അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ മനുഷ്യൻ തന്‍റെ ജീവിതം വഖ്ഫ് ചെയ്യേണ്ടത് (അഥവാ ആത്മസമർപ്പണം ചെയ്യേണ്ടത്) അനിവാര്യമാകുന്നു. ഇന്ന ആര്യസമാജി തന്‍റെ ജീവിതം ആര്യസമാജത്തിനു വേണ്ടി വഖ്ഫ് ചെയ്തു; ഇന്ന ഫാദർ തന്‍റെ ആസുസ്സ് ക്രിസ്തീയ മിഷനുവേണ്ടി സമർപ്പിച്ചു എന്നൊക്കെയുള്ള വാർത്തകൾ ചില പത്രങ്ങളിൽ ഞാൻ വായിച്ചിട്ടുണ്ട്. എനിക്ക് ആശ്ചര്യം തോന്നുന്നു, മുസ്‌ലീംകൾ എന്തുകൊണ്ടാണ് ഇസ്‌ലാമിക സേവനങ്ങൾക്കും അല്ലാഹുവിന്‍റെ മാർഗ്ഗത്തിനും വേണ്ടി തങ്ങളുടെ ജീവിതം വഖ്ഫ് ചെയ്യാത്തത്? റസൂലുല്ലാഹ് (സ) തിരുമേനിയുടെ അനുഗൃഹീത കാലഘട്ടത്തിലേക്ക് കണ്ണോടിച്ചാൽ, അന്ന് ഇസ്‌ലാമിനെ ജീവിപ്പിക്കാൻ സ്വജീവിതങ്ങൾ എത്രമാത്രം വഖ്ഫ് ചെയ്യപ്പെട്ടിരുന്നുവെന്ന് കാണാൻ സാധിക്കും.
ഇതൊരു നഷ്ടക്കച്ചവടമല്ലെന്ന കാര്യം ഓർമ്മിച്ചുകൊൾവിൻ! പ്രത്യുത, കണക്കറ്റ ആദായമുള്ള ഇടപാടാകുന്നു. അഹോ! മുസ്‌ലിംകൾ ഇതിനെ മനസ്സിലാക്കിയെങ്കിൽ! അവർക്ക് അല്ലാഹുവിനു വേണ്ടി ജീവിതം വഖ്ഫ് ചെയ്യുന്ന ഈ കച്ചവടത്തിന്‍റെ ഗുണഗണങ്ങളുടെയും ലാഭങ്ങളുടെയും വിവരം ലഭിച്ചിരുന്നെങ്കിൽ എത്ര നന്ന്!
അവർക്ക് ജീവിതം അതുവഴി നഷ്ടപ്പെടുകയാണോ ചെയ്യുന്നത്? ഒരിക്കലുമല്ല.
(ബഖറ.113) فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُون
അല്ലാഹുവിനു വേണ്ടിയുള്ള ഈ വഖ്ഫിന്‍റെ പ്രതിഫലം അവരുടെ റബ്ബ് നൽകുന്നതായിരിക്കും. ഈ വഖ്ഫ് നാനാതരം നൈരാശ്യങ്ങളിൽനിന്നും ദുഃഖങ്ങളിൽ നിന്നും അവർക്ക് മോചനം സമ്മാനിക്കുന്നതായിരിക്കും. എനിക്ക് അത്ഭുതം തോന്നുന്നു, മനുഷ്യരൊന്നടങ്കം ഒരേപോലെ സമാധാനവും സ്വസ്ഥതയും ആഗ്രഹിക്കുന്നവരാണ്. വ്യസനിക്കുന്നവന്റെയും ദുഃഖിതന്റെയും വ്യാകുലപ്പെടുന്നവന്റെയുമെല്ലാം അഭിലാഷം (അവയിൽനിന്നുള്ള) മോചനമാണ്. അപ്പോൾ എന്തുകൊണ്ടാണ് പ്രസ്തുത ആധികളിലൊക്കെ പരീക്ഷിച്ചുകഴിഞ്ഞിട്ടുള്ള ഈ കുറിപ്പടി വെച്ചുനീട്ടിയിട്ടും അതിനുനേർക്ക് (ആർക്കും) ശ്രദ്ധയില്ലാത്തത്. അല്ലാഹുവിനുവേണ്ടിയുള്ള വഖ്ഫ് എന്ന കുറിപ്പടി ആയിരത്തി മുന്നൂറ് വർഷങ്ങളായി ഗുണദായകമാണെന്ന് തെളിഞ്ഞിട്ടില്ലേ? സഹാബാകറം(റ) ഇതേ വഖ്ഫ് കാരണം ‘ഹയാതെ ത്വയ്യിബ’ യുടെ അവകാശികളും ശാശ്വത ജീവിതത്തിന് അർഹരുമായി ഗണിക്കപ്പെട്ടില്ലേ? എങ്കിൽപിന്നെ ഇപ്പോൾ ഈ കുറിപ്പടിയുടെ സ്വാധീനഗുണങ്ങളിൽനിന്ന് പ്രയോജനമെടുക്കുന്നതിൽ തിരസ്കരണമെന്തുകൊണ്ടാണ്? കാര്യമിതുതന്നെയാണ്, ജനങ്ങൾ ഈ സത്യത്തെ കുറിച്ച് ബോധവാന്മാരല്ല; വഖ്ഫ് ചെയ്തതിനു ശേഷം കരഗതമാകുന്ന ആനന്ദാനുഭൂതികളെ കുറിച്ച് അവർ കേവലം അപരിചിതരാണ്. പ്രത്യുത ആ ആനന്ദാനുഭൂതിയുടെ നേർത്ത കിരണമെങ്കിലും അവർക്ക് ലഭിച്ചിരുന്നെങ്കിൽ അതിരില്ലാത്ത തൃഷ്ണയാൽ ആ മൈതാനത്തിലേക്കവർ ഓടിച്ചെല്ലുമായിരുന്നു.
ഞാൻ ഈ മാർഗ്ഗത്തെ പൂർണ്ണമായും സ്വയം പരീക്ഷിച്ചറിഞ്ഞവനാകുന്നു. കേവലം അല്ലാഹുവിന്‍റെ അനുഗ്രഹവും കടാക്ഷവും കൊണ്ട് ഈ ആഹ്ലാദവും അനുഭൂതിയും അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഞാൻ അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ മരിക്കുകയും പുനരുജ്ജീവിക്കപ്പെടുകയും വീണ്ടും മരിക്കുകയും വീണ്ടും പുനരുജ്ജീവിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ ഓരോതവണയും ദൈവമാർഗ്ഗത്തിൽ ജീവിതം വഖ്ഫ് ചെയ്യുന്നതിനുള്ള എന്റെ അഭിരുചിയും ഉത്സാഹവും വർദ്ധിച്ചുകൊണ്ടേയിരിക്കുമാറാകണം എന്നാണ് ഞാൻ പ്രത്യാശിക്കുന്നത്.
(മൽഫൂദാത് വാള്യം. 2, പേ. 99 & 100)