ദർസ് 38 : വിഷയങ്ങൾ : – ബന്ധം സ്ഥാപിച്ചതിൽ അഹങ്കരിക്കരുത്. & യാചകരെ വിരട്ടരുത്.

ഞാൻ സത്യമായും പറയുന്നു, ഇത് അല്ലാഹു സൗഭാഗ്യവാന്മാർക്കായി ഉണ്ടാക്കിയ ഒരു സംരഭമാകുന്നു. ഇതിൽ നിന്നും ഫലമെടുക്കുന്നവരാണ് അനുഗ്രഹീതർ. ഞാനുമായി ബന്ധം സ്ഥാപിച്ചവർ തങ്ങൾക്ക് ലഭിക്കേണ്ടതൊക്കെ ലഭിച്ചുകഴിഞ്ഞെന്ന് കരുതി ഒരിക്കലുമൊരിക്കലും അഹങ്കരിക്കരുത്. കടുത്ത എതിർപ്പുകളും നിന്ദ്യതയും മുഖേന അല്ലാഹുവിനെ അരിഷം കൊള്ളിച്ച ആ ജനങ്ങളെ അപേക്ഷിച്ച് നിങ്ങൾ കൂടുതൽ സമീപസ്ഥരും സൗഭാഗ്യവാന്മാരും ആണെന്നതും നിങ്ങൾ സൽധാരണ ഉപയോഗപ്പെടുത്തിക്കൊണ്ട് അല്ലാഹുവിന്റെ കോപത്തിൽനിന്ന് നിങ്ങളെ സ്വയം രക്ഷിക്കാൻ ആലോചിച്ചു എന്നതും സത്യംതന്നെ. വാസ്തവമിതാകുന്നു; അല്ലാഹു  സ്ഥായിയായ ജീവിതത്തിനുവേണ്ടി ഈ അവസരത്തിൽ ഉണ്ടാക്കിയിരിക്കുന്ന നീർസ്രോതസ്സിന് സമീപത്തോളം നിങ്ങൾ എത്തിയിരിക്കുന്നു. (എന്നാൽ) അതിൽ നിന്നുള്ള ജലപാനം ഇപ്പോഴും ശേഷിക്കുന്നുണ്ട്. അതിനാൽ, അല്ലാഹുവിനോട് അവന്റെ അനുഗ്രത്താലും ദാക്ഷിണ്യത്താലും മതിവരുവോളം നിങ്ങളെ കുടിപ്പിക്കാനുള്ള തൗഫീഖ് തേടിക്കൊള്ളുക. എന്തെന്നാൽ, അവന്റെ സഹായം കൂടാതെ ഒന്നുംതന്നെ സാധ്യമല്ല. ഈ ജലധാരയിൽനിന്ന് കുടിക്കുന്നവനാരോ അവൻ നശിക്കുകയില്ലെന്ന് എനിക്ക് പൂർണ്ണബോധ്യമുണ്ട്. കാരണം ഈ പാനീയം ജീവദായകവും നാശത്തിൽനിന്ന് രക്ഷയേകുന്നതും ശൈയ്ത്താന്റെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതുമാകുന്നു. എന്താണ് ഈ ജലധാരയിൽനിന്ന് ദാഹം ശമിക്കുവോളം കുടിക്കാനുള്ള മാർഗ്ഗം? അല്ലാഹു നിങ്ങളിൽ നിലനിർത്തിയിട്ടുള്ള രണ്ടു കടമകളെ പ്രാവർത്തികമാക്കുകയും പൂർണ്ണമായ നിലയിൽ നിറവേറുകയും ചെയ്യുക എന്നതുതന്നെ. അതിൽ ഒന്ന് അല്ലാഹുവിനോടുള്ള കടമയും മറ്റൊന്ന് സൃഷ്ടികളോടുള്ള കടമയുമാകുന്നു.

യാചകരെ വിരട്ടരുത്

യാചകനെ കാണുമ്പോൾ അനിഷ്ടം പ്രകടിപ്പിക്കുന്നത് ചിലയാൾക്കാരുടെ ശീലമാണ്. അല്പം മൗലവീയ്യത്തും കൂടിയുണ്ടെങ്കിൽ അവനെന്തെങ്കിലും നൽകുന്നതിനു പകരം യാചന സംബന്ധമായ മസ്അലകൾ ഉപദേശിക്കാൻ തുടങ്ങുന്നു. തന്റെ അറിവിന്റെ പ്രഭാവം പരത്തി ചിലപ്പോൾ അവനെ കൊടും മടിയനെന്നും വിളിച്ചുകളയുന്നു. സൽഹൃദയർക്കും ശുദ്ധ പ്രകൃതക്കാർക്കും സംസിദ്ധമായിട്ടുള്ള വിവേകവും ചിന്തിക്കാനുള്ള ശക്തിയും അവർക്കില്ല എന്നത് സങ്കടകരം തന്നെ!

അവർ ഇത്രപോലും ചിന്തിക്കുന്നില്ല, അതായത്, യാചകൻ ആരോഗ്യമുണ്ടായിട്ടും ഭിക്ഷയാചിക്കുന്നുണ്ടെങ്കിൽ അവൻ സ്വയം പാപം ചെയ്യുന്നു. (എന്നാൽ) ഭിക്ഷ നൽകുന്നത് കുറ്റമാകുന്നില്ല. പ്രത്യുത ഹദീസിൽ ‘ലൗ ആതാക റാകിബൻ’ എന്ന വാക്കുകളാണ് വന്നിരിക്കുന്നത്. അതായത്, യാചകൻ (കുതിര)സവാരിയായി വന്നാലും ശരി, എന്തെങ്കിലും നൽകേണ്ടതാണ്. വിശുദ്ധഖുർആനിൽ ‘അമ്മസായില ഫലാ തൻഹർ’  അതായത് ‘ഭിക്ഷയാചിക്കുന്നവനെ വിരട്ടാൻ പാടില്ല’ എന്ന നിർദ്ദേശമാണുള്ളത്. അവിടെ ഇന്ന തരത്തിലുള്ള ഭിക്ഷക്കാരനെ വിരട്ടരുതെന്നും ഇന്ന തരത്തിലുള്ളവരെ വിരട്ടാമെന്നൊന്നും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് ഓർമ്മിക്കുക, അവരോട് അപമര്യാദയോടെ പെരുമാറരുത്. കാരണം അതുമുഖേന ഒരുതരം അധാർമ്മികതയുടെ വിത്ത് പാകപ്പെടുകയാണ് ചെയ്യുന്നത്. ധാർമ്മികഗുണം അവശ്യപ്പെടുന്നത് യാചകരോട് ധൃതിയിൽ രോഷാകുലനാകരുത് എന്നാണ്. ഇത് നിങ്ങളെ ആ രീതിയിൽ നന്മകളിൽനിന്ന് ഹതഭാഗ്യരാക്കാനും പാപങ്ങളുടെ പിന്തുടർച്ചക്കാരാക്കാനുമുള്ള ശൈയ്ത്താന്റെ ആഗ്രഹമാണ്.

(മൽഫൂദാത് വാ.2, പേ. 75)

ത്വാലിബെ ദുആ : അബു അയ്മൻ