ദർസ് 59 : സ്വർഗത്തിൽനിന്നും ഇറങ്ങി വന്നയാളാണ് സ്വർഗത്തിലേക്ക് കൊണ്ടുപോവുക

ചിലർ പറയുന്നു: ‘സംഘടനകൾ സ്ഥാപിക്കുകയും മദ്‌റസകളും വിദ്യാലയങ്ങളും തുറക്കുകയും ചെയ്താൽ ഇസ്‌ലാമിന്‍റെ സഹായമായിത്തീരുമെന്ന്.’ എന്നാൽ ദീൻ എന്താണെന്ന് അവർക്കറിയില്ല. നമ്മുടെ ജീവിതത്തിന്‍റെ പരമലക്ഷ്യം എന്താണെന്നും എന്തിനു, ഏതെല്ലാം വഴികളിലൂടെ ആ ലക്ഷ്യം കൈവരിക്കാമെന്നും അവർക്കറിയില്ല. തന്നിമിത്തം, ഈ ലോകജീവിതത്തിന്‍റെ അന്തിമ ലക്ഷ്യം ദൈവവുമായി ആത്മാർഥവും സുദൃഢവുമായ ബന്ധം സ്ഥാപിക്കുക എന്നതാണെന്ന് ഇവർ മനസ്സിലാക്കേണ്ടതാണ്. ആ ബന്ധമാകട്ടെ ശാരീരികമായ ബന്ധങ്ങളിൽനിന്ന് വിമുക്തമായിക്കൊണ്ട് രക്ഷയുടെ പ്രഭവസ്ഥാനത്തേക്ക് എത്തിക്കുന്നതാവണം. ഈ ദൃഢവിശ്വാസത്തിന്‍റെ വഴികൾ മനുഷ്യനിർമ്മിതമായ കപടതന്ത്രങ്ങളും സൂത്രങ്ങളും കൊണ്ട് തുറന്ന് കിട്ടുകയില്ല. മനുഷ്യൻ മെനഞ്ഞെടുത്ത തത്ത്വശാസ്ത്രങ്ങൾ ഇവിടെ ഒരു പ്രയോജനവും ചെയ്യില്ല. മറിച്ച് ഈ വെളിച്ചം എക്കാലത്തും ദൈവം അവന്‍റെ വരിഷ്ഠദാസർ മുഖേന അധർമകാലങ്ങളിൽ സ്വർഗത്തിൽനിന്നും ഇറക്കുന്നതാണ്. സ്വർഗത്തിൽനിന്നും ഇറങ്ങി വന്നയാളാണ് സ്വർഗത്തിലേക്ക് കൊണ്ടുപോവുക. അതുകൊണ്ട്, അധർമത്തിന്‍റെ ഗർത്തത്തിൽ ആപതിച്ച് സംശയങ്ങളുടേയും സന്ദേഹങ്ങളുടേയും പിടിയിൽ അകപ്പെട്ടുപോവുകയും ശാരീരിക വികാരങ്ങളുടെ അടിമകളായിത്തീരുകയും ചെയ്തിട്ടുള്ള അല്ലയോ ജനങ്ങളേ! നിങ്ങൾ നാമമാത്രവും ആചാരമാത്രവുമായ ഇസ്‌ലാമിൽ ഊറ്റമൊന്നും കൊള്ളണ്ട! യഥാർഥമായ അത്മീയോൽകർഷവും യഥാർഥമായ ക്ഷേമവും അന്തിമവിജയവും ഇക്കാലത്തെ സംഘടനകളും മദ്‌റസാ സ്ഥാപനങ്ങളും മുഖേനയുള്ള ആസൂത്രണങ്ങളിലാണെന്ന് നിങ്ങൾ കരുതരുത്. ഈ ജോലികളെല്ലാം അടിസ്ഥാനപരമായി പ്രയോജനകരംതന്നെ. പുരോഗതിയുടെ ഉൽക്കർഷത്തിന്‍റെ ആദ്യപടികളായി അവയെ കാണുകയും ചെയ്യാം. പക്ഷേ, അടിസ്ഥാന ലക്ഷ്യം വളരെ വളരെ അകലെയത്രെ. അത്തരം ആസൂത്രിത പദ്ധതികളിലൂടെ ആലോചനാശക്തി വർദ്ധിപ്പിക്കാനോ ആരോഗ്യസംരക്ഷണം, ബുദ്ധിവൈഭവം, തർക്കശാസ്ത്ര പ്രാവീണ്യം എന്നിവ കരസ്ഥമാക്കാനോ കഴിഞ്ഞേക്കും. അല്ലെങ്കിൽ വലിയ ആലിമാണെന്നും പണ്ഡിതനാണെന്നുമുള്ള അംഗീകാരം നേടിയെടുക്കാം. നീണ്ടകാലത്തെ വിജ്ഞാനസമ്പാദനത്തിനു ശേഷം യഥാർഥ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ പക്ഷേ, ചെറിയൊരു സഹായം ലഭിച്ചെന്നും വരാം. എന്നാൽ (അത്)
“തര്യാഖ് അസ് ഇറാഖ് അവർദ
ശുദ് മാർ ഗുസീദ മുർദ ശുദ്”
എന്ന പാർസി ചൊല്ല് പോലെയാണ്.
(അതായത്, ‘ഇറാഖിൽനിന്നും (വിഷസംഹാരിയായ) അമൃതം വന്നെത്തുമ്പോഴേക്കും സർപദംശമേറ്റ രോഗി മരണമടഞ്ഞെന്നിരിക്കും’)
അതിനാൽ ഉണരുവിൻ! ജഗരൂകരാകുവിൻ! നിങ്ങളുടെ കാലുകൾ ഇടറിപ്പോകരുത്.

(ഫത്‌ഹെ ഇസ്‌ലാം)