ദർസ് 33 : നമസ്കാരത്തിന്റെ രീതി

നമസ്കാരത്തിൽ മാതൃഭാഷയിലും ദുആ ചെയ്യേണ്ടതാണ്. കാരണം സ്വന്തം ഭാഷയിൽ പ്രാർത്ഥിക്കുമ്പോഴാണ് പ്രാർത്ഥനയിൽ പൂർണ്ണ ഉത്സാഹം സംജാതമാകുന്നത്. സൂറഃ ഫാതിഹ അല്ലാഹുവിന്റെ കലാമാണ്. അത് അതുപോലത്തന്നെ അറബിഭാഷയിൽ ചൊല്ലുക. തുടർന്ന് ചൊല്ലുന്ന വിശുദ്ധ ഖുർആനിലെ ഭാഗവും ശേഷമുള്ള സുന്നത്തായ ദുആകളും തസ്ബീഹുകളും അറബിയിൽ തന്നെ ചൊല്ലണം. എന്നാൽ, അവയെല്ലാത്തിന്റേയും  അർത്ഥവും പഠിക്കേണ്ടതാണ്. ഇവയ്ക്കെല്ലാം പുറമെ ഹൃദയസാന്നിധ്യം ലഭിക്കാൻ വേണ്ടി മാതൃഭാഷയിൽ ദുആകൾ ചെയ്യേണ്ടതാണ്.  എന്തെന്നാൽ ഹൃദയസാന്നിധ്യമില്ലെങ്കിൽ നമസ്കാരം നമസ്കാരമല്ലതന്നെ…..

അവിവേകികളായ ജനം നമസ്കാരത്തെ ഒരു നികുതിയടവ് പോലെ ഗണിക്കുകയും ദുആകളെ അതിൽ നിന്ന് വേർപെടുത്തുകയും ചെയ്യുന്നു. നമസ്കാരം സ്വയംതന്നെ ദുആയാണ്. ദീനും ദുനിയാവുമായി ബന്ധപ്പെട്ട സകല പ്രതിസന്ധികളുടെ പരിഹാരങ്ങൾക്ക് വേണ്ടിയും എല്ലാ ഓരോ ആപത്തുവേളയിലും നമസ്കാരത്തിനുള്ളിൽ ദുആകൾ ചെയ്യേണ്ടതാണ്. നമസ്കാരത്തിലെ എല്ലാ ഘട്ടങ്ങളിലും ദുആ ചെയ്യാം. റുക്കൂവിലേയും സുജൂദിലേയും തസ്ബീഹുകൾക്കു ശേഷംവും അത്തഹിയാത്തിന് ശേഷവും, റുക്കൂഅ് കഴിഞ്ഞ് എഴുന്നേറ്റ ശേഷവും ദുആകൾ ചെയ്തുകൊൾവിൻ. തന്മൂലം (ദൈവീക അനുഗ്രഹങ്ങളാൽ) നിങ്ങൾ ധന്യരായിത്തീരട്ടെ.

ആത്മാവ് ദുആക്ക് വേണ്ടി ജലധാര പോലെ ഒഴുകേണ്ടതാണ്. അങ്ങനെയുള്ള ദുആകൾ ഹൃദയത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കിത്തീർക്കുന്നു. അത്തരത്തിൽ ദുആകൾക്ക് (അവസരം) സിദ്ധിച്ചാൽ മനുഷ്യൻ നേരം പുലരുവോളം നിൽക്കേണ്ടി വന്നാലും ശരി, പാപപങ്കിലമാകുന്നതിൽ നിന്ന് രക്ഷപ്രാപിക്കാൻ  അല്ലാഹുവിന്റെ തിരുസന്നിധിയിൽ ദുആകൾ ചെയ്തുകൊണ്ടിരിക്കേണ്ടതാണ്.

പാപമാകുന്ന വിഷത്തിന്റെ സംഹാരത്തിനായുള്ള ചികിത്സയാണ് പ്രാർത്ഥന.  തങ്ങളുടെ സ്വന്തം ഭാഷയിൽ ദുആ ചെയ്താൽ നമസ്കാരം മുറിഞ്ഞുപോകുമെന്ന് ചില അവിവേകികൾ ധരിച്ചുവെച്ചിരിക്കുന്നു. അത്തരക്കാരുടെ നമസ്കാരം മുന്നേതന്നെ മുറിഞ്ഞുപോയതാണ്.

ദുആചെയ്യുമ്പോൾ ആനന്ദം ലഭിക്കുന്നുവെങ്കിൽ അതാണ് നമസ്കാരം. അല്ലാഹുവിന്റെ തിരുസന്നിധിയിൽ വളരെ ഹൃദയസാന്നിധ്യത്തോടെ നിന്നുകൊണ്ട് വിതുമ്പിക്കരയുവിൻ. ഒരു കോടതിവിചാരണയിൽ കുടുങ്ങി അറസ്റ്റ് ചെയ്യപ്പെടുകയും തന്നെ ഇപ്പോൾ തൂക്കിലേൽക്കാനോ വധിച്ചുകളയാനോ ശിക്ഷ വിധിക്കപ്പെട്ടേക്കാമെന്ന ഭയാനകമായ അവസ്ഥയിൽ നിൽക്കുകയും ചെയ്യുന്ന ഒരുവനെ പോലെ – അവന്റെ അവസ്ഥ ആ വിധികർത്താവിന്റെ മുന്നിൽ എങ്ങനെയായിരിക്കുമോ  – അല്ലാഹുവിന്റെ മുന്നിലും അതേപ്രകാരം ഭയചകിതമായ ഹൃദയത്തോടെ നിൽക്കേണ്ടതാണ്.

ഏത് നമസ്കാരത്തിലാണോ ഹൃദയം ഒരുഭാഗത്തും ചിന്തകൾ മറ്റൊരു ഭാഗത്തും ഉരുവിടുന്നതെന്തെന്ന് ബോധമില്ലാത്തതുമായ അവസ്ഥയുള്ളത് അത് തിരിച്ച് മനുഷ്യന്റെ മുഖത്തേക്ക് തന്നെ വലിച്ചെറിയപ്പെടുന്ന ഒരു ശാപമാകുന്നു. അത് സ്വീകരിക്കപ്പെടുകയില്ല.

അല്ലാഹു അരുൾ ചെയ്യുന്നു,

فَوَيْلٌ لِّلْمُصَلِّينَ  الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ

(അൽമാഊൻ 4-5)

തങ്ങളുടെ നമസ്കാരത്തിന്റെ യാഥാർത്ഥ്യങ്ങളെ കുറിച്ച് അറിയാത്തവർക്ക് ശാപം! ആനന്ദപൂർണ്ണമായ അനുഭവം പകരുന്ന നമസ്കാരം തന്നെയാണ് അസ്സലായിട്ടുള്ള നമസ്കാരം. അത്തരം നമസ്കാരത്തിലൂടെ തന്നെയാണ് പാപങ്ങളോട് വെറുപ്പുണ്ടായിത്തുടങ്ങുന്നത്. ഈയ്യൊരു നമസ്കാരത്തെ സംബന്ധിച്ച് തന്നെയാണ് ‘നമസ്കാരം സത്യവിശ്വാസിയുടെ മിഅറാജാണെന്ന്’ വർണ്ണിക്കപ്പെട്ടിരിക്കുന്നത്. നമസ്കാരം വിശ്വാസിയുടെ പുരോഗതിക്കുള്ള മാർഗമാകുന്നു.

(മൽഫൂതാത്. വാ .9, പേ.40 &  വാ. 5 പേ.54 & 55)

ത്വാലിബെ ദുആ: അബൂ അയ്മൻ