ദർസ് 22 : “അല്ലാഹുവില്‍ ദുര്‍ധാരണ (അഥവാ അശുഭമായ സങ്കല്പം) വെച്ചുപുലർത്തരുത്.”

എല്ലാ നീചത്വത്തിന്റെയും നാരായവേര് ദുർധാരണയാണ്. അതിനാല്‍ ശുഭമായ സങ്കല്പത്തോടെ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ എന്തും സാധിക്കുന്നതാണ്. അല്ലാഹുവിന്‍റെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ പിന്നെ എന്താണ് അസംഭവ്യമായിട്ടുള്ളത്. ഇന്ന തിന്മ ഞങ്ങൾക്ക് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പലരും ചോദിക്കുന്നു. അല്ലാഹുവിന്‍റെ ശക്തിവിലാസങ്ങളിലും കഴിവുകളിലും പരിപൂര്‍ണ്ണ വിശ്വാസമില്ലാത്തത് കാരണം ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നു. ഈ ഇടുങ്ങിയ വഴികൾ അപരിചിതമായതുകൊണ്ടാണ് ഈ സന്ദേഹങ്ങൾ പ്രകൃതത്തില്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു, രേതസ്കണത്തില്‍ നിന്നും മനുഷ്യനെ സൃഷ്ടിച്ച അതേ ദൈവത്തിനു മനുഷ്യനിൽ എല്ലാവിധ പരിശുദ്ധ പരിവര്‍ത്തനത്തിന്റെ സൗഭാഗ്യവും നല്‍കാന്‍ കഴിവുണ്ട്. അവന്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതെ, വേണ്ടത് ഒരു അന്വേഷിക്കുന്ന ഹൃദയമാണ്.

മനുഷ്യന്‍ പാപങ്ങള്‍ കൈവെടിഞ്ഞെങ്കില്‍ അതില്‍ വലിയ ഊറ്റം കൊള്ളാനൊന്നുമില്ല. കാരണം അതില്‍ പര(സൃഷ്ടികളും) പങ്കുചേരാറുണ്ട്. എന്തിന്, ചിലകാര്യങ്ങളില്‍ മൃഗങ്ങളില്‍ പോലും ആ വൈശിഷ്ട്യമുണ്ട്. മനുഷ്യന്‍ പരിപൂര്‍ണ്ണത പ്രാപിക്കുന്നത് കേവലം തിന്മകൾ കൈവെടിയുമ്പോഴല്ല, പ്രത്യുത സുകൃതങ്ങളെ അതിന്‍റെ പാരമ്യ പടവുകളിൽ എത്തിക്കുമ്പോള്‍ കൂടിയാണ്. തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നിടത്തോളം അല്ലാഹു അവനെ കര്‍പൂരത്തിന്‍റെ പാനീയം കുടിപ്പിക്കുന്നു. തെറ്റുകള്‍ ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്ന ദുരാവേശങ്ങൾ തണുക്കുമാറാകുന്നു എന്നതാണതിന്റെ വിവക്ഷ. അനന്തരം അവന് രണ്ടാമത്തെ ശര്‍ബത്ത് നല്‍കപ്പെടുന്നു. അത് ഖുര്‍ആന്‍റെ സാങ്കേതികപ്രയോഗത്തില്‍ സഞ്ചബീല്‍ പാനീയമാകുന്നു. (ചുക്കിന്റെ ചേരുവയുള്ള പാനീയം).. സഞ്ചബീല്‍ ‘സിന’ ‘ജബല്‍’ എന്നീ രണ്ട് പദങ്ങളില്‍ നിന്ന് നിഷ്പന്നമായതാണ്. പർവ്വതാരോഹണശേഷിക്കുള്ള തീക്ഷ്ണതയും തപവും എന്നാണ് സഞ്ചബീലിന്‍റെ അര്‍ത്ഥം. സഞ്ചബീലില്‍ നിന്ന് മനുഷ്യനു ശരീരപോഷണ പരിണാമങ്ങൾക്കുള്ള നൈസർഗ്ഗികമായ താപം ലഭിക്കുമാറാകുന്നു. അല്ലാഹു പറയുന്നു, എന്‍റെ മാര്‍ഗ്ഗത്തില്‍ അവര്‍ അത്യുജ്വലമായ പ്രവൃത്തികള്‍ ചെയ്യുന്നു. സഹാബാക്കള്‍ ചെയ്തത് പോലുള്ളവയാണവ. അവര്‍  സ്വന്തം പ്രാണന് പ്രാമുഖ്യം നല്‍കിയില്ല. ഏതെങ്കിലും ഒരു സവിശേഷമായ ചൂട് ഒരാളുടെ ആത്മാവില്‍ ഉണ്ടാകാത്തിടത്തോളം

കൊച്ചുകൊച്ചു കുട്ടികളും ചെറുപ്പക്കാരിയായ ഭാര്യയും ഉണ്ടായിരിക്കെ അവരെ യത്തീമുകളും വിധവയും ആകാൻ വിടുമാറ് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ശിരസ്സ് സമർപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എനിക്ക് സഹാബാക്കളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു ഉദാഹരണവും അവതരിപ്പിക്കാൻ സാദ്ധ്യമല്ല. നബി (സ) തിരുമേനിയുടെ മാതൃക അത്യുൽകൃഷ്ട പരിപാവന പ്രഭാവശക്തിയുടെയും (ഖുവ്വതെ ഖുദ്സി) ആത്മ പവിത്രീകരണത്തിന്റേതുമാണെങ്കിൽ സഹാബാക്കളുടെ മാതൃക അതിമഹത്തായ പരിവർത്തനത്തിന്റെയും അത്യുന്നത ആജ്ഞാനുവർത്തിത്വത്തിന്റേതുമാണ്. അത്തരം പ്രഭാവശക്തിയും പ്രാപ്തിയും ഇതേ സഞ്ചബീൽ ശർബത്തിന്റെ സ്വാധീനത്താലുണ്ടാകുന്നതത്രെ. യര്‍ഥത്തില്‍ കര്‍പൂര പാനീയത്തിനു ശേഷം ശക്തികള്‍ക്ക് വളര്‍ച്ചപ്രാപിക്കാന്‍ ഈ ചുക്കിന്‍റെ പാനീയവും അനിവാര്യമാണ്. ഈ പാനീയം നുകർന്നുകൊണ്ടിരിക്കുന്നത് കൊണ്ടുതന്നെയാകുന്നു ഔലിയാക്കളും അബ്‌ദാലീങ്ങളും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഉന്മേഷവും ഉത്സാഹവും പ്രകടിപ്പിക്കുന്നത്.

(മൽഫൂദാത്ത് വാ. 8, പേ. 381, 382)

ത്വാലിബെ ദുആ: അബൂ അയ്മൻ