ദർസ് 30 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -4)

▪നിങ്ങൾ ദൈവത്തിന്റേതായിത്തീരുമെങ്കിൽ ദൈവം നിങ്ങളുടേതു തന്നെയാണ്. നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങൾക്കുവേണ്ടി അവൻ ഉണർന്നിരിക്കും. നിങ്ങൾ ശത്രുവിനെകുറിച്ച് അശ്രദ്ധരായിരിക്കുമ്പോൾ അവൻ ശത്രുവിനെ നോക്കിപ്പാർക്കും….. നിങ്ങളുടെ ദൈവത്തിൽ എന്തെന്തെല്ലാം അത്ഭുതങ്ങളുണ്ടെന്ന് നിങ്ങളറിയുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഈ ദുനിയാവിനെ ചൊല്ലി ദു:ഖിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങൾ നിങ്ങൾക്കുണ്ടാവില്ല.

▪ദൈവം ഏറ്റവും പ്രിയപ്പെട്ട നിധിയാകുന്നു. അതിനെ വിലമതിക്കുവിൻ. ഓരോ കാൽവെപ്പിലും അവൻ നിങ്ങളുടെ സഹായകനാകുന്നു. അവനെ കൂടാതെ നിങ്ങൾ ഒന്നുമല്ല. നിങ്ങളുടെ ഉപകരണങ്ങളും ഉപായങ്ങളും ഒന്നും തന്നെയല്ല.

▪ദൈവം മാത്രമേ ദൈവമായിട്ടുള്ളുവെന്നും മറ്റുള്ളതെല്ലാം നിഷ്ഫലമാണെന്നും നിങ്ങൾക്കു കണ്ണുണ്ടെങ്കിൽ കാണാൻ കഴിയണം. അവന്റെ കല്പന ഇല്ലാതെ നിങ്ങൾക്ക് കൈ നിവർത്തുവാനോ മടക്കുവാനോ സാധിക്കുകയില്ല. ഇതുപറയുമ്പോൾ ഒരു മൃതതുല്യനായവൻ ചിരിക്കും. എന്നാൽ, അഹോകഷ്ടം! അവൻ മരിച്ചുപോയിരുന്നെങ്കിൽ ആ പരിഹസിക്കുന്നതിനേക്കാൾ നല്ലതായിരുന്നു.

▪ശ്രദ്ധിച്ചുകൊള്ളുക! നിങ്ങൾ അന്യസമുദായങ്ങളെ കണ്ടുകൊണ്ട്, അവർ ഭൗതീകപരമായ പദ്ധതികളിൽ അഭിവൃദ്ധിപ്പെട്ടിരിക്കുന്നുവെന്നും, അതുകൊണ്ടു വരിക, നമുക്കും അവരുടെ ചവിട്ടടികളിലൂടെ നടക്കാമെന്നും ആശിച്ചുപോകരുത്. കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുവിൻ. നിങ്ങളെ തന്നിലേക്ക് വിളിക്കുന്ന ദൈവത്തിൽ നിന്ന് അവർ അങ്ങേയറ്റം അപരിചിതരും അശ്രദ്ധരുമാണ്.

▪ഞാൻ നിങ്ങളെ ദുനിയാവിന്റെ സമ്പാദ്യത്തിൽനിന്നും തൊഴിലെടുക്കുന്നതിൽ നിന്നും തടയുന്നില്ല. എന്നാൽ, നിങ്ങൾ സകലതും ദുനിയാവ് തന്നെയെന്ന് കരുതുന്നവരുടെ അനുയായി ആകരുത്. നിങ്ങൾ എല്ലാ ഓരോ പ്രവൃത്തിയിലും, അത് ഭൗതീകമാകട്ടെ മതപരമാകട്ടെ അല്ലാഹുവിനോട് കരുത്തും കഴിവും തേടിക്കൊണ്ടിരിക്കേണ്ടതാണ്.

▪ഓരോ പ്രവർത്തനവേളയിലും ഓരോ വിഷമസന്ധിയിലും, നിങ്ങൾ എന്തെങ്കിലും പ്രയത്നിക്കുന്നതിനു മുമ്പേ നിങ്ങളുടെ വാതിൽ അടക്കുകയും ദൈവത്തിന്റെ തിരുസന്നിധിയിൽ വീഴുകയും ഞങ്ങൾക്ക് ഈ പ്രയാസം നേരിട്ടിരിക്കുന്നു, നിന്റെ അനുഗ്രഹംകൊണ്ട് അത് അകറ്റിത്തരേണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ മാത്രമേ നിങ്ങൾ സത്യവാന്മാരാവുകയുള്ളൂ.

▪ഇതരസമുദായങ്ങൾ പിന്നെയെങ്ങനെ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നും, അവരാണെങ്കിൽ തികവുറ്റവനും സർവ്വശക്തനുമായ നിങ്ങളുടെ ദൈവത്തെ അറിയുകപോലുമില്ലല്ലോ എന്നും മറ്റും നിങ്ങൾ ചിന്തിക്കരുത്. അവർ ദൈവത്തെ കൈവിട്ടകാരണത്താൽ ലൗകീകമായ പരീക്ഷണത്തിൽ വീഴ്ത്തപ്പെട്ടിരിക്കുന്നുവെന്നതാണ് അതിനുള്ള മറുപടി. ദൈവത്തിന്റെ പരീക്ഷണം ചിലപ്പോൾ ഈ രീതിയിലും ഉണ്ടാകാറുണ്ട്. അതായത്, ആ വ്യക്തി അവനെ വിട്ടുകളയുകയും ഐഹികമായ ഉന്മാദങ്ങളേയും ആനന്ദാനുഭൂതികളേയും സ്നേഹിക്കുകയും ഭൗതീകമായ സ്വത്തുക്കൾ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ ഭൗതികമായ കവാടങ്ങൾ അവനായി തുറക്കപ്പെടുകയും എന്നാൽ മതത്തിന്റെ വീക്ഷണത്തിൽ അവൻ പരമദരിദ്രനും നഗ്നനുമായിത്തീരുകയും അവസാനം ലൗകീകമായ ചിന്തകളിൽതന്നെ മരിച്ചൊടുങ്ങുകയും ദീർഘകാലം നരകത്തിൽ ഇടപ്പെടുകയും ചെയ്യുന്നു.

ത്വാലിബെ ദുആ: അബൂ അയ്മൻ