ദർസ് 31 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -5)

▪അല്ലാഹുവിനോടുള്ള കടമകളെപ്പറ്റിയും മനുഷ്യരോടുള്ള കടമകളെപ്പറ്റിയും ഒരു ദരിദ്രനോടു ചോദിക്കുന്നതുപോലെ എല്ലാ ഓരോ ധനികരോടും ചോദിക്കപ്പെടുന്നതായിരിക്കും. എന്നല്ല, അതിനേക്കാൾ കൂടുതൽ! ഈ ഹൃസ്വമായ ജീവിതത്തിൽ വിശ്വാസമർപ്പിച്ച് പൂർണ്ണമായും ദൈവത്തിൽ നിന്ന് മുഖം തിരിക്കുന്നവൻ എത്രമാത്രം ദൗർഭാഗ്യവാനാകുന്നു. ദൈവം നിഷിദ്ധമാക്കിയതിനെ ഒരു ഭയവും കൂടാതെ അനുവദനീയമെന്നപോലെ ഉപയോഗിക്കുന്നു. കോപാവസ്ഥയിൽ ഭ്രാന്തന്മാരെ പോലെ ചിലരെ ചീത്തവിളിക്കാനും ചിലരെ പരിക്കേല്പിക്കാനും ചിലരെ കൊല്ലാനും മുതിരുന്നു. ഇന്ദ്രീയാശകളുടെ ആവേശത്തള്ളിച്ചയാൽ നാണംകെട്ട മാർഗ്ഗങ്ങളെല്ലാം പാരമ്യതയിലെത്തിക്കുന്നു. അവർ മരിക്കുന്നതുവരെ യഥാർത്ഥമായ ആനന്ദാവസ്ഥ പ്രാപിക്കുകയില്ല.  

▪അല്ലയോ സഹൃദയരേ! നിങ്ങൾ അല്പകാലത്തേക്കാണ് ലോകത്ത് വന്നിട്ടുള്ളത്. അതും ഒരുപാട് കഴിഞ്ഞുപോയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ യജമാനനായ ദൈവത്തെ വെറുപ്പിക്കാതിരിക്കുക. നിങ്ങളേക്കാൾ ശക്തമായിരിക്കുന്ന മനുഷ്യനിർമ്മിതമായ ഒരു ഭരണകൂടത്തിനു നിങ്ങളോട് വെറുപ്പുണ്ടെങ്കിൽ അവർക്ക് നിങ്ങളെ നശിപ്പിക്കാൻ കഴിയും. അതിനാൽ നിങ്ങൾ ചിന്തിക്കുക! അല്ലാഹുവിന്റെ വെറുപ്പിൽനിന്ന് നിങ്ങൾക്കെങ്ങനെയാണ് രക്ഷപ്പെടാൻ സാധിക്കുക? അല്ലാഹുവിന്റെ കൺമുമ്പിൽ നിങ്ങൾ യഥാർത്ഥ ഭക്തരാണെങ്കിൽ ആർക്കും നിങ്ങളെ നശിപ്പിക്കാൻ സാധിക്കില്ല. അവൻ സ്വയം നിങ്ങളെ സംരക്ഷിക്കും.

▪സ്നേഹിതന്മാരേ! ഇത് മതത്തിനും മതത്തിന്റെ ലക്ഷ്യങ്ങൾക്കും വേണ്ടി സേവനം ചെയ്യേണ്ട കാലമാണ്. ഈ കാലത്തെ വന്നുകിട്ടിയ സുവർണ്ണാവസരമായി മനസ്സിലാക്കുക. പിന്നീടൊരിക്കലും ഇത് കൈയിൽ വരികയില്ല. മഹത്വപൂർണ്ണനായ നബി(സ) യുടെ അനുയായികളായിരുന്നിട്ട് നിരാശരാകുന്നതെന്തിന്? നിങ്ങളുടെ സത്യസന്ധതയും വിശ്വസ്തതയും കണ്ടിട്ട് ആകാശത്ത് മലക്കുകളും അത്ഭുതപ്പെടുകയും നിങ്ങളുടെമേൽ സമാധാനാശംസകൾ നേരുകയും ചെയ്യുമാറ് നിങ്ങൾ മതൃക കാണിക്കുക.

▪ഞാൻ അവസാനിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ ഈ ഉപദേശങ്ങൾ നിങ്ങൾക്ക് ഫലപ്രദമായിത്തീരുമാറാകട്ടെ. ഭുമിയിലെ നക്ഷത്രങ്ങൾ ആയിത്തീരത്തക്കവണ്ണം നിങ്ങളുടെ ഹൃദയങ്ങളിൽ മാറ്റമുണ്ടാകട്ടെ. നിങ്ങളുടെ രക്ഷിതാവിൽനിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആ പ്രകാശത്താൽ നിങ്ങൾ പ്രകാശിക്കുമാറാകട്ടെ. ആമീൻ സുമ്മ ആമീൻ

ത്വാലിബെ ദുആ: അബൂ അയ്മൻ