ദർസ് 94 : ഏറ്റവും ഉത്തമമായ ‘വസീഫ’ (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം )

ചോദ്യം: ഏറ്റവും ഉത്തമമായ ‘വസീഫ’ (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം ) ഏതാണ്?

ഹദ്റത്ത് അഖ്ദസ് (അ) മറുപടി പറഞ്ഞു:

നമസ്കാരത്തേക്കാൾ മികച്ചൊരു വസീഫയുമില്ല. എന്തെന്നാൽ, അതിൽ ദൈവസ്തുതി, ഇസ്തിഗ്ഫാർ, നബിക്കുമേലുള്ള സ്വലാത്ത് എന്നിവയൊക്കെ അടങ്ങിയിരിക്കുന്നു. എല്ലാതരത്തിലുള്ള ദിക്ക്റുകളുടെയും സ്തോത്രങ്ങളുടേയും സമുച്ചയമാണ് നമസ്കരം. ഇതുമുഖേന സകലവിധ വ്യസനങ്ങളും ദുഃഖങ്ങളും അകറ്റപ്പെടുകയും പ്രയാസങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. നബി (സ) തിരുമേനിക്ക് അല്പംപോലും ദുഃഖാവസ്ഥയുണ്ടായാൽ അവിടന്ന് നമസ്കരിക്കാനായി നിൽക്കുമായിരുന്നു. അതുകൊണ്ടാണ് പറഞ്ഞത് ‘അലാ ബി ദിക്‌രില്ലാഹി തത്‌മയിന്നല്‍ ഖുലൂബ്’ (റഅദ് 29) സമാധാനത്തിനും ഹൃദയശാന്തിക്കും വേണ്ടി നമസ്ക്കാരത്തേക്കാൾ വലിയൊരു മാർഗ്ഗമില്ല. ജനങ്ങൾ പലതരത്തിലുള്ള നിത്യമന്ത്രങ്ങളും ജപങ്ങളും സ്വന്തമായി സൃഷ്ടിച്ച് ആളുകളെ വഴികേടിലാക്കിയിരിക്കുന്നു. നബി (സ) തിരുമേനിയുടെ ശരീഅത്തിനെതിരിൽ അവർ പുതുതായി ശരീഅത്ത് ഉണ്ടാക്കിവെച്ചിരിക്കുകയാണ്. എന്നിട്ട്, പുതിയ നുബുവ്വത്ത് വാദിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുന്നു! എന്നാൽ, അവർ സ്വന്തമായി ശരീഅത്ത് ഉണ്ടാക്കുകയും സ്വയം നുബുവ്വത്ത് ചമയുകയും ചെയ്ത് ജനങ്ങളെ വഴിതെറ്റിക്കുന്നത് കാണുമ്പൊൾ എനിക്ക് ആശ്ചര്യം തോന്നുന്നു. നിത്യമന്ത്രങ്ങളിലും ജപങ്ങളിലും ജനങ്ങളെ എത്രമാത്രം വീഴ്ത്തിയിരിക്കുന്നെന്നാൽ അവർ അല്ലാഹുവിന്‍റെ ശരീഅത്തിനേയും കല്പനകളേയും ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു. ചിലയാളുകൾ തങ്ങളുടെ മാമൂലുകളിലും ജപമന്ത്രങ്ങളിലും നിമഗ്നനരായി നമസ്ക്കാരം പോലും പരിഗണിക്കാത്ത അവസ്ഥയെത്തിയിരിക്കുന്നു. സിംഹാസനാരൂഢരായ ചിലർ ‘ശാകിത്’ മതക്കാരുടെ മന്ത്രങ്ങൾ തങ്ങളുടെ ജപങ്ങളിൽ ചൊല്ലാറുണ്ടെന്ന് മൗലവി സാഹിബിൽ നിന്ന് കേട്ടിട്ടുണ്ട്.‌ എന്‍റെ പക്കൽ ജപങ്ങളിലെല്ലാം വെച്ച് ഏറ്റവും വലിയ ജപം നമസ്ക്കാരമാകുന്നു. നമസ്ക്കാരം തന്നെ ഏറ്റവും മനോഹരമായ രീതിയിൽ അനുഷ്ഠിക്കേണ്ടതാണ്.‌ നന്നായി മനസ്സിലാക്കിക്കൊണ്ട് നമസ്കരിക്കുക. നിശ്ചയിക്കപ്പെട്ട ദുആകൾക്ക് ശേഷം സ്വന്തം ഭാഷയിലും ദുആകൾ ചെയ്യണം. അതുമുഖേന നിങ്ങൾക്ക് മനസ്സമാധാനം കൈവരുന്നതാണ്. അല്ലാഹു ഇച്ഛിച്ചാൽ എല്ലാ വിഷമതകളും അതുമുഖേന പരിഹരിക്കപ്പെടുന്നതാണ്. നമസ്ക്കാരം ദൈവസ്മരണയുടെ മാർഗമാകുന്നു. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത് ‘അഖിമിസ്സ്വലാത്ത ലിദ്ദിക്ക്റി’ ‘എന്നെ സ്മരിക്കാനായി നമസ്ക്കാരത്തെ നിലനിർത്തുക'(20:15).

(മൽഫൂസാത് വാ.3, പേ. 311)