ദർസ് 97 : ഇസ്തിഗ്ഫാർ, ദൃഷ്ടി നിയന്ത്രണം, ദുആയുടെ രീതി.

ഇസ്തിഗ്ഫാർ

ഇസ്തിഗ്ഫാർ ധാരാളം ചൊല്ലിക്കൊണ്ടിരിക്കുക. മനുഷ്യന് രണ്ടവസ്ഥകളേ ഉള്ളൂ. ഒന്നുകിൽ അവൻ പാപം ചെയ്യാതിരിക്കണം. അല്ലെങ്കിൽ പിണഞ്ഞുപോയ പാപങ്ങളുടെ ദുഷ്പരിണിതിയിൽ നിന്ന് അല്ലാഹു അവനെ രക്ഷിക്കണം. അതിനാൽ ഇസ്തിഗ്ഫാർ ചൊല്ലുമ്പോൾ ഈ രണ്ട് വിവക്ഷകളെയും പരിഗണിക്കേണ്ടതാണ്. ഒന്ന് അല്ലാഹുവിനോട് മുൻകഴിഞ്ഞ പാപങ്ങൾ പാടെ മൂടിവെക്കാനും പൊറുത്തുതരാനും വേണ്ടി അപേക്ഷിക്കുക. രണ്ട് ഭാവിയിൽ പാപങ്ങളിൽ നിന്ന് സംരക്ഷിക്കാൻ തൗഫീഖ് തേടിക്കൊണ്ടിരിക്കുക. പക്ഷേ, ഇസ്തിഗ്ഫാർ നാവിൽ ഉരുവിടുന്നതുകൊണ്ട് മാത്രം പൂർണ്ണമാകുന്നില്ല. മറിച്ച് ഹൃദയത്തിൽ നിന്നുള്ളതായിരിക്കണം. നമസ്കാരത്തിൽ മാതൃഭാഷയിൽ ദുആകൾ ചെയ്യുവിൻ. ഇത് അനിവാര്യമാകുന്നു. (മൽഫൂദാത്ത് വാ.2, പേ.320)

‘ഇസ്തിഗ്‌ഫാർ’ എന്ന ക്ഷമായാചനയെ സ്ത്രീയുടെ വയറ്റിൽനിന്നും വന്ന ഏതൊരുത്തൻ നിത്യാനുഷ്ഠാനമാക്കുന്നില്ലയോ അവൻ ഒരു കീടമാകുന്നു; അന്ധകാരത്തിൽ വർത്തിക്കുന്ന കുരുടനാകുന്നു; ഹൃദയത്തിൽ പാപമുള്ള അശുദ്ധനാകുന്നു.
(ഇസ്‌ലാം മത തത്ത്വജ്ഞാനം)

ദൃഷ്ടികൾ കീഴ്പോട്ട് ആക്കാനുള്ള കല്പന

സത്യവിശ്വാസി തന്റെ പ്രവൃത്തികളിൽ കടിഞ്ഞാണില്ലാത്തവനോ അങ്ങുമിങ്ങും നിസ്സങ്കോചം ദൃഷ്ടി പായിക്കുന്നവനോ ആകരുത്. പ്രത്യുത,
يَغُضُّوا مِنْ أَبْصَارِه
(നൂർ 31) എന്ന സൂക്തമനുസരിച്ചുകൊണ്ട് ദൃഷ്ടികളെ കീഴ്പ്പോട്ടാക്കുകയും ദുർനോട്ടത്തിന്‍റെ സാധ്യതകളില്‍ നിന്നെല്ലാം രക്ഷപ്പെടുകയും ചെയ്യേണ്ടതാണ്.

ദുആയുടെ രീതി

ദുആകൾക്കായി സങ്കടം ജനിപ്പിക്കുന്ന വാക്കുകൾ അന്വേഷിക്കേണ്ടതാണ്. മനുഷ്യൻ മന്ത്രങ്ങളുരുവിടുന്നത് പോലെ അർത്ഥമൊന്നും അറിയാതെ സുന്നത്താക്കപ്പെട്ട ദുആകൾക്ക് പിന്നാലെ കൂടുന്നത് ശരിയല്ല. സുന്നത്തിനെ പിൻപറ്റേണ്ടത് അനിവാര്യമാണ്. പക്ഷേ സങ്കടാവസ്ഥ അന്വേഷിക്കലും സുന്നത്തിനെ പിൻപറ്റലാകുന്നു. ദുആകളിൽ ഉത്സാഹം ജനിക്കാൻ വേണ്ടി നിങ്ങൾക്ക് നല്ലപോലെ മനസ്സിലാകുന്ന മാതൃഭാഷയിൽ ദുആ ചെയ്യുക. അക്ഷരങ്ങളിൽ അള്ളിപ്പിടിക്കുന്നവർ അശരണരത്രെ. യാഥാർഥ്യങ്ങളെ പിൻപറ്റുന്നവരായിത്തീരുക. ബർക്കത്തിനു വേണ്ടി സുന്നത്തായ ദുആകളും ചൊല്ലേണ്ടതാണ്. എന്നാൽ സത്യങ്ങളും (അർത്ഥവും) കരസ്ഥമാക്കുക. അറബിഭാഷയിൽ നല്ല പരിചയവും പാടവവുമുള്ളവർ അറബിയിൽ തന്നെ ചൊല്ലിക്കൊള്ളട്ടെ.

(മൽഫൂദാത്ത് വാ. 2, പേ. 332, 338)