ദർസ് 6: “വിശുദ്ധ ഖുർആൻ നൽകുന്ന ചില പാഠങ്ങൾ”

  • മനുഷ്യ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിനയം, ലജ്ജ, വിശ്വസ്തത, കൃപ, അഭിമാനം, സ്ഥൈര്യം, നിർമ്മലത, ഭക്തി, സൗമ്യത, ആർദ്രത, അനുകമ്പ, ധീരത, ഔദാര്യം, ക്ഷമ, സഹിഷ്ണുത, പരോപകാരത, സത്യസന്ധത, നിഷ്കാപട്യം, എന്നിങ്ങനെയുള്ള പകൃതിപരമായ ബോധങ്ങൾ യുക്തി വിചാരത്തോടുകൂടി പ്രയോഗിക്കപ്പെടുമ്പോൾ സൽഗുണങ്ങളായി പരിണമിക്കുന്നു.

വിശുദ്ധ ഖുർആൻ നൽകുന്ന ചില പാഠങ്ങൾ:

  • നിങ്ങൾ ഭവനങ്ങളിൽ അവയുടെ വാതിലുകളിലൂടെ ചെല്ലുവിൻ; മതിലുകൾ ചാടിക്കടക്കരുത് (2:190)
  • നിങ്ങളോട് ആരെങ്കിലും സലാം പറയുന്നുവെങ്കിൽ അതിലുത്തമമായ വചനം കൊണ്ട് നിങ്ങളും സലാം പറയുവിൻ; അല്ലെങ്കിൽ അതുതന്നെ പകരം പറയുവിൻ (4:87).
  • മിഥ്യാ സംവാദം ചെയ്യരുത്; ആവശ്യത്തിനു ചൊവ്വായി സംസാരിക്കുവിൻ (33:71)
  • നിങ്ങൾ വസ്ത്രങ്ങൾ വൃത്തിയാക്കി വെക്കുകയും മാലിന്യത്തെ അകറ്റുകയും ചെയ്യുക (74: 5,6)
  • ആവശ്യമായ സമയത്ത് ഒഴികെ അധികം വേഗത്തിലോ അധികം സാവധാനത്തിലോ നടക്കാതെ നിങ്ങളുടെ നടത്തത്തിൽ മദ്ധ്യനില കൈകൊള്ളുക; അതുപോലെ നിങ്ങളുടെ ശബ്ദം അധികം ഉച്ചത്തിലോ അധികം പതുക്കയോ ആക്കാതെ ഇടത്തരത്തിലാക്കുക. (31:20)
  • നിങ്ങൾ യാത്ര പുറപ്പെടുമ്പോൾ വേണ്ട ഒരുക്കങ്ങൾ ചെയ്യുവിൻ; യാചനയിൽനിന്നു രക്ഷപ്പെടുന്നതിന്, വേണ്ടുന്ന വഴിച്ചെലവുകൾ എടുത്തുകൊള്ളുക. (2:198)
  • നിങ്ങൾ വ്യഭിചാരത്തെ സമീപിക്കരുത്. (17:33)
  • വിശുദ്ധ ഖുർആൻ വാക്യങ്ങൾ ചാരിത്രം (ഇഹ്സ്വാൻ) എന്ന ധാർമ്മികഗുണം സമ്പാദിക്കുന്നതിന് ഉൽക്കൃഷ്ടമായ ഉപദേശം അടക്കിക്കൊള്ളുന്നുവെന്ന് മാത്രമല്ല, ഈ സൽഗുണം മനുഷ്യനിൽ നിർബാധം നിലനിറുത്തുമാറാകുന്നതിന് അഞ്ചുപായം കാണിച്ചു തരികയും ചെയ്തിരിക്കുന്നു. അതായത്:
  1. പുരുഷൻ പരസ്ത്രീകളെയെന്ന പോലെ സ്ത്രീ, പുരുഷൻമാരെയും ദർശിക്കുന്നതിൽനിന്ന് ദൃഷ്ടികളെ തടയുക.
  2. വികാരജന്യമായ മധുര സ്വരശ്രവണത്തിൽനിന്ന് കർണ്ണപുടങ്ങളെ നിയന്ത്രിക്കുക.
  3. ശൃംഗാരകഥകൾ കേൾക്കാതിരിക്കുക.
  4. ദുർവൃത്തിക്ക് പ്രേരകമാവുന്ന സാഹചര്യങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുക.
  5. അവിവാഹിതർ ഉപവാസമനുഷ്ഠിക്കുക.

ചാരിത്രഭദ്രതയ്ക്കായി മേൽപ്രസ്താവിക്കപ്പെട്ട ഇച്ഛാനിരോധ സമ്പ്രദായങ്ങളോടുകൂടിയ ഉൽക്കൃഷ്ടമായ ഉപദേശം വിശുദ്ധ ഖുർആനിൽ അടങ്ങിയിരിക്കുന്നുവെന്നത് ഇസ്‌ലാമിനുള്ള സവിശേഷതയാണെന്ന് നിർവ്വിശങ്കം പറയാം.

 

(ഇസ്ലാംമത തത്ത്വജ്ഞാനം)

ത്വാലിബെ ദുആ: അബു-അയ്മൻ