ദർസ് 72 : മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അന്തരം

പരിഷ്കരണം പതിയെ പതിയെ സംഭവിക്കുന്ന രീതിയിലാണ് മനുഷ്യന്റെ പ്രകൃതം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളിൽ കളവ് പറയുന്ന ശീലം കാണപ്പെടുന്നു. അവർ അന്യോനം കലഹിക്കുകയും നിസ്സാര കാര്യങ്ങളിൽ തല്ലുകൂടുകയും ചെയ്യുന്നു. അവരുടെ വളർച്ചയ്ക്കനുസരിച്ച് ബുദ്ധിശക്തിയും വിവേകജ്ഞാനവും വളരുന്നു. പതുക്കെ പതുക്കെ മനുഷ്യൻ ആത്മപരിശുദ്ധിയിലേക്കും കാലെടുത്തുവെക്കുന്നു.

കന്നുകാലികളെയും മൃഗങ്ങളെയും പോലെത്തന്നെയാണ് മനുഷ്യരും ജനിക്കുന്നതെന്ന് ശിശുക്കളുടെ അവസ്ഥയിൽനിന്ന് മനസ്സിലാക്കാം. മനുഷ്യരുടെ പ്രകൃതത്തിലുള്ള ഏക വരിഷ്ഠതയെന്തെന്നാൽ അവർ തിന്മകളെ വർജ്ജിച്ച് നന്മകൾ സ്വീകരിക്കുന്നു എന്നതാണ്. ഈ ഗുണം മനുഷ്യരിൽ മാത്രമുള്ളതാണ്. കാരണം മൃഗങ്ങളിൽ ജ്ഞാനസമ്പാദനത്തിന്റെ സത്തയില്ല. സഅദി റഹ്‌മത്തുല്ലാഹി അലൈഹിയും തന്റെ കവിതയിൽ ഒരു കഥ എഴുതിയിരുന്നു. ഒരു വിഡ്ഢി തന്റെ ഒരു കഴുതയ്ക്ക് വിദ്യാഭ്യാസം നൽകുമായിരുന്നു. അഹോരാത്രം അതിനെ പഠിപ്പിക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഒരു തത്വജ്ഞാനി അവനോട് ചോദിച്ചു, അല്ലയോ മഠയാ! നീ ഇതെന്താണ് ചെയ്യുന്നത്? തന്റെ സമയവും ബുദ്ധിയും പ്രയോജനരഹിതമായ രീതിയിൽ പാഴാക്കുകയാണല്ലോ? കഴുത എന്തായാലും മനുഷ്യനാകാൻ പോകുന്നില്ല. നീയെങ്ങാനും ഒടുക്കം കഴുതയായിപ്പോകരുത്!

യഥാർഥത്തിൽ മൃഗങ്ങളിൽ കാണപ്പെടാത്ത പ്രത്യേക വസ്തുവൊന്നും മനുഷ്യനിലില്ല. പൊതുവിൽ എല്ലാ ഗുണങ്ങളും നിലവാരത്തിനനുസരിച്ച് സമസ്ത സൃഷ്ടികളിലും കാണപ്പെടുന്നു. എന്നാൽ, മനുഷ്യൻ തന്റെ സ്വഭാവഗുണങ്ങൾ മെച്ചപ്പെടുത്തുകയും പരിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് വ്യത്യാസം. മൃഗങ്ങൾ ഇതുചെയ്യുന്നില്ല. അസംസ്കൃത ആവണക്കെണ്ണയും പഞ്ചസാരയുമൊക്കെ എത്ര വൃത്തിഹീനമായിട്ടാണ് ആദ്യം കാണപ്പെടുന്നത്. എന്നാൽ അവ സംസ്കരിക്കപ്പെട്ടാൽ എത്ര സംശുദ്ധവും നയനസുഭഗവുമായി പരിണമിക്കുന്നു. ഇതുതന്നെയാണ് സ്വഭാവഗുണത്തിന്റെയും അവസ്ഥ. യഥാർഥത്തിൽ എല്ലാ സ്വഭാവഗുണങ്ങളും നല്ലതാണ്. അവ അനവസരത്തിലും അനൗചിത്യത്തിലും ഉപയോഗിക്കുമ്പോൾ ചീത്തയായി മാറുന്നു. അവയെ അമിതത്വത്തിൽനിന്നും അതിമിതത്വത്തിൽനിന്നും സംരക്ഷിച്ച് സന്ദർഭൗചിത്യത്തോടെ പ്രയോഗിക്കുമ്പോൾ അത് പുണ്യകർമ്മമായിത്തീരുന്നു.

വിശുദ്ധ ഖുർആനിൽ ഒരിടത്ത് ‘മിൻ ശർറി ഹാസിദിൻ ഇദാ ഹസദ്’ (അസൂയാലു അസൂയ കാണിക്കുമ്പോഴുള്ള വിപത്തിൽ നിന്ന് (ഫലഖ്-6)) എന്നും മറ്റൊരിടത്ത് ‘അസ്സാബിഖൂനൽ അവ്വലൂൻ’ (ഏറ്റവുമാദ്യം മുന്നോട്ട് വന്നവരും (തൗബ-100)) എന്നും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇവിടെ മറികടന്ന് മുന്നേറുക എന്നതും ഒരുതരം അസൂയ തന്നെയാണ്. മറ്റുള്ളവരെ പിന്തള്ളാൻ ശ്രമിക്കുന്നവർ അന്യർ തങ്ങളെ പിന്തള്ളട്ടെയെന്ന് എപ്പോഴാണ് ആഗ്രഹിക്കുക? ഈ ഗുണം ശൈശവത്തിൽ തന്നെ മനുഷ്യരിൽ കാണപ്പെടുന്നു. കുട്ടികളിൽ മുന്നേറാനുള്ള തൃഷ്ണയില്ലെങ്കിൽ അവർ പ്രയത്നിക്കില്ല. അതുപോലെ പരിശ്രമിക്കുന്നവരുടെ കഴിവ് വർദ്ധിക്കുകയും ചെയ്യുന്നു. ‘സാബിക്കൂൻ’ അയിട്ടുള്ളവർ അസൂയാലുക്കളെ പോലെത്തന്നെയാണ്. പക്ഷെ, ഇവിടെ അസൂയയുടെ സത്ത പവിത്രമായിക്കൊണ്ട് സാബിഖ് ആയിത്തീരുന്നു. ഇപ്രകാരമുള്ള അസൂയാലു തന്നെയാണ് സ്വർഗ്ഗത്തിലും മറ്റുള്ളവരെ പിന്തള്ളി മുന്നേറുന്നത്.

ഇതേപ്രകാരം കോപവും സന്ദർഭൗചിത്യത്തിൽ ഉപയോഗിച്ചാൽ സ്തുത്യർഹമായ ഗുണമായിത്തീരുന്നു. ഭാര്യമാരുടെ ചാരിത്ര്യ സംരക്ഷണകാര്യത്തിൽ പോലും കോപം ജനിക്കാത്തവൻ മനുഷ്യനാകുമോ? ഹ‌ദ്റത്ത് ഉമർ(റ) ന്റെ രോഷത്തെ സംബന്ധിച്ച് പറയപ്പെട്ടിട്ടുണ്ട്, ഒരാൾ അദ്ദേഹത്തോട് ചോദിച്ചു, ‘താങ്കൾ ഇസ്‌ലാമിലേക്ക് വരുന്നതിനുമുമ്പ് അതിയായി രോഷം പ്രകടിപ്പിക്കുമായിരുന്നില്ലേ അതിന്നെവിടെ?’ അദ്ദേഹം പറഞ്ഞു, ‘രോഷം അപ്രകാരം തന്നെയുണ്ട്; പക്ഷെ, മുമ്പത് അലക്ഷ്യമായും അക്രമമായും പ്രയോഗിച്ചിരുന്നു. ഇന്ന് അതിനെ ലക്ഷ്യത്തിനുവേണ്ടി മാത്രം ചലിപ്പിക്കുന്നു. അതിപ്പോൾ നീതിയുടെ നിറത്തിലാണുള്ളത്’. സ്വഭാവഗുണങ്ങൾക്ക് വ്യതിയാനമുണ്ടാകുന്നില്ല. അതെ, അവയിൽ മദ്ധ്യനില കൈവരുമാറാകുന്നു.

അപ്രകാരം, കുറ്റം പറയൽ അരുതാത്തതാണ്. എന്നാൽ ഗുരുനാഥന്മാരോ മാതാപിതാക്കളോ കുറ്റം പറഞ്ഞെങ്കിൽ അത് വിമർശനാർഹമല്ല. എന്തെന്നാൽ, അവർ കുറ്റം പറയുന്നത് പുരോഗതിക്കും ഗുണത്തിനും വേണ്ടിയാണ്. ഒരുവന്റെ തെറ്റുകുറ്റങ്ങൾ എടുത്തുപറയുന്നത് പാഠമാകാനും പ്രവൃത്തികളിൽ പരിഷ്കരണമുണ്ടാകാനും വേണ്ടിയാണ്.

സൗഹൃദത്തിന്‍റെ കടമ
 
അപ്രകാരം അപഹരണവും ഒരു അധമകൃത്യമാണ്. എന്നാൽ തന്‍റെ സുഹൃത്തുക്കളുടെ വസ്തുക്കള്‍ അനുവാദം കൂടാതെ ഉപയോഗിക്കുന്നതില്‍ കുറ്റമില്ല. (നിഷ്കളങ്കമായ സുഹൃദ്ബന്ധമായിരിക്കണമെന്നത് നിബന്ധനയാണ്) വളരെ നല്ലരീതിയില്‍ സൗഹൃദം സ്ഥാപിച്ചിരുന്ന രണ്ട് വ്യക്തികളുണ്ടായിരുന്നു. അന്യോന്യം അവര്‍ ഉപകാരങ്ങൾ ചെയ്യുമായിരുന്നു. യാദൃച്ഛികമായി അതില്‍ ഒരു വ്യക്തിക്ക് ഒരു ദൂരയാത്ര പോകേണ്ടിവന്നു. തദവസരത്തിൽ തന്റെ സുഹൃത്ത് അയാളുടെ വീട്ടില്‍ വന്നു. സുഹൃത്ത് പരിചാരികയോട് ചോദിച്ചു, എന്‍റെ സ്നേഹിതൻ എവിടെ? അവള്‍ പറഞ്ഞു, യാത്ര പോയിരിക്കുകയാണ്. അയാള്‍ ചോദിച്ചു, പണം സൂക്ഷിക്കുന്ന പെട്ടിയുടെ താക്കോല്‍ നിന്‍റെ കയ്യിലുണ്ടോ? അവള്‍ ഉണ്ടെന്ന് പറഞ്ഞു. അയാള്‍ ആ പെട്ടി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും താക്കോല്‍ വാങ്ങി അതില്‍നിന്നു അല്പം പണമെടുത്തു കൊണ്ടുപോവുകയും ചെയ്തു. പിന്നീട് വീട്ടുടമസ്ഥന്‍ യാത്ര കഴിഞ്ഞ് വന്നപ്പോള്‍ അടിമസ്ത്രീ പറഞ്ഞു, താങ്കളുടെ സുഹൃത്ത് വന്നിട്ടുണ്ടായിരുന്നു. അതുകേട്ടപ്പോള്‍ അയാള്‍ ആകാംക്ഷയോടെ ചോദിച്ചു, എന്താണെന്‍റെ സുഹൃത്ത് പറഞ്ഞത്? അവള്‍ പറഞ്ഞു, നിങ്ങളുടെ സുഹൃത്ത് എന്നോട് താക്കോല്‍ ആവശ്യപ്പെടുകയും സ്വയം പണപ്പെട്ടി തുറന്ന്  അതില്‍നിന്ന് പണമെടുത്ത് കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ വീട്ടുടമസ്ഥന്‍ അടിമസ്ത്രീയുടെ പ്രസ്തുത പ്രവൃത്തിയില്‍ അങ്ങേയറ്റം കൃതാര്‍ത്ഥനായി. തന്‍റെ സുഹൃത്തിന്‍റെ വാക്ക് കേള്‍ക്കുകയും അവനെ അരിശം പിടിപ്പിക്കാതിരിക്കുകയും ചെയ്തതില്‍ അയാള്‍ക്കുണ്ടായ സംതൃപ്തിയും സന്തോഷവും കാരണം ആ അടിമസ്ത്രീയോട് അയാൾ പറഞ്ഞു, നീ ചെയ്ത ഈ സല്‍ക്കര്‍മ്മത്തിനു പ്രത്യുപകാരമായി നിന്നെ ഞാൻ ഇന്നുതന്നെ സ്വതന്ത്രയാക്കുകയാണ്.
 
ചുരുക്കിപ്പറഞ്ഞാൽ, ശരീഅത്തില്‍ വിലക്കപ്പെട്ടിരിക്കുന്ന ഏതെല്ലാം പാപങ്ങളുണ്ടോ ഉദാഹരണത്തിനു, കുറ്റം പറയാന്‍ പാടില്ല, മോഷ്ടിക്കരുത് തുടങ്ങിയവയെല്ലാം ദുരുപയോഗം ചെയ്യപ്പെടുമ്പോഴാണ് നീചവൃത്തിയായിത്തീരുന്നത്. പ്രത്യുത, അവയുടെ സന്ദര്‍ഭൗചിത്യപൂര്‍ണ്ണമായ ഉപയോഗം ശരിയായതും മനുഷ്യന്‍റെ പ്രകൃതാനുസൃതവുമാകുന്നു.

(മല്‍ഫൂദാത് വാ. 5, പേ. 266-269)