ദർസ് 95 : എന്തുതന്നെയായാലും ദുആകൾ ചെയ്യേണ്ടതാണ്

ഗംഭീരമായ ഒരു സംഗതിയാണ് ദുആ. അതെന്താണെന്ന് ജനങ്ങൾ മനസ്സിലാക്കാത്തത് ഖേദകരം തന്നെ. എല്ലാ ദുആകളും – അവ എങ്ങനെ വേണെമെങ്കിലും ഏതവസ്ഥയിലും ചെയ്യപ്പെട്ടാൽ – തീർച്ചയായും സ്വീകരിക്കപ്പെടേണ്ടതാണെന്ന് ചിലർ ധരിക്കുന്നു. അതിനാലവർ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി ദുആ ചെയ്യുകയും, തുടർന്ന് തങ്ങളുടെ മനസ്സിൽ മെനഞ്ഞെടുത്ത രീതിയിൽ കാര്യങ്ങൾ പൂർത്തിയാകാത്തത് കാണുകയും ചെയ്യുമ്പോൾ നിഷ്ഫലത്വവും നിരാശയും നിമിത്തം അല്ലാഹുവിൽ ദുർഭാവനകൾ വെക്കാൻ തുടങ്ങുന്നു. നേരെമറിച്ച് ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, പ്രത്യക്ഷത്തിൽ തന്റെ ദുആകളെല്ലാം നിഷ്ഫലമായിക്കണ്ടാലും ഒരിക്കലും ഹതാശനാകില്ല എന്നതായിരിക്കണം അവന്റെ പ്രൗഢിയുടെ ലക്ഷണം. എന്തെന്നാൽ അവന്‍റെ പ്രാർത്ഥനകൾ അവനുവേണ്ടി ഫലദായകമല്ലെന്ന് നിശ്ചയിച്ചത് ദൈവകാരുണ്യമത്രെ. ഒരു തീക്കനൽ കയ്യിലെടുക്കാൻ ശിശു ആഗ്രഹിക്കുമ്പോൾ മാതാവ് ഓടിച്ചെന്ന് അതിനെ പിടിച്ചുവെക്കുന്നു. തന്നെയുമല്ല, കുട്ടിയുടെ ആ അജ്ഞതയിൽ മുഖത്തൊരു അടി കൊടുത്താലും അത്ഭുതപ്പെടാനില്ല. ഇപ്രക്രാരം, ദുആയുടെ ഈ തത്വത്തെ സംബന്ധിച്ച് ചിന്തിക്കുകയും, ദുആകളിൽ ഫലദായകമേതോ അതിനെ സംബന്ധിച്ച് അഗാതജ്ഞാനമുള്ളവൻ ആ ‘അലീമുൽഖബീർ’ ആയ അല്ലാഹുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോൾ എനിക്ക് അങ്ങേയറ്റത്തെ ആനന്ദവും ആത്മനിർവൃതിയുമാണുണ്ടാകുന്നത്.

ദുആകളിൽ ഉപാധികൾ വെക്കൽ വെറുക്കപ്പെട്ടിരിക്കുന്നു.

എനിക്ക് പലപ്പോഴും ദുആക്ക് വേണ്ടിയുള്ള കത്തുകൾ കാണുമ്പോൾ അങ്ങേയറ്റം ദുഃഖം തോന്നാറുണ്ട്. അതിൽ അവർ (ദുആക്കുള്ള അപേക്ഷക്കൊപ്പം തന്നെ) എഴുതുന്നു, ഞങ്ങൾക്കുവേണ്ടിയുള്ള ഇന്ന ദുആ സ്വീകരിക്കപ്പെടാതിരിക്കുന്നപക്ഷം ഞങ്ങൾ (താങ്കളെ) വ്യാജവാദിയാണെന്ന് മനസ്സിലാക്കുന്നതാണ്! അഹോ! ഇക്കൂട്ടർ ദുആകളുടെ സാമാന്യമര്യാദയെ സംബന്ധിച്ച് എത്രമാത്രം അജ്ഞരാകുന്നു! ദുആ ചെയ്യുന്നവനും ചെയ്യിക്കുന്നവനും വേണ്ടി ഏതുവിധ നിബന്ധനകളാണുള്ളതെന്ന് ഇവർക്കറിയില്ല. ദുആകൾ ചെയ്യുന്നതിനു മുമ്പേ തന്നെ ദുർഭാവനയാൽ വേട്ടയാടപ്പെടുന്നു. തങ്ങളുടെ വിശ്വാസം ഒരു ഔദാര്യമായി എടുത്തുകാട്ടി അവിശ്വാസത്തിന്റെയും നിഷേധത്തിന്റെയും കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. അത്തരം കത്ത് വായിക്കുമ്പോൾ എനിക്ക് ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ദുആക്ക് വേണ്ടി കത്തുകൾ എഴുതാതിരിക്കലായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ഉത്തമമെന്ന് ഞാൻ ചിന്തിച്ചുപോവുകയാണ്.

ദുആകളിൽ സുഹൃദ്ബന്ധ രീതി

ഞാനിത് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും ചുരുക്കിപ്പറയാം. അല്ലാഹു തന്‍റെ ദാസരോട് സുഹൃദ്ബന്ധ രീതിയിൽ പെരുമാറാനാണ് ആഗ്രഹിക്കുന്നത്. രണ്ട് സുഹൃത്തുക്കൾക്കിടയിൽ പരസ്പരം കൊടുക്കൽ വാങ്ങൽ രീതിയാണ് ഉണ്ടാകാറുള്ളത്. അപ്രകാരം അല്ലാഹുവും ദാസരും തമ്മിൽ അതേനിറത്തിലുള്ള ഒരു (ബന്ധത്തിന്‍റെ) ശൃംഖലയാണുള്ളത്.

അല്ലാഹുവിന്‍റെ പക്കലുള്ള ആ പരസ്പര വിനിമയരീതി എന്തെന്നാൽ, അവൻ ദാസന്‍റെ ആയിരക്കണക്കിനു ദുആകൾ കേൾക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു; അവന്‍റെ ദൂഷ്യങ്ങൾ മറച്ചുവെക്കുന്നു; അവന്റെ വ്യക്തിത്വം നന്നേ നിസ്സാരമായ ഒന്നായിരുന്നിട്ടും അവനുമേൽ അനുഗ്രഹവും കരുണയും വർഷിക്കുന്നു. അപ്രകാരം അല്ലാഹുവിന്റെ കാര്യങ്ങൾ അനുസരിക്കുക എന്നതും അവന്‍റെ കൂടി കടമയാകുന്നു. അതായത്, തന്‍റെ ഇഷ്ടത്തിനും ആഗ്രഹത്തിനും വിരുദ്ധമായി ഏതെങ്കിലും ദുആകൾ ഫലശൂന്യമായി ഭവിക്കുമ്പോൾ അല്ലാഹുവിൽ ദുർഭാവന വെക്കാതിരിക്കേണ്ടതാണ്. പ്രത്യുത, ആ വിഫലത തന്റെ ഏതെങ്കിലും പിഴവിന്‍റെ പരിണിതിയാണെന്ന് മനസ്സിലാക്കുക. പൂർണ്ണ സന്തോഷത്തോടുകൂടി അല്ലാഹുവിന്‍റെ തൃപ്തിയിൽ സ്വയം തൃപ്തിയടയുകയും തന്റെ യജമാനന്റെ അഭീഷ്ടം ഇതുതന്നെയാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.

(മൽഫൂദാത് വാ.2, പേ.195, 196)