ദർസ് 108 : തെറ്റായ ഊഹങ്ങളിൽ നിന്ന് രക്ഷപ്പെടുക.

സത്യവിശ്വാസം സ്വീകരിക്കുന്ന ഒരാൾ തന്‍റെ വിശ്വാസത്തിൽ നിന്ന് ദൃഢബോധത്തിലേക്കും പിന്നെ അഭൗമിക അനുഭവ ജ്ഞാനത്തിലേക്കും മുന്നേറേണ്ടതാണ്. പ്രത്യുത വീണ്ടും ഊഹങ്ങളിലേക്കുതന്നെ ചായുകയല്ല വേണ്ടത്. ഓർമ്മിക്കുക, ഊഹം പ്രയോജനപ്പെടുകയില്ല. അല്ലാഹു അത് സംബന്ധമായി സ്വയം അരുൾ ചെയ്യുന്നു:

إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا ۚ

(ഊഹം സത്യം ഗ്രഹിക്കുന്നതിനു ഒട്ടും പ്രയോജനപ്പെടുകയില്ല. യൂനുസ്.37)

യഖീൻ അഥവാ ദൃഢവിശ്വാസം തന്നെയാണ് മനുഷ്യനെ ലക്ഷ്യ സാഫല്യത്തിലെത്തിക്കുന്നത്. ദൃഢവിശ്വാസം കൂടാതെ ഒന്നും സാധ്യമല്ല. മനുഷ്യൻ സകലകാര്യങ്ങളിലും തെറ്റായി ഊഹിക്കാൻ തുടങ്ങിയാൽ ഒരുപക്ഷേ ക്ഷണനേരത്തേക്ക് പോലും ഈ ലോകത്ത് കഴിച്ചുകൂട്ടാൻ അവനു സാധ്യമല്ല. വിഷാംശം കലർന്നിട്ടുണ്ടാകുമോ എന്ന് ഊഹിച്ചാൽ വെള്ളം കുടിക്കാൻ സാധ്യമല്ല. വിപണിയിൽനിന്ന് വാങ്ങിക്കഴിക്കുന്ന വിഭവങ്ങളിൽ എന്തെങ്കിലും വിനാശകാരിയായ മായം കലർത്തപ്പെട്ടിരിക്കുമോ എന്ന് ഊഹിച്ച് ആഹാരമുപേക്ഷിച്ചാൽ ജീവിക്കാൻ തന്നെ കഴിയില്ല. ഇതൊരു വലിയ ഉദാഹരണമാണ്. ഇപ്രകാരം മനുഷ്യന് ആത്മീയ വിഷയങ്ങളിലും പ്രയോജനമുൾക്കൊള്ളാം.

ഇനി നിങ്ങൾ സ്വയം ചിന്തിച്ച് നിങ്ങളുടെ ഹൃദയങ്ങളിൽ തീരുമാനമെടുക്കുക. അതായത്, നിങ്ങൾ എന്‍റെ കയ്യിൽ ബയ്അത്ത് ചെയ്യുകയും എന്നെ ‘മസീഹ് മൗഊദും ഹകമെ അദ്‌ലും (വാഗ്ദത്ത മസീഹും നീതിമാനായ വിധികർത്താവും) ആണെന്ന് അംഗീകരിക്കുകയും ചെയ്തതിനു ശേഷം എന്‍റെ ഏതെങ്കിലും തീരുമാനമോ പ്രവൃത്തിയോ നിമിത്തം നിങ്ങളുടെ ഹൃദയങ്ങളിൽ വിദ്വേഷമോ വ്യസനമോ സംജാതമായിട്ടുണ്ടെങ്കിൽ തങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് പരിചിന്തനം നടത്തിക്കൊൾവിൻ. ഉൽകണ്ഠകളും ശങ്കകളും നിറഞ്ഞ അത്തരം വിശ്വാസത്തിന്‍റെ പര്യവസാനം ശുഭമായിരിക്കില്ല. മസീഹ് മൗഊദ് വാസ്തവത്തിൽ ഹക്കം (വിധികർത്താവ്) തന്നെയാണെന്ന് നിങ്ങൾ സത്യഹൃദയത്തോടെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, പിന്നെ ആ വ്യക്തിയുടെ ആജ്ഞക്കും പ്രവൃത്തിക്കും മുന്നിൽ തങ്ങളുടെ എല്ലാ ആയുധങ്ങളും വെച്ച് കീഴടങ്ങേണ്ടതാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ആദരവോടെ വീക്ഷിക്കുക. തന്മൂലം നിങ്ങൾ റസൂലുല്ലാഹി (സ) തിരുമേനിയുടെ പരിശുദ്ധവചനങ്ങൾ കൂടി ആദരിക്കുന്നവരും ശ്രേഷ്ഠത കല്പിക്കുന്നവരുമായി ഗണിക്കപ്പെടുമാറാകട്ടെ. റസൂലുല്ലാഹി (സ) യുടെ ഈ സാക്ഷ്യം നിങ്ങൾക്ക് വേണ്ടുവോളം മതിയായതല്ലേ, അത് തൃപ്തിദായകം കൂടിയാണ്, “അദ്ദേഹം നിങ്ങളുടെ ഇമാം ആയിരിക്കും ‘ഹകമെ അദൽ ആയിരിക്കും” ഇതുമുഖേനയും നിങ്ങൾക്ക് തൃപ്തി കൈവരുന്നില്ലെങ്കിൽ പിന്നെ എന്ന് കൈവരും!

സത്യവിശ്വാസം സ്വീകരിക്കുകയും അതോടൊപ്പം ഹൃദയത്തിന്‍റെ ഗുപ്തകോണിൽ ദുർഭാവന വെച്ചുപുലർത്തുകയും ചെയ്യുന്ന രീതി ഒരിക്കലും ശുഭവും അനുഗൃഹീതവുമല്ല. ഞാൻ സത്യവാദിയല്ലെങ്കിൽ നിങ്ങൾ പോയി മറ്റൊരു സത്യവാദിയെ അന്വേഷിച്ചു കണ്ടെത്തുക! നിശ്ചയമായും അറിഞ്ഞുകൊൾവിൻ! ഇന്ന് നിങ്ങൾക്ക് മറ്റൊരു സത്യവാദിയേയും കണ്ടെത്താൻ സാധ്യമല്ല. എങ്കിൽ, റസൂലുല്ലാഹ് (സ) തിരുമേനി എനിക്ക് എത്രത്തോളം അവകാശമാണോ തന്നിട്ടുള്ളത് അത്രത്തോളമാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്.

(മൽഫൂസാത് വാ.3 പേ. 73)