ദർസ് 76 : പശ്ചാത്താപത്തിന്‍റെ നിബന്ധനകൾ

യഥാർഥത്തിൽ സ്വഭാവ പരിഷ്കരണത്തിന് ഉപകാരപ്രദവും ഉപസ്തംഭവുമായി വർത്തിക്കുന്ന ഒന്നാകുന്നു പശ്ചാത്താപം. അത് മനുഷ്യനെ പുർണ്ണനാക്കുന്നു. അതായത്, തന്റെ അപരിഷ്കൃത സ്വഭാവത്തെ അടിമുടിമാറ്റാൻ ആഗ്രഹിക്കുന്നവനാരോ അവൻ നിർമലഹൃദത്തോടും നിശ്ചയദാർഢ്യത്തോടും കൂടി പശ്ചാത്തപിക്കേണ്ടത് അനിവാര്യമാണ്. പശ്ചാത്താപത്തിനു മൂന്ന് നിബന്ധനകൾ കൂടി ഉണ്ടെന്ന് ഓർക്കുക. അവ പൂർത്തിയാകാത്തിടത്തോളം ‘തൗബത്തുന്നുസൂഹ്’ എന്നറിയപ്പെടുന്ന യഥാർഥ പശ്ചാത്താപം കരഗതമാകുന്നില്ല.

1)  ഈ നിബന്ധനകളിൽ ഒന്നാമത്തേതിനെ അറബി ഭാഷയിൽ ‘ഇഖ്‌ലാഅ്‌’ (اقلاع) എന്നുവിളിക്കുന്നു. അതായത് ദുശ്ശീലങ്ങൾക്ക് ഉത്തേജകമായി ഭവിക്കുന്ന ദുർവിചാരങ്ങളെ ദൂരെനിർത്തുക. ഹൃദയത്തിലെ ഭാവനകള്‍ (അഥവാ അനുമാന ചിത്രങ്ങൾ) ശക്തമായ സ്വാധീനമുണ്ടാക്കുന്ന ഒന്നാണെന്നത് പരമാർഥമാണ്. എന്തുകൊണ്ടെന്നാൽ പ്രാവർത്തികഘട്ടം പ്രാപിക്കുന്നതിനു മുമ്പ് എല്ലാ കർമ്മങ്ങൾക്കും ഒരു അനുമാന രൂപമുണ്ട്. അതിനാൽ പശ്ചാത്താപത്തിന്‍റെ ആദ്യ ശർത്ത് ആ ദുർവിചാരങ്ങളും ദുസ്സങ്കല്പങ്ങളും വിട്ടുകളയുക എന്നതാകുന്നു. ഉദാഹരണത്തിനു ഒരു വ്യക്തി ഒരു സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തുന്നുവെങ്കിൽ അവന് പശ്ചാത്തപിക്കാൻ ആദ്യം അവളെകുറിച്ചുള്ള അനുമാനം അധമമായി മനസ്സിൽ ചിത്രീകരിക്കണമെന്നത് അനിവാര്യമാണ്. അവളുടെ എല്ലാ അധാർമ്മികഗുണങ്ങളും ഹൃദയത്തിൽ കൊണ്ടുവരണം. ഞാൻ ഇപ്പോൾ പറഞ്ഞതുപോലെ സങ്കല്പങ്ങളുടെ സ്വാധീനം അതിശക്തമായ സ്വാധീനമാണ്. സൂഫിവര്യരുടെ വിവരണങ്ങളിൽ ഞാൻ വായിച്ചിട്ടുണ്ട്, അവർ മനുഷ്യരെ കുരങ്ങന്മാരുടെയും പന്നികളുടേയും രൂപത്തിൽ കാണുവോളം സങ്കല്പങ്ങളെ എത്തിച്ചിരുന്നു. ചുരുക്കത്തിൽ, ഒരാൾ സങ്കല്പിക്കുന്നതിന് അനുഗുണമായിട്ടായിരിക്കും അതിന്റെ നിറവും പ്രാപിക്കുന്നത്. അതിനാൽ ദുരാനുഭൂതികൾക്ക് കാരണഭൂതമാകുമെന്ന് മനസ്സിലായ വിചാരങ്ങളെയെല്ലാം ഉന്മൂലനം ചെയ്തുകളയുക. ഇതാണ് ആദ്യത്തെ നിബന്ധന.

2) രണ്ടാമത്തെ നിബന്ധന ‘നദം’ (ندم) ആകുന്നു. അതായത് അനുതാപവും പരിതാപവും പ്രകടിപ്പിക്കുക. – സമസ്ത മനുഷ്യരുടെയും ഉപബോധമനസ്സിൽ എല്ലാ ദുഷ്പ്രവർത്തികളെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു ശക്തി അടങ്ങിയിട്ടുണ്ട്. എന്നാൽ, നിർഭാഗ്യനായ മനുഷ്യൻ അതിനെ നിഷ്ക്രിയമായി വിട്ടുകളയുന്നു – പാപങ്ങളും തെറ്റുകളും ചെയ്യുമ്പോൾ അങ്ങേയറ്റത്തെ പരിവേദനയോടെ ഈ സുഖങ്ങൾ താൽക്കാലികവും നശ്വരവുമാണെന്ന് കരുതേണ്ടതാണ്. ഇങ്ങനെയും മനസ്സിലാക്കുക, തവണകളോരോന്ന് കഴിയുന്തോറും ഈ ആസ്വാദനത്തിനും ആനന്ദത്തിനും മാന്ദ്യം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏതുവരെയെന്നാൽ വാർദ്ധക്യത്തിൽ അവയവങ്ങളൊക്കെ ഉപയോഗശൂന്യവും ദുർബ്ബലവുമായിത്തീരും. അവസാനം ഈ ലൗകിക സുഖാനുഭൂതികളൊക്കെ വിട്ടകലേണ്ടി വരികയും ചെയ്യും. അപ്പോൾ ഈ ലോകത്തുതന്നെ സ്വയം വിട്ടുപോകാനിരിക്കുന്ന അനുഭൂതികളാണ് അവയെങ്കിൽ പിന്നെ അതിൽ അകപ്പെട്ടുകൊണ്ട് നേട്ടമെന്ത്? ആദ്യം ദുഷിച്ച വിചാരങ്ങളെയും ദുസ്സങ്കല്പങ്ങളെയും പിഴുതെറിയുന്ന ‘അഖ്‌ലാഅ്‌’ ന്‍റെ ചിന്തയുൾക്കൊണ്ടുകൊണ്ട് – അതായത് ആ മാലിന്യവും അശുദ്ധിയും ഒഴിഞ്ഞുപോയശേഷം – പരിതാപത്തോടും പാപഭാരത്തോടും കൂടി പശ്ചാത്താപത്തിലേക്ക് തിരിയുന്നവൻ എത്രമാത്രം സൗഭാഗ്യവാനായ മനുഷ്യനാകുന്നു.

3) മൂന്നാമത്തെ നിബന്ധന ‘അസം’ (عزم) ആകുന്നു. അതായത് ഭാവിയിൽ ഇനി ആ തെറ്റുകളിലേക്ക് തിരിയുകയില്ലെന്ന ഉറച്ച തീരുമാനമെടുക്കൽ. മനുഷ്യനതിൽ സ്ഥിരചിത്തത കാണിക്കുമ്പോൾ അല്ലാഹു അവന് യഥാർഥ പശ്ചാത്താപത്തിനുള്ള സൗഭാഗ്യമരുളുന്നു. ഏതുവരെയെന്നാൽ അതുമുഖേന ആ ദുഷ്കർമ്മങ്ങൾ തുടച്ചുമാറ്റപ്പെട്ടുകൊണ്ട് സൽക്കർമ്മങ്ങളും സ്തുത്യർഹമായ സുകൃതങ്ങളും തൽസ്ഥാനം പിടിച്ചെടുക്കുന്നതാണ്. ഇതാകുന്നു സ്വഭാവഗുണത്തിനുമേലുള്ള വിജയം. അതിനുമേൽ കഴിവും ശക്തിയും പകരുക എന്നത് അല്ലാഹുവിന്‍റെ ജോലിയാണ്. എന്തെന്നാൽ, സർവ്വ ശക്തികളുടേയും കഴിവുകളുടെയും ഉടമസ്ഥൻ അവനൊരുവൻ തന്നെയാകുന്നു. തദടിസ്ഥാനത്തിലണ് അവൻ അരുളിയിരിക്കുന്നത്: ‘അന്നൽ ഖുവ്വത ലില്ലാഹി ജമീഅൻ’ (അൽ.ബഖറ 166). നന്നേ ദുർബലനാണ് മനുഷ്യൻ ‘ഖുലിഖൽ ഇൻസാന ളയീഫൻ’ (അന്നിസാഅ് 29) എന്നതാണ് യാഥാർഥ്യം. അല്ലാഹുവിൽനിന്ന് ശക്തി കരസ്ഥമാക്കാൻ മേൽപറഞ്ഞ നിബന്ധനകൾ പൂർത്തിയാക്കിക്കൊണ്ട് മനുഷ്യൻ മടിയും അലസതയും ഉപേക്ഷിക്കുയും സർവ്വഥാ സന്നദ്ധതയോടെ അല്ലാഹുവിനോട് പ്രാർഥിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹു സ്വഭാവത്തിൽ സമ്പൂർണ്ണ മാറ്റം വരുത്തിത്തരും.

(മൽഫൂദാത്. വാ. 1, പേ. 87 & 88)