ദർസ് 35 : പലിശയിടപാട് (ഭാഗം 2)

വർദ്ധിച്ചുകൊണ്ടേയിരിക്കുന്നതരം പലിശക്ക് കടമെടുക്കേണ്ട ഗതി വരാതിരിക്കാൻ തന്റെ ഉപജീവന രീതികളിൽ ആദ്യം തൊട്ടേ മനുഷ്യൻ മിതവ്യയം ശീലമാക്കേണ്ടതാണ്. ഇന്നലെ ഒരാളുടെ കത്ത് വന്നിരിന്നു, ഇതുവരെ ആയിരം രൂപ കൊടുത്തുകഴിഞ്ഞു; ഇനി അഞ്ഞുറ് കൂടി കൊടുക്കാനുണ്ടത്രെ! (അക്കാലത്ത് അത് വളരെ വലിയ തുകയാണ്) പിന്നെയുള്ള മുസീബത് കോടതികളും വിധി നൽകുന്നു എന്നതാണ്.

എന്നാൽ, പലിശ നൽകുന്നതിൽ തൃപ്തനാണെന്ന അവന്റെ സമ്മതപത്രം നിലവിലുള്ളപ്പോൾ അതിൽ കോടതികൾക്കെന്ത് തെറ്റ്? അതനുസരിച്ച് വിധി നിലവിൽ വരുന്നു.

ഒരു സഹോദരനും പലിശക്ക് കടമെടുക്കേണ്ട ഗതി വരാതിരിക്കാൻ മുസ്‌ലിംകൾ ഒത്തുചേർന്ന് ഒരു ഫണ്ട് സ്വരൂപിക്കുകയും കച്ചവടരീതിയിൽ അതിനെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യാം. മാത്രമല്ല അതേ കൂട്ടായ്മയിൽ എല്ലാ ആവശ്യക്കാർക്കും അവരവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും നിശ്ചിത കാലയളവിനുള്ളിൽ അവർ അതു തിരിച്ചടക്കുകയും ചെയ്യുകയാണെങ്കിൽ ഏറ്റവും ഉത്തമമായിരുന്നു.

ഹക്കീം ഫദ്‌ലുദ്ദീൻ സാഹിബ്(റ) വിവരിക്കുന്നു;

അല്ലാമ ഹക്കീം നൂറുദ്ദീൻ സാഹിബ്(റ) ഭേരയിൽ ഹദീസ് പഠിപ്പിച്ചുകൊണ്ടിരുന്നു. ‘ബാബുൽ റിബ’ (പലിശ സംബന്ധമായ ഭാഗം) എത്തിയപ്പോൾ പലിശക്ക് കടം നൽകാറുള്ള ഒരാൾ സദസ്സിൽ വന്നിരുന്നു. പലിശയെ വിലക്കിക്കൊണ്ടുള്ള കാര്യങ്ങൾ കേട്ടപ്പോൾ അയാൾ പറഞ്ഞു; ‘മൗലവി സാഹിബ്, അങ്ങനെയാണെങ്കിൽ നിങ്ങൾ നിക്കാഹിനുള്ള ആവശ്യങ്ങളൊക്കെ പിന്നെ എങ്ങനെയാണ് നിറവേറുക?’ അദ്ദേഹം പറഞ്ഞു, ‘കേവലം ഈജാബ് ഖുബൂൽ നടത്തും’ (സമ്മതം ചോദിക്കൽ മാത്രം). അയാൾ പിന്നെയും ചോദിച്ചു, ‘വീട്ടിൽ ഭക്ഷണമില്ലെങ്കിൽ എന്തുചെയ്യും?’ മറുപടി നൽകി, ‘പുറത്തുനിന്ന് മരക്കൊമ്പുകളുടെ കൂട്ടം കൊണ്ടുവന്ന് ദിവസവും വിറ്റുകിട്ടുന്നതുകൊണ്ട് ഭക്ഷിക്കും.’ അയാളിൽ(ഈ വാക്കുകൾ) വല്ലാത്ത സ്വാധീനമുണ്ടാക്കി. അയാൾ പറഞ്ഞു, ‘താങ്കൾക്ക് പതിനായിരം രൂപ ആവശ്യമുണ്ടെങ്കിൽ പോലും എന്റെ കയ്യിൽനിന്ന് യാതൊരു പലിശയും കൂടാതെ വാങ്ങിക്കൊള്ളുക.’

ഹദ്റത്ത് മസീഹ് മഊദ്(അ) അരുൾ ചെയ്തു;

നിഷിദ്ധമാക്കപ്പെട്ടവയിലേക്ക് ധൃതിയിൽ ഓടാതിരിക്കുകയും മറിച്ച് അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നവരാരോ അവർക്കുവേണ്ടി അല്ലാഹു ഹലാലായ മാർഗ്ഗം പുറത്തെടുക്കുന്നു. “മയ്യത്തഖില്ലാഹ യജ്അല്ലഹൂ മഖ്റജാ” (അല്ലാഹുവിന്റെ തഖ്‌വ കൈകൊള്ളുന്നവന് അവൻ (പ്രയാസങ്ങളിൽ) നിന്ന് പുറത്തുകടക്കാനുള്ള വഴി ഉണ്ടാക്കുന്നു. – അത്ത്വലാഖ് 3). ആരെങ്കിലും പലിശ നൽകുന്നതിൽ നിന്നും അതുപോലുള്ള ഹറാമായ പ്രവൃത്തികളിനിന്നും സ്വയം പിന്മാറുമ്പോൾ അല്ലാഹു അവനുവേണ്ടി മറ്റേതെങ്കിലും മാർഗ്ഗമുണ്ടാക്കുന്നു. ഒരാളുടെ നന്മയുടെയും നല്ല ചിന്താഗതികളുടെയും പ്രഭാവം അന്യരിലും പതിക്കുമാറാകുന്നു. ആരെങ്കിലും തന്റെ നിശ്ചയദാർഢ്യത്തിൽ ഉറച്ചുനിൽക്കുമ്പോൾ പലിശക്കാരൻ പോലും സൗജന്യമായി (പലിശരഹിത വയ്പ) നൽകുന്നതിൽ തൃപ്തനാകുന്നു.

ഒരാളുടെ കത്ത് മസീഹ് മഊദ്(അ) ന്റെ സന്നിധിയി വന്നു, അതി പറയുന്നു;

‘ഇപ്പോഴത്തെ കാലഘട്ടവും ഇസ്‌ലാമിന്റെ അവസ്ഥകളും കണക്കിലെടുത്ത് നിർബന്ധിതാവസ്ഥാ ഗണത്തിൽ പെടുത്തി ബാങ്കുകളുടെ പലിശയുടെ കാര്യത്തിൽ ഹുസൂർ അനുവാദം തന്നിരിക്കുന്നു. അപ്പോൾ നിർബന്ധിതാവസ്ഥയുടെ നിയമങ്ങൾക്ക് വിശാലമായ അർത്ഥമുള്ളതുകൊണ്ട് വ്യക്തി, സാമൂഹ്യ, രാഷ്ട്രീയ, വാണിജ്യപരമായ നിർബന്ധ സാഹചര്യങ്ങൾ കൂടി ഉണ്ടാകുമ്പോൾ പലിശയുടെ ക്രയവിക്രയങ്ങൾ നടത്താൻ സാധിക്കുമോ?’

ഹുസൂർ (അ) അരുൾ ചെയ്തു;

ഇപ്രകാരം ജനങ്ങൾ തങ്ങൾക്ക് തോന്നിയ കാര്യങ്ങളൊക്കെ ചെയ്തുനടക്കാൻ നിഷിദ്ധമാർഗ്ഗങ്ങളുടെ വാതിൽ തുറന്നുകിട്ടാൻ ആഗ്രഹിക്കുന്നു. ബാങ്കിന്റെ പലിശ നിർബന്ധ സാഹചര്യങ്ങളിൽ ഏതെങ്കിലും മനുഷ്യനു വാങ്ങാനും ഭക്ഷിക്കാനും അനുവാദമുണ്ടെന്ന് നാം പറഞ്ഞിട്ടില്ല. പ്രത്യുത ഇസ്‌ലാമിന്റെ പ്രസിദ്ധീകരണങ്ങളിലും ദീനിന്റെ ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നതിനെ സംബന്ധിച്ചാണ് പറയപ്പെട്ടത്. അതും ദീനിന്റെ സഹായത്തിനു വേണ്ടി പണം ലഭിക്കാൻ സാധിക്കാതിരിക്കുകയും ദീൻ ദാരിദ്ര്യം നേരിടുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലം വരെ മാത്രം. കാരണം അല്ലാഹുവിനു വേണ്ടി ഒരുകാര്യവും ഹറാം ആകുന്നില്ല.

ബാക്കിയുള്ളത് തങ്ങളുടെ വ്യക്തിപരം രാഷ്ട്രീയപരം സാമൂഹികപരം വാണിജ്യപരം മുതലായ അത്യാവശ്യങ്ങളാണ്. അവർക്കും അത്തരം ആവശ്യങ്ങൾക്കും വേണ്ടി പലിശ പൂർണ്ണമായും ഹറാം ആകുന്നു. ഞാൻ പറഞ്ഞിട്ടുള്ള അനുവാദം ഏതുതരത്തിലുള്ളതാണെന്നാൽ, ഉദാഹരണത്തിനു, ഏതെങ്കിലുമൊരു ജീവിയെ ജീവനോടെ തീയിൽ ചുട്ടുകൊല്ലുന്നത് ശരീഅത്ത്പരമായി വിലക്കുള്ള കാര്യമാണ്. എന്നാൽ ഇക്കാലത്ത് ഏതെങ്കിലും യുദ്ധം വരികയാണെങ്കിൽ അതിൽ കൂറ്റൻ (തീ)തോക്കുകളുടെ ഉപയോഗം ഒരു മുസ്‌ലിമിനു അനുവദനീയമായിരിക്കും. കാരണം ശത്രുക്കളും അതുപയോഗിച്ചുകൊണ്ടിരിക്കുന്നു.

(മൽഫൂദാത്ത്, വാ.5 പേ. 436,)