ദർസ് 73 : ഈമാന്‍ (വിശ്വാസം)

സര്‍ സയ്യദ് അഹ്മദ് ഖാന്‍ പാശ്ചാത്യ തത്ത്വചിന്തകള്‍ക്ക് വിധേയനായി വിശുദ്ധഖുര്‍ആനെ വ്യാഖ്യാനിച്ചുകൊണ്ടു അവതരിപ്പിച്ച പുത്തന്‍ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഹദ്റത്ത് മസീഹ് മൗഊദ്(അ) ആയിനയെ കമലാത്തെ ഇസ്‌ലാമില്‍ വിവരിച്ച സുദീർഘമായ മറുപടിയുടെ ഒടുവിൽ അത്തരം ആശയത്തോട് അനുരക്തരായവര്‍ക്ക് നല്‍കിയ ഒരു സാരോപദേശം:
 
‘ഈ അടിക്കുറിപ്പിനൊടുവില്‍ ഞാന്‍ സയ്യദ് സാഹിബിന്‍റ ഗ്രന്ഥങ്ങളില്‍ അനുരക്തരായിക്കൊണ്ടിരിക്കുന്ന മുഴുവന്‍ സുഹൃത്തുക്കളേയും കേവലം അല്ലാഹുവിന്‍റെ നാമത്തില്‍ ഉപദേശിക്കുകയാണ്, അവര്‍ ഈ കാര്യങ്ങളെ കുറിച്ച് അപഗ്രഥിച്ചുകൊള്ളട്ടെ! ഈമാന്‍ (അഥവാ വിശ്വാസം) മുഖേനയാണോ അല്ല ഫിലോസഫി (തത്ത്വചിന്തകള്‍) മുഖേനയാണോ മോക്ഷം ലഭിക്കുന്നത്? ഞാന്‍ ആവര്‍ത്തിച്ച് ശക്തിയുക്തം പറഞ്ഞുകൊള്ളട്ടെ, മതത്തിലെ അഖീദ സംബന്ധമായ വിഷയങ്ങള്‍ തത്വചിന്താപരമായോ അക്കങ്ങള്‍ നിരത്തി ഗണിതശാസ്ത്രപരമായോ സാധാരണനിലയില്‍ ദൃഷ്ടിഗോചരരീതിയിലോ ഉള്ള സുവ്യക്തമായ പൊതുനിയമങ്ങള്‍ക്ക് വിധേയമായിരുന്നെങ്കില്‍ അതൊരിക്കലും തന്നെ മോക്ഷത്തിനുള്ള മാര്‍ഗ്ഗമാകുമായിരുന്നില്ല. സഹോദരങ്ങളേ, നിശ്ചയമായും അറിഞ്ഞുകൊള്‍വിന്‍! മോക്ഷം ഈമാനുമായി ബന്ധിതമായ കാര്യമാകുന്നു; ഈമാന്റെ ബന്ധം അദൃശ്യകാര്യങ്ങളോടാകുന്നു. പദാര്‍ത്ഥങ്ങളുടെ ഉണ്മകള്‍ ഗോപ്യമല്ലായിരുന്നെങ്കില്‍ ഈമാന്‍ ഉണ്ടാകുമായിരുന്നില്ല. ഈമാനില്ലായിരുന്നെങ്കില്‍ മോക്ഷത്തിനുള്ള ഒരു മാര്‍ഗ്ഗവും കാണപ്പെടുമായിരുന്നില്ല. ഈമാന്‍ തന്നെയാണ് ദൈവപ്രീതി കരസ്ഥമാക്കാനുള്ള വഴിയും, ദൈവസാമീപ്യമെന്ന മഹല്‍പദവികളിലേക്കുള്ള ഗോവണിയും, പാപങ്ങളുടെ കറകള്‍ കഴുകിക്കളയാനുള്ള ജലധാരയും. നമ്മുടെ ആവശ്യങ്ങളഖിലതും അല്ലാഹുവിലാണ് നാം അര്‍പ്പണം ചെയ്യുന്നത്; അതിനുള്ള തെളിവുകള്‍ ഈമാന്‍ മുഖാന്തരം തന്നെയാണ് നമുക്ക് കരഗതമാകുന്നത്. എന്തെന്നാല്‍ നാം എല്ലാ ദുഃഖങ്ങളില്‍നിന്ന് മോചിതരാവുകയും മോക്ഷം ലഭ്യമാവുകയും ചെയ്യുന്നതിന് അല്ലാഹുവിനെയാണ് ആശ്രയിക്കുന്നത്. പ്രസ്തുത മോക്ഷം ഈമാനൊന്നുകൊണ്ട് മാത്രമേ കൈവരികയുള്ളൂ. ഈ ലോകത്ത് ലഭിക്കുന്ന  ശിക്ഷകളാകട്ടെ പരലോകശിക്ഷകളാകട്ടെ രണ്ടിനുമുള്ള ചികിത്സ ഈമാന്‍ തന്നെ. നാം ഏതെങ്കിലും പ്രയാസത്തിനുള്ള പരിഹാരം വിശ്വാസത്തിന്‍റെ ശക്തികൊണ്ട് അസാധ്യമായി കാണാതിരിക്കുമ്പോൾ ആ പ്രയാസം നമുക്കായി പരിഹരിക്കപ്പെടുന്നു. ഈമാന്‍റെ ശക്തികൊണ്ടുതന്നെ നാം പൊതുസങ്കല്പങ്ങള്‍ക്ക് വിരുദ്ധവും ബൗദ്ധികമായി വിദൂരവുമായ ലക്ഷ്യങ്ങള്‍ പോലും നേടിയെടുക്കുന്നു. ഈമാന്‍റെ തന്നെ ശക്തിയാല്‍ കറാമത്തുകള്‍ ദൃശ്യമാവുകയും അനിതരസാധാരണ സംഭവങ്ങള്‍ പ്രത്യക്ഷമാവുകയും ചെയ്യുന്നു; അസംഭവ്യമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ഇമാനൊന്നു കൊണ്ടുതന്നെയാണ് ദൈവമുണ്ടെന്ന് കണ്ടെത്തുന്നത്. ദൈവം തത്ത്വചിന്തകരില്‍ നിന്നു മറഞ്ഞുനിന്നു. തത്ത്വജ്ഞാനികള്‍ക്ക് അവന്‍റെ വിലാസം ലഭിച്ചില്ല. എന്നാല്‍ വിശ്വാസം വിനയാന്വിതനായൊരു ഭിക്ഷുവിനെ ദൈവവുമായി സന്ധിപ്പിക്കുന്നു; അവനുമായി സംസാരിപ്പിക്കുന്നു. വിശ്വാസിക്കും യഥാര്‍ഥ പ്രേമഭാജനത്തിനുമിടയില്‍ വിശ്വാസശക്തി ഒരു ഇടനിലക്കാരനാകുന്നു. ഈ ശക്തി ഒരു ദരിദ്രനും അവഹേളിതനും വെറുക്കപ്പെട്ടവനും തിരസ്കരിക്കപ്പെട്ടവനുമായവനെ പരിപാവന രാജമന്ദിരമായ അല്ലാഹുവിന്‍റെ അര്‍ശുവരെ ആനയിച്ച് സകലവിധ മറകളും ഉയര്‍ത്തിക്കൊണ്ട് ആ നിത്യസായൂജ്യത്തിന്‍റെ മുഖം കാട്ടിക്കൊടുക്കുന്നു. അതുകൊണ്ട് എഴുന്നേല്‍ക്കുവിന്‍! ഈമാനെ തിരഞ്ഞുനോക്കുവിന്‍! അനന്തരം തത്ത്വശാസ്ത്രത്തിന്‍റെ വരണ്ടതും ഉപയോഗശൂന്യവുമായ കടലാസുകള്‍ കത്തിച്ചുകളയുവിന്‍! ഈമാന്‍ കൊണ്ട് നിങ്ങള്‍ക്ക് ബര്‍ക്കത്തുകള്‍ ലഭിക്കുമാറാകും. ഈമാന്‍റെ ഒരു കണിക തത്ത്വശാസ്ത്രങ്ങളുടെ സഹസ്രങ്ങളായ കൂമ്പാരങ്ങളേക്കാള്‍ ഉൽകൃഷ്ടമത്രെ. ഈമാന്‍ മുഖേന കേവലം പരലോകമോക്ഷമല്ല പ്രത്യുത ഇഹലോകത്തിലെ നരകങ്ങളില്‍നിന്നും ശാപങ്ങളില്‍നിന്നും മോചനം ലഭിക്കുന്നു. ആത്മാവിനെ ഉന്മൂലനം ചെയ്യുന്ന ദുഃഖങ്ങളില്‍ നിന്നും നാം ഈമാന്റെ ബര്‍ക്കത്തുകൊണ്ടുതന്നെയാണ് മോചിതരാകുന്നത്. കഠോരമായ ആശങ്കകളുടെയും വേദനകളുടെയും പീഢനങ്ങളുടെയും  ദുഃഖങ്ങളുടെയും കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കുകയും, നാനാഭാഗത്തും പരാജയത്തിന്‍റെ അടയാളങ്ങള്‍ ദൃശ്യമാവുകയും, പ്രത്യക്ഷമായ ഉപാധികളുടെ എല്ലാ കവാടങ്ങളും കൊട്ടിയടച്ച് താഴിട്ട് പൂട്ടപ്പെടുകയും ചെയ്യുന്ന വേളകളില്‍ സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും അവസ്ഥയിലേക്ക് സമ്പൂര്‍ണ്ണ വിശ്വാസിയെ എത്തിക്കുന്നത് എന്താണെന്ന് അറിയുമോ? അത് ഈമാന്‍ തന്നെയാകുന്നു.
സര്‍വ്വവിധ ദൂരങ്ങളും പൂര്‍ണ്ണ വിശ്വാസം കൊണ്ട് ഇല്ലാതാകുന്നു…
 
ഈമാനെ പോലെ മറ്റൊരു സമ്പത്തുമില്ല! ലോകത്ത് സകലരും ജീവച്ഛവങ്ങളാകുന്നു, എന്നാല്‍ വിശ്വാസികളൊഴികെ! ലോകത്തുള്ള അഖിലരും വേദനകളാലും നൊമ്പരങ്ങളാലും നീറ്റലുകളാലും ബന്ധിതരാകുന്നു, എന്നാല്‍ സത്യവിശ്വാസിയൊഴികെ! വിശ്വാസമേ! നിന്‍റെ ഫലങ്ങള്‍ എത്ര മധുരതരം! നിന്‍റെ പുഷ്പങ്ങള്‍ എത്ര സുഗന്ധപൂരിതം! സുബ്ഹാനല്ലാഹ്! നിന്നില്‍ എന്തൊരാശ്ചര്യകരമായ അനുഗ്രഹങ്ങളാണുള്ളത്! എന്തുമാത്രം രമണീയമായ പ്രകാശമാണ് നിന്നില്‍ മിന്നിത്തിളങ്ങുന്നത്! നിന്‍റെ ആകര്‍ഷണം സിദ്ധിച്ചവരൊഴികെ ആരുംതന്നെ സുറയ്യയോളം ചെന്നെത്തുകയില്ല. നീ വരികയും തത്വചിന്തകള്‍ പോയ്മറയുകയും ചെയ്യട്ടെ എന്നതാണ് അല്ലാഹുവിന്‍റെ അഭിലാഷം. ‘വലാ റാദ്ദ ലി ഫദ്ലിഹീ’ (അവന്‍റെ അനുഗ്രഹങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ല)
 
(ഫുട്നോട്ട് ‘ആയിനയെ കമാലാത്തെ ഇസ്ലാം’ പേ. 280 – 283)