ദർസ് 49 : തഖ്വ

തഖ്‌വ

തഖ്‌വ സ്വീകരിച്ചുകൊള്ളുക. സർവ്വവിധ കാര്യത്തിന്റേയും നാരായവേര് തഖ്‌വയാകുന്നു. അതിസൂക്ഷമായ എല്ലാ പാപസിരകളിൽനിന്നും രക്ഷപ്പെടുക എന്നതാണ് തഖ്‌വയുടെ അർത്ഥം. തെറ്റിന്റെ ശങ്കപോലുമുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ തഖ്‌വ എന്ന് വിളിക്കുന്നു.

ഹൃദയത്തിന്റെ ഉദാഹരണം ഒരു വൻനദിയുടേത് പോലെയാണ്. അതിൽ നിന്നും ചെറിയ ചെറിയ കൈതോടുകൾ പുറപ്പെടുന്നത് പോലെ ഹൃദയത്തിന്റെ നദിയിൽനിന്നും ചെറിയ ചെറിയ തോടുകൾ പുറപ്പെടുന്നു. നാവ് പോലുള്ളവയാണത്. തോട്ടിലെ വെള്ളം മലീമസമാണെങ്കിൽ അതുത്ഭവിക്കുന്ന വലിയ നദിയിലെ വെള്ളവും മലീമസമാണെന്ന് മനസ്സിലാക്കാം. ആരുടേയെങ്കിലും നാവും കൈകാലുകളും പോലുള്ള അവയവങ്ങൾ അശുദ്ധമാണെങ്കിൽ (അഥവാ അവയിലൂടെ അകൃത്യങ്ങൾ സംഭവിക്കുമ്പോൾ) അവയുടെ (പ്രഭവകേന്ദ്രമായ) ഹൃദയവും അവ്വിധം തന്നെയെന്ന് മനസ്സിലാക്കിക്കൊള്ളുക.

ഐഹികമായ സമ്പാദ്യവും സ്ഥാനവും ദീനിന്റെ സേവകരാകുന്നു.

ഭൗതിക കാര്യങ്ങളുമായി മനുഷ്യനു യാതൊരു ബന്ധവും ലക്ഷ്യവും ഉണ്ടാകാൻ പാടില്ലെന്ന് മനസ്സിലാക്കരുത്. എന്റെ (ഉപദേശങ്ങളുടെ) ഉദ്ദേശ്യം അതല്ല. അല്ലാഹുവും ഐഹിക കാര്യലബ്ധിയെ വിലക്കിയിട്ടില്ല. മറിച്ച് ഇസ്‌ലാം ബ്രഹ്മചര്യയെ വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അത് ഭീരുക്കളുടെ ജോലിയാണ്. സത്യവിശ്വാസിയുടെ കെട്ടുപാടുകൾ ഭൂമിയിൽ എത്രത്തോളം വിശാലമാകുന്നുവോ അത്രത്തോളം അത് അവന്റെ പദവികളുടെ ഔന്നിത്യത്തിനു കാരണാകുന്നു. എന്തെന്നാൽ, അവന്റെ പരമലക്ഷ്യം ദീനാകുന്നു. ഐഹികമായ അവന്റെ ധനവും സ്ഥാനവും ദീനിന്റെ സേവകരത്രെ. ഐഹിക കാര്യങ്ങൾ ആനന്ദപ്രാപ്തിക്കുള്ള ലക്ഷ്യമാക്കരുത് മറിച്ച് ഐഹിക നേട്ടങ്ങളുടെ യഥാർഥ ഉദ്ദേശ്യം ദീനായിരിക്കണം എന്നതാണ് ശരിയായ വസ്തുത. ദീനിനു തുണയാകുന്ന രീതിയിൽ ഭൗതിക നേട്ടം കൈവരിക്കുക. ഒരിടത്തുനിന്ന് മറ്റൊരിടത്തെത്താൻ ഒരുവന് യാത്രാവാഹനവും വഴിച്ചോറും കൂടെ കരുതണം. അവന്റെ യഥാർഥ ഉദ്ദേശ്യം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെന്നതാണ്. വാഹനവും വഴിച്ചോറുമല്ല. അതുപോലെ മനുഷ്യൻ ഭൗതീകകാര്യങ്ങൾ നേടിക്കൊള്ളട്ടെ, എന്നാൽ, ദീനിന്റെ സഹായിയായി മനസ്സിലാക്കിക്കൊണ്ട്.

(മൽഫൂദാത് വാ.1)