ദർസ് 67 : എന്‍റെ ആത്മാവ് നാശത്തിനു വിധേയമാകുന്ന ആത്മാവല്ലതന്നെ!

അന്തിമഘട്ടത്തില്‍ അല്ലാഹു നമ്മുടെ രക്ഷക്കായി എത്തുന്നതാണ്. എന്നോട് പരിപൂര്‍ണ്ണ സ്നേഹബന്ധം പുലര്‍ത്തുന്ന പലരുമുണ്ട്; അതില്‍ ഈ വിനീതന്‍ അല്ലാഹുവിനോട് കൃതാര്‍ത്ഥനുമാണ്. എങ്കിലും അതുകൂടാതെ അവനില്‍ ഇങ്ങനെയും ഞാന്‍ വിശ്വസിക്കുന്നു, എന്നെ സഹായിക്കാനായി മനുഷ്യപ്രജകളില്‍ ഒരാളും ഇല്ലാതാവുകയും, ഒന്നടങ്കം എന്നെ ഉപേക്ഷിച്ചുകൊണ്ട് അവരവരുടെ വഴികള്‍ അവര്‍ സ്വീകരിച്ചാല്‍ പോലും എനിക്ക് യാതൊരു ഭയവുമില്ല. മഹോന്നതനായ ദൈവം എന്‍റെ കൂടെത്തന്നെ ഉണ്ടെന്ന് ഞാന്‍ നല്ലപോലെ അറിയുന്നു. ഞാന്‍ അരച്ച് പൊടിയാക്കപ്പെട്ടാലും ചവിട്ടിമെതിക്കപ്പെട്ടാലും കേവലമണ്‍കട്ടയുടെ വിലപോലുമില്ലാതെ നിന്ദിക്കപ്പെട്ടാലും ശരി; നാനാഭാഗങ്ങളില്‍ നിന്നും ദുരിതങ്ങളും ഭര്‍ത്സശാപവര്‍ഷങ്ങളും ദൃശ്യമായാലും പരിണാമഗുപ്തിയില്‍ വിജയം പ്രാപിക്കുന്നവന്‍ ഞാന്‍ തന്നെയാകുന്നു. എന്നെ ആരും അറിയുന്നില്ല; എന്നാല്‍ എന്‍റെ കൂടെയുള്ളവന്‍ എന്നെ അറിയുന്നു. ഞാന്‍ ഒരിക്കലും നഷ്ടത്തിലാകുന്നവനല്ല. ശത്രുക്കളുടെ കുല്‍സിതശ്രമങ്ങള്‍ നിരർഥകമാകുന്നു. അസൂയാലുക്കളുടെ ആഗ്രഹങ്ങൾ വ്യാമോഹങ്ങളാകുന്നു.
 
അല്ലയോ ഭോഷ്കരും അന്ധരുമായവരേ! സത്യാത്മാക്കളില്‍ ആരെങ്കിലും എനിക്ക് മുമ്പേ പാഴായിപ്പോയിട്ടുണ്ടോ? എന്നിട്ടുവേണ്ടേ ഞാന്‍ പാഴാകുവാൻ! കൂറുപുലര്‍ത്തുന്ന ഏത് സത്യസന്ധനെയാണ് ദൈവം നിന്ദ്യനാക്കി നശിപ്പിച്ചു കളഞ്ഞിട്ടുള്ളത്? പിന്നെ ഞാനെങ്ങനെ നശിക്കുമാറാകാൻ!
 
തീച്ചയായും ഓര്‍മ്മിച്ചുകൊള്ളുക! കാത് കൂര്‍പ്പിച്ചുകൊണ്ട് കേട്ടുകൊള്ളുക! എന്‍റെ ആത്മാവ് നാശത്തിന് വിധേയമാകുന്ന ആത്മാവല്ല! എന്‍റെ പ്രകൃതത്തില്‍ തരിമ്പുപോലും പരാജയത്തിന്‍റെ കണികയടങ്ങിയിട്ടില്ല! പര്‍വ്വതങ്ങള്‍ പോലും തോറ്റുപോകുന്ന സ്ഥൈര്യവും സത്യതയും എനിക്കനുഗ്രഹിച്ച് നല്‍കപ്പെട്ടിരിക്കുന്നു. ഞാന്‍ ആരെയും ഗണ്യമാക്കുന്നില്ല. ഞാന്‍ ഏകനായിരുന്നു; ഏകാന്തതയിൽ എനിക്ക് പരാതിയുമില്ലായിരുന്നു. എന്‍റെ ദൈവം എന്നെ കൈവെടിയുകയോ? ഇല്ല ഒരിക്കലുമില്ല. അവന്‍ എന്നെ പാഴായിപ്പോകാന്‍ അനുവദിക്കുകയോ? ഇല്ല ഒരിക്കലുമില്ല. ശത്രുക്കള്‍ നിന്ദിതരായിത്തീരും. അസൂയാലുക്കള്‍ ലജ്ജിതരായിത്തീരും. ദൈവം തന്റെ ദാസന് എല്ലാ രംഗങ്ങളിലും വിജയമരുളുന്നതാണ്. ഞാന്‍ അവന്‍റെ കൂടെയും അവന്‍ എന്‍റെ കൂടെയുമാകുന്നു. ഞങ്ങളുടെ ഈ ഉറച്ചബന്ധം തകര്‍ത്തുകളയാന്‍ ഒന്നിനും സാധ്യമല്ല. അവന്‍റെ അന്തസ്സും പ്രതാപവും കൊണ്ട് (ഞാന്‍) സത്യം ചെയ്യുന്നു, എനിക്ക് ഇഹപരലോകങ്ങളിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ടത് അവന്‍റെ ദീനിന്‍റെ മാഹാത്മ്യം പ്രത്യക്ഷപ്പെടലും അവന്‍റെ പ്രതാപശക്തിയുടെ മിന്നിത്തിളക്കവും അവന്‍റെ യശസ്സിന്റെ ഔന്നത്യവുമാകുന്നു. അവന്‍റെ അനുഗ്രഹത്താല്‍ ഒരു പരീക്ഷണത്തേയും ഞാന്‍ ഭയക്കുന്നില്ല. ഒന്നല്ല, കോടിക്കണക്കിനു പരീക്ഷണങ്ങളായാലും ശരി. പരീക്ഷണങ്ങളുടെ മൈതാനത്തിലും ദുഃഖങ്ങളുടെ കൊടുംവനത്തിലും എനിക്ക് ശക്തി നല്‍കപ്പെട്ടിരിക്കുന്നു….
 
ആരെങ്കിലും എന്‍റെ ഈ ചുവടുകള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ എന്നില്‍നിന്നു വിട്ടുമാറിക്കൊള്ളുക. ഏതൊക്കെ ഭയാനകമായ കൊടുങ്കാടുകളും മുൾപാതകളുമാണെനിക്ക് കടന്നുപോകാനായി മുന്നില്‍ വരാനിരിക്കുന്നതെന്ന് അറിയില്ല. മൃദുപാദരായവര്‍ എന്തിനെന്നോടൊപ്പം കഷ്ടതകള്‍ അനുഭവിക്കണം?
എന്‍റെ മിത്രങ്ങൾക്ക് കഷ്ടതകളും ജനങ്ങളുടെ ഉപദ്രവങ്ങളും ദൈവിക ക്ഷമപരിശോധനകളും പരീക്ഷണങ്ങളും മൂലമൊന്നും എന്നെ ഉപേക്ഷിക്കാൻ സാദ്ധ്യമല്ല. എന്‍റേതല്ലാത്തവര്‍ വ്യാജസൗഹൃദവാദം ഉന്നയിക്കുന്നവരാണ്. എന്തെന്നാല്‍ അവര്‍ താമസിയാതെ എന്നിൽനിന്നും വേര്‍പെടുത്തപ്പെടുന്നവരത്രെ. അവരുടെ ഭവിഷ്യകാലം അവരുടെ ഭൂതകാലത്തേക്കാൾ പരിതാപകരമായിരിക്കും.
 
നമുക്ക് ഭൂകമ്പങ്ങളാല്‍ ഭയപ്പെടുന്നവരാകാന്‍ സാധിക്കുമോ? നാം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള പരീക്ഷണങ്ങളാല്‍ ഭയചകിതരാവുകയോ? നമുക്ക് നമ്മുടെ പ്രിയപ്പെട്ട ദൈവത്തിന്‍റെ ഏതെങ്കിലും പരീക്ഷണത്താല്‍ അവനെ ത്യജിക്കുവാന്‍ സാധിക്കുമോ? ഇല്ല ഒരിക്കലുമില്ല! എന്നാല്‍, അവന്‍റെ അനുഗ്രവും കരുണാകടാക്ഷവും കൊണ്ടുമാത്രം. അതുകൊണ്ട് വിട്ടകലാനുള്ളവര്‍ വിട്ടകന്നുകൊള്ളട്ടെ! അവര്‍ക്ക് യാത്രയയപ്പിന്‍റെ സലാം നേർന്നുകൊള്ളുന്നു. എങ്കിൽ ഓര്‍ത്തുകൊള്ളുക! ദുര്‍ഭാവനക്കും ബന്ധവിച്ഛേദത്തിനും ശേഷം പിന്നീടെപ്പോഴെങ്കിലും മടങ്ങിവന്നാല്‍ ആ മടക്കത്തിലവർക്ക് നിസ്വാര്‍ഥരായവര്‍ക്ക് അല്ലാഹുവിങ്കൽ ലഭിക്കും വിധമുള്ള അന്തസ്സ് ലഭിക്കുകയില്ല. എന്തെന്നാല്‍ ദുര്‍ഭാവനയുടേയും വിശ്വാസവഞ്ചനയുടെയും കറ അഗാതമായ കറയെത്രെ.

(അന്‍വാറുല്‍ ഇസ്ലാം)