ദർസ് 55 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (3)

തിരിച്ചറിവിന്‍റെ ആഭരണം ചാർത്തി അണിഞ്ഞൊരുങ്ങിയ സഹോദരങ്ങളേ, ഊഹത്തെ മൊഴിചൊല്ലിയവരേ, നന്ദിയുടെ ഉടമസ്ഥനായ നാഥനോട് നന്ദികാണിക്കുക. നിശ്ചയമായും നിങ്ങൾ സത്യത്തെ തിരിച്ചറിയുകയും സമാധാനത്തിന്‍റെ പന്തലിൽ അഭയം പ്രാപിക്കുകയും വർത്തമാനകാലത്തെ മക്കളുടെ മുമ്പിൽ എനിക്കുവേണ്ടി സാക്ഷിപറയുകയും ചെയ്തിരിക്കുന്നു. നിങ്ങൾ എന്‍റെ ദൃഷ്ടാന്തങ്ങൾ കണ്ടവരല്ലേ? ദൃഷ്ടാന്തം കാണാത്ത ആരെങ്കിലും നിങ്ങളിലുണ്ടോ? അല്ലയോ യുവജനങ്ങളേ, പറഞ്ഞുതരിക. അല്ലാഹുവിൽനിന്ന് അനേകമനേകം ജ്ഞാനം എനിക്ക് നൽകപ്പെട്ടു. ഞാനതു പഠിപ്പിക്കുകയും നിങ്ങളുടെ ചിന്താശക്തി സ്ഫടികസമാനമാക്കുകയും ചെയ്തു. ഊരാങ്കുടുക്കുകളിൽനിന്ന് രക്ഷപെടാനുള്ള കഴിവു നിങ്ങൾക്കുണ്ടായിരുന്നില്ല. അല്ലാഹുവാണെ, അവൻ സംസാരിപ്പിച്ച വ്യക്തിയാണു ഞാൻ. എന്നെ വിശേഷബുദ്ധിയുള്ളവനാക്കിയത് അവന്‍റെ വഹിയ് ആകുന്നു. അപ്പോൾ ഞാൻ അധ്വാനത്തിൽ ആശ്വാസം കണ്ടെത്തി: നരകത്തിൽ സ്വർഗ്ഗവും!

മരണത്തെ തിരഞ്ഞെടുക്കുന്നവൻ ജീവിക്കുകതന്നെ ചെയ്യും. നിങ്ങളുടെ ജീവിതം കുറഞ്ഞ വിലക്ക് വിൽക്കുകയോ സ്വത്തിന്‍റെ ആകെത്തുക കൈയിൽനിന്നു കളയുകയോ ദുനിയാവിനു വേണ്ടി ചാഞ്ചാടുന്നവരുടെ കൂട്ടത്തിൽ ചേരുകയോ ചെയ്യരുത്. മുസ്‌ലിമായിട്ടല്ലാതെ നിങ്ങൾ മരിക്കുകയുമരുത്. അല്ലാഹുവിനുവേണ്ടി ഞാൻ മരണം തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ അല്പം രോഗമെങ്കിലും തിരഞ്ഞെടുക്കുക. ഞാനവനുവേണ്ടി അറവ് സമ്മതിച്ചിരിക്കുന്നു. നിങ്ങൾ അല്പം പ്രയാസമെങ്കിലും സഹിക്കുക.

വിവേകശാലികളേ, നിങ്ങൾ വിജയികളാകുന്നത് സത്യം, ഭക്തി, ആത്മാർഥത എന്നീ മൂന്നുകാര്യങ്ങൾ കൊണ്ടാണ്: സാഹിത്യം മികച്ചുനിൽക്കുന്ന പ്രസംഗങ്ങൾ കൊണ്ടല്ല. വേഗത നിങ്ങളുടെ ക്ഷീണത്തെ ആശ്രയിച്ചിരിക്കുന്നു. സൂചിക്കുഴയിലൂടെ കടന്നുപോകുന്നത് വരെ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. ഭക്തിഭരിതമായ ജീവിതത്തിനുവേണ്ടി സ്വയം നിങ്ങളെ കടഞ്ഞെടുക്കുക. നിങ്ങളുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മുറിക്കുള്ളിലും മരുഭൂമിയിലും അലച്ചുതല്ലിവീഴാൻ തയ്യാറായിക്കൊൾക! തടവിലാകുന്നതിനു മുമ്പേ കടം വീട്ടിക്കൊൾക! ചോദ്യം ചെയ്യപ്പെടുന്നതിനു മുമ്പേ ബാധ്യത നിറവേറ്റിക്കൊൾക! അബദ്ധം പിണയതിരിക്കുവാൻ യാഥാർഥ്യങ്ങൾ അന്വേഷിച്ചറിഞ്ഞുകൊൾക! പരിഹാസ്യരാകാതിരിക്കാൻ കുറ്റം പറയാതിരിക്കുവിൻ! അതിക്രമണീയരാകാതിരിക്കാൻ സ്വയം അക്രമം പ്രവർത്തിക്കാതിരിക്കുവിൻ! അല്ലാഹുവിന്‍റെ ദാസന്മാരോട് ദയ കാണിക്കുക, എന്നാൽ നിങ്ങൾ ദയക്കർഹരായിത്തീരും.

നിങ്ങൾ അതിവേഗം അല്ലാഹുവിന്റേതായി മാറുക, എന്നാൽ അവൻ നിങ്ങളുടെ ചെറുതും വലുതുമായ എല്ലാകാര്യങ്ങളുടേയും ഉടമസ്ഥനാകും; നിങ്ങളുടെ അഭിമാനത്തിന്റേയും നിങ്ങളുടെ തന്നെയും. ബയ്അത്തിനുശേഷം അവന്‍റെ പൊരുത്തം നിങ്ങളെ കൊണ്ടുവന്നു. അപ്പോൾ സമ്മാനത്തിനു പാത്രീഭൂതരാകുവാനും ആത്മമിത്രങ്ങളിൽ പ്രവേശിക്കുവാനും വേണ്ടി നിങ്ങളതിൽ ഉറച്ച് നിൽക്കുക. ദീനിന്‍റെ വികസനത്തിനായി നിങ്ങളുടെ മനക്കരുത്തിനെ മൂർച്ചയുള്ളതാക്കുക. നിങ്ങൾ വൃദ്ധന്മാരാണെങ്കിലും യുവാക്കളുടെ അടയാളം അണിയുക.

യുവാക്കളേ, മരണത്തെ എപ്പോഴും ഓർക്കുക. മത്തുപിടിച്ചവരെ പോലെയാകരുത്. എന്തിനും പണം ആഗ്രഹിക്കുന്നവരായി നിങ്ങൾ ജനങ്ങളെ കാണും. അതിനുവേണ്ടി ദീനിനെപോലും അവർ മധ്യസ്ഥനായി തിരഞ്ഞെടുക്കും. ദുരാഗ്രഹമാണ് ദീനിൽ അവരുടെ കരുത്ത് വർദ്ധിപ്പിക്കുന്നത്. നിബന്ധനയോടെ ആയിരിക്കും അവരത് സ്വീകരിക്കുക. ഇല്ലെങ്കിൽ നിഷേധം! ആപൽക്കരമായ സ്ഥലമോ ഭയപ്പെടുത്തുന്ന സങ്കേതമോ അവർ വകവെക്കുകയില്ല. തങ്ങൾക്ക് പിണഞ്ഞതിന്‍റെ പ്രതിവിധിയോ നേരിട്ട വിഷമപ്രശ്നങ്ങൾക്കുള്ള പരിഹാരമോ അവർക്കറിയില്ല. ഹൃദയം ദുനിയാവിനെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിന്‍റെ മുമ്പിൽ തങ്ങളെ അവർ സമർപ്പിച്ചിരിക്കുകയാണ്. അതിലേക്കവർ കുതിച്ചുചെല്ലുന്നു.

സഹോദരങ്ങളേ! തഖ്‌വ എന്ന ചരക്ക് കിട്ടാതായിരിക്കുന്നു. അതിന്‍റെ സംരക്ഷകർ പിൻവലിഞ്ഞിരിക്കുകയാണ്. ഹൃദയത്തിൽ ഈമാനില്ല. പാപം ജനങ്ങളിൽ പെരുകിയിരിക്കുന്നു. അതുകൊണ്ട് ത‌ഖ്‌വ കരസ്ഥമാക്കാനും അതന്വേഷിച്ച് കണ്ടുപിടിക്കാനും നിങ്ങൾ ശ്രമിക്കുക.

(മവാഹിബുർറഹ്‌മാൻ)