ദർസ് 51 : വാദം മാത്രം പോര സംസ്കരണം അനിവാര്യം

നമ്മുടെ ജമാഅത്ത് കേവലം വാദങ്ങളിൽ നിലകൊള്ളാതിരിക്കേണ്ടതാണ്. ബൈഅത് ചെയ്തതിൽ അഹങ്കരിക്കരുത്. തങ്ങളുടെ അവസ്ഥകളും നിലകളും ശരിയാക്കുകയും തങ്ങളിൽ സംസ്കരണം വരുത്തുകയും ചെയ്യേണ്ടത് അവരുടെ ബാധ്യതയാണ്. സംസ്കരണം വരുത്താതിരിക്കുകയും തഖ്‌വയും പരിശുദ്ധിയും കൈമുതലാക്കാതിരിക്കുകയും ചെയ്യുന്നവനാരോ അവൻ ഈ പ്രസ്ഥാനത്തിന്റെ അപകീർത്തിയാഗ്രഹിക്കുന്ന ഒരു ശത്രുവിനെ പോലെയാകുന്നു. ഈ പ്രസ്ഥാനം ദൈവ കരങ്ങളാൽ സ്ഥാപിതമായതാണ്. അതുകൊണ്ട് അത്തരക്കാർ തങ്ങളുടെ കർമ്മങ്ങളാൽ അല്ലാഹുവിനെതിരെ തിരിയുകയാണ് ചെയ്യുന്നത്. അപ്പോൾ അല്ലാഹുവിന്റെ പക്കൽ അവർക്കെന്തു വിലയാണുള്ളത്?!

ഇടക്കിടേ കിശ്തിയെ നൂഹ് (ലെ ഉപദേശങ്ങളും) വിശുദ്ധ ഖുർആനും പാരായണം ചെയ്തുകൊണ്ടിരിക്കുക. അതനുസരിച്ച് പ്രവർത്തിക്കുക. എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല. നിങ്ങൾ നിങ്ങളുടെ സമൂഹത്തിൽ നിന്ന് ഏറ്റുവാങ്ങാനുള്ള ശാപങ്ങളും ശകാരങ്ങളുമെല്ലാം ഏറ്റുവാങ്ങിയിരിക്കുന്നു. എന്നാൽ ഈ ശാപങ്ങൾ പേറിക്കൊണ്ട് അല്ലാഹുവുമായുള്ള ബന്ധം കൂടി സംശുദ്ധമല്ലെങ്കിൽ എത്രമാത്രം ആപൽകരവും ദയനീയവുമാണത്. പത്രക്കാർ നമുക്കെതിരിൽ മുറവിളികൂട്ടുന്നു. ശത്രുതയുടെ എല്ലാ വശങ്ങളിലൂടെയും അവർ ശക്തിചെലുത്തുന്നു. എന്നാൽ അല്ലാഹുവിന്റെ പ്രവർത്തികൾ അനുഗ്രഹീതമാണ്. അതെ ഈ അനുഗ്രഹങ്ങളിൽ പങ്കുകൊള്ളണമെങ്കിൽ നാം നമ്മിൽ സംസ്കരണവും മാറ്റവും വരുത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് നിങ്ങളുടെ ഹൃദയം ദൈവത്തിന്റെ ‘അർഷ്’ ആയിത്തീരുവോളം പരിവർത്തനവും പരിശുദ്ധിയും വരുത്തിയിട്ടുണ്ടോ എന്നും നിങ്ങൾ അവന്റെ സംരക്ഷണത്തിന്റെ തണലിൽ വന്നിട്ടുണ്ടോ എന്നും (വിലയിരുത്താൻ) തങ്ങളുടെ വിശ്വാസങ്ങളുടേയും കർമ്മങ്ങളുടേയും കണക്കെടുപ്പ് നടത്തിക്കൊൾവിൻ.

പാപങ്ങളിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള ചികിത്സ

പാപങ്ങളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ദൈവത്തോടുള്ള ഭയം ഹൃദയത്തിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ദൈവം ഇച്ഛിക്കുന്ന സമയത്ത് ഹൃദയത്തിൽ ദൈവഭയം ഇട്ടുകൊടുക്കുന്നു. ദൈവസ്നേഹവും പാപങ്ങളിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള ഒരു മാർഗ്ഗമാണ്. പക്ഷേ അത് അങ്ങേയറ്റം ഉദാത്തമായ സ്ഥാനമലങ്കരിക്കുന്ന ഒന്നാണ്. എന്നാൽ ഭയം പൊതുവിലുള്ള ഒരു മാർഗ്ഗമത്രെ…..

നിശ്ചയമായും ഓർത്തുകൊൾവിൻ! എല്ലാ നബിമാരും മുന്നറിയിപ്പ് നൽകിയിരുന്ന പ്രകാരം ഇപ്പോൾ മോശപ്പെട്ട ദിനങ്ങൾ വരികയും പോവുകയും ചെയ്തുകൊണ്ടിരിക്കുന്നു. അല്ലാഹു തന്റെ പരിശുദ്ധവചനങ്ങളാൽ ഇതുതന്നെയാണ് എന്നെ അറിയിച്ചത്; ശിക്ഷയുടെ നാളുകൾ വന്നും പോയും കൊണ്ടിരിക്കും. ആരാണോ ഇപ്പോൾ ദുആ ചെയ്യുകയും ഹൃദയം അലിഞ്ഞുപോകുവോളം വിലപിച്ചുകൊണ്ട് നമസ്കാരത്തിൽ ശക്തി ചെലുത്തുകയും ചെയ്യുന്നത് അല്ലാഹു തആല അവനോട് കരുണ കാണിക്കുന്നതാണ്. ആപത്തുകൾ ശക്തിപ്രാപിക്കുന്ന വേളയിൽ ഭയപ്പെട്ടു തുടങ്ങുകയാണെങ്കിൽ പിന്നെ അക്രമികളും സത്യം തിരിച്ചറിഞ്ഞവരും തമ്മിലെന്ത് വ്യത്യാസം? ചുരുക്കത്തിൽ, ഈ സമയത്ത് ദൈവവുമായി ആരാണോ ബന്ധം സ്ഥാപിക്കുന്നത് അതവനു ഗുണം ചെയ്യുന്നതാണ്..

‘കിശ്തി നൂഹിൽ’ എഴുതപ്പെട്ടിട്ടുള്ള ഉപദേശങ്ങൾ ദിവസവും ഒരുതവണ വായിക്കുക എന്നതും പാപങ്ങളിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള മറ്റൊരു ചികിത്സയാണ്.

(മൽഫൂസാത് 15-17/10/1902)