ദർസ് 109 : ശിർക്കിൽനിന്ന് രക്ഷപ്പെടുക

പലതരത്തിലുള്ള ശിർക്ക് (ബഹുദൈവാരാധനകൾ) ഉണ്ട്. ഒന്ന്, ഹിന്ദുക്കളും ക്രിസ്തീയരും യഹൂദരും മറ്റ് ബിംബാരാധകരുമൊക്കെ അടിമപ്പെട്ടിരിക്കുന്ന വലുതും വ്യക്തവുമായ ബഹുദൈവാരാധനയാണ്. അതിൽ ഏതെങ്കിലും മനുഷ്യരെയോ ശിലകളേയൊ നിർജീവ വസ്തുക്കളേയോ ശക്തികളേയോ സാങ്കല്പിക ദേവീദേവതകളേയോ ദൈവമാക്കപ്പെടുന്നു. ഈ ബഹുദൈവാരാധന ഇന്നും ലോകത്ത് കാണപ്പെടുന്നുവെങ്കിൽ തന്നെയും; വിജ്ഞാനവും വെളിച്ചവും നിറഞ്ഞ ഇക്കാലഘട്ടത്തിൽ വിവേകശാലികൾ ഇത്തരം ബഹുദൈവാരാധനയെ വെറുപ്പോടെ വീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ സാമുദായികമതം എന്ന നിലയിൽ ഈ വിവരക്കേടിനെ പ്രത്യക്ഷത്തിൽ അവർ ഏറ്റുപറയുന്നുവെന്നത് വേറെ വിഷയമാണ്. പക്ഷെ, ജനങ്ങൾ പരക്കെ അതിനോട് വിരക്തരായിക്കൊണ്ടിരിക്കുന്നുണ്ടെന്നതാണ് സത്യം. എന്നാൽ, വിഷത്തെ പോലെ പരോക്ഷമായി പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മറ്റൊരുതരം ശിർക്ക് കൂടി ഇന്ന് ജനങ്ങളിൽ ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും തീർത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണത്.

ബാഹ്യമായ ഉപാധികളേയും കാര്യകാരണങ്ങളേയും ഒരുകാരണവശാലും കണക്കിലെടുക്കരുതെന്ന് നാം ഒരിക്കലും പറയുന്നില്ല. കാരണം, ബാഹ്യോപാധികളെ ഉപയോഗിക്കാനും ആശ്രയിക്കാനും ദൈവം തമ്പുരാൻ തന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രത്തോളം ആവശ്യമാണോ അത്ര അവലംബമാക്കാം. ഉപാധികളെ അവലംബമാക്കാതിരിക്കുന്നപക്ഷം അത് മനുഷ്യശക്തികളെ അവമതിക്കലും അല്ലാഹുവിന്റെ ഒരു പ്രൗഢോജ്വല പ്രവൃത്തിയെ അവഹേളിക്കലുമാകുന്നു. എന്തെന്നാൽ, ഉപാധികളെ പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് അല്ലാഹു മനുഷ്യന് സമ്മാനിച്ച ശക്തികളെ തീർത്തും വ്യർഥമായി വിട്ടുകളയുകയും അല്ലാഹുവിന്റെ പ്രവൃത്തിയെ ഫലശൂന്യമായി ഗണിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. അത് വലിയ പാപമാകുന്നു. ആയതിനാൽ, ഭൗതിക വസ്തുക്കളേയും ഉപാധികളേയും തികച്ചും ആശ്രയിക്കാതിരിക്കുക എന്നത് ഒരിക്കലും നമ്മുടെ ഉദ്ദേശ്യമോ സിദ്ധാന്തമോ അല്ല. പരലോകത്തിനുവേണ്ടിയും കാര്യകാരണങ്ങൾ തന്നെയാണുള്ളത്. അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കൽ, പാപങ്ങളെ വർജിക്കൽ, മറ്റ് നന്മകൾ ചെയ്യൽ എന്നിവയെല്ലാം ഈ ലോകത്തും പരലോകത്തും സുഖം സിദ്ധിക്കാൻ വേണ്ടിയുള്ളതാണ്. അപ്പോൾ മറുവാക്കിൽ പ്രസ്തുത നന്മകൾ കാര്യകാരണങ്ങളെ പ്രതിനിധാനം ചെയ്യുന്നവയത്രെ.

കാര്യകാരണങ്ങളെ ആശ്രയിക്കാം എന്നാൽ അതിൽ പൂർണ്ണമായും ഭരമേല്‌പിക്കൽ ശിർക്കാകുന്നു

ലൗകിക ആവശ്യങ്ങൾ പൂർത്തിയാക്കാൻ കാര്യകാരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെ അല്ലാഹു വിലക്കിയിട്ടില്ല.‌ ഉദ്യോഗസ്ഥന് ഉദ്യോഗം വഹിക്കാം കൃഷിക്കാരന് കൃഷി ചെയ്യാം കൂലിപ്പണിക്കാരനു കൂലിപ്പണിയെടുക്കാം. തന്മൂലം അവർക്ക് തങ്ങളുടെ കുടുംബത്തോടും മറ്റുബന്ധുക്കളോടും സ്വന്തമായിത്തന്നെയുമുള്ള ബാധ്യതകൾ നിറവേറ്റാൻ സാധിക്കുന്നു. അതിനാൽ അനുവദനീയമായ ഒരു പരിധിവരെ അവയൊക്കെ വേണ്ടതും വിലക്കപ്പെടാത്തതും തന്നെ. എന്നാൽ മനുഷ്യൻ പരിധിവിട്ട് ബാഹ്യ കാര്യകാരണങ്ങളിൽ പൂർണ്ണ പ്രത്യാശയർപ്പിക്കുകയും എല്ലാ പ്രതീക്ഷകളും കാര്യകാരണങ്ങളിൽ മാത്രം ഭരമേൽപ്പിക്കുകയും ചെയ്യുമ്പോൾ അത് മനുഷ്യനെ യഥാർഥ ലക്ഷ്യത്തിൽ നിന്ന് ബഹുദൂരത്തേക്ക് എത്തിച്ചുകളയുന്ന ഒരു ‘ശിർക്ക്’ ആയിത്തീരുന്നു. ഒരുവൻ പറയുകയാണ്, ഇന്ന ഒരു കാരണം ഇല്ലായിരുന്നെങ്കിൽ ഞാൻ പട്ടിണികിടന്ന് മരിച്ചുപോകുമായിരുന്നു! അല്ലെങ്കിൽ പറയുന്നു, ഈ സ്വത്തും ഇന്ന ജോലിയും ഇല്ലെങ്കിൽ എന്‍റെ അവസ്ഥ ദുരിതപൂർണ്ണമായിപ്പോയേനെ!, അതല്ലെങ്കിൽ, ഇന്ന സുഹൃത്ത് ഇല്ലാതിരുന്നെങ്കിൽ ഞാൻ പ്രയാസങ്ങളിൽ അകപ്പെട്ടുപോകുമായിരുന്നു! തുടങ്ങിയ (പ്രസ്താവനകൾ ഉപര്യുക്ത ശിർക്കിന്) ഉദാഹരണങ്ങളാണ്.‌ ഇവ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടാത്ത സംഗതികളിൽ പെട്ടവയാണ്.‌ അതായത് സ്വത്തിലും ബാഹ്യവസ്തുക്കളിലും സുഹൃത്തുക്കളിലും ഇത്രത്തോളം പ്രതീക്ഷയർപ്പിക്കുന്നത് അല്ലാഹുവിൽനിന്ന് പൂർണ്ണമായും വേർപെടുത്തിക്കളയുന്ന ഒരു ആപൽക്കരമായ അന്യദൈവാരാധനയത്രെ. ഇത് വിശുദ്ധ ഖുർആന്‍റെ അധ്യാപനങ്ങൾക്ക് ഘടകവിരുദ്ധവുമാണ്.

വിശുദ്ധ ഖുർആൻ അരുൾ ചെയ്യുന്നു,

وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُون

[ആകാശത്ത് നിങ്ങളുടെ ഉപജീവനവും വാഗ്ദത്ത വിഷയങ്ങളുമുണ്ട്. അദ്ദാരിയാത്-23]

മറ്റൊരിടത്ത് പറയുന്നു,

وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ

[അല്ലാഹുവിൽ ആരെങ്കിലും കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുന്നുവെങ്കില്‍ അയാള്‍ക്ക് അവന്‍ തന്നെ ധാരാളം മതി. – (അത്ത്വലാക്ക്-4)]

ِ ۚ وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا  وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ

[അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കില്‍ അവന്‍ അയാള്‍ക്കൊരു മോചനമാര്‍ഗം സജ്ജീകരിച്ചു കൊടുക്കുന്നതും നിനച്ചിരിക്കാത്ത വിധം ഉപജീവനം നല്‍കുന്നതുമാണ്. (അത്ത്വലാഖ്-2,3)]

وَهُوَ يَتَوَلَّى الصَّالِحِين

[സജ്ജനങ്ങളുടെ കാര്യം അവൻ ഏറ്റെടുക്കുന്നതാണ്, (അൽഅഅ്റാഫ്-197)]

ഇത്തരത്തിൽ അവൻ മുത്തഖീങ്ങളുടെ കാര്യസ്ഥനും മേൽനോട്ടക്കാരനുമാകുന്നു (എന്ന് വിളിച്ചോതുന്ന) സൂക്തങ്ങളാൽ വിശുദ്ധ ഖുർആൻ നിറഞ്ഞിരിക്കുന്നു. അപ്പോൾ, മനുഷ്യൻ കാര്യകാരണങ്ങളെ ആശ്രയിക്കുകയും അതിൽ സർവ്വവും സമർപ്പണം ചെയ്യുകയും ചെയ്യുമ്പോൾ അവൻ അല്ലാഹുവിന്‍റെ മേൽപ്പറഞ്ഞ സിഫത്തുകൾ നിഷേധിക്കുന്നവന് തുല്യനായിത്തീരുകയും ബാഹ്യവസ്തുക്കൾക്ക് പ്രസ്തുത സിഫത്തുകളുടെ പങ്ക് നൽകുകയുമാണ് ചെയ്യുന്നത്. കാര്യകാരണങ്ങളെന്ന മറ്റൊരു ദൈവത്തെ തനിക്കായി കണ്ടെത്തുന്നു.

ഏതൊരു കൂട്ടരാണോ ഭരണാധികാരികൾക്കു നേരെ തലകുനിച്ചിരിക്കുകയും അവരിൽനിന്ന് സമ്മാനമോ ബഹുമതിയോ കരസ്ഥമാക്കുകയും ചെയ്യുന്നത് അക്കൂട്ടരുടെ ഹൃദയത്തിൽ അവരെ കുറിച്ച് ദൈവത്തോടെന്നപോലുള്ള മഹത്വം കയറിക്കൂടുന്നു. അനന്തരം അവർ അവരുടെ ആരാധകരായിത്തീരുന്നു. ഈയ്യൊരു കാര്യം തന്നെയാണ് തൗഹീദിനെ പിഴുതെറിയുന്നത്. ഇത് മനുഷ്യനെ അവന്‍റെ അസ്സലായ കേന്ദ്രലക്ഷ്യത്തിൽനിന്ന് ബഹുദൂരം തെറ്റിച്ചുകളയുന്നു..

ചുരുക്കത്തിൽ, തൗഹീദിന്‍റെ ഒന്നാമത്തെ അവസ്ഥ, മനുഷ്യൻ കല്ലുകളേയും മനുഷ്യരേയും മറ്റേതെങ്കിലും വസ്തുക്കളെയും ദൈവമാക്കരുത്; പ്രത്യുത അതിനെതിരിൽ അസന്തുഷ്ടിയും വെറുപ്പും പ്രകടിപ്പിക്കണം എന്നതാണെങ്കിൽ രണ്ടാമത്തെ അവസ്ഥ ബാഹ്യ കാര്യകാരണങ്ങളിൽ ഭരമേൽപിച്ച് ജീവിക്കാതിരിക്കുക എന്നതാണ്.

(മൽഫൂസാത് .v.3, p.80-82)