ദർസ് 29 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -3)

▪തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമാക്കുന്നവരും അവയിൽനിന്ന് എല്ലാ മാലിന്യങ്ങളും തുടച്ചുനീക്കുന്നവരും തങ്ങളുടെ ദൈവത്തോടു കൂറുപുലർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരും എത്രമാത്രം സൗഭാഗ്യവാന്മാരാണ്. അവർ നഷ്ടത്തിലാവുകയില്ല. ദൈവം അവരെ അവഹേളിതരാക്കുകയില്ല. എന്തുകൊണ്ടെന്നാൽ അവർ ദൈവത്തിന്റേതാകുന്നു. ദൈവം അവരുടേതും തന്നെ.

▪നമ്മുടെ ദൈവം അങ്ങേയറ്റം വിശ്വസ്തനായ ദൈവമാകുന്നു. വിശ്വസ്തരായവർക്കുവേണ്ടി അവന്റെ അത്ഭുതകരമായ പവൃത്തി പ്രത്യക്ഷപ്പെടുന്നു. അവരെ വിഴുങ്ങിക്കളയണമെന്ന് ലോകം ആഗ്രഹിക്കുന്നു. ഓരോ ശത്രുവും അവർക്കെതിരിൽ പല്ലുഞെരിക്കുന്നു. എന്നാൽ അവരുടെ നാശത്തിന്റെ ഓരോ സ്ഥലത്തുനിന്നും അവരെ രക്ഷിക്കുന്നു. എല്ലാ രംഗങ്ങളിലും അവർക്ക് വിജയം നൽകുന്നു.

▪ആ ദൈവത്തിന്റെ കോന്തല വിടാത്തവൻ എത്രമാത്രം ഭാഗ്യവാനാണ്. നാം അവനിൽ വിശ്വസിച്ചിരിക്കുന്നു. എന്നിൽ ദിവ്യവെളിപാടിറക്കിയവൻ തന്നെയാണ് സർവ്വലോകത്തിന്റേയും ദൈവം. അവനാണ് എനിക്ക് വേണ്ടി ശക്തമായ അടയാളം കാണിച്ചിട്ടുള്ളത്. അവൻ എന്നെ ഇക്കാലത്തേക്ക് വാഗ്ദത്ത മസീഹായി അയച്ചു.

▪നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ ദൈവം എല്ലാ ഓരോ വസ്തുക്കളുടേയും മേൽ സർവ്വശക്തനാണെന്ന ദൃഢവിശ്വാസം വെച്ചുപുലർത്തേണ്ടത് നിനക്ക് അനുപേക്ഷണീയമാണ്. അപ്പോൾ നിന്റെ പ്രാർത്ഥന സ്വീകരിക്കപ്പെടും.

▪സർവ്വശക്തനായ ഒരു ദൈവം ഉണ്ടെന്ന് ഇനിയും അറിഞ്ഞിട്ടില്ലാത്തവൻ എത്രമാത്രം നിർഭാഗ്യവാൻ! നമ്മുടെ സ്വർഗ്ഗം നമ്മുടെ ദൈവമാകുന്നു. നമ്മുടെ ഉന്നതമായ ആനന്ദാനുഭൂതികൾ നമ്മുടെ ദൈവത്തിലാകുന്നു. എന്തുകൊണ്ടെന്നാൽ ഞാൻ അവനെ കണ്ടിരിക്കുന്നു. എല്ലാ സൗന്ദര്യങ്ങളും അവനിൽ കണ്ടെത്തിയിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ടാലും സ്വന്തമാക്കേണ്ട സമ്പത്താണവൻ. സ്വജീവനുൾപ്പടെ സർവ്വസ്വവും നഷ്ടപ്പെടുത്തിയാലേ ലഭ്യമാകൂ എന്നുവന്നാൽ തന്നെയും എന്തുവിലകൊടുത്തും സ്വന്തമാക്കേണ്ട രത്നമാകുന്നു അത്. അല്ലയോ ഹതഭാഗ്യരേ! ഇതാ ഈ നീർധാരയിലേക്ക് ഓടിയടുക്കുവിൻ. അത് നിങ്ങളെ വയറുനിറയെ

കുടിപ്പിക്കും. നിങ്ങളെ രക്ഷിക്കുന്ന ജീവിതസ്രോതസ്സാണത്. ഞാൻ എന്തുചെയ്യാനാണ്, ഈ സന്തോഷവർത്തമാനം ഹൃദയങ്ങളിൽ കുടിയിരുത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്. ഇതാ! നിങ്ങളുടെ ദൈവമെന്ന് ഏത് ചെണ്ടകൊട്ടിയാണ് ഞാൻ വിളംബരം ചെയ്യേണ്ടത്; ലോകർ കേൾക്കുമാറാകാൻ. ലോകരുടെ കാത് തുറപ്പിക്കാൻ ഏത് ഔഷധംകൊണ്ടാണ് ഞാൻ ചികിത്സിക്കേണ്ടത്.

ത്വാലിബെ ദുആ: അബൂ അയ്മൻ