ദർസ് 23 : “ആരെയും ദുഷിച്ചവനായി മുദ്രകുത്തേണ്ട; പിന്നീട് മാറ്റം വന്നേക്കാം“

നിങ്ങളുടെ സഹോദരങ്ങളില്‍ എന്തെങ്കിലും ബലഹീനതയുണ്ടെങ്കില്‍ അവര്‍ക്കെതിരില്‍ ദൂഷ്യം പറയാന്‍ ധൃതിപ്പെടരുത്. അവസ്ഥകള്‍ ആദ്യം അധമമായിരിക്കുകയും പിന്നീടൊരിക്കൽ ഒരു മാറ്റത്തിന്‍റെ സമയം സമാഗതമാവുകയും ചെയ്യുന്ന നിരവധി ജനങ്ങളുണ്ട്. ശാരിരിക അവസ്ഥയും പല ഘട്ടങ്ങള്‍ പിന്നിടുന്നത് പോലെയാണത്. ആദ്യം രേതസ്കണവും പിന്നീട് രക്തപിണ്ഡവും ആകുന്നു. അത് ഒരു താണനിലയിലുള്ള അവസ്ഥയാണ്. പിന്നീടാണ് പതിയെ പതിയെ പുരോഗതി പ്രാപിക്കുന്നത്. അപ്രകാരം തന്നെ പ്രവാചകന്മാരൊഴിച്ച് സകലര്‍ക്കും എല്ലാതരം ഘട്ടങ്ങളെയും തരണം ചെയ്യേണ്ടിവരുന്നു. ദൈവനിയോഗിതന്‍റെ സമ്പർക്കത്തിലൂടെ മനുഷ്യന്‍ സംസ്കരിക്കപ്പെടുന്നു. മനുഷ്യരെല്ലാം സ്വഭവനങ്ങളിൽനിന്നുതന്നെ സല്‍ഗുണസമ്പന്നരായിട്ടാണ് പുറത്തിറങ്ങുന്നതെങ്കില്‍ ബൈഅത്ത് ശൃംഖലയുടെ ആവശ്യമെന്താണ്? ജമാഅത്തില്‍ പ്രവേശിച്ചശേഷം ദുര്‍ബ്ബലർ സാവധാനമാണ് ശക്തിപ്രാപിക്കുന്നത്. സഹാബാക്കളുടെ ആദ്യത്തെ അവസ്ഥയെ കുറിച്ചൊന്ന് ചിന്തിച്ചുനോക്കുക. ഒരു കാഫിറിനു മുഅ്മിന്‍ ആയിത്തീരാമെങ്കില്‍ ഒരു അധർമ്മിക്ക് സാത്വികനായിത്തീരാൻ സാധിക്കില്ലേ? മനുഷ്യനില്‍ പലവിധ അവസ്ഥകള്‍ വരികയും വിവിധ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

മസീഹ് നബിയാണോ?

മസീഹ് മൗഊദ്(അ)ന്‍റെ നുബുവ്വത്ത് വാദത്തെ സംബന്ധിച്ച് ഒരാള്‍ ചോദിച്ചതിനു നല്‍കിയ  വിശദീകരണത്തിനൊടുവില്‍അരുൾ ചെയ്തു;

ഈ ഉമ്മത്തിൽ ദൈവഭാഷണത്തിന്റെ ശൃംഖല എക്കാലത്തേക്കുമായി നിലനിൽക്കുന്നുവെന്ന കാര്യം കഴിഞ്ഞുകടന്ന മഹാത്മാക്കളെല്ലാം വിശ്വസിച്ചുപോന്ന വസ്തുതയാണ്. ഈ അർത്ഥത്തിലാണ് ഞാൻ നബിയാകുന്നത്. അല്ലാത്തപക്ഷം ഞാനെന്തിന് എന്നെ സ്വയം ഉമ്മത്തി എന്ന് വിളിക്കണം? നാം പറയുന്നത്, ലഭിക്കാനുള്ള അനുഗ്രഹങ്ങളെല്ലാം നബി(സ) തിരുമേനിയെ അനുധാവനം ചെയ്തതുകൊണ്ട് മാത്രം ലഭിക്കുന്നതാണെന്നാണ്. ഇതുകൂടാതെ അനുഗ്രഹലബ്ധിക്ക് മറ്റൊരു മാർഗ്ഗവുമില്ല. ഒരു സാങ്കേതിക പ്രയോഗത്തിന് തന്റെ ഭാഗത്തുനിന്ന് പുതിയ അർത്ഥം സൃഷ്ടിക്കുന്നത് ശരിയല്ല. ആഗതനാവുന്ന വ്യക്തി നബിയുമായിരിക്കും, ഉമ്മത്തിയുമായിരിക്കും എന്നൊക്കെ ഹദീസ് ശരീഫില്‍ വന്നിരിക്കുന്നു. നബി(സ) തിരുമേനിയിൽ നിന്ന് തന്നെ അനുഗ്രഹം കരസ്ഥമാക്കി എല്ലാ ഔന്നത്യവും പ്രാപിക്കുന്നയാളാണ് ഉമ്മത്തി. പക്ഷെ നേരത്തേ തന്നെ നുബുവ്വത്തിന്‍റെ  സ്ഥാനം പ്രാപിച്ചിട്ടുള്ള വ്യക്തിക്ക് എങ്ങനെ ഉമ്മത്തി ആയിത്തീരാന്‍ സാധിക്കും? അദ്ദേഹം അദ്യമേ ഒരു നബിയാണ്.

ചോദ്യകര്‍ത്താവ് വീണ്ടും ചോദിച്ചു, ‘ഇസ്‌ലാമില്‍ ഇതുപോലുള്ള നബി വരാമെങ്കില്‍ താങ്കള്‍ക്ക് മുമ്പ് ആരാണ് നബിയായിട്ടുള്ളത്?’ ഹുസൂര്‍(അ) അരുൾ ചെയ്തു;

ഈ ചോദ്യം എന്റെ നേർക്കല്ല മറിച്ച് നബി(സ) തിരുമേനിയിലേക്കാണ് പോകുന്നത്. അവിടുന്ന് ഒരാളുടെ നാമം മാത്രമാണ് നബിയെന്ന് വിശേഷിപ്പിച്ചത്. ഇതിനുമുമ്പുള്ള ആരുടെയും പേര് ‘നബി’ എന്ന് വെച്ചില്ല. അതുകൊണ്ട് ഈ ചോദ്യത്തിനു ഉത്തരം നല്‍കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനല്ല. ഞാൻ നിര്‍ദ്ധനനും ദുര്‍ബലനുമാണ്. നമ്മുടെ കൈവശം  വാളില്ല. നമ്മെ അയച്ചിരിക്കുന്നത് വാള്‍ പ്രയോഗിക്കാനുമല്ല. അതുപോലെ നമ്മുടെ പക്കല്‍ യുദ്ധത്തിനുള്ള കോപ്പുമില്ല. എന്നാല്‍ നമ്മുടെ വാള്‍ ആകാശത്താണുള്ളത്. ജനങ്ങള്‍ അല്ലാഹുവിലേക്ക് തിരിയണമെന്നും അവന്‍റെ അസ്തിത്വത്തില്‍ വിശ്വസിക്കണമെന്നുമുള്ള അത്യുന്നതമായൊരു വിപ്ലവം ലോകത്ത് സംഭവിച്ചുകാണാൻ നാം ആഗ്രഹിക്കുന്നു. അത് നമ്മുടെ കഴിവിന്‍റെ പരിധിയില്‍ പെട്ടതല്ല. ഗ്രന്ഥങ്ങള്‍ രചിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. പൂത്തുലഞ്ഞ് നില്‍ക്കുന്ന ഒരു ഉദ്യാനം പോലെ സത്യസാക്ഷ്യങ്ങളെയെല്ലാം ഞാന്‍ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്. എന്നാൽ അതിലേക്ക് ആരും ശ്രദ്ധിക്കുന്നില്ല. അല്ലാഹു തന്‍റെ അനുഗ്രഹം കൊണ്ട് എന്തെങ്കിലും ചെയ്യുന്നതായിരിക്കും. ഇപ്പോള്‍ ലോകം അങ്ങേയറ്റത്തെ അശ്രദ്ധയിൽ അകപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് വേദനാജനകവും കടുത്തതുമായ ശിക്ഷകൊണ്ടല്ലാതെ വിശ്വസിക്കുകയില്ലെന്ന് എന്‍റെ ഹൃദയം പറയുന്നു.

(മല്‍ഫൂദാത് വാ.8, പേ. 430..)

ത്വാലിബെ ദുആ: അബൂ അയ്മൻ