടും വിവാഹത്തിനു എന്തുകൊണ്ടാണ് തയ്യാറാകുന്നത്? ഭര്‍ത്താവ് കൂടുതല്‍ ഭാര്യമാരെ വേള്‍ക്കുന്നത് അവള്‍ക്ക് സ്വീകാര്യമായതുകൊണ്ടു തന്നെയായിരിക്കും അവള്‍ ആ വിവാഹത്തിനു തയ്യാറായത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ തൃപ്തരാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ആക്ഷേപിക്കാന്‍ അവിടെ എന്തവകാശം? അവകാശികള്‍ തന്നെ തങ്ങളുടെ അവകാശം പരിത്യജിക്കുമ്പോള്‍ അന്യരുടെ ആക്ഷേപങ്ങള്‍ കേവല ജല്പനങ്ങളാകുന്നു. ആദ്യത്തെ ഭാര്യയാണെങ്കില്‍ ഇസ്‌ലാമില്‍ കൂടുതല്‍ ഭാര്യമാര്‍ അനുവദനീയമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നിക്കാഹ് കഴിക്കാന്‍ തയ്യാറാകുന്നത്. എന്തുകൊണ്ട് അവര്‍ നിക്കാഹ് വേളയില്‍ തന്‍റെ ഭര്‍ത്താവ് മറ്റൊരു ഭാര്യയെ സ്വീകരിക്കരുതെന്ന നിബന്ധന ഉണ്ടാക്കുന്നില്ല? അപ്പോള്‍ അവളും മൗനത്തിലൂടെ തന്‍റെ അവകാശത്തെ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
കൂടുതല്‍ പത്നിമാരുള്ളതുകൊണ്ട് ദൈവവുമായുള്ള ബന്ധത്തിനു ഒരുതരത്തിലുള്ള തടസ്സവുമുണ്ടാകുന്നില്ലെന്ന കാര്യം കൂടി ഓര്‍ക്കേണ്ടതാണ്. ഒരാള്‍ക്ക് പതിനായിരം ഭാര്യമാരുണ്ടെങ്കിലും അവന് അല്ലാഹുവുമായി പരിശുദ്ധവും സുദൃഢവുമായ ബന്ധമുണ്ടെങ്കില്‍ ആ പതിനായിരം ഭാര്യമാരുണ്ടെന്നുള്ളത് (ആ മാര്‍ഗ്ഗത്തില്‍) ഒരു ഭംഗവും വരുത്തുന്നില്ല. മറിച്ച് മറ്റെല്ലാ ബന്ധങ്ങളും നിലനില്‍ക്കെത്തന്നെ അവയുമായി ഒരു ബന്ധവുമില്ലെന്ന ശ്രേഷ്ഠത അതുമുഖേന സ്ഥിരീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു കുതിര, ഭാരം വഹിക്കുന്ന അവസ്ഥയില്‍ നടക്കാന്‍ സാധിക്കാതിരിക്കുകയും സവാരിയോ ഭാരമോ ഇല്ലാത്ത സമയത്ത് നന്നായി ഓടിക്കാണിക്കുകയും ചെയ്യുകയാണെങ്കില്‍ ആ കുതിരയെ പിന്നെ എന്തിനുകൊള്ളും? അതുപോലെത്തന്നെ ബന്ധങ്ങളുടെ ബാധ്യതകളുണ്ടായിരിക്കേ ബന്ധരഹിതരെപ്പോലെ ജീവിക്കുന്നുവെങ്കില്‍ അവരത്രെ ധീരരായവര്‍.
പരിശുദ്ധരായവരുടെ ലൈംഗീകേച്ഛകളെ അവിശുദ്ധരുടെ കാമാസക്തികളുമായി ഒത്തുനോക്കാവതല്ല. അവിശുദ്ധര്‍ കാമവികാരങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. എന്നാല്‍ വിശുദ്ധരില്‍ ദൈവം തന്‍റെ യുക്തവും അവസരോചിതവുമായ പ്രവൃത്തിയാല്‍ സ്വയം വിഷയേച്ഛ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കേവലം രൂപത്തില്‍ പരസ്പര സാദൃശ്യമുണ്ട്. ഉദാഹരണത്തിന്, തടവുകാരും പാറാവുകാരും ജയിലില്‍ തന്നെയാണ് താമസിക്കുന്നതെങ്കിലും ഇരുവരുടെയും അവസ്ഥകള്‍ വ്യതിരിക്തങ്ങളാണ്.
വാസ്തവത്തില്‍ ഒരു മനുഷ്യന്‍റെ അല്ലാഹുവുമായിട്ടുള്ള പരിപൂര്‍ണ്ണബന്ധം സ്ഥിരീകരിക്കപ്പെടുന്നത്, അവര്‍ ബാഹ്യമായി വിവിധങ്ങളായ ബന്ധങ്ങളാല്‍ ബന്ധിതനായിത്തീരുമ്പോഴത്രെ. സഹധര്‍മിണിമാര്‍ സന്താനങ്ങള്‍, വ്യാപാരം, കൃഷി തുടങ്ങിയ അനേകം തരത്തിലുള്ള ഭാരങ്ങള്‍ അവന്‍റെ ചുമലില്‍ ഉണ്ടായിരിക്കേ അല്ലാഹുവല്ലാത്ത മറ്റാരോടും അവനു ബന്ധങ്ങളുണ്ടായിരിക്കില്ല. ഇതുതന്നെയാണ് സമ്പൂര്‍ണമനുഷ്യരുടെ അടയാളങ്ങള്‍. ഒരാള്‍ വനാന്തരങ്ങളില്‍ വസിക്കുകയും ഭാര്യാമക്കളോ മിത്രങ്ങളോ മറ്റെന്തെങ്കിലും ഉത്തരവാദിത്വങ്ങളോ, തുടങ്ങി ബന്ധങ്ങളൊന്നും അയാള്‍ക്ക് നിറവേറ്റേണ്ടതില്ലെന്നിരിക്കട്ടെ, അയാള്‍ ഭാര്യാമക്കളുടെയും സ്വത്തുക്കളുടെയും സമ്പാദ്യങ്ങളുടെയുമെല്ലാം മേല്‍ അല്ലാഹുവിനാണ് മുന്‍ഗണന നല്‍കിയതെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും. പരീക്ഷണങ്ങളന്യേ എങ്ങനെ നാം അയാളെ അംഗീകരിക്കും?
നമ്മുടെ യജമാനനും നേതാവുമായ നബി(സ) തിരുമേനി ദൈവമാര്‍ഗ്ഗത്തില്‍ പ്രാണത്യാഗം ചെയ്യേണ്ട അവസരങ്ങള്‍ വന്നപ്പോള്‍ തങ്ങള്‍ക്ക് ഭാര്യമാര്‍ ഒന്നുംതന്നെ ഇല്ലായിരുന്നു എന്നമട്ടിൽ ബന്ധരഹിതനായി കാണപ്പെട്ടു. അങ്ങ് വിവാഹം കഴിച്ചില്ലായിരുന്നുവെങ്കില്‍ അങ്ങയുടെ ഈ വൈശിഷ്ട്യം നമുക്ക് എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു? എന്നാല്‍ അവിടുന്ന് അനേകം ഭാര്യമാരെ നിക്കാഹ് കഴിക്കുകയും നൂറുകണക്കിന് പരീക്ഷണങ്ങളെ അഭിമുഖീകരിക്കുകയും ചെയ്തു. തദവസരങ്ങളിലെല്ലാം ശാരീരികാനുഭൂതികള്‍ അങ്ങയുടെ ലക്ഷ്യമല്ലായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഒരുവസ്തുവിനും അല്ലാഹുവില്‍നിന്ന് തന്നെ തടഞ്ഞുനിര്‍ത്തുവാന്‍ സാധിക്കാത്തവിധം പാതിവൃത്യത്തോടുകൂടിയുള്ള ജീവിതമായിരുന്നു അങ്ങയുടേത്.
നബിതങ്ങള്‍ (സ) തിരുമേനിയുടെ വീട്ടില്‍ പതിനൊന്ന് ആണ്‍കുട്ടികള്‍ ജനിച്ചിരുന്നെന്നും അവരെല്ലാവരും മരണപ്പെട്ടിരുന്നുവെന്നും ചരിത്രപഠിതാക്കള്‍ക്കറിയാം. അതില്‍ ഓരോ കുട്ടിയുടെ വിയോഗ വേളകളിലും അവരുമായി എനിക്ക് യാതൊരു ബന്ധവുമില്ല, ഞാന്‍ അല്ലാഹുവിന്‍റേതാണ്; അല്ലാഹുവിലേക്ക് തന്നെ തിരിച്ചുപോകുന്നവനാണ് എന്ന് അവിടുന്ന് പ്രഖ്യാപിച്ചു. തന്‍റെ കരളിന്റെ കഷണങ്ങളായ മക്കള്‍ ഓരോന്നും മരിക്കുമ്പോഴും ആ അധരങ്ങളില്‍നിന്ന് നിർഗളിച്ച വാക്ക് ഒന്നുമാത്രം, “എന്‍റെ നാഥാ, എല്ലാറ്റിനും മേല്‍ നിന്നെ ഞാന്‍ മുന്തിക്കുന്നു; ഈ മക്കളുമായിട്ടൊന്നും എനിക്ക് യാതൊരു ബന്ധവുമില്ല” അങ്ങ് തികച്ചും ലൗകികമായ ആഗ്രഹങ്ങളില്‍നിന്നും ലൈംഗിക സുഖാനുഭൂതികളില്‍നിന്നും ബന്ധവിച്ഛേദം ചെയ്തിരുന്നുവെന്നും ദൈവപന്ഥാവില്‍ സദാ തന്‍റെ ജീവന്‍ കൈപത്തിയിലേന്തി നടക്കുന്ന ആളായിരുന്നുവെന്നും ഇതില്‍നിന്നെല്ലാം സ്ഥാപിതമാകുന്നില്ലേ? ഒരിക്കല്‍ ഒരു യുദ്ധവേളയില്‍ നബിതങ്ങളുടെ ഒരു വിരല്‍തുമ്പില്‍ വാളിന്‍റെ ആഘാതമേറ്റു. രക്തം വാര്‍ന്നൊഴുകി. അന്നേരം ആ വിരലിനെ സംബോധനചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു, ‘ഓ വിരലേ! നീ എന്ത്? ദൈവമാര്‍ഗ്ഗത്തില്‍ വ്രണിതമായ കേവലമൊരു വിരല്‍ തന്നെയാണല്ലോ’ ഒരിക്കല്‍ ഹദ്റത്ത് ഉമര്‍ (റ) നബി (സ) തിരുമേനിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഗൃഹോപകരണങ്ങളൊന്നും കണ്ടില്ല. അവിടന്ന് വെറുമൊരു പായയില്‍ കിടക്കുകയാണ്. പായയുടെ പാടുകള്‍ മുതുകില്‍ പതിഞ്ഞിട്ടുണ്ട്. ഈ രംഗം കണ്ട ഹദ്റത്ത് ഉമര്‍(റ) നു കരച്ചില്‍വന്നു. അവിടന്ന് ചോദിച്ചു, ഓ ഉമര്‍ നീ എന്തിനാണ് കരയുന്നത്? മഹാനായ ഉമര്‍(റ) പറഞ്ഞു, അങ്ങയുടെ ഈ അരിഷ്ടതകള്‍ കണ്ടിട്ടാണ് എനിക്ക് കരച്ചില്‍ വന്നത്. സത്യനിഷേധികളായ കൈസറും കിസ്രയും എത്ര സുഖാനുഭൂതികളോടെയാണ് ജീവിതം കഴിച്ചുകൊണ്ടിരിക്കുന്നത്; അങ്ങ് ഈ കഷ്ടപ്പാടുകളില്‍ ജീവിതം കഴിച്ചുകൂട്ടുന്നു. അന്നേരം തിരുമേനി (സ) അരുള്‍ ചെയ്തു, ‘ഈ ലോകത്തുനിന്ന് എനിക്കെന്ത് നേടാനാണ്? ഞാന്‍ കഠിനമായ ചൂടില്‍ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന യാത്രക്കാരനെ പോലെയാണ്. നട്ടുച്ചയുടെ കഠിനത അയാളെ ശക്തമായി ബാധിച്ചു. അപ്പോള്‍ അതേ ഒട്ടകപ്പുറത്ത് തന്നെ ഇരുന്നുകൊണ്ട് കുറച്ച് ആശ്വാസത്തിനായി ഒരു വൃക്ഷത്തണലില്‍ അല്‍പനേരം തങ്ങിനിന്നു. നിമിഷങ്ങള്‍ക്ക് ശേഷം അതേ ചൂടില്‍ തന്‍റെ വഴിയെ പിന്തുടര്‍ന്നു.’
ഹദ്റത്ത് ആയിശ (റ) ഒഴികെ അങ്ങയുടെ എല്ലാ ഭാര്യമാരും പ്രായാധിക്യമുള്ളവരായിരുന്നു. അതില്‍ അറുപത് വയസ്സ് താണ്ടിയവരും ഉണ്ടായിരുന്നു. ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത്, അവിടത്തെ ബഹുഭാര്യത്വം കൊണ്ട് പരമപ്രധാനവും മുഖ്യവുമായ ഉദ്ദേശ്യം സ്ത്രീകളില്‍ ദീനിന്‍റെ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു. അവരെ തന്‍റെ സഹവാസത്തില്‍ വെച്ചുകൊണ്ട് മതപരമായ ജ്ഞാനം അവരെ പഠിപ്പിക്കുകയും തദ്വാര അവര്‍ മറ്റുസ്ത്രീകള്‍ക്ക് തങ്ങളുടെ മാതൃകയും വിജ്ഞാനവും കൊണ്ട് മാര്‍ഗ്ഗദര്‍ശനം നല്‍കുകയുമായിരുന്നു.
ആരുടേയെങ്കിലും വിയോഗത്തില്‍ ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്ന് ചൊല്ലുന്ന മുസ്ലിംകളില്‍ ഇന്നും നിലനില്‍ക്കുന്ന പതിവ് നബി(സ) തിരുമേനിയുടെതന്നെ സുന്നത്താകുന്നു. അതായത് ‘ഞങ്ങള്‍ അല്ലാഹുവിന്‍റേതാണ് അവന്‍റെ മാത്രം സമ്പത്താകുന്നു; അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കം’ സത്യത്തിന്‍റെയും കൂറിന്‍റെയും ഈ വചനം ആദ്യമായി ഉതിര്‍ന്നത് തിരുനബി(സ) യുടെ തിരുവായില്‍ നിന്നായിരുന്നു. അനന്തരം മറ്റുള്ളവര്‍ക്കും ഇതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കല്പനയുണ്ടായി. നബി(സ) തിരുമേനി വിവാഹം കഴിക്കാതിരിക്കുകയും സന്താനങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍, സന്താനങ്ങള്‍ അല്ലാഹുവിന്‍റെ മുന്നില്‍ ഒന്നുമല്ലെന്ന് അങ്ങ് മനസ്സിലാക്കിയിരുന്നുവെന്നും; തന്നെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സ്വയം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നുവെന്നും നമുക്ക് എങ്ങനെ ഗ്രഹിക്കാൻ സാധിക്കും?
(ചശ്മയെ മഅ്‌രിഫഃ)