ദർസ് 60 : ഉണരുവിൻ! ജാഗരൂകരാകുവിൻ! നിങ്ങളുടെ കാലുകൾ ഇടറിപ്പോകരുത്.

നിങ്ങൾ നിരീശ്വരത്വത്തിലും അവിശ്വാസത്തിലും ആയിരിക്കെ നിങ്ങളുടെ പരലോക യാത്ര വന്നെത്തുന്ന അവസ്ഥ നിങ്ങളിൽ വന്നുഭവിക്കാതിരിക്കട്ടെ! വിജയപൂർണമായ ഒടുപുലർച്ചയ്ക്കുള്ള പ്രത്യാശകളുടെ സഹായാശ്രയങ്ങൾ വെറും ഔപചാരികമായ വിജ്ഞാനസമ്പാദനത്തിലൂടെ ആയിരിക്കാൻ ഒരിക്കലും നിവൃത്തിയില്ല. അതിനു സംശയങ്ങളുടേയും സന്ദേഹങ്ങളുടേയും അഴുക്കുകളെ ദൂരീകരിക്കുകയും ശരീരേച്ഛകളുടേയും ദുർവികാരങ്ങളുടേയും അഗ്നിയെ പൊലിച്ചുകളയുകയും അല്ലാഹുവിനോടുള്ള ആത്മാർഥമായ സ്നേഹത്തിലേക്കും പരിശുദ്ധപ്രേമത്തിലേക്കും പരിപൂർണ അനുസരണത്തിലേക്കും ആകർഷിക്കുകയും ചെയ്യുന്ന സ്വർഗീയമായ പ്രകാശം അവതരിക്കേണ്ടത് അനിവാര്യമാകുന്നു.

നിങ്ങൾ നിങ്ങളുടെ കോൺഷ്യസിനോട് ചോദിക്കുക, ഒറ്റയടിക്ക് അത്മീയ പരിവർത്തനം പരത്തുന്ന യഥാർഥമായ സംതൃപ്തിയും മനഃശാന്തിയും നിങ്ങൾക്കിനിയും വന്നെത്തിയിട്ടില്ല എന്ന മറുപടിയാണു ലഭിക്കുക. ചുരുക്കത്തിൽ ഔപചാരിക കാര്യങ്ങളും ഔപചാരിക വിദ്യാഭ്യാസവും പ്രചരിപ്പിക്കാൻ നിങ്ങളിൽ എത്രകണ്ട് ആവശ്യമുണ്ടോ അതിന്‍റെ നൂറിലൊരു അംശം പോലും സ്വർഗീയമായ പ്രസ്ഥാനത്തിന്‍റെ ഭാഗത്തേക്ക് നിങ്ങളുടെ ചിന്ത നീങ്ങുന്നില്ല എന്നത് എത്രമാത്രം ശോചനീയം! ദീനുമായി ഒരുപ്രകാരത്തിലും ബന്ധമില്ലാത്തതും അഥവാ ബന്ധമുണ്ടെങ്കിൽ തന്നെ വളരെ നിസ്സാരനിലയിലുള്ളതും യഥാർഥ ലക്ഷ്യത്തിൽ നിന്ന് വളരെ അകന്നതുമായ കാര്യങ്ങൾക്കാണ് നിങ്ങളുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഒഴിച്ചുവെച്ചിട്ടുള്ളത്. അതിപ്രധാനമായ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ നിങ്ങളുടെ ചിന്തയും മോഹവും ചെന്നെത്തുന്നുവെങ്കിൽ ആ യഥാർഥ ലക്ഷ്യം നേടുന്നതുവരെ നിങ്ങൾ വിശ്രമിച്ചുകൂടാത്തതാണ്.

അല്ലയോ ജനങ്ങളേ! നിങ്ങളുടെ യഥാർഥ ആരാധ്യനെ തിരിച്ചറിയുന്നതിനും അനുസരിക്കുന്നതിനുമായിട്ടാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ സൃഷ്ടിപ്പിന്‍റെ മൂലകാരണമായിട്ടുള്ളതെന്തോ അതു നിങ്ങൾക്ക് സുതരാം വെളിപ്പെടുമാറാകുന്നതുവരെ നിങ്ങൾ നിങ്ങളുടെ യഥാർഥ രക്ഷയുടെ മാർഗത്തിൽനിന്ന് വളരെ വളരെ അകലെയായിരിക്കും. നിങ്ങൾ നീതി പുലർത്തിക്കൊണ്ടാണ് സംസാരിക്കുന്നതെങ്കിൽ നിങ്ങളുടെ ആന്തരീയാവസ്ഥക്ക് നിങ്ങൾ തന്നെ സാക്ഷിയായിരിക്കും. ദൈവചിന്തക്ക് പകരം സദാ ഭൗതീക വിചാരത്തിന്‍റെ ശക്തിമത്തായ ബിംബം നിങ്ങളുടെ ഹൃദയത്തിനുമുന്നിൽ പ്രതിഷ്ഠിച്ച് ഓരോ നിമിഷത്തിലും ആയിരമായിരം തവണ പ്രണാമമർപ്പിച്ചുകൊണ്ടിരിക്കുന്നതിലേക്ക്! നിങ്ങളുടെ വിലപിടിച്ച സമയം മുഴുവനും മറ്റൊരു ഭാഗത്തേക്ക് തിരിഞ്ഞുനോക്കാൻ പോലും സമയം കിട്ടാത്തവിധം സംസാരസാഗരത്തിൽ മുങ്ങിക്കിടക്കുകയാണ്. ഈ ജീവിതത്തിന്‍റെ ഒടുപുലർച്ച എന്തായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ഓർമ്മിച്ചിട്ടുണ്ടോ? നിങ്ങളിൽ നീതിബോധം എവിടെ? നിങ്ങളുടെ വിശ്വസ്തത എവിടെ? ഏതൊന്നിലേക്ക് ഖുർആൻ നിങ്ങളെ വിളിക്കുന്നുവോ ആ ആർജ്ജവവും ദൈവഭയവും സത്യസന്ധതയുമെല്ലാം എങ്ങുപോയി? നമ്മുടെ ഒരു ദൈവം ജീവിച്ചിരിപ്പുണ്ടെന്നകാര്യം വിസ്മൃതിയിലേക്ക് തള്ളിനീക്കപ്പെടുന്ന അനേകം വർഷങ്ങൾക്കിടയിൽ ഒരിക്കലെങ്കിലും നിങ്ങൾക്ക് ഓർമ്മവരുന്നില്ലല്ലോ? ആ ദൈവത്തോട് നിങ്ങൾക്ക് എന്തെല്ലാം ബാധ്യതകളുണ്ടെന്ന ചിന്ത നിങ്ങളുടെ ഹൃദയത്തിലൂടെ കടന്നുപോകുന്നില്ലേ? നിത്യനും നിരാമയനും അനശ്വരനുമായ സത്യദൈവത്തോട് ഒരിടപാടും ബന്ധവും ഒരുകാര്യം തന്നെയും ഇല്ലാത്ത നിലയിലാണു പുലർത്തിപ്പോരുന്നതെന്നും അവന്‍റെ പേരെടുക്കുന്നത് പോലും നിങ്ങൾക്ക് വിഷമം തോന്നുകയാണെന്നുമുള്ളതല്ലേ സത്യം? അങ്ങനെയൊന്നുമില്ലെന്ന് നിങ്ങളിപ്പോൾ സമർഥമായി തർക്കിക്കുന്നു. എന്നാൽ വിശ്വാസികളുടെ ഒരടയാളവും നിങ്ങൾക്കില്ലെന്ന് ദൈവീക നിയമം ഓർമപ്പെടുത്തിത്തരുമ്പോൾ നിങ്ങൾ ലജ്ജയിലാഴ്ത്തപ്പെടുന്നു.

(ഫത്‌ഹെ ഇസ്‌ലാം)