ദർസ് 39 : എല്ലാ പ്രതീക്ഷയും അല്ലാഹുവിൽ വെക്കുക. മനുഷ്യരുടെ പാദസേവ ചെയ്യരുത്.

ലോകത്ത് ജനങ്ങൾ ഭരണാധികാരികളിൽനിന്നോ മറ്റുള്ളവരിൽനിന്നോ എന്തെങ്കിലും തരത്തിലുള്ള പ്രയോജനം കരസ്ഥമാക്കാനുള്ള ഉദ്ദേശ്യത്തിൽ തങ്ങൾക്ക് ഒരുറപ്പുമില്ലാത്ത പ്രതീക്ഷയോടെ അവരെ പ്രീതിപ്പെടുത്താൻ എന്തെല്ലാം പാദസേവയാണ് ചെയ്യുന്നത്. ഏതുവരെയെന്നാൽ (അവരുടെ) കീഴ് ജോലിക്കാരെയും സേവകരെയും കൂടി സന്തോഷിപ്പിക്കേണ്ടിവരുന്നു. എന്നാൽ, ആ ഭരണാധികാരി സന്തോഷവാനും സംപ്രീതനും ആയിത്തീർന്നാൽ തന്നെയും അയാളിൽനിന്ന് ഏതാനും ചില നാളുകളോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക സന്ദർഭത്തിലോ മാത്രമേ പ്രയോജനം സിദ്ധിച്ചേക്കാമെന്ന പ്രതീക്ഷക്ക് നിർവാഹമുള്ളൂ. ആ തീർച്ചയില്ലാത്ത പ്രതീക്ഷയിൽ മനുഷ്യൻ അയാളുടെ സേവകരുടെ പോലും വലിയ വലിയ പാദസേവ നടത്തുന്നു. അവ്വിധം പ്രീതിപ്പെടുത്തലുകളെ കുറിച്ച് അലോചിക്കുമ്പോൾതന്നെ ഞാൻ വിറകൊള്ളുകയും എന്റെ ഹൃദയത്തിൽ ഒരു വേദനയുണ്ടാവുകയും ചെയ്യുന്നു. വിവേകശൂന്യനായ മനുഷ്യൻ സങ്കല്പത്തിനും ഊഹത്തിനും അധിഷ്ഠിതമായ (കിട്ടുമെന്ന് ഉറപ്പില്ലാത്ത ഒരു പ്രയോജനത്തിന് വേണ്ടിയുള്ള) പ്രതീക്ഷയിൽ തന്നെപ്പോലുള്ള ഒരു മനുഷ്യന്റെ എത്രമാത്രം വലിയ അതിപ്രശംസയും മുഖസ്തുതികളുമാണ് നടത്തുന്നത്. എന്നാൽ ഒരപേക്ഷയും അഭ്യർത്ഥനയും കൂടാതെത്തന്നെ അവനുമേൽ കണക്കില്ലാത്ത അനുഗ്രങ്ങൾ ചൊരിഞ്ഞിട്ടുള്ള ആ യഥാർഥ അനുഗ്രഹദാതാവിന് ഒരു വിലയുമവൻ കൽപിക്കുന്നില്ല.

എന്നാൽ ആ മനുഷ്യൻ അവനു ഗുണമെത്തിക്കാൻ തീരുമാനിച്ചാൽ തന്നെയെന്ത്?, – ഞാൻ സത്യമായും പറയുന്നു; ഒരു ഗുണവും അല്ലാഹുവിൽ കൂടിയല്ലാതെ എത്താൻ സാദ്ധ്യമല്ല – അവന് ആ ഗുണം ലഭിക്കുന്നതിനു മുമ്പേ ഗുണദാതാവ് ഈ ദുനിയാവിൽ നിന്ന് ഉയർത്തപ്പെടുകയോ അല്ലെങ്കിൽ അവനിലൂടെ ഒരു പ്രയോജനവും ലഭിക്കാൻ സാധിക്കാത്തവിധം ഭയാനക രോഗത്തിനു അവൻ ഇരയാവുകയോ ചെയ്തേക്കാം. ചുരുക്കത്തിൽ യഥാർഥ കാര്യമെന്തെന്നാൽ, അല്ലാഹുവിന്റെ അനുഗ്രഹവും കൃപാകടാക്ഷവും മനുഷ്യന്റെ കൂടെയില്ലാത്തിടത്തോളം യാതൊരുവനിൽനിന്നും ഒരുതരത്തിലുമുള്ള ഗുണവും അവന്ന് കരസ്ഥമാക്കാൻ സാദ്ധ്യമല്ല.

അപ്പോൾ അല്ലാഹുവാണ് യഥാർഥ ഗുണദാതാവായ അസ്തിത്വമെന്നിരിക്കെ മനുഷ്യൻ അന്യരുടെ പടിക്കൽ ചെന്ന് കാൽക്കൽ വീഴുന്നത് എത്രമാത്രം ലജ്ജയില്ലായ്മയാകുന്നു! ഇത്തരത്തിൽ തന്നെപ്പോലുള്ള ഒരു മനുഷ്യന്റെ അവനർഹിക്കാത്ത പാദസേവ ചെയ്യാൻ ഒരു (യഥാർഥ) ദൈവഭക്തന്റെ ആത്മാഭിമാനം അനുവദിക്കുകയില്ല.

മുത്തഖിക്ക് വേണ്ടി അല്ലാഹു എല്ലാതരത്തിലുള്ള വഴികളും തുറക്കുന്നു. മറ്റാർക്കും അറിവ് ലഭിക്കാനിടയില്ലാത്ത ഇടങ്ങളിൽനിന്ന് അവന് ആഹാരം നൽകപ്പെടുന്നു. അല്ലാഹു സ്വയം അവന്റെ യജമാനനും മേൽനോട്ടക്കാരനും ആയിത്തീരുന്നു. ദീനിന് ദുനിയാവിനുമേൽ മുൻഗണന നൽകുന്ന തന്റെ അടിമയോട് അല്ലാഹു ദയകാണിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നു. അവൻ അരുളിയിരിക്കുന്നു: ‘അല്ലാഹു റഊഫും ബിൽ ഇബാദ്, (2: 208) തന്റെ ഭക്ത ദാസരോട് അല്ലാഹു ഏറെ കരുണയുള്ളവനാണ്.

(മൽഫൂദാത്. വാ.1)

This Post Has One Comment

  1. Mansur

    May Allah accept all your efforts and reward u the always the best

Comments are closed.